സഹായം തേടി അദാനി ഗൾഫിൽ; ലോക വിപണികൾ കയറ്റത്തിൽ; വിലക്കയറ്റം ഉയർന്നത് പലിശപ്പേടി കൂട്ടും

വിപണി ഇന്ന് മുന്നേറിയേക്കും; അദാനി ഗ്രൂപ്പ് കമ്പനികൾ താഴ്ന്നേക്കും. ചില്ലറ വിലക്കയറ്റത്തിൽ അപ്രതീക്ഷിത വർധന. അദാനിക്ക് ഗൾഫിൽ നിന്ന് പിന്തുണ ലഭിക്കുമോ?

Update: 2023-02-14 03:08 GMT

ആഗോള വിപണികൾ നല്ല ഉത്സാഹത്തിലാണ്. യുഎസ് വിലക്കയറ്റ കണക്ക് ഇന്നു വരാനിരിക്കെ കാണുന്ന ആവേശം എത്രമാത്രം അടിത്തറ ഉള്ളതാണെന്ന ചോദ്യം ഉയരുന്നുണ്ട്. സംഘർഷഭീതി കുറഞ്ഞിട്ടുണ്ട് എന്നതാണ് അനുകൂലമായ ഒരു ഘടകം.

ഇന്ത്യൻ വിപണിക്ക് ഇന്നലെ പുറത്തുവന്ന ജനുവരിയിലെ ചില്ലറ വിലക്കയറ്റ കണക്ക് ഒരു ചെറിയ നിരാശ നൽകും. പ്രതീക്ഷിച്ചതിലും വളരെ കൂടുതലായി വിലക്കയറ്റം. എങ്കിലും വിപണി അതിന്റെ പേരിൽ നെഗറ്റീവ് പ്രതികരണത്തിനു തുനിയാൻ ഇടയില്ല. ഇന്നലെ അര ശതമാനത്തോളം ഇടിഞ്ഞ വിപണി ഇന്ന് ആഗോള പ്രവണതയെ പിന്തുടരാനാണു സാധ്യത. അദാനി ഗ്രൂപ്പ് കമ്പനികൾ ഇന്നും താഴ്ന്നേക്കാം.

സൂചികകൾ 

യൂറോപ്യൻ വിപണികൾ ഇന്നലെ ചെറിയ നേട്ടത്തോടെയാണ് ആഴ്ചയ്ക്കു തുടക്കം കുറിച്ചത്. പ്രധാന സൂചികകൾ അര ശതമാനം വരെ ഉയർന്നു. യുഎസ് വിപണി തുടക്കം മുതൽ ഉയർന്ന് ഏറ്റവും കൂടിയ നിലയിൽ ക്ലോസ് ചെയ്തു. ഡൗ ജോൺസ് സൂചിക 1.11 ശതമാനവും എസ് ആൻഡ് പി 1.14 ശതമാനവും ഉയർന്നു. നാസ്ഡാക് 1.48 ശതമാനം കുതിച്ചു. കഴിഞ്ഞയാഴ്ചത്തെ നഷ്ടങ്ങൾ നികത്തുകയായിരുന്നു ഇന്നലെ. ഇന്നു വരാനിരിക്കുന്ന ചില്ലറ വിലക്കയറ്റമാകും ഇനി വിപണിയുടെ ഗതി നിശ്ചയിക്കുക.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു വീണ്ടും താഴ്ചയിലാണ്. ഡൗ 0.14 ശതമാനവും നാസ്ഡാക് 0.17 ശതമാനവും ഇടിഞ്ഞു. ഏഷ്യൻ വിപണികളും ഇന്നു രാവിലെ കയറ്റത്തിലാണ്. ജപ്പാനിലെ നിക്കെെയും കൊറിയയിലെ കോസ്പിയും നല്ല ഉയർച്ചയിൽ വ്യാപാരം തുടങ്ങി. ചൈനീസ് വിപണികളും ഇന്നു നേട്ടത്തിലാണു വ്യാപാരം തുടങ്ങിയത്.

സൂചിക വീണ്ടും കയറി

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,789 ൽ ക്ലാേസ് ചെയ്തു. രണ്ടാം സെഷനിൽ സൂചിക 17,859 -ലേക്കു കയറി. ഇന്നു രാവിലെ സൂചിക വീണ്ടും കയറി 17,864 വരെ എത്തിയ ശേഷം ഇടിഞ്ഞ് 17, 809 ആയി.. പിന്നീട് അൽപം കയറി. ഇന്ത്യൻ വിപണി തുടക്കത്തിൽ നേരിയ ഉയർച്ച കാണിച്ചേക്കാം.

