വിലക്കയറ്റം വിപണിഗതി നിശ്ചയിക്കും; വില്‍പന സമ്മര്‍ദം തുടരുന്നു; ഫെയര്‍ഫാക്‌സിന് എതിരേ റിപ്പോര്‍ട്ട്; ബന്ധന്‍ ബാങ്കില്‍ സൂക്ഷ്മപരിശോധന

ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്നു

Update:2024-02-12 08:22 IST

ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലെ ചില്ലറവിലക്കയറ്റ കണക്കുകള്‍ ഈയാഴ്ച വിപണികളെ സ്വാധീനിക്കുന്ന പ്രധാനഘടകമാകും. ഇന്ത്യയില്‍ ഇന്നും യു.എസില്‍ നാളെയുമാണു വിലക്കയറ്റ കണക്കു വരിക. ഇന്നു വിദേശവിപണികള്‍ പൊതുവേ ഭിന്നദിശകളിലാണു നീങ്ങുന്നത്. കഴിഞ്ഞയാഴ്ച യു.എസില്‍ എസ് ആന്‍ഡ് പി സൂചിക 5000 നു മുകളില്‍ ക്ലോസ് ചെയ്തു.

ക്രൂഡ് ഓയില്‍ വില താഴുന്നതടക്കം വിപണിയെ സന്തോഷിപ്പിക്കുന്ന ഘടകങ്ങളും ഉണ്ട്. പുതുവര്‍ഷം പ്രമാണിച്ചു ചൈനീസ് വിപണി ഈയാഴ്ച അവധിയാണ്.  

വെള്ളിയാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 21,921ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 21,950ലാണ്. ഇന്ത്യന്‍ വിപണി ഇന്ന് ഉയര്‍ന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.

വിദേശ വിപണി

യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ച ദുര്‍ബലമായിരുന്നു. ജര്‍മനിയില്‍ ജനുവരിയിലെ ചില്ലറ വിലക്കയറ്റം 3.1 ശതമാനമായി കുറഞ്ഞതു വിപണിക്ക് ആശ്വാസമായി. ലോറീൽ (L'Oréal) കമ്പനിയുടെ നാലാം പാദത്തിലെ വില്‍പന മോശമായതിനെ തുടര്‍ന്ന് ഓഹരി 7.3 ശതമാനം ഇടിഞ്ഞു

യു.എസ് വിപണിയില്‍ വെള്ളിയാഴ്ച ഡൗ ഒഴികെയുള്ള സൂചികകള്‍ കയറി. എസ് ആന്‍ഡ് പി 500 സൂചിക 5000 കടന്നു ക്ലോസ് ചെയ്തു റെക്കോര്‍ഡ് കുറിച്ചു.

ഡൗ ജോണ്‍സ് 54.46 പോയിന്റ് (0.14%) കയറി 38,671.69ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 28.70 പോയിന്റ് (0.06%) ഉയര്‍ന്ന് 5026.61ല്‍ അവസാനിച്ചു. നാസ്ഡാക് 196.95 പോയിന്റ് (1.25%) കുതിച്ച് 15,990.66ല്‍ ക്ലോസ് ചെയ്തു.

യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു നേരിയ താഴ്ചയിലാണ്. ഡൗ 0.02ഉം എസ് ആന്‍ഡ് പി 0.01ഉം നാസ്ഡാക് 0.03ഉം ശതമാനം താഴ്ചയിലായി. യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.177 ശതമാനമായി ഉയര്‍ന്നു. പലിശ ഉയര്‍ന്നു നില്‍ക്കുമെന്നാണ് ഇതിലെ സൂചന. ഏഷ്യന്‍ വിപണികള്‍ ഇന്നു ഭിന്ന ദിശകളിലാണ്.

ഇന്ത്യന്‍ വിപണി

വ്യാഴാഴ്ച ഒരു ശതമാനം ഇടിഞ്ഞ ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച അല്‍പം തിരിച്ചു കയറി. സെന്‍സെക്‌സ് 167.06 പോയിന്റ് (0.23%) ഉയര്‍ന്ന് 71,595.49ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 64.55 പോയിന്റ് (0.30%) കയറി 21,782.50ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 622.55 പോയിന്റ് (1.38%) ഉയര്‍ന്ന് 45,634.55ല്‍ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.89 ശതമാനം താഴ്ന്ന് 48,889.05ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 1.40 ശതമാനം ഇടിഞ്ഞ് 16,269.30ല്‍ വ്യാപാരം അവസാനിപ്പിച്ചു.

