നേട്ടം തുടരാന്‍ നിക്ഷേപകര്‍; വിദേശികളുടെ വില്‍പന സമ്മര്‍ദം തുടരുന്നു; വിദേശ സൂചനകള്‍ പോസിറ്റീവ്; ഏഷ്യന്‍ വിപണികള്‍ ഉയരുന്നു

ക്രൂഡ് ഓയില്‍ വില രണ്ടു ശതമാനം കയറി

Update:2024-02-16 08:27 IST

ഇന്ത്യന്‍ ഓഹരികള്‍ വീണ്ടും നല്ലൊരു ദിവസം പ്രതീക്ഷിച്ചാണു വാരാന്ത്യവ്യാപാരത്തിലേക്കു നീങ്ങുന്നത് നിര്‍ണായക പ്രതിരോധം മറി കടക്കാന്‍ പറ്റുമോ എന്ന് ഇന്നറിയാം. ക്രൂഡ് ഓയില്‍ വില ഉയരുന്നതും വിദേശ നിക്ഷേപകര്‍ വില്‍പന തുടരുന്നതും വിപണിക്കു തടസങ്ങളാകാം.

വ്യാഴാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 22,107ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,076ലാണ്. ഇന്ത്യന്‍ വിപണി ഇന്ന് ഉയര്‍ന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.

വിദേശ വിപണി

യൂറോപ്യന്‍ വിപണികള്‍ വ്യാഴാഴ്ചയും നേട്ടത്തിലാണ് അവസാനിച്ചത്. യു.കെ സാംങ്കതികമായി മാന്ദ്യത്തിലായി. മൂന്നാം പാദത്തിലെ പുതുക്കിയ കണക്ക് ജി.ഡി.പി 0.1 ശതമാനം കുറഞ്ഞതായി കാണിച്ചു. നാലാം പാദത്തില്‍ 0.3 ശതമാനം കുറഞ്ഞു. തുടര്‍ച്ചയായ രണ്ടു പാദങ്ങളില്‍ ജി.ഡി.പി കുറഞ്ഞാല്‍ മാന്ദ്യം എന്നാണു നിര്‍വചനം. എയര്‍ബസ്, കൊമേഴ്‌സ് ബാങ്ക്, റെനോ തുടങ്ങിയ കമ്പനികള്‍ ഇന്നലെ നല്ല റിസല്‍ട്ട് പ്രസിദ്ധീകരിച്ചതും യൂറോപ്യന്‍ വിപണികളെ സഹായിച്ചു.

വിലക്കയറ്റ ആഘാതത്തില്‍ നിന്നു കരകയറിയ യു.എസ് വിപണിയില്‍ ഡൗ സൂചിക വ്യാഴാഴ്ച അപ്രതീക്ഷിത കുതിപ്പ് നടത്തി. ജനുവരിയിലെ റീറ്റെയ്ല്‍ വില്‍പനയില്‍ ഗണ്യമായ കുറവു വന്നത് സമ്പദ്ഘടന മന്ദീഭവിക്കുന്നതിന്റെ സൂചനയായി ചിലര്‍ കാണുന്നു.

ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ച് കോയിന്‍ ബേസിന്റെ ഓഹരികള്‍ 13 ശതമാനം കുതിച്ചു. നഷ്ടം പ്രതീക്ഷിച്ച സ്ഥാനത്തു വലിയ ലാഭം ലഭിച്ച നാലാം പാദ ഫലങ്ങളാണു കാരണം. സെമികണ്ടക്ടര്‍ ഉല്‍പന്നങ്ങഗ്ര നിര്‍മിക്കുന്ന അപ്ലൈഡ് മറ്റീരിയല്‍സിന്റെ മികച്ച നാലാം പാദ പ്രകടനം ഓഹരിയെ 12 ശതമാനം ഉയര്‍ത്തി.

ഡൗ ജോണ്‍സ് ഇന്നലെ 348.85 പോയിന്റ് (0.91%) കയറി 38,773.10ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 29.11 പോയിന്റ് (0.58%) ഉയര്‍ന്ന് റെക്കോര്‍ഡ് കുറിച്ച് 5029.73ല്‍ അവസാനിച്ചു. നാസ്ഡാക് 47.03 പോയിന്റ് (0.30%) കയറി 15,906.20ല്‍ ക്ലോസ് ചെയ്തു.

യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു നേരിയ താഴ്ചയിലാണ്. ഡൗ 0.14ഉം എസ് ആന്‍ഡ് പി 0.07ഉം ശതമാനം താഴ്ചയിലായി. നാസ്ഡാക് 0.10 ശതമാനം ഉയര്‍ന്നു. യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.248 ശതമാനമായി. ഏഷ്യന്‍ വിപണികള്‍ ഇന്ന് കയറ്റത്തിലാണ്. ജപ്പാനില്‍ നിക്കൈ 1.3 ശതമാനം കുതിച്ചു.

