തിരിച്ചു കയറാൻ വിപണി; യു.എസിൽ ടെക് ഓഹരികൾ കുതിച്ചു; ക്രൂഡ് ഓയിൽ വില താഴ്ന്നു
സീ-സോണി ലയനം നടക്കില്ലെന്ന തരത്തിൽ റിപ്പോർട്ടുകൾ
അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച വലിയ തകർച്ചയിലായ ഇന്ത്യൻ വിപണി ഇന്നു തിരിച്ചു കയറാൻ തയാറെടുക്കുന്നു. ടെക്നോളജി ഓഹരികളുടെ ശക്തമായ തിരിച്ചു വരവ് ഇന്നലെ യുഎസ് വിപണിയെ നേട്ടത്തിലാക്കി. അതിന്റെ ചുവടു പിടിച്ച് ഇന്നു രാവിലെ ഏഷ്യൻ വിപണികളും കയറ്റത്തിലായി.
തിങ്കളാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി 21,703 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 21,695 ലാണ്. ഇന്ത്യൻ വിപണി നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
തിങ്കളാഴ്ച യൂറോപ്യൻ വിപണികൾ കയറി. ടെക്നോളജി, റീറ്റെയ്ൽ ഓഹരികൾ ഉയർന്നു. ഓയിൽ&ഗ്യാസ് താഴ്ന്നു.
ടെക് ഓഹരികളുടെ കുതിപ്പിൽ യു.എസ് വിപണി തിങ്കളാഴ്ച മികച്ച നേട്ടം കുറിച്ചു. ഡൗ ജോൺസ് 216.90 പോയിന്റ് (0.58%) ഉയർന്ന് 37,683.01ൽ ക്ലോസ് ചെയ്തപ്പോൾ എസ് ആൻഡ് പി 66.30 പോയിന്റ് (1.41%) കയറി 4763.54 ൽ അവസാനിച്ചു. നാസ്ഡാക് 319.70 പോയിന്റ് (2.20%) കുതിച്ച് 14,843.80 ൽ ക്ലോസ് ചെയ്തു.
യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ചെറിയ താഴ്ചയിലാണ്. ഡൗ 0.15 ഉം എസ് ആൻഡ് പി 0.10 ഉം നാസ്ഡാക് 0.12 ഉം ശതമാനം താഴ്ചയിലാണ്.
യു.എസ് 10 വർഷ കടപ്പത്രത്തിലെ നിക്ഷേപ നേട്ടം 4.02 ശതമാനമായി കുറഞ്ഞു.
ടെക് ഓഹരികൾ തലേ ആഴ്ചയിലെ ക്ഷീണം മറി കടന്നു. എൻവിഡിയ (NVDA) 6.5 ശതമാനം കയറി 522.75 ഡോളർ എന്ന റെക്കോർഡ് കുറിച്ചു. ഫ്യൂച്ചേഴ്സിൽ വീണ്ടും കയറ്റത്തിലാണ്. എ.എം.ഡി, ഇന്റൽ, ആപ്പിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, ടെസ്ല തുടങ്ങിയവയും നേട്ടത്തിലായിരുന്നു.
ബോയിംഗ് 737 മാക്സ് 9 വിമാനത്തിലെ കതക് തുറന്നു പോയതിനെ തുടർന്ന് വിമാനങ്ങൾ നിലത്തിറക്കേണ്ടി വന്ന ബോയിംഗ് കമ്പനിയുടെ ഓഹരികൾ എട്ടു ശതമാനത്തിലധികം ഇടിഞ്ഞു. കൂടുതൽ വിമാനങ്ങളിൽ പ്രശ്നം കണ്ടതായാണു പുതിയ റിപ്പോർട്ട്. ബോയിംഗിനു ഘടകങ്ങൾ നൽകിയിരുന്ന സ്പിരിറ്റ് ഏറോസിസ്റ്റംസിന്റെ ഓഹരി 11 ശതമാനം ഇടിഞ്ഞു.
