ബാങ്കുകൾക്കും ധനകാര്യ കമ്പനികൾക്കും പ്രഹരം; ക്രൂഡ് ഓയിൽ വില ഇടിഞ്ഞു; സ്വർണം കയറുന്നു

ഓഹരികൾ കയറ്റത്തിനു മടിച്ചു നിൽക്കുന്നു

Update:2023-11-17 08:21 IST

ക്രൂഡ് ഓയിൽ വില കുത്തനേ ഇടിഞ്ഞു. സ്വർണവും ഡോളറും കയറുന്നു. എന്നാൽ ഓഹരികൾ കയറ്റത്തിനു മടിച്ചു നിൽക്കുന്നു. ഇന്ത്യൻ വിപണിയും ദുർബലമായ തുടക്കമാണു പ്രതീക്ഷിക്കുന്നത്.

Also Read : ചില വായ്പകളും ക്രെഡിറ്റ് കാര്‍ഡും ഇനി പൊള്ളും; റിസ്‌ക് വെയിറ്റ് കൂട്ടി റിസര്‍വ് ബാങ്ക്

ബാങ്കുകളുടെയും എൻ.ബി.എഫ്.സി കളുടെയും കൺസ്യൂമർ വായ്പകൾക്ക് കൂടുതൽ മൂലധനം കരുതണം എന്ന റിസർവ് ബാങ്കിന്റെ ഇന്നലത്തെ നിർദേശം ഇന്ന് ആ മേഖലയിൽ വലിയ ചലനം ഉണ്ടാക്കും. അവയുടെ ലാഭത്തെ മാത്രമല്ല കൺസ്യൂമർ ഉൽപന്ന വിൽപനയെയും ബാധിക്കുന്നതാണു നിർദേശം.


ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധൻ രാത്രി 19,792.5-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,815 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങും എന്ന സൂചനയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.

യൂറോപ്യൻ സൂചികകൾ വ്യാഴാഴ്ച സമ്മിശ്രമായാണ് അവസാനിച്ചത്. സ്റ്റാേക്സ്‌ 600 ഉം സിഎസിയും താഴ്ന്നു. ഡാക്സ് നാമമാത്രമായി കയറി. ക്രൂഡ് വിലയിടിവിനെ തുടർന്ന് ഓയിൽ -ഗ്യാസ് ഓഹരികൾ താഴ്ചയിലായി.

ബ്രിട്ടീഷ് ചോക്കലേറ്റ് ചെയിൻ ഹോട്ടൽ ചോക്കലേറ്റിനെ ഏറ്റെടുക്കാൻ യുഎസ് ഫുഡ് ഭീമൻ മാർസ് ശ്രമം തുടങ്ങി. ഇതോടെ ഹോട്ടൽ ചോക്കലേറ്റ് ഓഹരി 160 ശതമാനം കുതിച്ചു.

വരുമാന വർധന പ്രതീക്ഷിച്ചതിലും കുറവാകുമെന്ന മുന്നറിയിപ്പ് നൽകിയ ബ്രിട്ടീഷ് ലക്ഷുറി ഫാഷൻ ബ്രാൻഡ് ബർബറി ഒൻപതും ജർമനിയിലെ ഭക്ഷ്യ കിറ്റ് വിതരണ കമ്പനി ഹലാേഫ്രഷ് 22 ഉം ശതമാനം ഇടിഞ്ഞു. റെക്കോർഡ് ലാഭം കാണിച്ച സീമൻസ് ഓഹരി അഞ്ചു ശതമാനം കയറി.

യു.എസ് വിപണി സൂചികകൾ വ്യാഴാഴ്ച ചെറിയ നഷ്ടവും ചെറിയ നേട്ടവുമായി അവസാനിച്ചു. മൂന്നു സൂചികകളും പ്രതിവാര നേട്ടത്തിലാണ്.

വരുമാനം കുറയുമെന്ന മുന്നറിയിപ്പ് നൽകിയ സിസ്കോ സിസ്റ്റംസ് 10 ശതമാനവും വോൾമാർട്ട് എട്ടു ശതമാനവും താണു. ക്രൂഡ് വില താഴ്ന്നത് ഓയിൽ കമ്പനികളെ താഴ്ത്തി. പലിശ കുറയുമെന്ന പ്രതീക്ഷ റിയൽ എസ്റ്റേറ്റ് കമ്പനികളെ ഉയർത്തി.