വെള്ളിയാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 141.95 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. കഴിഞ്ഞയാഴ്ച 61.70 കോടി ഡോളറിന്റെ ഓഹരികളാണ് വിദേശികള്‍ വിറ്റൊഴിഞ്ഞത്. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി വെള്ളിയാഴ്ച 421.87 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. വിപണിയില്‍ വില്‍പന സമ്മര്‍ദം തുടരുന്നു. നിഫ്റ്റിക്ക് ഇന്ന് 21,670ലും 21,560ലും പിന്തുണ ഉണ്ട്. 21,800ലും 22,910ലും തടസങ്ങള്‍ ഉണ്ടാകാം.

ക്രൂഡ് ഓയില്‍, സ്വര്‍ണം, ഡോളര്‍, ക്രിപ്‌റ്റോ കറന്‍സി

ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്നു. വെള്ളിയാഴ്ച ബ്രെന്റ് ഇനം ക്രൂഡ് 82.19 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 81.78 ഡോളറിലേക്കു താണു. ഡബ്‌ള്യു.ടി.ഐ ഇനം 76.40ഉം യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 81.67ഉം ഡോളറിലായി.

സ്വര്‍ണം വെള്ളിയാഴ്ച ഔണ്‍സിന് 2025.40 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2023.70 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവനു വില 46,160 രൂപയാണ്.

ഡോളര്‍ സൂചിക വെള്ളിയാഴ്ച അല്‍പം താണ് 104.08ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104ലാണ്. ഡോളര്‍ വെള്ളിയാഴ്ച ഏഴു പൈസ നേട്ടത്തില്‍ 83.03 രൂപയില്‍ ക്ലോസ് ചെയ്തു. ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും കയറി. ബിറ്റ്‌കോയിന്‍ വാരാന്ത്യത്തില്‍ 48,000 ഡോളര്‍ കടന്നു. ഇന്നു രാവിലെ 48,500 ഡോളറിനടുത്താണ്.

ഫെയര്‍ഫാക്‌സിന് എതിരേ റിപ്പോര്‍ട്ട്

പ്രേം വത്സയുടെ ഫെയര്‍ഫാക്‌സ് ഇന്ത്യയിലെ നിക്ഷേപങ്ങളില്‍ കൃത്രിമം കാണിക്കുന്നതായി ആരോപണം. ക്വെസ് കോര്‍പറേഷന്റെ കണക്കുകളില്‍ കൃത്രിമം നടത്തിയെന്ന് മഡ്ഡി വാട്ടേഴ്‌സ് എന്ന നിക്ഷേപ-ഗവേഷണ ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കാനഡയിലെ വാറന്‍ ബഫറ്റ് എന്നറിയപ്പെടുന്ന വത്സ ഇന്ത്യയില്‍ തോമസ് കുക്ക് ഇന്ത്യ, ബാംഗളൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവയിലും വലിയ നിക്ഷേപകനാണ്. തൃശൂര്‍ ആസ്ഥാനമായുള്ള സി.എസ്.ബി ബാങ്കില്‍ ഫെയര്‍ഫാക്‌സ് 49.72 ശതമാനം ഓഹരി കൈയാളുന്നുണ്ട്.

കാര്‍സണ്‍ ബ്ലോക്ക് സ്ഥാപകനും സി.ഇ.ഒയും ആയുള്ള മഡ്ഡി വാട്ടേഴ്‌സ് അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായാണു പ്രവര്‍ത്തിക്കുന്നത്. കാനഡയില്‍ 2012ല്‍ പാപ്പരായ സീനോ ഫോറസ്റ്റ് കോര്‍പ് എന്ന ചൈനീസ് കമ്പനിയിലെ തട്ടിപ്പുകള്‍ പുറത്തു കൊണ്ടു വന്നത് ഇവരാണ്.

ഹൈദരാബാദില്‍ ജനിച്ച് മദ്രാസ് ഐ.ഐ.ടിയില്‍ നിന്നു ബിരുദം നേടി കാനഡയിലെത്തി എം.ബി.എ എടുത്ത വത്സ 1985ലാണ് മാര്‍ക്കല്‍ ഫിനാന്‍ഷ്യലിനെ ഏറ്റെടുത്ത് ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ എന്നു പേരിട്ടത്. 2.34 ലക്ഷം കോടി രൂപ വിറ്റുവരവുള്ള കമ്പനിയാണിത്. 2020ല്‍ ഇന്ത്യ പദ്മശ്രീ നല്‍കി ആദരിച്ചു.

