യു.എസ് വിലക്കയറ്റം മൂലം വിപണികളില്‍ ചോരപ്പുഴ; ഇന്ത്യന്‍ വിപണിയും ഉലയും; സ്വര്‍ണം താഴുന്നു, ഡോളര്‍ കയറുന്നു
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്നലെ വിപണി മൂല്യത്തില്‍ 20 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് കടന്നു
യു.എസ് വിലക്കയറ്റം പ്രതീക്ഷയിലും കൂടുതലായത് ഓഹരിവിപണികളില്‍ ചോരപ്പുഴ ഒഴുക്കി. യു.എസ് വിപണി 1.4 ശതമാനം ഇടിഞ്ഞു. ഇന്നുരാവിലെ ഏഷ്യന്‍ വിപണികള്‍ ഒരു ശതമാനത്തിലധികം താഴ്ചയിലാണ്. ഇന്ത്യന്‍ വിപണിയും ഈ വഴിയേ നീങ്ങാനാണു സാധ്യത.
ചൊവ്വാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 21,651ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 21,637ലാണ്. ഇന്ത്യന്‍ വിപണി ഇന്ന് താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
യു.എസ് വിലക്കയറ്റ നിരക്ക് അറിഞ്ഞതോടെ യൂറോപ്യന്‍ വിപണികള്‍ ചൊവ്വാഴ്ച നഷ്ടത്തിലായി. ടെക്‌നോളജി മേഖല 2.8 ശതമാനം ഇടിഞ്ഞു.
യു.എസ് വിപണിക്കു ചില്ലറ വിലക്കയറ്റ കണക്ക് അപ്രതീക്ഷിതമായി. ചില്ലറ വിലക്കയറ്റം 3.4ല്‍ നിന്നു 2.9 ശതമാനമായി കുറയും എന്നായിരുന്നു പൊതു നിഗമനം. പക്ഷേ ജനുവരിയിലെ വിലക്കയറ്റം 3.1 ശതമാനമായി. പ്രതിമാസ വിലക്കയറ്റം 0.2 ശതമാനം ആകുമെന്നു കരുതിയെങ്കിലും 0.3 ശതമാനമായി. ഭക്ഷ്യ-ഇന്ധന വിലകള്‍ ഒഴിവാക്കിയുള്ള കാതല്‍ വിലക്കയറ്റം 3.9 ശതമാനമായി. പലിശനിരക്കു കുറയ്ക്കല്‍ നീണ്ടുപോകും എന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. വിലക്കയറ്റം തിരിച്ചുകയറുന്നതല്ല, വിലക്കയറ്റത്തില്‍ നിന്നു രാജ്യം മാറിയിട്ടില്ല എന്നതാണ് ഇപ്പോള്‍ കാണുന്നതെന്നും വിലയിരുത്തല്‍ ഉണ്ടായി.
വിദേശ വിപണി
വിലക്കയറ്റം പ്രതീക്ഷയില്‍ കൂടുതല്‍ ആയതിനെ തുടര്‍ന്നു കഴിഞ്ഞ രാത്രി സംഭവിച്ച കാര്യങ്ങള്‍: യൂറോപ്പിലും യു.എസിലും ഓഹരിവിപണികള്‍ ഇടിഞ്ഞു. യു.എസ് കടപ്പത്ര വില താണു, കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം ഉയര്‍ന്നു. ഡോളര്‍ നിരക്ക് കുതിച്ചു കയറി. സ്വര്‍ണം, വെള്ളി വിലകള്‍ ഇടിഞ്ഞു.
നിരക്കു കുറയ്ക്കല്‍ ജൂണിനു ശേഷമേ ഉണ്ടാകൂ എന്ന ധാരണയിലേക്കു വിപണികള്‍ ഇന്നലെ മാറി. ഡൗ ജോണ്‍സ് ഇന്നലെ 524.63 പോയിന്റ് (1.35%) ഇടിഞ്ഞ് 38,272.80ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 68.67 പോയിന്റ് (1.37%) നഷ്ടപ്പെടുത്തി 4953.17ല്‍ അവസാനിച്ചു. നാസ്ഡാക് 286.95 പോയിന്റ് (1.85%) തകര്‍ന്ന് 15,655.60ല്‍ ക്ലോസ് ചെയ്തു.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു നേരിയ താഴ്ചയിലാണ്. ഡൗ 0.11ഉം എസ് ആന്‍ഡ് പി 0.15ഉം നാസ്ഡാക് 0.20 ഉം ശതമാനം താഴ്ചയിലായി. യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.324 ശതമാനമായി കയറി.