ഏഷ്യൻ വിപണികൾ ഇന്ന് ഉയർന്നാണു വ്യാപാരമാരംഭിച്ചത്. ജാപ്പനീസ് നിക്കൈ സൂചിക 1.7 ശതമാനം കയറി. ഓസ്ട്രേലിയൻ വിപണി ഒരു ശതമാനം ഉയർന്നു. കൊറിയൻ വിപണി അര ശതമാനം കയറി. ചെെനീസ് വിപണികളും ഇന്നു നേട്ടത്തിൽ തുടങ്ങി. ചൈനയിലെ ധനകാര്യ കമ്പനി ചോംഗ്ചി പാപ്പർ ഹർജി നൽകിയതോടെ അവിടത്തെ പല പാർപ്പിട നിർമാണ കമ്പനികളുടെയും ഓഹരികൾ ഇടിഞ്ഞു. തകർച്ചയിലായ എവർ ഗ്രാൻഡെയുടെ രണ്ട് ഉന്നതരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചിപ് വിപണിയുടെ ദൗർബല്യം മൂലം ദക്ഷിണ കൊറിയയിലെ സാംസംഗ് ഇലക്ട്രോണിക്സിന്റെ ലാഭം 35 ശതമാനം ഇടിഞ്ഞു.
ഇന്ത്യൻ വിപണി
തിങ്കളാഴ്ച ഇന്ത്യൻ വിപണി അൽപം ഉയർന്നു വ്യാപാരം തുടങ്ങി. പക്ഷേ പിന്നീടു വലിയ താഴ്ചയിലേക്കു പതിച്ചു. മുഖ്യ സൂചികകൾ ഒരു ശതമാനത്തിനടുത്തു താഴ്ന്നു. സെൻസെക്സ് 71,301.04 വരെയും നിഫ്റ്റി 21,492.9 വരെയും ഇടിഞ്ഞു.
സെൻസെക്സ് 670.93 പോയിന്റ് (0.93%) തകർന്ന് 71,355.22 ലും നിഫ്റ്റി 197.80 പോയിന്റ് (0.91%) താഴ്ന്ന് 21,513 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 708.75 പോയിന്റ് (1.47%) ഇടിഞ്ഞ് 47,450.25 ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 1.06 ശതമാനം താണ് 46,894.35 ലും സ്മോൾ ക്യാപ് സൂചിക 0.62 ശതമാനം കുറഞ്ഞ് 15,342.55 ലും വ്യാപാരം അവസാനിപ്പിച്ചു.
വിദേശനിക്ഷേപ ഫണ്ടുകൾ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 16.03 കോടിയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 155.96 കോടിയുടെ ഓഹരികളും വാങ്ങി.
ഇന്ന് 21,500 ലെ പിന്തുണ നിലനിർത്താൻ നിഫ്റ്റിക്കു കഴിഞ്ഞാൽ 21,650 ലെ തടസ മേഖലയിലേക്കു കയറാൻ സൂചികയ്ക്കു കഴിയുമെന്നാണു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്.
നിഫ്റ്റിക്ക് ഇന്ന് 21,485 ലും 21,320 ലും പിന്തുണ ഉണ്ട്. 21,540 ഉം 21,860 ഉം തടസങ്ങളാകാം.
ഇന്നലെ ബാങ്ക്, ധനകാര്യ സേവന, എഫ്.എം.സി.ജി, മെറ്റൽ, ഐ.ടി, ഫാർമ, ഹെൽത്ത് കെയർ മേഖലകൾ വലിയ താഴ്ചയിലായി. റിയൽറ്റിയും മീഡിയയും മാത്രമാണു നേട്ടത്തിൽ അവസാനിച്ചത്.
പുനീത് ഗോയങ്കയെ എം.ഡി -സി.ഇ.ഒ പദവിയിൽ നിയമിക്കണം എന്ന സീ എന്റർടെയ്ൻമെന്റിന്റെ പിടിവാശി മൂലം സീ - സോണി ലയനം നടക്കില്ലെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതു സീക്കു വലിയ തിരിച്ചടിയാകും.
മഹാരാഷ്ട്രയിൽ വൈൻ ഉൽപാദനത്തിനുള്ള സബ്സിഡി അഞ്ചു വർഷം കൂടി തുടരും എന്ന പ്രഖ്യാപനം സുല വിന്യാഡ്സ് ഓഹരിയെ ഇന്നലെ 20 ശതമാനം ഉയർത്തി. രണ്ടു ദിവസം കൊണ്ട് ഓഹരി 30 ശതമാനം ഉയർന്നു.
