വിപണിയുടെ ശ്രദ്ധ റിസര്‍വ് ബാങ്കില്‍; നിരക്ക് മാറ്റുകയില്ലെന്നു പ്രതീക്ഷ; സമീപനം മാറ്റുമോ എന്ന് ആശങ്ക; ഏഷ്യന്‍ വിപണികള്‍ കയറ്റത്തില്‍

സ്വര്‍ണം കാര്യമായ മാറ്റമില്ലാതെ തുടരുന്നു

Update:2024-02-08 08:16 IST

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് രാവിലെ പത്തിന് എന്തു പറയും എന്നാണു വിപണി ശ്രദ്ധിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ പണനയ കമ്മിറ്റി യോഗത്തിനു ശേഷം അപ്പോഴാണു ദാസ് മാധ്യമങ്ങളെ കാണുന്നത്. റീപോ നിരക്കിലോ മറ്റു താക്കോല്‍ നിരക്കുകളിലോ ആരും മാറ്റം പ്രതീക്ഷിക്കുന്നില്ല. എന്നേക്ക് നിരക്കു കുറച്ചു തുടങ്ങുമെന്ന സൂചന ദാസ് നല്‍കുമെന്നു വിപണി പ്രതീക്ഷിക്കുന്നുണ്ട്. ഒപ്പം പണലഭ്യത കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുമോ എന്ന കാര്യത്തിലും സൂചന പ്രതീക്ഷിക്കുന്നു.

ഇന്നലെ യൂറോപ്യന്‍ വിപണികള്‍ താഴ്‌ന്നെങ്കിലും ടെക് ഓഹരികളുടെ ബലത്തില്‍ യു.എസ് വിപണി ഉയര്‍ന്നു. ഏഷ്യന്‍ വിപണികള്‍ ഇന്നു കയറ്റത്തിലാണ്. ഇന്ത്യയിലും ഉയര്‍ന്ന തുടക്കമാണു പ്രതീക്ഷ.

ബുധനാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 22,054ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,050ലാണ്. ഇന്ത്യന്‍ വിപണി ഇന്നു നേട്ടത്തില്‍ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.

വിദേശ വിപണി

യൂറോപ്യന്‍ വിപണികള്‍ ബുധനാഴ്ച നഷ്ടത്തില്‍ അവസാനിച്ചു. പലിശക്കാര്യത്തിലെ അനിശ്ചിതത്വം വിപണിയെ അലട്ടുന്നു. യു.എസ് വിപണി ബുധനാഴ്ചയും കയറി. എസ് ആന്‍ഡ് പി 500 സൂചിക 5000നു തൊട്ടടുത്ത് എത്തി.

ടെക് ഓഹരികള്‍ കുതിപ്പിലാണ്. സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിലെ മൈക്രോ ചിപ് കമ്പനി ആം (Arm) പ്രതീക്ഷയിലും മികച്ച നാലാം പാദ റിസല്‍ട്ടിനെ തുടര്‍ന്ന് 41 ശതമാനം കുതിച്ചു. വരുന്ന പാദങ്ങളിലേക്കു കമ്പനി ഉയര്‍ന്ന വരുമാന പ്രതീക്ഷ നിലനിര്‍ത്തി. സോഫ്റ്റ് ബാങ്ക് ഓഹരി എട്ടു ശതമാനം കയറി.

മെറ്റാ പ്ലാറ്റ്‌ഫോംസ് മൂന്നും എന്‍വിഡിയയും മൈക്രോസോഫ്റ്റും രണ്ടു വീതവും ശതമാനം ഉയര്‍ന്നു. ഡൗ ജോണ്‍സ് 156 പോയിന്റ് (0.40%) കയറി 38,677.40ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 40.83 പോയിന്റ് (0.82%) ഉയര്‍ന്ന് 4995.06ല്‍ അവസാനിച്ചു. നാസ്ഡാക് 147.65 പോയിന്റ് (0.95%) കയറി 15,756.60ല്‍ ക്ലോസ് ചെയ്തു.

യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു ഭിന്ന ദിശകളിലാണ്. ഡൗവും നാസ്ഡാകും ഉയര്‍ന്നു നില്‍ക്കുന്നു. എസ് ആന്‍ഡ് പി താഴ്ചയിലായി. യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.10 ശതമാനമായി ഉയര്‍ന്നു.

ഏഷ്യന്‍ വിപണികള്‍ ഇന്നു നേട്ടത്തിലാണ്. ഓസ്‌ട്രേലിയന്‍, ജാപ്പനീസ്, കൊറിയന്‍ വിപണികള്‍ അര ശതമാനം ഉയര്‍ന്നു. ഹോങ് കോങ് വിപണി ഒരു ശതമാനം താഴ്ന്നു. എന്നാല്‍ ഷാങ്ഹായ് വിപണി നേട്ടത്തിലാണ്.