ഏഷ്യന്‍ വിപണികള്‍ ഇന്ന് ഇടിവിലാണ്. ജപ്പാനില്‍ നിക്കൈ സൂചിക ഇന്നലെ 38,000 കടന്നു റെക്കോര്‍ഡിനരികെ എത്തിയെങ്കിലും താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നു വിപണി വലിയ താഴ്ചയിലാണു തുടങ്ങിയത്. കൊറിയയിലും ഹോങ് കോങ്ങിലും സൂചികകള്‍ ഒരു ശതമാനത്തിലധികം ഇടിഞ്ഞു.
ഇന്ത്യന്‍ വിപണി
ചൊവ്വാഴ്ച ഇന്ത്യന്‍ വിപണി തലേന്നത്തെ നഷ്ടത്തില്‍ കുറേ ഭാഗം വീണ്ടെടുത്തു. വിദേശനിക്ഷേപകരും സ്വദേശി നിക്ഷേപകരും വാങ്ങലുകാരായിരുന്നു.
സെന്‍സെക്‌സ് 482.70 പോയിന്റ് (0.68%) കയറി 71,555.19ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 127.20 പോയിന്റ് (0.59%) ഉയര്‍ന്ന് 21,743.25ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 620.15 പോയിന്റ് (1.38%) കയറി 45,502.40ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.34 ശതമാനം ഉയര്‍ന്ന് 47,835.65ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.17 ശതമാനം കയറി 15,643.75ല്‍ വ്യാപാരം അവസാനിപ്പിച്ചു.
ചൊവ്വാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 376.32 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി വെള്ളിയാഴ്ച 273.94 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
ഇന്നലെ വിപണി ഉയര്‍ന്നു ക്ലോസ് ചെയ്‌തെങ്കിലും തുടര്‍ക്കുതിപ്പിനുള്ള ആക്കം കാണുന്നില്ല എന്നാണു വിശകലന വിദഗ്ധര്‍ പറയുന്നത്. നിഫ്റ്റിക്ക് ഇന്ന് 21,600ലും 21,460ലും പിന്തുണ ഉണ്ട്. 21,760ലും 22,910ലും തടസങ്ങള്‍ ഉണ്ടാകാം.
ക്രൂഡ് ഓയില്‍, സ്വര്‍ണം, ഡോളര്‍, ക്രിപ്‌റ്റോ കറന്‍സി
ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്നു. ചൊവ്വാഴ്ച ബ്രെന്റ് ഇനം ക്രൂഡ് 82.59 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 82.38 ഡോളറിലേക്കു താണു. ഡബ്‌ള്യു.ടി.ഐ ഇനം 77.58ഉം യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 82.08ഉം ഡോളറിലായി.
സ്വര്‍ണം ചൊവ്വാഴ്ച ഇടിഞ്ഞ് ഔണ്‍സിന് 1993.70 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1992 ഡോളറിലാണ്. പലിശനിരക്ക് ദീര്‍ഘകാലം ഉയര്‍ന്നു നിന്നാല്‍ സ്വര്‍ണം ദീര്‍ഘകാലം താഴ്ന്നു നില്‍ക്കും എന്നാണു യു.എസ് വിപണിയിലെ സംസാരം. കേരളത്തില്‍ സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 46,080 രൂപയായി. ഇന്നു വില ഗണ്യമായി ഉയരും എന്നാണു സൂചന.
ഡോളര്‍ സൂചിക ചൊവ്വാഴ്ച ഗണ്യമായി കയറി 104.96 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.87 ലാണ്. ഡോളര്‍ ചൊവ്വാഴ്ച കയറ്റിറക്കങ്ങള്‍ക്കു ശേഷം 83 രൂപയില്‍ തന്നെ ക്ലോസ് ചെയ്തു. ഇന്നു ഡോളര്‍ കയറാന്‍ സാധ്യതയുണ്ട്. ക്രിപ്‌റ്റോ കറന്‍സികള്‍ അല്‍പം താണു. 50,000 ഡോളര്‍ കടന്ന ബിറ്റ് കാേയിന്‍ ഇന്നു രാവിലെ 49,500 ഡോളറിനടുത്താണ്.