സെൻസെക്സ് ഇന്നലെ 250.86 പോയിന്റ് (0.41%) താഴ്ന്ന് 60,431.84ലും നിഫ്റ്റി 85.6പോയിന്റ് (0.48%) താഴ്ന്ന് 17,770.9ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.50 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.45 ശതമാനവും താഴ്ന്നാണു ക്ലോസ് ചെയ്തത്. നിഫ്റ്റിക്ക് 17,730 ലും 17,630 ലും സപ്പോർട്ട് ഉണ്ട്. 17,850 ലും 18,950 ലും തടസങ്ങൾ നേരിടാം.

വിദേശനിക്ഷേപകർ തിങ്കളാഴ്ചയും വാങ്ങലുകാരായി. വെള്ളിയാഴ്ച1458.02 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതിനു പിന്നാലെ ഇന്നലെ 1322.39 കോടിയുടെ ഓഹരികൾ അവർ വാങ്ങി. സ്വദേശി ഫണ്ടുകളും വാങ്ങലുകാരായിരുന്നു. 521.69 കോടിയുടെ ഓഹരികൾ അവർ വാങ്ങി.

സ്വർണം

ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നു. 85.79 ഡോളറിലാണു ബ്രെന്റ് ഇനം ക്ലോസ് ചെയ്തത്. വ്യാവസായിക ലോഹങ്ങൾ താഴ്ചയിലാണ്. ചെമ്പ് ടണ്ണിന് 8911 ഡോളറിലും അലൂമിനിയം 2412 ഡോളറിലും ക്ലോസ് ചെയ്തു. നിക്കൽ, സിങ്ക്, ലെഡ് തുടങ്ങിയവയും താഴ്ന്നു. സ്വർണം ഇന്നലെയും ചെറിയ മേഖലയിൽ (1850-1868 ഡോളർ) ചുറ്റിത്തിരിഞ്ഞു.1853 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ1855-1857 ഡോളറിലേക്കു താഴ്ന്നാണു വ്യാപാരം. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 42,000 രൂപ ആയി. വെള്ളിവില 22 ഡോളറിനു താഴെ തുടരുന്നു.

രൂപയ്ക്ക് ഇന്നലെ നഷ്ടമായിരുന്നു. ഡോളർ നിരക്ക് 22 പൈസ വർധിച്ച് 82.72 രൂപയായി. ഡോളർ സൂചിക ഇന്നലെ 103.75 ൽ നിന്ന് 103.29 ലേക്കു താണു. താഴ്ച തുടർന്നാൽ രൂപ ശക്തിപ്പെടും.


ചില്ലറ വിലക്കയറ്റത്തിൽ അപ്രതീക്ഷിത വർധന

ജനുവരിയിലെ ചില്ലറവിലക്കയറ്റം നിരീക്ഷകരുടെ നിഗമനങ്ങൾക്കപ്പുറമായി. ഡിസംബറിലെ 5.72 ന്റെ സ്ഥാനത്ത് 6.52 ശതമാനം വിലക്കയറ്റം അപ്രതീക്ഷിത വർധനയായി. 6.1 ശതമാനം വർധനയാണു മിക്കവരും പ്രതീക്ഷിച്ചത്. ഭക്ഷ്യവിലക്കയറ്റമാണു നിരക്ക് ഇത്രയേറെ വർധിപ്പിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തോന്നാം. പക്ഷേ അതല്ല കാര്യം.

ഭക്ഷ്യവിലക്കയറ്റം ഡിസംബറിൽ 4.19 ശതമാനമായിരുന്നത് ജനുവരിയിൽ 5.94 ആയി. ധാന്യങ്ങളുടേത് 16.12 ശതമാനമായി. എന്നാൽ അതിലുപരി കാതൽ വിലക്കയറ്റം ആറു ശതമാനത്തിനു (6.1 ശതമാനം) മുകളിൽ എത്തിയതാണ് പ്രശ്നം.

ഇന്ധന-ഭക്ഷ്യ വിലകൾ ഒഴിവാക്കിയാണ് കാതൽ വിലക്കയറ്റം കണക്കാക്കുന്നത്. ഇതാണു പണനയനിർണയത്തിനു റിസർവ് ബാങ്ക് ആധാരമാക്കുന്നതും. കാതൽവിലക്കയറ്റം ഉയർന്നു നിൽക്കുന്നത് റിസർവ് ബാങ്കിന്റെ ഇതുവരെയുള്ള നടപടികൾ ലക്ഷ്യം കണ്ടില്ല എന്നാണു കാണിക്കുന്നത്. ഫാക്ടറി ഉൽപന്നങ്ങളുടെയും മറ്റും വിലവർധന നിയന്ത്രണത്തിലല്ലെന്ന് ഇതു സൂചിപ്പിക്കുന്നു.