ചില്ലറ വിലക്കയറ്റം ഇന്നറിയാം

ജനുവരിയില്‍ ഇന്ത്യയിലെ ചില്ലറ വിലക്കയറ്റം നേരിയ കുറവ് കാണിക്കും എന്നു നിരീക്ഷകര്‍ കരുതുന്നു. ഡിസംബറില്‍ 5.69 ശതമാനമായിരുന്നു വിലക്കയറ്റം. 44 ധനശാസ്ത്രജ്ഞര്‍ക്കിടയില്‍ റോയിട്ടേഴ്‌സ് നടത്തിയ സര്‍വേയിലെ നിഗമനം 5.09 ശതമാനമാകും വിലക്കയറ്റം എന്നാണ്.

ഭക്ഷ്യ-ഇന്ധന വിലകള്‍ ഒഴിവാക്കിയുള്ള കാതല്‍ വിലക്കയറ്റം 3.7 ശതമാനമായി കുറയുമെന്നും വിലയിരുത്തി. സ്വകാര്യ ഗവേഷണ സ്ഥാപനമായ സി.എം.ഐ.ഇ വിലക്കയറ്റം 5.16 ശതമാനമായി കുറയുമെന്നാണു കണക്കാക്കുന്നത്.

ഇന്നു വൈകുന്നേരം 5.30നാണു ഗവണ്മെന്റ് വിലക്കയറ്റ കണക്ക് പുറത്തുവിടുക. ഡിസംബറിലെ വ്യവസായ ഉല്‍പാദന സൂചികയും (ഐ.ഐ.പി) ഇന്നറിയാം. നാളെ കയറ്റിറക്കുമതി കണക്കും ബുധനാഴ്ച മൊത്തവിലക്കയറ്റ കണക്കും പ്രസിദ്ധീകരിക്കും.

അമേരിക്കയിലെ ചില്ലറ വിലക്കയറ്റ കണക്കു നാളെ അറിയാം. വിലക്കയറ്റം ഡിസംബറിലെ 3.4ല്‍ നിന്നു 2.7 ശതമാനമായി കുറയും എന്നാണു പൊതുവായ നിഗമനം.

ബന്ധന്‍ ബാങ്കില്‍ അന്വേഷണം

ബന്ധന്‍ ബാങ്കിന്റെ കണക്കുകളില്‍ ഫൊറന്‍സിക് പരിശോധന. ബാങ്കിലെ സീനിയര്‍ സൂപ്പര്‍വൈസറി മാനേജരെ മാറ്റി റിസര്‍വ് ബാങ്കില്‍ നിന്ന് ഒരു ഓഫീസറെ നിയമിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ക്രെഡിറ്റ് ഗാരന്റി സ്‌കീമില്‍ നല്‍കിയ 23,300 കോടി രൂപയുടെ വായ്പകളിലാണ് കുറ്റാന്വേഷണ പരിശോധന. ഇവയുമായി ബന്ധപ്പെട്ട് 2,200 കോടിയിലേറെ രൂപയുടെ നഷ്ടത്തിനു ബാങ്ക് ക്ലെയിം സമര്‍പ്പിച്ചു വാങ്ങി. ക്ലെയിം വാങ്ങിയവയില്‍ മാത്രമല്ല സൂക്ഷ്മപരിശോധന. സാധാരണ ബാങ്കുകളില്‍ മൂന്നു ശതമാനം നഷ്ടം വന്നപ്പോള്‍ ബന്ധന്‍ 10 ശതമാനത്തിലധികം നഷ്ടം കാണിച്ചതാണ് അന്വേഷണത്തിലേക്കു നയിച്ചത്.

വിപണിസൂചനകള്‍

(2024 ഫെബ്രുവരി 09, വെള്ളി)

സെന്‍സെക്‌സ്30 71,595.49 +0.23%

നിഫ്റ്റി50 21,782.50 +0.30%

ബാങ്ക് നിഫ്റ്റി 45,634.55 +1.38%

മിഡ് ക്യാപ് 100 48,889.05 -0.89%

സ്‌മോള്‍ ക്യാപ് 100 16,269.30 -1.40%

ഡൗ ജോണ്‍സ് 30 38,671.69 -0.14%

എസ് ആന്‍ഡ് പി 500 5026.61 +0.57%

നാസ്ഡാക് 15,990.66 +1.25%

ഡോളര്‍ ($) 83.03 +0.07

ഡോളര്‍ സൂചിക 104.08 -0.09

സ്വര്‍ണം (ഔണ്‍സ്) $2025.40 -$09.90

സ്വര്‍ണം (പവന്‍) 46,160 -?240.00

ക്രൂഡ് (ബ്രെന്റ്) ഓയില്‍ $82.19 +$0.39

Tags:    

Similar News