കയറ്റം പ്രതീക്ഷിക്കുമ്പോഴും വിപണിയിൽ വിൽപന സമ്മർദം; മിഡ്, സ്മോൾ, മൈക്രോ ഓഹരികൾ ദുർബലം; മാർജിൻ വ്യാപാരത്തിൽ തിരിച്ചടി; വിലക്കയറ്റത്തിൽ ശമനമില്ല
സ്വർണം താഴുന്നു; ക്രിപ്റ്റോ കറൻസികൾ ഉയർന്ന നിലവാരത്തിൽ തുടരുകയാണ്
ഇന്ത്യയിൽ ചില്ലറ വിലക്കയറ്റം വേണ്ടത്ര കുറഞ്ഞില്ലെങ്കിലും വിപണിക്കു തൃപ്തികരമായിരുന്നു. എന്നാൽ വ്യവസായ ഉൽപാദന വളർച്ച കുറഞ്ഞു. അമേരിക്കയിൽ ചില്ലറ വിലക്കയറ്റം തൃപ്തികരമായെന്ന് ഓഹരി വിപണി വിലയിരുത്തി. എന്നാൽ കടപ്പത്ര വിപണിയും സ്വർണ വിപണിയും വിപരീതമായി ചിന്തിക്കുന്നു. സ്വർണവില താഴ്ന്നു. കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം വർധിച്ചു.
യു.എസ് വിപണി കയറിയത് ഇന്ന് ഏഷ്യൻ വിപണികളെ ഉയർത്തി. ഇന്ത്യൻ വിപണിയിൽ വിൽപന സമ്മർദം വർധിച്ചു വരികയാണെങ്കിലും ഇന്നു നേട്ടത്തോടെ തുടങ്ങും എന്നാണു പ്രതീക്ഷ.
ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി 22,472ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,460 ആയി. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച ഒരു ശതമാനത്തിലധികം ഉയർന്നു. യു.കെയിലെ ഫുട്സീ 100 സൂചിക 10 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലായി. യു.എസ് ചില്ലറ വിലക്കയറ്റം വിപണിയുടെ നിഗമനങ്ങളോടു പൊരുത്തപ്പെട്ടു.
യു.എസ് വിപണി ചൊവ്വാഴ്ച നല്ല നേട്ടത്തിലായി. ഫെബ്രുവരിയിലെ ചില്ലറവിലക്കയറ്റം പ്രതിമാസ കണക്കിൽ 0.4 ശതമാനവും വാർഷികാടിസ്ഥാനത്തിൽ 3.2 ശതമാനവും വർധിച്ചു. ഇതു വിപണിയുടെ നിഗമനത്തോടു യോജിക്കുന്നതായിരുന്നു. കാതൽ വിലക്കയറ്റം 3.8 ശതമാനമാണ്.
ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 235.83 പോയിൻ്റ് (0.61%) കയറി 39,005.49ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 57.33 പോയിൻ്റ് (1.12%) ഉയർന്ന് 5175.27ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 246.36 പോയിൻ്റ് (1.54%) കുതിച്ച് 16,265.64ൽ എത്തി.
യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ താഴ്ചയിലാണ്. ഡൗ 0.08 ശതമാനവും എസ് ആൻഡ് പി 0.05 ശതമാനവും നാസ്ഡാക് 0. 09 ശതമാനവും ശതമാനം താണു നിൽക്കുന്നു. യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.149 ശതമാനമായി ഉയർന്നു. ഏഷ്യൻ വിപണികൾ ഇന്നു പൊതുവേ നേട്ടത്തിലാണ്. എന്നാൽ ജാപ്പനീസ് വിപണി അൽപം താണു.