ജനുവരി - മാർച്ച് പാദത്തിൽ 5.7 ശതമാനമാകും ശരാശരി ചില്ലറ വിലക്കയറ്റം എന്നാണു റിസർവ് ബാങ്ക് കണക്കാക്കുന്നത്. ആദ്യ മാസം തന്നെ 6.52 ശതമാനം വന്നത് വിലക്കയറ്റം ലക്ഷ്യം കടന്നുപോകാം എന്ന സൂചന നൽകുന്നു. റിസർവ് ബാങ്ക് ഇനിയും റീപാേ നിരക്ക് കൂട്ടും എന്നതാണ് ഇതിന്റെ പ്രായോഗിക ഫലം.

ഏപ്രിലിൽ റീപോ 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 6.75 ശതമാനമാക്കും എന്നാണു വിദഗ്ധരുടെ നിഗമനം.


മൊത്തവില

മൊത്തവില സൂചിക ആധാരമാക്കിയുള്ള വിലക്കയറ്റ കണക്ക് ഇന്നു പുറത്തുവിടും. ഡിസംബറിൽ 4.95 ശതമാനമായിരുന്നു മൊത്തം വിലക്കയറ്റം. ജനുവരിയിൽ നിരക്ക് അൽപം ഉയർന്ന് അഞ്ചു ശതമാനത്തിനു മുകളിൽ കടക്കും എന്നാണു നിഗമനം.

ഇന്നു യുഎസ് ചില്ലറ വിലക്കയറ്റ കണക്ക് പുറത്തു വരും. ഡിസംബറിൽ 6.5 ശതമാനമായിരുന്ന നിരക്ക് 6.2 ശതമാനമായി കുറയും എന്നാണു നിരീക്ഷകർ കണക്കാക്കുന്നത്. നിരക്ക് പ്രതീക്ഷയേക്കാൾ വർധിച്ചാൽ ഓഹരി വിപണി കഴിഞ്ഞ ദിവസം ഉണ്ടാക്കിയ നേട്ടമെല്ലാം നഷ്ടപ്പെടുത്തും.

പണം സമാഹരിക്കാൻ അദാനി ഗൾഫിൽ

അദാനി ഗ്രൂപ്പ് മൂലധന സമാഹരണത്തിനായി പശ്ചിമേഷ്യൻ നിക്ഷേപകരെ സമീപിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. ചെയർമാൻ ഗൗതം അദാനിയും ഗ്രൂപ്പ് സിഎഫ്ഒ ജുഗേഷിന്ദർ സിംഗും ഒരാഴ്ചയായിലേറെയായി ഗൾഫിലാണ്. അദാനി ഗ്രൂപ്പിൽ കഴിഞ്ഞ വർഷം 200 കോടി ഡോളർ നിക്ഷേപിച്ച ഐഎച്ച്സി (ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി) എഡിഐഎ (അബുദാബി ഇൻവെസ്റ്റ്‌മെന്റ് അഥോറിറ്റി) എന്നിവയുമായാണു ചർച്ച.

ഗ്രൂപ്പിൽ മൂലധന നിക്ഷേപത്തിന് ഇത്തരം നിക്ഷേപനിധികൾ തയാറാകുന്നത് നിക്ഷേപകരിൽ ആത്മവിശ്വാസം വളർത്തി ഓഹരി - കടപ്പത്ര വിലയിടിവ് തടയും എന്നാണ് കരുതുന്നത്.

പിൻവലിച്ച ഓഹരി തുടർവിൽപന (എഫ്പിഒ) യിൽ ഗണ്യമായ നിക്ഷേപത്തിന് ഇവർ തയാറായിരുന്നു. എന്നാൽ ഇപ്പോഴത്തെ അഭ്യർഥനയോട് അത്ര അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. പ്രിഫറൻഷ്യൽ ഓഹരി നൽകിയാേ വാറന്റ് നൽകിയോ നിക്ഷേപം സ്വീകരിക്കാൻ അദാനി തയാറാണ്. വിലയും മറ്റ് ഉപാധികളും തർക്കവിഷയങ്ങളാണ്. ഇതിനിടെ മുംബൈ എയർപോർട്ട് പോലുള്ള ആസ്തികളിൽ ഗൾഫ് ഫണ്ടുകൾ താൽപര്യം പ്രകടിപ്പിക്കുന്നതായും റിപ്പാേർട്ട് ഉണ്ട്.

യുഎഇ പ്രസിഡന്റ് കൂടിയായ അബുദാബി ഭരണാധികാരി മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാന്റെ നിയന്ത്രണത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങളാണ് എഡിഐഎയും ഐഎച്ച്സിയും. ഇന്നലെയും അദാനി ഗ്രൂപ്പ് ഓഹരികൾ തകർച്ചയിലായിരുന്നു. 51,000 കോടി രൂപയുടെ വിപണിമൂല്യം ഇന്നലെ നഷ്ടമായി.


Tags:    

Similar News