ആശ്വാസറാലിയിൽ നിന്നു കൂടുതൽ പ്രതീക്ഷ; ഇന്ധനവില കുറച്ചതു ക്ഷീണമാകില്ല; സർവേകളിലെ ബി.ജെ.പി വിജയം വിപണിക്ക് ആശ്വാസം
ക്രൂഡ് ഓയിൽ 85 ഡോളറിനു മുകളിൽ
വലിയ തകർച്ചയ്ക്കു ശേഷം പ്രതീക്ഷിക്കാവുന്ന തിരിച്ചുകയറ്റം ഇന്നലെ ഇന്ത്യൻ വിപണിയിൽ ഉണ്ടായി. ഇന്നും നേട്ടം തുടരാവുന്ന അന്തരീക്ഷം നിലനിൽക്കുന്നു. പെട്രോൾ, ഡീസൽ വില ലിറ്ററിനു രണ്ടു രൂപ വീതം കുറച്ചത് ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ലാഭത്തിൽ ചെറിയ കുറവ് വരുത്തിയേക്കാം. ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 85 ഡോളർ കടന്നെങ്കിലും അതിൻ്റെ പേരിൽ വിപണി ഇന്നു വിപരീതമായി പ്രതികരിക്കാനിടയില്ല. കൂടുതൽ സർവേകൾ ബി.ജെ.പിയുടെ വൻവിജയം പ്രവചിക്കുന്നതും വിപണിയുടെ കുതിപ്പിനു സഹായകമാണ്. മൊത്തവിലക്കയറ്റം കുറഞ്ഞതും ആശ്വാസകരമായി.
ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി 22,122ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,144 ആയി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തി വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച നഷ്ടത്തിലായി. ഫ്രഞ്ച് വിപണി മാത്രമാണ് അൽപം കയറിയത്. യു.എസ് വിപണി വ്യാഴാഴ്ച ഉയർന്നു തുടങ്ങിയിട്ടു താഴോട്ടു പോയി. ഫെബ്രുവരിയിലെ യു.എസ് മൊത്തവിലക്കയറ്റം 0.6 ശതമാനമായി. 0.3 ശതമാനമാണു പ്രതീക്ഷിച്ചത്. പലിശ ഉടനെങ്ങും കുറയില്ല എന്നു പുതിയ കണക്ക് സൂചിപ്പിച്ചു. ഇതോടെ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.3 ശതമാനത്തിനടുത്തേക്കു കയറി. അടുത്ത മാസങ്ങളിലെ ബിസിനസ് മെച്ചമായിരിക്കില്ല എന്ന് അഡോബ് സൂചിപ്പിച്ചത് വിപണി ക്ലോസ് ചെയ്ത ശേഷം ആ ഓഹരിയെ 10 ശതമാനം താഴ്ത്തി.
വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 137.66 പോയിൻ്റ് (0.35%) താഴ്ന്ന് 38,905.66ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 14.83 പോയിൻ്റ് (0.29%) കുറഞ്ഞ് 5150.48 ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 49.24 പോയിൻ്റ് (0.30%) താഴ്ന്ന് 16,128.53 ൽ എത്തി.
യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ താഴ്ചയിലാണ്. ഡൗ 0.12 ശതമാനവും എസ് ആൻഡ് പി 0.14 ശതമാനവും നാസ്ഡാക് 0.24 ശതമാനവും താഴ്ന്നു നിൽക്കുന്നു. യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.292 ശതമാനമായി ഉയർന്നു. ഏഷ്യൻ വിപണികൾ ഇന്നു വലിയ താഴ്ചയിലാണ്. ഓസീസ്, ജാപ്പനീസ്, ചെെനീസ്, കൊറിയൻ വിപണികൾ ഇടിഞ്ഞു.