ഡൗ ജോൺസ് 45.74 പോയിന്റ് (0.13%) താഴ്ന്ന് 34,945.47 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 5.36 പോയിന്റ് (0.12%) കയറി 4508. 24 ൽ അവസാനിച്ചു. നാസ്ഡാക് 9.84 പോയിന്റ് (0.07%) ഉയർന്ന് 14,113.67 ൽ ക്ലോസ് ചെയ്തു.

യുഎസ് കടപ്പത്ര വിലകൾ വ്യാഴാഴ്ച കയറി. അവയിലെ നിക്ഷേപനേട്ടം 4.437 ശതമാനമായി കുറഞ്ഞു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ചെറിയ കയറ്റത്തിലാണ്. ഡൗ സൂചിക 0.07-ഉം എസ് ആൻഡ് പി 0.06 ഉം ശതമാനം കയറി. നാസ്ഡാക് 0.09 ശതമാനം താഴ്ന്നു നിൽക്കുന്നു.

ഏഷ്യൻ വിപണികൾ ഇന്നും നഷ്ടത്തിൽ തുടങ്ങി. ഓസ്ട്രേലിയൻ വിപണി 0.3 ശതമാനം വരെ താണിട്ട് നഷ്ടം കുറച്ചു. ജപ്പാനിൽ നിക്കെെ സൂചിക ആദ്യം താഴ്ന്നിട്ട് തിരിച്ചു കയറി 0.6 ശതമാനം ഉയർന്നു. കൊറിയൻ വിപണി 0.6 ശതമാനം താഴെയാണ്. ചൈനീസ് വിപണി കാൽ ശതമാനം താഴ്ന്നു വ്യാപാരം തുടങ്ങി.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി ഇന്നലെ ചാഞ്ചാട്ടത്തിലായിരുന്നു. രാവിലെ അൽപം താഴ്ന്ന് ഓപ്പൺ ചെയ്ത മുഖ്യ സൂചികകൾ പിന്നീടു കൂടുതൽ താഴ്ന്നു. സെൻസെക്സ് 65,507 വരെയും നിഫ്റ്റി 19,627 വരെയും താണു. പിന്നീടു സൂചികകൾ കയറി. നിഫ്റ്റി 19,875 വരെയും സെൻസെക്സ് 66,358 വരെയും കയറി. വ്യാപാരം തീരുന്നതിന് അര മണിക്കൂർ മുൻപാണ് സൂചികകൾ കുത്തനെ ഇടിഞ്ഞത്. ഒരു ശതമാനത്തിനടുത്തു വരെ കയറിയ സൂചികകൾ അര ശതമാനത്തിൽ താഴെ നേട്ടവുമായി അവസാനിച്ചു.

വ്യാഴാഴ്ച സെൻസെക്സ് 306.55 പോയിന്റ് (0.47%) കയറി 65,982.48 ലും നിഫ്റ്റി 89.75 പോയിന്റ് (0.46%) ഉയർന്ന് 19,765.2 ലും എത്തി. ബാങ്ക് നിഫ്റ്റി 40.15 പോയിന്റ് (0.09%) താഴ്ന്ന് 44,161.55 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.78 ശതമാനം കയറി 41,726.3 ലും സ്മോൾ ക്യാപ് സൂചിക 0.58 ശതമാനം ഉയർന്ന് 13,869.05 ലും അവസാനിച്ചു.

നിഫ്റ്റിക്കു 19,850 ൽ ശക്തമായ പ്രതിരോധം ഉണ്ട്. കഴിഞ്ഞ ദിവസം ആ മേഖലയിൽ വലിയ വിൽപന സമ്മർദം ഉണ്ടായി. അവിടം കടന്നാൽ 20,000 നു മുകളിലേക്കു യാത്ര സുഗമമാകും. ഇന്നു നിഫ്റ്റിക്ക് 19,660 ലും 19,510 ലും പിന്തുണ ഉണ്ട്. 19,850 ഉം 20,000 വും തടസങ്ങളാകും.

വ്യാഴാഴ്ചയും വിദേശികൾ വാങ്ങലുകാരായി. ക്യാഷ് വിപണിയിൽ അവർ 957.25 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 705.65 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഇനിയുള്ള ആഴ്ചകളിൽ കൂടുതൽ വിദേശികൾ ഇന്ത്യൻ ഓഹരികളിലേക്കു മടങ്ങിവരുമെന്നാണു പ്രതീക്ഷ.

