വിപണിയില്‍ നെഗറ്റീവ് മനോഭാവം; വിദേശികള്‍ വില്‍പന കൂട്ടി; പേയ്ടിഎമ്മില്‍ കൂടുതല്‍ ക്രമക്കേടുകള്‍; വിപണിമൂല്യത്തില്‍ എല്‍.ഐ.സി അഞ്ചാമത്
ക്രൂഡ് ഓയില്‍ വില വീണ്ടും 80 ഡോളറിനു മുകളിലായി
പണനയത്തിലുളള അതൃപ്തി സ്വകാര്യ ബാങ്കുകളുടെയും ധനകാര്യ കമ്പനികളുടെയും വിലയിടിച്ചു. എഫ്.എം.സി.ജി, വാഹന കമ്പനികളും താഴ്ചയിലായി. പണനയത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിപണി ഒരു ശതമാനം ഇടിഞ്ഞു. വിദേശ നിക്ഷേപകര്‍ വില്‍പന കൂട്ടുകയും ചെയ്തു. ആഗോള വിപണികള്‍ ദുര്‍ബലമാണ്. ഇന്നും ഇന്ത്യന്‍ വിപണി നെഗറ്റീവ് മനോഭാവത്തോടെയാണു വ്യാപാരം തുടങ്ങുക.
വ്യാഴാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 21,774ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 21,750ലാണ്. ഇന്ത്യന്‍ വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ വ്യാഴാഴ്ച ഭിന്ന ദിശകളിലായിരുന്നു. യു.എസ് വിപണി വ്യാഴാഴ്ച നാമമാത്രമായി കയറി. എസ് ആന്‍ഡ് പി 500 സൂചിക 5000 കടന്നിട്ട് അല്‍പം താണു ക്ലോസ് ചെയ്തു. പ്രതീക്ഷയിലും മികച്ച റിസല്‍ട്ട് പുറത്തുവിട്ട ഡിസ്‌നി 11.5 ശതമാനം ഉയര്‍ന്നു. സോഫ്റ്റ് ബാങ്കിന്റെ ചിപ് നിര്‍മാണ കമ്പനി ആം (Arm) ഉയര്‍ന്ന ലാഭപ്രതീക്ഷ അറിയിച്ച് 47.9 ശതമാനം കുതിച്ചു. രണ്ടു ദിവസം കൊണ്ട് 61 ശതമാനം കയറിയിട്ടുണ്ട്.
ഡൗ ജോണ്‍സ് 48.97 പോയിന്റ് (0.13%) കയറി 38,726.30ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 2.85 പോയിന്റ് (0.06%) ഉയര്‍ന്ന് 4997.91ല്‍ അവസാനിച്ചു. നാസ്ഡാക് 37.07 പോയിന്റ് (0.24%) കയറി 15,793.70ല്‍ ക്ലോസ് ചെയ്തു.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.09ഉം എസ് ആന്‍ഡ് പി 0.07ഉം നാസ്ഡാക് 0.06ഉം ശതമാനം താഴ്ചയിലായി. യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.15 ശതമാനമായി ഉയര്‍ന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നും നേട്ടത്തിലാണ്. ഓസ്‌ട്രേലിയന്‍, ജാപ്പനീസ് വിപണികള്‍ ഉയര്‍ന്നു. ഹോങ് കോങ് വിപണി ഒന്നര ശതമാനം താഴ്ന്നു. എന്നാല്‍ ഷാങ്ഹായ് വിപണി അവധിയിലാണ്.
ഇന്ത്യന്‍ വിപണി
വ്യാഴാഴ്ച ഇന്ത്യന്‍ വിപണി റിസര്‍വ് ബാങ്കിന്റെ പണനയത്തിലുള്ള പ്രതിഷേധം പ്രകടിപ്പിച്ചു. നിരക്കുകളിലും നയസമീപനത്തിലും മാറ്റം വരില്ല എന്നാണ് പൊതുവേ പ്രതീക്ഷിച്ചിരുന്നത്. അതുപോലെ സംഭവിച്ചു. നിരക്കു കുറയ്ക്കല്‍ വൈകും എന്ന സൂചനയാണ് വിപണിക്ക് രസിക്കാത്തത് എന്നു കരുതപ്പെടുന്നു.