ഇന്ത്യൻ വിപണി
ചൊവ്വാഴ്ച ഇന്ത്യൻ വിപണി നേരിയ ഉയർച്ചയോടെ വ്യാപാരം തുടങ്ങിയിട്ട് ചാഞ്ചാട്ടത്തിനു ശേഷം നാമമാത്ര നേട്ടത്തിൽ അവസാനിച്ചു. മിഡ് ക്യാപ്, സ്മോൾ ക്യാപ്, മൈക്രോ ക്യാപ് ഓഹരികൾക്കു വലിയ തിരിച്ചടിയായി. നിഫ്റ്റി സ്മോൾ ക്യാപ് സൂചിക തുടർച്ചയായ രണ്ടാം ദിവസവും രണ്ടു ശതമാനം ഇടിഞ്ഞു. മൈക്രോ ക്യാപ് സൂചിക 2.55 ശതമാനമാണ് ഇടിഞ്ഞത്. നിഫ്റ്റിയുടെ നെക്സ്റ്റ് 50 സൂചിക 1.55 ശതമാനം താണു.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ന്യായീകരിക്കാനാവാത്ത വിലയിലാണ് എന്നും മൈക്രോ അഥവാ എസ്.എം.ഇ ഓഹരികളിൽ കൃത്രിമം നടക്കുന്നുണ്ടെന്നും ആണ് വിലയിരുത്തൽ. എസ്.എം.ഇ ഓഹരികളെപ്പറ്റി സെബി അധ്യക്ഷ മാധവി പുരി ബുച്ച് പറഞ്ഞതും വിപണിയെ വലിച്ചു താഴ്ത്തുന്നതായി.
ഓഹരികൾ ഈടു നൽകിയും മറ്റും വ്യാപാരം നടത്തുന്നവരോടു കൂടുതൽ മാർജിൻ വേണമെന്നു ബ്രോക്കറേജുകൾ ആവശ്യപ്പെടുന്നതും ഓഹരികളെ താഴ്ത്തുന്നുണ്ട്. കൂടുതൽ മാർജിൻ നൽകാൻ പലരും താഴ്ന്ന വിലയിൽ ഓഹരികൾ വിൽക്കേണ്ട അവസ്ഥയിലാണ്.
ടാറ്റാ സൺസ് ഐ.പി.ഒയും ലിസ്റ്റിംഗും സമീപഭാവിയിൽ ഉണ്ടാകില്ല എന്നതിൻ്റെ പേരിൽ ടാറ്റാ ഗ്രൂപ്പ് ഓഹരികൾ ഇന്നലെയും താഴ്ചയിലായി. ടാറ്റാ കെമിക്കൽസ് 3.2 ശതമാനം താണു. ഓട്ടാേ കോർപറേഷൻ ഓഫ് ഗോവ ഇന്നലെ 10 ശതമാനം ഇടിഞ്ഞു. ടാറ്റാ ഇൻവെസ്റ്റ്മെൻ്റ കോർപറേഷൻ അഞ്ചു ശതമാനവും ടാറ്റാ പവർ 4.3 ശതമാനവും താഴ്ന്നു. റാലിസ് ഇന്ത്യ 5.6 ശതമാനം ഇടിവിലാണ്. ടാറ്റാ സൺസ് ലിസ്റ്റ് ചെയ്താൽ അതിൽ ഓഹരിയുള്ള കമ്പനികളുടെ വിപണിമൂല്യം ഗണ്യമായി കൂടുമായിരുന്നു.
ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും അരുൺ ചീഫ് കൊമേഴ്സ്യൽ ഓഫീസറും രാജിവച്ച സ്‌പൈസ് ജെറ്റിൻ്റെ ഓഹരി ഇന്നലെ 10 ശതമാനം ഇടിഞ്ഞു. സാമ്പത്തിക ഞെരുക്കത്തിലായ കമ്പനി ധനസമാഹരണത്തിനു വഴി തേടുമ്പോഴാണു പ്രധാന തസ്തികകളിലെ രാജി. കമ്പനിയിൽ മുതിർന്ന ഓഫീസർമാരുടെ ചില തട്ടിപ്പുകളും പുറത്തുവരുന്നുണ്ട്.
അദാനി ഗ്രൂപ്പ് കമ്പനികൾ ഇന്നലെ രണ്ടു മുതൽ നാലുവരെ ശതമാനം താഴ്ന്നു. ഐ.ടി.സിയിലെ മൂന്നര ശതമാനം ഓഹരി വിദേശ പ്രൊമോട്ടർ ബ്രിട്ടീഷ് അമേരിക്കൻ ടുബാക്കോ (ബാറ്റ്) ഇന്നു വിൽക്കും. ഇതോടെ അവരുടെ ഓഹരി പങ്കാളിത്തം 25.5 ശതമാനമായി കുറയും. 16,800 കോടി രൂപ (200 കോടി ഡോളർ) ഇതുവഴി ബാറ്റിനു കിട്ടും. ഐ.ടി.സി ഓഹരി ഇന്നലെ രണ്ടു ശതമാനം താണു.