ഇന്ത്യന്‍ വിപണി

ബുധനാഴ്ച ഇന്ത്യന്‍ വിപണി ആവേശകരമായ തുടക്കത്തിനു ശേഷം ഇടിവിലായി. ഒടുവില്‍ മുഖ്യസൂചികകള്‍ നാമമാത്ര നേട്ടത്തിലും നഷ്ടത്തിലും അവസാനിച്ചു.

സെന്‍സെക്‌സ് 34.09 പോയിന്റ് (0.05%) നഷ്ടത്തില്‍ 72,152ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 1.10 പോയിന്റ് (0.01%) കയറി 21,930.50ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി തുടര്‍ച്ചയായ മൂന്നു ദിവസത്തെ താഴ്ചയില്‍ നിന്നു മാറി 127.70 പോയിന്റ് (0.28%) ഉയര്‍ന്ന് 45,818.50ല്‍ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.75 ശതമാനം ഉയര്‍ന്ന് 49,352.05ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.71 ശതമാനം ഉയര്‍ന്ന് 16,566.20ല്‍ വ്യാപാരം അവസാനിപ്പിച്ചു.

ഇന്നലെ വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 1691.02 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 327.73 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. വിപണിയില്‍ വില്‍പന സമ്മര്‍ദം ശക്തമായി തുടരുന്നു. 21,970നു മുകളില്‍ ക്ലോസ് ചെയ്യാന്‍ കഴിഞ്ഞാലേ നിഫ്റ്റി 22,000ന് അപ്പുറം കടക്കാന്‍ പ്രാപ്തമാകൂ എന്നാണു വിദഗ്ധര്‍ വിലയിരുത്തുന്നത്. നിഫ്റ്റിക്ക് ഇന്ന് 21,870ലും 21,750ലും പിന്തുണ ഉണ്ട്. 21,950ലും 22,140ലും തടസങ്ങള്‍ ഉണ്ടാകാം.

ഐ.ടി കമ്പനികളുടെ ഇടിവാണ് ഇന്നലെ വിപണിയെ താഴ്ത്തിയത്. പ്രമുഖ ഐ.ടി കമ്പനികള്‍ ഒന്നു മുതല്‍ രണ്ടു വരെ ശതമാനം താണു. പൊതുമേഖലാ ബാങ്കുകളും റിയല്‍റ്റിയും നല്ല നേട്ടം ഉണ്ടാക്കി.

ക്രൂഡ് ഓയില്‍, സ്വര്‍ണം, ഡോളര്‍, ക്രിപ്‌റ്റോ കറന്‍സി

ക്രൂഡ് ഓയില്‍ വില വലിയ മാറ്റമില്ലാതെ തുടരുന്നു. ബുധനാഴ്ച ബ്രെന്റ് ഇനം ക്രൂഡ് 79.43 ഡോളറില്‍ എത്തി. ഇന്നു രാവിലെ79.46 ഡോളറിലേക്കു കയറി. ഡബ്‌ള്യു.ടി.ഐ ഇനം 74.08ഉം യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 79.08ഉം ഡോളറിലായി.

സ്വര്‍ണം കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബുധനാഴ്ച ഔണ്‍സിന് 2036.50 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2038.10 ഡോളറിലാണ്. കേരളത്തില്‍ പവന്‍വില ബുധനാഴ്ച 200 രൂപ വര്‍ധിച്ച് 46,400 രൂപയില്‍ എത്തി.

ഡോളര്‍ സൂചിക ബുധനാഴ്ച അല്‍പം താണ് 104.06ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.01ലാണ്. ഡോളര്‍ ഇന്നലെ ദുര്‍ബലമായി. 82.97 രൂപയില്‍ ക്ലോസ് ചെയ്തു. ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടു ഉയര്‍ന്ന് 44,000 കടന്നു. ബിറ്റ് കാേയിന്‍ ഇന്നു രാവിലെ 44,250 ഡോളറിനടുത്താണ്.

പൊതുമേഖലാ ബാങ്കുകള്‍ കുതിപ്പില്‍

എസ്.ബി.ഐ ഓഹരി ഇന്നലെ 677.95 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തില്‍ എത്തി. ഒരു വര്‍ഷം കൊണ്ട് എസ്.ബി.ഐ 23 ശതമാനം നേട്ടം ഉണ്ടാക്കി.

യൂക്കോ ബാങ്കും ഐ.ഒ.ബിയും ഇന്നലെ 20 ശതമാനം വീതം കയറി. ഐ.ഒ.ബി ആറു മാസം കൊണ്ട് 206 ശതമാനം ഉയര്‍ന്ന ഓഹരിയാണ്. 2024ല്‍ മാത്രം 86 ശതമാനം നേട്ടമുണ്ടാക്കി. യുക്കോ ബാങ്ക് ഒരു മാസം കൊണ്ട് 74 ശതമാനവും ആറു മാസം കൊണ്ട് 154 ശതമാനവും കയറി.