സെന്‍സെക്‌സ് 723.57 പോയിന്റ് (1.00%) നഷ്ടത്തില്‍ 71,428.43ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 212.55 പോയിന്റ് (0.97%) താഴ്ന്ന് 21,717.95ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 806.50 പോയിന്റ് (1.76%) ഇടിഞ്ഞ് 45,012.00ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.05 ശതമാനം താഴ്ന്ന് 49,327.80ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.39 ശതമാനം താണ് 16,500.95ല്‍ വ്യാപാരം അവസാനിപ്പിച്ചു.
ഇന്നലെ വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 4933.78 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 5512.32 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. വിപണിയില്‍ വില്‍പന സമ്മര്‍ദം ശക്തമായി തുടരുന്നു. നിഫ്റ്റിക്ക് ഇന്ന് 21,660ലും 21,450ലും പിന്തുണ ഉണ്ട്. 21,750ലും 22,140ലും തടസങ്ങള്‍ ഉണ്ടാകാം. ബാങ്ക് നിഫ്റ്റി ഇനിയും ഇടിയാം എന്നാണ് അനാലിസ്റ്റുകള്‍ കരുതുന്നത്.
ക്രൂഡ് ഓയില്‍, സ്വര്‍ണം, ഡോളര്‍, ക്രിപ്‌റ്റോ കറന്‍സി
ക്രൂഡ് ഓയില്‍ വില വീണ്ടും 80 ഡോളറിനു മുകളിലായി. ഹമാസിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രയേല്‍ നിരസിച്ച സാഹചര്യത്തിലാണിത്. വ്യാഴാഴ്ച ബ്രെന്റ് ഇനം ക്രൂഡ് 81.80 ഡോളറില്‍ എത്തി. ഇന്നു രാവിലെ 81.63 ഡോളറിലേക്കു താണു. ഡബ്‌ള്യു.ടി.ഐ ഇനം 76.31ഉം യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 81.04ഉം ഡോളറിലായി.
സ്വര്‍ണം കാര്യമായ മാറ്റമില്ലാതെ തുടരുന്നു. വ്യാഴാഴ്ച ഔണ്‍സിന് 2035.30 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2034.80 ഡോളറിലാണ്. കേരളത്തില്‍ ഇന്നലെ മാറ്റമില്ലാതെ 46,400 രൂപയില്‍ തുടര്‍ന്നു.
ഡോളര്‍ സൂചിക വ്യാഴാഴ്ച അല്‍പം കയറി 104.17 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.15 ലാണ്. ഡോളര്‍ ഇന്നലെ 82.96 രൂപയില്‍ ക്ലോസ് ചെയ്തു. ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും കയറി. ബിറ്റ് കാേയിന്‍ ഒരു മാസത്തിനു ശേഷം 45,000 ഡോളര്‍ കടന്നു. ഇന്നു രാവിലെ 44,500 ഡോളറിനടുത്താണ്.
റിസര്‍വ് ബാങ്ക് പറയുന്നത്
റിസര്‍വ് ബാങ്കിന്റെ പണനയം വിപണി ആഗ്രഹിച്ച രീതിയിലായില്ല. പലിശനിരക്ക് താമസിയാതെ കുറയ്ക്കുന്നതിനെപ്പറ്റി സൂചനയും വിപണിയില്‍ പണലഭ്യത ഉയര്‍ത്തി നിര്‍ത്തുന്ന സമീപനം ഉണ്ടാകുമെന്ന പ്രഖ്യാപനവും ആണു വിപണി ആഗ്രഹിച്ചത്. പകരം ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞത് പലിശ കുറയ്ക്കല്‍ ചിന്തിക്കാന്‍ സമയമായില്ല എന്നാണ്.
വിലക്കയറ്റം നാലു ശതമാനം എന്ന ലക്ഷ്യത്തില്‍ എത്തിയിട്ടില്ല. 2024-25ല്‍ റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്ന വാര്‍ഷിക ചില്ലറ വിലക്കയറ്റം 4.5 ശതമാനമാണ്. സമയത്തിനു മുന്‍പേ നിരക്ക് കുറയ്ക്കുന്ന അവിവേകം പറ്റില്ലെന്നു ദാസ് തുറന്നു പറഞ്ഞു.