സെൻസെക്സ് ഇന്നലെ 165.32 പോയിന്റ് (0.22%) കയറി 73,667.96ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 3.05 പോയിന്റ് (0.01%) കൂടി 22,335.70 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 45.45 പോയിന്റ് (0.10%) താണ് 47,282.40 ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 1.41 ശതമാനം ഇടിഞ്ഞ് 48,086.85 ൽ ക്ലോസ് ചെയ്തു. സ്മോൾ ക്യാപ് സൂചിക 1.98 ശതമാനം ഇടിവോടെ 15,092.10ൽ വ്യാപാരം അവസാനിപ്പിച്ചു.
ചാെവ്വാഴ്ച വിദേശനിക്ഷേപകർ ക്യാഷ് വിപണിയിൽ 73.12 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2358.18 കോടി രൂപയുടെ ഓഹരികളും വാങ്ങി.
വിപണിയിൽ അനിശ്ചിതത്വമാണു കാണുന്നത്. നിഫ്റ്റിക്ക് ഇന്ന് 22,305ലും 22,170ലും പിന്തുണ ഉണ്ട്. 22,350ലും 22,605ലും തടസങ്ങൾ ഉണ്ടാകാം.
സ്വർണം താഴ്ചയിൽ
ഏതാനും ദിവസത്തെ കുതിപ്പിനു ശേഷം അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഇടിവിലായി. യു.എസ് ചില്ലറ വിലക്കയറ്റ കണക്കുകൾ സ്വർണവിപണിയുടെ മോഹങ്ങൾക്കു നിരക്കുന്നതായില്ല. പലിശ കുറയ്ക്കൽ ജൂണിൽ തുടങ്ങുമെന്ന് ഉറപ്പാക്കാവുന്ന തരം കണക്കാണു വിപണി ആഗ്രഹിച്ചത്. അത്രയും വന്നില്ല. വിലക്കയറ്റ കണക്കു വന്ന ശേഷം യുഎസ് സർക്കാർ കടപ്പത്രങ്ങളുടെ വില കുറയുകയും അവയിലെ നിക്ഷേപ നേട്ടം കൂടുകയും ചെയ്തു.
ഇന്നലെ ഔൺസിന് 2158.60 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2157.90ലേക്കു താഴ്ന്നു. കേരളത്തിൽ സ്വർണവില ഇന്നലെ പവന് 48,600 രൂപ എന്ന റെക്കോർഡിൽ തുടർന്നു. ഇന്നു വില ഗണ്യമായി കുറയും.
ഡോളർ സൂചിക ഇന്നലെ 102.96 ലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.88ലാണ്. രൂപ ചൊവ്വാഴ്ച അൽപം താണു ഡോളർ ഒരു പൈസ കയറി 82.77 രൂപയിൽ ക്ലോസ് ചെയ്തു . ഈയാഴ്ചയും രൂപ കയറാനാണു സാധ്യത.
ക്രൂഡ് ഓയിൽ
ക്രൂഡ് ഓയിൽ വില ഇന്നലെ നേരിയ തോതിൽ കയറി. ഇന്നു രാവിലെ ബ്രെന്റ് ഇനം ക്രൂഡ് 82.09 ഡോളറിൽ എത്തി. ഡബ്ള്യു.ടി.ഐ ഇനം 77.77 ഡോളറിലും യു.എ.ഇയുടെ മർബൻ ക്രൂഡ് 82.59 ഡോളറിലും തുടരുന്നു.
ബിറ്റ്കോയിൻ കയറിയിറങ്ങി
ക്രിപ്റ്റോ കറൻസികൾ ഉയർന്ന നിലവാരത്തിൽ തുടരുകയാണ്. ബിറ്റ്കോയിൻ 72,000 ഡോളറും ഈഥർ 4000 ഡോളറും കിടന്നിട്ട് അൽപം താണു വ്യാപാരം നടക്കുന്നു.