ഇന്ത്യൻ വിപണി
വ്യാഴാഴ്ച ഇന്ത്യൻ വിപണി താഴ്ന്നു തുടങ്ങിയിട്ടു മിതമായ നേട്ടത്തിൽ അവസാനിച്ചു. ഒരു പുൾ ബായ്ക്ക് റാലിയുടെ ദൃശ്യമാണു പ്രധാന സൂചികകൾ നൽകിയത്. സ്മോൾ, മിഡ് ക്യാപ് ഓഹരികൾ കരുത്തോടെ തിരിച്ചു കയറി. സെൻസെക്സ് ഇന്നലെ 335.39 പോയിന്റ് (0.74%) കയറി 73,097.28ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 148.95 പോയിന്റ് (0.68%) ഉയർന്ന് 22,146.65ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 191.35 പോയിന്റ് (0.41%) താണ് 46,789.95ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 2.02 ശതമാനം കയറി 46,901.20ൽ ക്ലോസ് ചെയ്തു. സ്മോൾ ക്യാപ് സൂചിക 3.45 ശതമാനം ഉയർന്ന് 14,788.55ൽ വ്യാപാരം അവസാനിപ്പിച്ചു. വ്യാഴാഴ്ച വിദേശനിക്ഷേപകർ ക്യാഷ് വിപണിയിൽ 1356.29 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 139.47 കോടി രൂപയുടെ ഓഹരികൾ വാങ്ങി. വിപണിയിൽ ബെയറിഷ് പ്രവണത മാറിയിട്ടില്ല. നിഫ്റ്റിക്ക് ഇന്ന് 21,980ലും 21,800ലും പിന്തുണ ഉണ്ട്. 22,170ലും 22,380ലും തടസങ്ങൾ ഉണ്ടാകാം.
സ്വർണം താഴ്ചയിൽ
അന്താരാഷ്ട്ര വിപണിയിൽ സ്വർണം ചാഞ്ചാടുകയാണ്. ഇന്നലെ യു.എസ് മൊത്തവിലക്കണക്ക് സ്വർണത്തെ താഴ്ത്തി. ഇന്നലെ ഔൺസിന് 2161.60 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2164.10 ലേക്കു കയറി. കേരളത്തിൽ സ്വർണവില ഇന്നലെ പവന് 200 രൂപ കയറി 48,480 രൂപയിൽ എത്തി. ഇന്നു വില കുറയാൻ സാധ്യത ഉണ്ട്.
ഡോളർ സൂചിക ഇന്നലെ 103.36 ലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.44ലാണ്. രൂപ വ്യാഴാഴ്ച അൽപം കയറി. ഡോളർ മൂന്നു പൈസ താണ് 82.82 രൂപയിൽ ക്ലോസ് ചെയ്തു .
ക്രൂഡ് ഓയിൽ കുതിച്ചു
ക്രൂഡ് ഓയിൽ ലഭ്യതയെപ്പറ്റി പുതിയ ആശങ്കകൾ ഉടലെടുത്തു. റഷ്യൻ റിഫൈനറിക്കു നേരേ യുക്രെയ്ൻ മിസൈൽ ആക്രമണം നടത്തി. ഇന്നു രാവിലെ ബ്രെന്റ് ഇനം ക്രൂഡ് 85.42 ഡോളറിൽ എത്തി. ഡബ്ള്യു.ടി.ഐ ഇനം 81.03 ഡോളറിലും യു.എ.ഇയുടെ മർബൻ ക്രൂഡ് 85.71 ഡോളറിലും ആണ്.
കയറിയിറങ്ങി ബിറ്റ്കോയിൻ
ക്രിപ്റ്റോ കറൻസികൾ ഉയർന്നും താഴ്ന്നും നീങ്ങുകയാണ്. ബിറ്റ്കോയിൻ 73,295 ഡോളറിലും 4007.54 ഡോളറിലും എത്തിയിട്ട് രണ്ടു ശതമാനം താണു വ്യാപാരം നടക്കുന്നു.
വിപണിസൂചനകൾ (2024 മാർച്ച് 14, വ്യാഴം)
സെൻസെക്സ്30 73,097.28 +0.46%
നിഫ്റ്റി50 22,146.65 +0.70%
ബാങ്ക് നിഫ്റ്റി 46,789.95 -0.33%
മിഡ് ക്യാപ് 100 46,901.20 +2.15%
സ്മോൾ ക്യാപ് 100 14,788.55 +3.48%
ഡൗ ജോൺസ് 30 38,905.70 -0.35%
എസ് ആൻഡ് പി 500 5150.48 -0.29%
നാസ്ഡാക് 16,128.50 -0.30%
ഡോളർ ($) ₹82.86 +₹0.09
ഡോളർ സൂചിക 103.36 +0.57
സ്വർണം (ഔൺസ്) $2161.60 -$14.01
സ്വർണം (പവൻ) ₹48,480 +₹200.00
ക്രൂഡ് (ബ്രെന്റ്) ഓയിൽ $85.42 +$1.39