സെന്‍ട്രല്‍ ബാങ്ക് ഒഫ് ഇന്ത്യ ഓഹരി ഇന്നലെ 14.27 ശതമാനം ഉയര്‍ന്നു. ഒരു മാസം കൊണ്ട് 5 ശതമാനവും ആറു മാസം കൊണ്ട് 146 ശതമാനവും കയറിയതാണ് ഈ ഓഹരി.

ഓഹരിയുടെ മുഖവില കുറയ്ക്കാന്‍ ആലോചിക്കുന്നു എന്ന റിപ്പോര്‍ട്ട് കനറാ ബാങ്ക് ഓഹരിയെ 7.2 ശതമാനം ഉയര്‍ത്തി. ഒരു വര്‍ഷം കൊണ്ട് ഓഹരി 81 ശതമാനം നേട്ടം ഉണ്ടാക്കി.

കമ്പനികള്‍, ഓഹരികള്‍

യെസ് ബാങ്ക് ഓഹരി ഇന്നലെ 20 ശതമാന കയറി 30.45 രൂപയിലെത്തി. മൂന്നു ദിവസം കൊണ്ട് ഓഹരി 33.6 ശതമാനം ഉയര്‍ന്നതാണ്. ആറു മാസം കൊണ്ട് 81 ശതമാനം കയറി. എച്ച്.ഡി.എഫ്.സി ബാങ്ക് 9.5 ശതമാനം ഓഹരി വാങ്ങും എന്ന റിപ്പോര്‍ട്ടാണ് ഇപ്പോഴത്തെ കുതിപ്പിനു പിന്നില്‍.

നാലു ദിവസം തുടര്‍ച്ചയായി ഇടിഞ്ഞ ധനലക്ഷ്മി ബാങ്ക് ഇന്നലെ അഞ്ചു ശതമാനം കയറി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇന്നലെ മൂന്നു ശതമാനം കയറി 37.80 രൂപ വരെ എത്തി. ഫെഡറല്‍ ബാങ്ക് ഇന്നലെ 149.90 രൂപ വരെ എത്തിയിട്ട് അല്‍പം താണു ക്ലോസ് ചെയ്തു.

ഗെയിമിംഗ് കമ്പനികളുടെ ജി.എസ്.ടിയില്‍ കമ്പനികള്‍ക്ക് അനുകൂലമായി മാറ്റം വരുത്തുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡെല്‍റ്റാ കോര്‍പറേഷന്‍ ഓഹരി ഇന്നലെ 12 ശതമാനം വരെ ഉയര്‍ന്നു. 28,000 കോടി രൂപയുടെ ബാധ്യത ഒഴിവാകും എന്നാണു സൂചന. നാസറ ടെക്‌നോളജീസ് ഓഹരി ചെറിയ നേട്ടത്തിലാണ്.

ഒബറോയ് ഗ്രൂപ്പിലെ ഇ.ഐ.എച്ച് ഹോട്ടല്‍സും ഇ.ഐ.എച്ച് അംസാസ്യേറ്റഡ് ഹോട്ടല്‍സും 20 ശതമാനത്തോളം ഉയര്‍ന്നു. ലാഭത്തിലും ലാഭമാര്‍ജിനിലും വലിയ കുതിപ്പ് ഉണ്ടായതാണു കാരണം.

പ്രവര്‍ത്തനലാഭം ഇരട്ടിപ്പിച്ച ട്രെന്റ് ലിമിറ്റഡ് ഓഹരി 20 ശതമാനം കയറി. ടാറ്റാ ഗ്രൂപ്പിലെ റീട്ടെയില്‍ കമ്പനിയായ ട്രെന്റ് ആണ് വെസ്റ്റ്സൈഡ്, സുഡിയോ ഷോപ്പുകള്‍ നടത്തുന്നത്.

വിപണിസൂചനകള്‍

(2024 ഫെബ്രുവരി 07, ബുധന്‍)

സെന്‍സെക്‌സ്30 72,152.00 -0.05%

നിഫ്റ്റി50 21,930.50 +0.01%

ബാങ്ക് നിഫ്റ്റി 45,818.50 +0.28%

മിഡ് ക്യാപ് 100 49,352.05 +0.75%

സ്‌മോള്‍ ക്യാപ് 100 16,566.20 +0.71%

ഡൗ ജോണ്‍സ് 30 38,677.40 +0.40%

എസ് ആന്‍ഡ് പി 500 4995.06 +0.82%

നാസ്ഡാക് 15,756.60 +0.95%

ഡോളര്‍ ($) ?82.97 -?0.09

ഡോളര്‍ സൂചിക 104.06 -0.11

സ്വര്‍ണം (ഔണ്‍സ്) $2036.50 +$00.10

സ്വര്‍ണം (പവന്‍) ?46,400 +? 200.00

ക്രൂഡ് (ബ്രെന്റ്) ഓയില്‍ $79.43 +$0.67

Tags:    

Similar News