ശമനമില്ലാതെ വിലക്കയറ്റം
ഫെബ്രുവരിയിലെ ചില്ലറ വിലക്കയറ്റം തലേ മാസത്തെ നിലവാരത്തിൽ തുടർന്നു. എന്നാൽ കാതൽ വിലക്കയറ്റം കുറഞ്ഞു. ഭക്ഷ്യവില കൂടി. ജനുവരിയിൽ 5.10 ശതമാനമായിരുന്നു ചില്ലറവിലക്കയറ്റം. ഫെബ്രുവരിയിൽ അത് 5.09 ശതമാനമായി. ഇതോടെ നാലു ശതമാനം എന്ന ലക്ഷ്യത്തിനു മുകളിൽ വിലക്കയറ്റം നീങ്ങിയ 53 മാസങ്ങൾ പിന്നിട്ടു.
റിസർവ് ബാങ്ക് കണക്കാക്കുന്നത് ജനുവരി- മാർച്ച് പാദത്തിൽ അഞ്ചു ശതമാനമാകും വിലക്കയറ്റം എന്നാണ്. അതു ശരിയാകണമെങ്കിൽ മാർച്ചിലെ വിലക്കയറ്റം 4.8 ശതമാനമാകണം. ഏപ്രിൽ - ജൂൺ പാദത്തിൽ 4.7 ശതമാനവും ജൂലൈ - സെപ്റ്റംബർ പാദത്തിൽ നാലു ശതമാനവും വിലക്കയറ്റമാണു റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്. ഏപ്രിൽ ആദ്യം ചേരുന്ന റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി പലിശ നിരക്കുകളിൽ മാറ്റം വരുത്തുകയില്ല എന്നാണ് വിലക്കയറ്റ കണക്ക് സൂചിപ്പിക്കുന്നത്.
ഭക്ഷ്യ വിലക്കയറ്റം ജനുവരിയിലെ 8.3ൽ നിന്നു ഫെബ്രുവരിയിൽ 8.66 ശതമാനമായി. ഭക്ഷ്യ എണ്ണ വില 14 ശതമാനം താഴ്ന്നപ്പോൾ പച്ചക്കറി വില 30.25 ശതമാനവും പയറുവർഗവില 18.9 ശതമാനവും ഉയർന്നു.
എൽ.പി.ജി സിലിൻഡർ വില 100 രൂപ കുറഞ്ഞത് മാർച്ചിലെ ചില്ലറവിലക്കയറ്റത്തിൽ 0.1 ശതമാനം കുറവു വരുത്തുമെന്നു വിദഗ്ധർ പറയുന്നു.
വ്യവസായ ഉൽപാദന വളർച്ച കുറഞ്ഞു
ജനുവരിയിലെ വ്യവസായ ഉൽപാദന സൂചിക (ഐഐപി) 3.8 ശതമാനമേ വളർന്നുള്ളൂ. ഡിസംബറിൽ 4.2 ശതമാനമായിരുന്നു. മൂലധന നിക്ഷേപം കുറഞ്ഞതാണു പ്രധാന കാരണം. കഴിഞ്ഞ വർഷം ജനുവരിയിൽ 5.8 ശതമാനം വളർച്ച ഉണ്ടായിരുന്നു.
ഫാക്ടറികളിലെ ഉൽപാദന വർധന 4.5 ശതമാനത്തിൽ നിന്ന് 3.2 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ മാസങ്ങളിൽ ഫാക്ടറി ഉൽപാദന വളർച്ചയാണ് ഐഐപിയെ ഉയർത്തിയത്.
വിപണിസൂചനകൾ (2024 മാർച്ച് 12, ചാെവ്വ)
സെൻസെക്സ്30 73,667.96 +0.22%
നിഫ്റ്റി50 22,335.70 +0.01%
ബാങ്ക് നിഫ്റ്റി 47,282.40 -0.10%
മിഡ് ക്യാപ് 100 48,086.85 -1.41%
സ്മോൾ ക്യാപ് 100 15,092.10 -1.98%
ഡൗ ജോൺസ് 30 39,005.50 +0.61%
എസ് ആൻഡ് പി 500 5175.27 +1.12%
നാസ്ഡാക് 16,265.60 +1.54%
ഡോളർ ($) ₹82.77 +₹0.01
ഡോളർ സൂചിക 102.96 +0.07
സ്വർണം (ഔൺസ്) $2158.60 -$14.34
സ്വർണം (പവൻ) ₹48,600 ₹00.00
ക്രൂഡ് (ബ്രെന്റ്) ഓയിൽ $81.92 -$0.09