പണലഭ്യതയുടെ കാര്യത്തില്‍ ഉദാരസമീപനവും പറ്റില്ല. വിപണിയില്‍ പണലഭ്യത കുറച്ചു കൊണ്ടുവരുന്ന സമീപനം തുടരും. ലഭ്യത കുറയുന്നതു താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്. അതില്‍ റിസര്‍വ് ബാങ്ക് യഥാസമയം ഇടപ്പെടുന്നുണ്ട്. ഇതാണു ദാസിന്റെ നിലപാട്.
പണനയത്തിന്റെ ഒരു പ്രത്യാഘാതം ബാങ്കുകള്‍ ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങള്‍ക്കു കൂടുതല്‍ പലിശ നല്‍കേണ്ടി വരാം എന്നതാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണു റിസര്‍വ് ബാങ്ക് അവസാനമായി റീപോ നിരക്ക് വര്‍ധിപ്പിച്ചത്. 6.5 ശതമാനമാണ് ഇപ്പോള്‍ റീപോ നിരക്ക്.
ജി.ഡി.പി വളര്‍ച്ച
സാമ്പത്തിക വളര്‍ച്ചയെപ്പറ്റി റിസര്‍വ് ബാങ്ക് ആവേശകരമായ വിലയിരുത്തലാണ് നടത്തിയത്. ഈ മാര്‍ച്ചില്‍ അവസാനിക്കുന്ന വര്‍ഷം 7.3 ശതമാനം ജിഡിപി വളര്‍ച്ച എന്ന എന്‍.എസ്.ഒ പ്രതീക്ഷ റിസര്‍വ് ബാങ്കും സ്വീകരിച്ചു. 2024-25ലേക്കു ബാങ്ക് കാണുന്നത് ഏഴു ശതമാനം വളര്‍ച്ചയാണ്.
ഓരോ പാദത്തിലും പ്രതീക്ഷിക്കുന്ന വളര്‍ച്ച ഇങ്ങനെ: ഒന്നില്‍ 7.2 ശതമാനം, രണ്ടില്‍ 6.8 ശതമാനം, മൂന്നില്‍ 7 ശതമാനം, നാലില്‍ 6.9 ശതമാനം. ആദ്യ മൂന്നു പാദങ്ങളില്‍ നേരത്തേ റിസര്‍വ് ബാങ്ക് കണക്കാക്കിയിരുന്ന വളര്‍ച്ചയില്‍ നിന്നു 0.3 മുതല്‍ 0.6 വരെ ശതമാനം കൂടുതലാണു പുതിയ നിഗമനം.
വിലക്കയറ്റം
ചില്ലറ വിലക്കയറ്റം കുറഞ്ഞു വരുന്നുണ്ടെങ്കിലും നാലു ശതമാനം എന്ന ലക്ഷ്യത്തില്‍ ഉടനേ എത്തുകയില്ലെന്ന് ദാസ് കരുതുന്നു. 2023-24ലെ വാര്‍ഷിക വിലക്കയറ്റം 5.4 ശതമാനമാണ്. അടുത്ത വര്‍ഷം 4.5 ശതമാനം ആകാം. ഓരോ പാദത്തിലും പ്രതീക്ഷിക്കുന്ന വിലക്കയറ്റം ഇങ്ങനെ: ഒന്നില്‍ 5 ശതമാനം, രണ്ടില്‍ 4 ശതമാനം, മൂന്നില്‍ 4.6 ശതമാനം, നാലില്‍ 4.7 ശതമാനം.
കാതല്‍ വിലക്കയറ്റത്തില്‍ ആശ്വാസകരമായ കുറവ് ഉണ്ടെങ്കിലും ഭക്ഷ്യവിലയിലെ ചാഞ്ചാട്ടം വിലക്കയറ്റം അസ്വീകാര്യമായ നിലയില്‍ തുടരാന്‍ കാരണമാകുന്നു.