ഇന്ത്യന്‍ വിപണി

വ്യാഴാഴ്ച ഇന്ത്യന്‍ വിപണി ഉയര്‍ന്നു തുടങ്ങിയ ശേഷം ഇടിഞ്ഞെങ്കിലും ഉച്ചയ്ക്കു ശേഷം കുതിച്ചു കയറി നേട്ടത്തില്‍ അവസാനിച്ചു. സെന്‍സെക്‌സ് 227.55 പോയിന്റ് (0.32%) കയറി 72,050.38ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 70.70 പോയിന്റ് (0.32%) ഉയര്‍ന്ന് 21,910.75ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 310.60 പോയിന്റ് (0.68%) കയറി 46,218.90ല്‍ ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 1.01 ശതമാനം ഉയര്‍ന്ന് 48,821.90ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 1.32 ശതമാനം കയറി 16,105.20ല്‍ വ്യാപാരം അവസാനിപ്പിച്ചു.

വ്യാഴാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 3064.15 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2276.93 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. വിപണിയുടെ കയറ്റം തുടരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകരും വിശകലന വിദഗ്ധരും. 22,000-22,100 മേഖലയിലെ പ്രതിരോധം മറികടക്കാന്‍ നിഫ്റ്റിക്കു കഴിയുമോ എന്ന് ഇന്നറിയാം. നിഫ്റ്റിക്ക് ഇന്ന് 21,825ലും 21,725ലും പിന്തുണ ഉണ്ട്. 21,950ലും 22,050ലും തടസങ്ങള്‍ ഉണ്ടാകാം.

ക്രൂഡ് ഓയില്‍, ഡോളര്‍,സ്വര്‍ണം, ക്രിപ്‌റ്റോ കറന്‍സി

വ്യാഴാഴ്ച ക്രൂഡ് ഓയില്‍ വില രണ്ടു ശതമാനം കയറി. ബ്രെന്റ് ഇനം ക്രൂഡ് 82.85 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 82.70 ഡോളറിലേക്കു താണു. ഡബ്‌ള്യു.ടി.ഐ ഇനം 78.04ഉം യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 82.28ഉം ഡോളറിലായി.

ഡോളര്‍ സൂചിക താഴ്ന്നതോടെ സ്വര്‍ണം വ്യാഴാഴ്ച മുകളിലേക്കു കയറി 2004.80 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2004.90 ഡോളറിലാണ്.

കേരളത്തില്‍ സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 45,520 രൂപയായി. ഇന്നു വില കയറാനാണു സാധ്യത. ഡോളര്‍ സൂചിക വ്യാഴാഴ്ച താഴ്ന്ന് 104.25ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.36ലാണ്.

ഡോളര്‍ വ്യാഴാഴ്ച കയറ്റിറക്കങ്ങള്‍ക്കു ശേഷം 83.04 രൂപയില്‍ ക്ലോസ് ചെയ്തു. ക്രിപ്‌റ്റോ കറന്‍സികള്‍ കയറ്റം തുടരുന്നു. ഇന്നു രാവിലെ ബിറ്റ്‌കോയിന്‍ 51,960 ഡോളറിലാണ്.

എന്‍വിഡിയ നിക്ഷേപിച്ച കമ്പനികള്‍ക്കു കുതിപ്പ്

നിര്‍മിതബുദ്ധി മേഖലയിലെ ആകര്‍ഷണ കേന്ദ്രമായി മാറിയ എന്‍വിഡിയ ഓഹരിക്കു പിന്നാലെ ആ കമ്പനി പണം നിക്ഷേപിച്ചിട്ടുള്ള യു.എസ് കമ്പനികളും കുതിക്കുന്നു. ആം ഹോള്‍ഡിംഗ്‌സ്, സൗണ്ട് ഹൗണ്ട് എ.ഐ, റെക്കര്‍ഷന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയിലെ നിക്ഷേപം ഇന്നലെയാണ് എന്‍വിഡിയ പരസ്യപ്പെടുത്തിയത്. നിര്‍മിതബുദ്ധിയാണ് വരുമാന വര്‍ധനയ്ക്കു സഹായിച്ചതെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഈയിടെ 80 ശതമാനം ഉയര്‍ന്ന ആം (Arm) ഇന്നലെ ആറു ശതമാനം കയറി.

നിര്‍മിത ബുദ്ധി ഉപയോഗിച്ചു ബയോടെക് ഗവേഷണത്തിലുള്ള റെക്കര്‍ഷന്‍ ഇന്നലെ 15 ശതമാനം കുതിച്ചു. ശബ്ദം തിരിച്ചറിയല്‍ അടക്കമുള്ള ഗവേഷണങ്ങളില്‍ ഏര്‍പ്പെടുന്ന സൗണ്ട് ഹൗണ്ട് എ.ഐയുടെ ഓഹരി ഇന്നലെ 80 ശതമാനം വരെ കയറിയിട്ടു താഴ്ന്ന് നേട്ടം 67 ശതമാനത്തില്‍ ഒതുക്കി. എന്‍വിഡിയ നാലാം പാദ റിസല്‍ട്ട് അടുത്ത ബുധനാഴ്ച പ്രസിദ്ധീകരിക്കും. കമ്പനിയുടെ വരുമാനം 2,038 കോടി ഡോളറും പ്രതിഓഹരി വരുമാനം 4.56 ഡോളറും ആകുമെന്നാണു വിപണിയുടെ നിഗമനം. ഒരു വര്‍ഷം കൊണ്ട് ഓഹരിവില 240 ശതമാനം വര്‍ധിപ്പിച്ച കമ്പനിയാണ് എന്‍വിഡിയ.