എഫ്.എം.സി.ജി പണിയുടെ ക്ഷീണം ഓഹരികളെയും ബാധിച്ചു. ഗോദ്റെജ് കൺസ്യൂമർ പ്രാെഡക്ട്സും മാരികോയും ആറു ശതമാനം താണു.
അടുത്ത തിങ്കളാഴ്ച ബോണസ് ഇഷ്യു പ്രഖ്യാപിക്കുമെന്ന അറിയിപ്പിനെ തുടർന്ന് ഓട്ടാേ ആൻസിലറി കമ്പനിയായ ഫീം ഇൻഡസ്ട്രീസ് ഓഹരി 15 ശതമാനം ഉയർന്നു.
ബജാജ് ഓട്ടോ ഓഹരി തിരിച്ചു വാങ്ങൽ പ്രഖ്യപിച്ചു. ഓഹരി ഒന്നിനു 10,000 രൂപ നൽകും. 4000 കോടി രൂപയാണ് തിരിച്ചു വാങ്ങലിനു മുടക്കുക. 6985 രൂപയിലാണ് ഓഹരി ഇന്നലെ ക്ലോസ് ചെയ്തത്.
ക്രൂഡ് ഓയിലും സ്വർണവും
വാരാന്ത്യത്തിൽ ഉയർന്നു നിന്ന ക്രൂഡ് ഓയിൽ വില ഇന്നലെ ഇടിഞ്ഞു. ബ്രെന്റ് ഇനം ക്രൂഡ് മൂന്നു ശതമാനം താണ് 76.12 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം 70.93 ഡോളർ ആയി. യു.എ.ഇയുടെ മർബൻ ക്രൂഡ് 76.17 ഡോളറിലെത്തി. സൗദി അറേബ്യ ഏഷ്യൻ രാജ്യങ്ങൾക്കുള്ള ക്രൂഡിനു വില കുറച്ചതാണു കാരണം.
സ്വർണം ലോക വിപണിയിൽ തിങ്കളാഴ്ച ഒരു ശതമാനം ഇടിഞ്ഞ് 2027.90 ഡോളറിൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ 2035.30 ലേക്കു കയറി.
തിങ്കളാഴ്ച കേരളത്തിൽ പവൻവില 160 രൂപ കുറഞ്ഞ് 46,240 രൂപ ആയി. ഇന്നും വില കുറയാം.
ഡോളർ സൂചിക തിങ്കളാഴ്ച താഴ്ന്ന് 102.21- ൽ ക്ലോസ് ചെയ്തു.
വെള്ളിയാഴ്ച ഡോളർ മൂന്നു പൈസ താഴ്ന്ന് 83.13 രൂപയിൽ ക്ലോസ് ചെയ്തു. 83.06 രൂപവരെ എത്തിയിട്ടു ഡോളർ തിരിച്ചു കയറുകയായിരുന്നു.
ക്രിപ്‌റ്റോ കറൻസികൾ തിങ്കളാഴ്ച കുതിച്ചു കയറി. ബിറ്റ്കോയിൻ 47,000 ഡോളർ കടന്നു. ഇന്നു രാവിലെ 46,500 ലേക്കു താണു.
വിപണിസൂചനകൾ (2024 ജനുവരി 8, തിങ്കൾ)
സെൻസെക്സ്30 72,026.15 +0.25%
നിഫ്റ്റി50 21,710.80 +0.24%
ബാങ്ക് നിഫ്റ്റി 48,159.00 -0.08%
മിഡ് ക്യാപ് 100 47,396.30 +0.18%
സ്മോൾ ക്യാപ് 100 15,438.85 +0.68%
ഡൗ ജോൺസ് 30 37,683.00 +0.58%
എസ് ആൻഡ് പി 500 4763.54 +1.41%
നാസ്ഡാക് 14,843.80 +2.20%
ഡോളർ ($) ₹83.13 -₹0.03
ഡോളർ സൂചിക 102.21 -0.20
സ്വർണം (ഔൺസ്) $2027.90 -$18.40
സ്വർണം (പവൻ) ₹46,240 -₹160.00
ക്രൂഡ് (ബ്രെന്റ്) ഓയിൽ $76.12 -$2.64