ലെഡ് ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ വ്യാഴാഴ്ച ഇടിഞ്ഞു. പലിശ നിരക്ക് ഉയർന്ന നിരക്കിൽ തുടരും എന്ന അറിവാണു വിപണിയെ ദുർബലമാക്കിയത്. അലൂമിനിയം 0.80 ശതമാനം താഴ്ന്നു ടണ്ണിന് 2211.65 ഡോളറിലായി. ചെമ്പ് 0.61 ശതമാനം താണു ടണ്ണിന് 8121.85 ഡോളറിലെത്തി. ലെഡ് 1.89 ശതമാനം കയറി. നിക്കൽ 1.17 ഉം സിങ്ക് 2.77 ഉം ടിൻ 0.25 ഉം ശതമാനം താഴ്ചയിലായി.

ക്രൂഡ് ഓയിലും സ്വർണവും 

ക്രൂഡ് ഓയിൽ വില അഞ്ചു ശതമാനത്തോളം ഇടിഞ്ഞു. ചൈനയടക്കമുള്ള രാജ്യങ്ങളിൽ ഡിമാൻഡ് ഉയരുന്നില്ല എന്നാണു വിപണി കരുതുന്നത്. പല രാജ്യങ്ങളുടെയും ശീതകാല എണ്ണവാങ്ങൽ കുറഞ്ഞ തോതിലാണ്.

വ്യാഴാഴ്ച ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ 77.42 ഡോളറിലേക്കും ഡബ്ള്യുടിഐ ഇനം 73.1 ഡോളറിലേക്കും താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഇവ യഥാക്രമം 77.3 ഉം 72.94 ഉം ആയി. യുഎഇയുടെ മർബൻ ക്രൂഡ് 78.74 ഡോളറിൽ വ്യാപാരം നടക്കുന്നു.

സ്വർണം ഇന്നലെ വീണ്ടും കയറ്റത്തിലായി. പലിശ കുറയ്ക്കൽ തുടങ്ങാൻ വെെകും എന്ന വിലയിരുത്തലിൽ സ്വർണവും ഡോളറും കയറുകയാണ്. ഔൺസിന് 1988.5 ഡോളർ വരെ എത്തിയ ശേഷം വ്യാഴാഴ്ച 1981.80 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും കയറി 1986.30 വരെ എത്തി.

കേരളത്തിൽ പവൻവില വ്യാഴാഴ്ച മാറ്റമില്ലാതെ 44,760 രൂപയിൽ തുടർന്നു. ഇന്നു വില കയറും.

ഡോളർ വ്യാഴാഴ്ചയും ചാഞ്ചാടി. ഒടുവിൽ ഒൻപതു പൈസ കയറി 83.23 രൂപയിൽ ക്ലോസ് ചെയ്തു.

ഡോളർ സൂചിക വ്യാഴാഴ്ച കയറിയിറങ്ങി തലേന്നത്തെ നിലയ്ക്കു സമീപം അവസാനിച്ചു. സൂചിക 104.37 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.42 ലേക്കു കയറി.

ക്രിപ്‌റ്റോ കറൻസികൾ ഇന്നലെ അൽപം താണു. ബിറ്റ്കോയിൻ 36,400 ഡോളറിലേക്ക് താഴ്ന്നു. 

കൺസ്യൂമർ വായ്പയ്ക്കു റിസ്ക് വെയിറ്റ് കൂട്ടി; കൂടുതൽ തുക വകയിരുത്തണം 

ബാങ്കുകളുടെയും എൻ.ബി.എഫ്.സിളുടെയും കൺസ്യൂമർ വായ്പകൾക്കു റിസ്ക് വെയിറ്റ് ഉയർത്തിയും അവയ്ക്കു നീക്കിവയ്ക്കേണ്ട കരുതൽ തുകയുടെ അനുപാതം വർധിപ്പിച്ചും റിസർവ് ബാങ്ക് ഇന്നലെ ഉത്തരവിറക്കി. ഇത്തരം വായ്പകൾക്കു 125 ശതമാനം തുക നീക്കിവയ്ക്കണം എന്നാണ് പുതിയ നിർദേശം. നേരത്തേ 100 ശതമാനമായിരുന്നു. ഉത്തരവ് ഇന്നു പ്രാബല്യത്തിലായി.