കമ്പനികള്‍, വാര്‍ത്തകള്‍
പേയ്ടിഎം ഓഹരി ഇന്നലെ 10 ശതമാനം ഇടിഞ്ഞു. ബ്രോക്കറേജുകള്‍ ഓഹരിയെ തരംതാഴ്ത്തുകയും ലക്ഷ്യവില ഇടിക്കുകയും ചെയ്ത സാഹചര്യത്തിലാണിത്. പേയ്ടിഎമ്മിനെതിരായ നടപടിയില്‍ പുനരാലോചന ഇല്ലെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ധനലക്ഷ്മി ബാങ്ക് ഓഹരി ഇന്നലെയും അഞ്ചു ശതമാനം ഇടിഞ്ഞു. മൂലധനസമാഹരണം നടക്കാത്തത് റിസര്‍വ് ബാങ്കില്‍ നിന്നു നടപടി വിളിച്ചു വരുത്തും എന്നു വിപണിയില്‍ സംസാരമുണ്ട്. ഈയിടെ 59 രൂപ വരെ ഉയര്‍ന്ന ഓഹരി ഇന്നലെ 41.35 രൂപയില്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി താണ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി ഇന്നലെ 2.9 ശതമാനം കയറി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്നലെ വിപണി മൂല്യത്തില്‍ 20 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് കടന്നു. വ്യാപാരത്തിനിടെ ഓഹരി 2957.80 രൂപ എന്ന റെക്കോര്‍ഡില്‍ എത്തിയപ്പോള്‍ മൂല്യം 20.01 ലക്ഷം കോടി രൂപയായിരുന്നു. പിന്നീടു താണു ക്ലോസ് ചെയ്തു. കഴിഞ്ഞ മൂന്നു മാസം കൊണ്ട് റിലയന്‍സ് ഓഹരി 29 ശതമാനം കയറി. സെന്‍സെക്‌സിന് ഇക്കാലയളവില്‍ 10 ശതമാനം നേട്ടമാണുള്ളത്. ആഗോള തലത്തില്‍ റിലയന്‍സ് 15-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നെറ്റ്ഫ്‌ലിക്‌സിന്റെ മുകളിലാണു റിലയന്‍സ് ഇപ്പോള്‍.
താജ് ജിവികെ ഹോട്ടല്‍സ് ഓഹരി ഇന്നലെ 17.28 ശതമാനം കയറി 360 രൂപയായി. കഴിഞ്ഞ ദിവസം താഴ്ന്ന ഐആര്‍എഫ്‌സി, ഇര്‍കോണ്‍, ആര്‍വിഎന്‍എല്‍ തുടങ്ങിയ റെയില്‍വേ ഓഹരികള്‍ ഇന്നലെ തിരിച്ചു കയറി.
ഉപകമ്പനിയായ നൊവേലിസിന്റെ വികസന പദ്ധതിക്കു പ്രതീക്ഷയിലധികം പണം ചെലവാകുന്നതിന്റെ പേരില്‍ ഹിന്‍ഡാല്‍കോ ഓഹരി 12 ശതമാനത്തിലധികം ഇടിഞ്ഞു. ഹിന്‍ഡാല്‍കോ മൂന്നാം പാദത്തില്‍ 71 ശതമാനം അറ്റാദായം വര്‍ധിപ്പിച്ച റിസല്‍ട്ട് ഇന്നലെ വൈകുന്നേരം പ്രസിദ്ധീകരിച്ചു.
ഇലക്ട്രിക് കാറുകളുടെ വില കുറച്ച് ടാറ്റാ മോട്ടോഴ്‌സും എം.ജി മോട്ടോറും. ടാറ്റാ നെക്‌സണ് 1.2 ലക്ഷവും ടിയാഗോയ്ക്ക് 70,000വും കുറച്ചു. എംജിയുടെ കോമറ്റ് മിനിക്ക് ഒരു ലക്ഷം രൂപ കുറച്ചപ്പോള്‍ സെഡ് എസ് ഗ്രീനിന് മൂന്നു ലക്ഷം കുറച്ചു.
വിപണിസൂചനകള്‍
(2024 ഫെബ്രുവരി 13, ചൊവ്വ)
സെന്‍സെക്‌സ്30 71,555.19 +0.68%
നിഫ്റ്റി50 21,743.25 +0.59%
ബാങ്ക് നിഫ്റ്റി 45,502.40 +1.38%
മിഡ് ക്യാപ് 100 47,835.65 +0.34%
സ്‌മോള്‍ ക്യാപ് 100 15,643.75 +0.17%
ഡൗ ജോണ്‍സ് 30 38,272.80 -1.35%
എസ് ആന്‍ഡ് പി 500 4953.17 -1.37%
നാസ്ഡാക് 15,655.60 -1.80%
ഡോളര്‍ ($) 83.00 ?0.00
ഡോളര്‍ സൂചിക 104.96 +0.83
സ്വര്‍ണം (ഔണ്‍സ്) $1993.70 -$26.80
സ്വര്‍ണം (പവന്‍) 46,080 -80.00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $82.59 +$0.49