കമ്പനികള്‍, ഓഹരികള്‍

പേയ്ടിഎം ഓഹരികള്‍ ഇന്നലെ അഞ്ചു ശതമാനം ഇടിഞ്ഞു. ഓഹരിയുടെ സര്‍കീട്ട് ലിമിറ്റ് ഇന്നലെ അഞ്ചു ശതമാനമായി കുറച്ചിരുന്നു. വേദാന്ത ലിമിറ്റഡ് ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു. പ്രൊമോട്ടര്‍മാര്‍ 2.2 ശതമാനം ഓഹരി വിറ്റതാണു കാരണം. അദാനി, ജി.എം.ആര്‍ ഗ്രൂപ്പുകളെ ഈയിടെ സഹായിച്ച രാജീവ് ജയിനിന്റെ ജി.ക്യു.ജി പാര്‍ട്‌നേഴ്‌സാണ് ഓഹരി വാങ്ങിയത്. അനില്‍ അഗര്‍വാളിന്റെ വേദാന്ത ഗ്രൂപ്പിന് ഒരു വര്‍ഷത്തിനകം 450 കോടി ഡോളര്‍ കടം തിരിച്ചടയ്‌ക്കേണ്ടതുണ്ട്.

ഫെഡറല്‍ ബാങ്ക് ഓഹരി ഇന്നലെ അഞ്ചു ശതമാനത്തോളം ഉയര്‍ന്ന് 156.90 രൂപയില്‍ ക്ലോസ് ചെയ്തു. ബാങ്കിന്റെ എം.ഡി-സി.ഇ.ഒ സ്ഥാനത്തേക്കു ഡയറക്ടര്‍ ബോര്‍ഡ് നിര്‍ദേശിച്ച മൂന്നു പേരില്‍ ഒരാളെ റിസര്‍വ് ബാങ്ക് അംഗീകരിച്ചു എന്ന് ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതാണ് കയറ്റത്തിനു കാരണം. ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നുമായിട്ടില്ല. ശ്യാം ശ്രീനിവാസന്‍ ഈ സെപ്റ്റംബറിലാണു നീട്ടിക്കിട്ടിയ കാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്നത്. 2010ലാണ് അദ്ദേഹം എം.ഡിയും സി.ഇ.ഒയും ആയത്.

ധനലക്ഷ്മി ബാങ്ക് ഓഹരി തുടര്‍ച്ചയായ രണ്ടാം ദിവസവും അഞ്ചു ശതമാനം കയറി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി ഒന്നര ശതമാനം ഉയര്‍ന്നു.

ഓയില്‍ ഇന്ത്യ ഓഹരി 13 ശതമാനം കയറി. കമ്പനിയു ക്രൂഡ് ഓയില്‍ ഉല്‍പാദനം ഗണ്യമായി വര്‍ധിക്കും എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ കുതിപ്പ്. ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ ഇന്നലെയും നല്ല മുന്നേറ്റം നടത്തി. റെയില്‍വേ പൊതുമേഖലാ കമ്പനികളും കയറ്റം തുടരുകയാണ്.

കല്യാണ്‍ ജ്വല്ലേഴ്‌സ് ഓഹരി ഇന്നലെ 7.52 ശതമാനം കുതിച്ച് 409.70 രൂപ എന്ന റെക്കോര്‍ഡ് കുറിച്ചു. കമ്പനിയുടെ വരുമാനത്തില്‍ 30 ശതമാനം വളര്‍ച്ച ഉണ്ടായിരുന്നു.

വിപണിസൂചനകള്‍

(2024 ഫെബ്രുവരി 15, വ്യാഴം)

സെന്‍സെക്‌സ്30 72,050.38 +0.32%

നിഫ്റ്റി50 21,910.75 +0.32%

ബാങ്ക് നിഫ്റ്റി 46,218.90 +0.68%

മിഡ് ക്യാപ് 100 48,821.90 +1.01%

സ്‌മോള്‍ ക്യാപ് 100 16,105.20 +1.32%

ഡൗ ജോണ്‍സ് 30 38,773.10 +0.91%

എസ് ആന്‍ഡ് പി 500 5029.73 +0.58%

നാസ്ഡാക് 15,906.20 +0.30%

ഡോളര്‍ ($) 83.04 +0.04

ഡോളര്‍ സൂചിക 104.25 -0.48

സ്വര്‍ണം (ഔണ്‍സ്) $ 2004.80 +$11.30

സ്വര്‍ണം (പവന്‍) 45,520 -80.00

ക്രൂഡ് (ബ്രെന്റ്) ഓയില്‍ $82.85 +$1.41

Tags:    

Similar News