പാർപ്പിട, വാഹന, വിദ്യാഭ്യാസ, സ്വർണപ്പണയ വായ്പകൾക്ക് ഇതു ബാധകമല്ല. ക്രെഡിറ്റ് കാർഡ് വായ്പകൾക്കും ഈടില്ലാത്ത പേഴ്സണൽ ലോണുകൾക്കും ആണ് അധിക വകയിരുത്തൽ വേണ്ടത്. റിസ്ക് വെയിറ്റ് 100-ൽ നിന്നു 125 ശതമാനം ആക്കിയപ്പോൾ വകയിരുത്തേണ്ട മൂലധനം 100 രൂപയുടെ വായ്പയ്ക്ക് ഒൻപതു രൂപ എന്നത് 11.25 രൂപയായി. ക്രെഡിറ്റ് കാർഡ് വായ്പകൾക്കു നേരത്തേ 125 ശതമാനം മൂലധന വകയിരുത്തൽ വേണ്ടിയിരുന്നത് ഇനി 150 ശതമാനമാകും.

ബാങ്കുകളും എൻ.ബി.എഫ്.സികളും ഈ വായ്പകൾക്കു പലിശ കൂട്ടാൻ സാധ്യതയുണ്ട്. കൂടുതൽ മൂലധനം വകയിരുത്തേണ്ടി വരുന്നതു ബാങ്കുകളുടെ ലാഭ മാർജിൻ കുറയ്ക്കും.

ഈടില്ലാത്ത വായ്പകൾ വർധിച്ചു വരുന്നത് അപകടകരമാണെന്നു റിസർവ് ബാങ്ക് വിലയിരുത്തുന്നു. ഇതേപ്പറ്റി ബാങ്കും ഗവർണർ ദാസും നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ബാങ്കുകളുടെ വായ്പ 20 ശതമാനത്തിൽ താഴെ വർധിച്ചപ്പോൾ കൺസ്യൂമർ വായ്പ അടക്കം റീട്ടെയിൽ വായ്പകൾ 30 ശതമാനം കൂടി. ക്രെഡിറ്റ് കാർഡുകളിലെ ബാക്കി നിൽപ് 30 ശതമാനത്തിലധികം വർധിച്ചു. കമ്പനികൾ വായ്പ എടുക്കൽ കുറച്ചപ്പോൾ ബാങ്കുകൾ കൂടുതൽ റീട്ടെയിൽ വായ്പകൾ നൽകാൻ മത്സരിച്ചു. സെപ്റ്റംബർ അവസാനം പേഴ്സണൽ ലോണുകൾ 12.4 ലക്ഷം കോടി രൂപ ഉണ്ടായിരുന്നു. ക്രെഡിറ്റ് കാർഡുകളിലെ ബാക്കിനിൽപ് 2.17 ലക്ഷം കോടി രൂപയാണ്.

ബാങ്കുകൾ എൻ.ബി.എഫ്.സികൾക്കു നൽകുന്ന വായ്പകളാണ് കുഴപ്പത്തിലേക്കു നയിക്കുന്നത് എന്നു റിസർവ് ബാങ്ക് വിലയിരുത്തുന്നു. എൻ.ബി.എഫ്.സികൾ നൽകുന്ന വായ്പകൾക്കു മതിയായ ഈട് ഉണ്ടാകാറില്ലെന്നാണു നിഗമനം. 

വിപണി സൂചനകൾ

(2023 നവംബർ 16, വ്യാഴം)


സെൻസെക്സ്30 65,982.48 +0.47%

നിഫ്റ്റി50 19,765.20 +0.46%

ബാങ്ക് നിഫ്റ്റി 44,161.55 -0.09%

മിഡ് ക്യാപ് 100 41,726.30 +0.78%

സ്മോൾ ക്യാപ് 100 13,869.05 +0.58%

ഡൗ ജോൺസ് 30 34,945.47-0.13%

എസ് ആൻഡ് പി 500 4508.24 +0.12%

നാസ്ഡാക് 14,113.67 +0.07%

ഡോളർ ($) ₹83.23 +₹0.09

ഡോളർ സൂചിക 104.37 -0.01

സ്വർണം (ഔൺസ്) $1981.80 +$21.60

സ്വർണം (പവൻ) ₹44,760 ₹00.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $81.18 -$1.21

Tags:    

Similar News