കമ്പനികള്‍, ഓഹരികള്‍
ഐ.ടി.സിയിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം 29 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറയ്ക്കുമെന്ന് മാതൃകമ്പനിയായ ബി.എ.ടി (ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ) പ്രസ്താവിച്ചു. ഇതോടെ ഐ.ടി.സി ഓഹരി നാലു ശതമാനം ഇടിഞ്ഞു. ഓഹരി വില്‍പനയ്ക്കു സമയപരിധി പറഞ്ഞിട്ടില്ല.
എല്‍.ഐ.സിയുടെ മൂന്നാം പാദ അറ്റാദായം 49 ശതമാനം വര്‍ധിച്ച് 9,444 കോടി രൂപയായി. ഓഹരി വില്‍പനയിലെ ലാഭമാണു നേട്ടത്തിനു കാരണം. എല്‍.ഐ.സി ഓഹരി ഇന്നലെ 1,144 രൂപ വരെ കയറുകയും വിപണിമൂല്യം 7.01 ലക്ഷം കോടി രൂപവരെ എത്തുകയും ചെയ്തു. പിന്നീട് താണു ക്ലോസ് ചെയ്യുമ്പോള്‍ 6.99 ലക്ഷം കോടിയാണ് വിപണിമൂല്യം. ഐ.സി.ഐ.സി.ഐ ബാങ്കിനെ (6.93 ലക്ഷം കോടി) പിന്നിലാക്കി വിപണി മൂല്യത്തില്‍ അഞ്ചാം സ്ഥാനത്തായി എല്‍.ഐ.സി. നാലാം സ്ഥാനത്തുള്ള ഇന്‍ഫോസിസിന്റെ വിപണിമൂല്യം 7.01 ലക്ഷം കോടിയാണ്.
പേയ്ടിഎം കൂടുതല്‍ ക്രമക്കേടുകള്‍ നടത്തി എന്ന റിസര്‍വ് ബാങ്ക് വെളിപ്പെടുത്തലിനെ തുടര്‍ന്ന് പേയ്ടിഎം ഓഹരി ഇന്നലെ 10 ശതമാനം ഇടിഞ്ഞു. ഒരേ പാന്‍ ഉപയോഗിച്ച് ആയിരക്കണക്കിനു പേര്‍ക്ക് ഇടപാടിന് അവസരം ഒരുക്കിയതടക്കമുള്ള കുഴപ്പങ്ങള്‍ പേയ്ടിഎം നടത്തി. പേയ്ടിഎമിനെപ്പറ്റി ഇടപാടുകാര്‍ക്കും നിക്ഷേപകര്‍ക്കുമുളള ചോദ്യങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് അടുത്തയാഴ്ച ഉത്തരം നല്‍കും.പേയ്ടിഎം ഡയറക്ടര്‍ ബോര്‍ഡിലെ സ്വതന്ത്ര അംഗം മഞ്ജു അഗര്‍വാള്‍ ഇന്നലെ രാജിവച്ചു. എസ്.ബി.ഐയുടെ മുന്‍ ഡെപ്യൂട്ടി എം.ഡിയാണ് അവര്‍.
വിപണിസൂചനകള്‍
(2024 ഫെബ്രുവരി 08, വ്യാഴം)
സെന്‍സെക്‌സ്30 71,428.43 -1.00%
നിഫ്റ്റി50 21,717. 95 +0.97%
ബാങ്ക് നിഫ്റ്റി 45,012. 00 -1.76%
മിഡ് ക്യാപ് 100 49,327.80 -0.05%
സ്‌മോള്‍ ക്യാപ് 100 16,500.95 -0.39%
ഡൗ ജോണ്‍സ് 30 38,726.30 +0.13%
എസ് ആന്‍ഡ് പി 500 4997.91 +0.06%
നാസ്ഡാക് 15,793.70 +0.24%
ഡോളര്‍ ($) 82.96 -0.01
ഡോളര്‍ സൂചിക 104.17 +0.11
സ്വര്‍ണം (ഔണ്‍സ്) $2035.30 -$01.20
സ്വര്‍ണം (പവന്‍) 46,400 + 00.00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $81.80 +$ 2.42