റെക്കോര്‍ഡ് കടന്നപ്പോള്‍ വില്‍പന സമ്മര്‍ദം; പൊതുമേഖലാ ഓഹരികള്‍ കുതിപ്പ് തുടരുന്നു; ക്രൂഡ് ഓയില്‍ 83 ഡോളറിനു മുകളില്‍
ക്രിപ്‌റ്റോ കറന്‍സികള്‍ ഉയര്‍ന്നു നില്‍ക്കുന്നു.
നിഫ്റ്റി റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയ ശേഷം അടുത്ത കുതിപ്പിനു തക്ക ഉത്തേജനം പ്രതീക്ഷിച്ചാണ് ഇന്നു വ്യാപാരം തുടങ്ങുക. ഉയരങ്ങളില്‍ ലാഭമെടുക്കാനുളള വില്‍പനയുടെ സമ്മര്‍ദം വിപണിയില്‍ തുടരുകയാണ്. പൊതുമേഖലാ ഓഹരികളുടെ അമിതമായ കുതിപ്പില്‍ പലരും അപകടം ദര്‍ശിക്കുന്നുണ്ട്. അതു കൊണ്ടുതന്നെ അനിശ്ചിതത്വമാണു വിപണിയില്‍ കാണാവുന്നത്. ക്രൂഡ് ഓയില്‍ വില 83 ഡോളറിനു മുകളിലായതും അമേരിക്കയില്‍ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.3 ശതമാനത്തില്‍ എത്തിയതും വിപണികളെ ഉലയ്ക്കാം.
തിങ്കളാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 22,180ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,148ലാണ്. ഇന്ത്യന്‍ വിപണി ഇന്ന് അല്‍പം താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച ചെറിയ നേട്ടത്തിലാണ് അവസാനിച്ചത്. ജര്‍മന്‍ സൂചിക അല്‍പം താഴ്ന്നു. യു.എസ് വിപണിക്ക് ഇന്നലെ അവധി ആയിരുന്നു. യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.17ഉം എസ് ആന്‍ഡ് പി 0.15ഉം നാസ്ഡാക് 0.07ഉം ശതമാനം താഴ്ന്നു നില്‍ക്കുന്നു.
യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.309 ശതമാനമായി. ഏഷ്യന്‍ വിപണികള്‍ ഇന്ന് തുടക്കത്തില്‍ കയറി. ജപ്പാനിലെ നിക്കൈ 0.75 ശതമാനം കയറി. ചൈനീസ് വിപണി തുടക്കത്തില്‍ താഴ്ന്നു.
ഇന്ത്യന്‍ വിപണി
തിങ്കളാഴ്ച ഇന്ത്യന്‍ വിപണി നേട്ടത്തില്‍ തുടങ്ങി. രാവിലെ ഒന്നു ചാഞ്ചാടിയെങ്കിലും പിന്നീടു നേട്ടത്തില്‍ അവസാനിച്ചു. നിഫ്റ്റി ഇന്‍ട്രാ ഡേയിലും ക്ലോസിംഗിലും റെക്കോര്‍ഡ് കുറിച്ചു. നിഫ്റ്റി 22,186.65 വരെ ഉയര്‍ന്ന ശേഷമാണ് അല്‍പം താഴ്ന്നു ക്ലോസ് ചെയ്തത്. 22,100 നു മുകളില്‍ ആദ്യമായാണു നിഫ്റ്റി ക്ലോസ് ചെയ്തത്.
സെന്‍സെക്‌സ് 281.52 പോയിന്റ് (0.39%) കയറി 72,708.16ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 81.55 പോയിന്റ് (0.37%) ഉയര്‍ന്ന് 22,122.25ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 150.65 പോയിന്റ് (0.32%) കയറി 46,535.50ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.36 ശതമാനം ഉയര്‍ന്ന് 49,310.95ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.40 ശതമാനം കയറി 16,258.30ല്‍ വ്യാപാരം അവസാനിപ്പിച്ചു.
തിങ്കളാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 754.59 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 452.70 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
വിപണി അനിശ്ചിതത്വമാണു പ്രകടിപ്പിക്കുന്നതെന്നു സാങ്കേതികവിശകലന വിദഗ്ധര്‍ പറയുന്നു. 22,150-22,200 മേഖലയിലെ പ്രതിരോധം മറികടക്കാനുള്ള ആക്കം നിഫ്റ്റി കാണിക്കുന്നില്ല എന്നാണ് അവരുടെ വിലയിരുത്തല്‍. ചെറിയ പിന്‍വാങ്ങലിനുള്ള സാധ്യത അവര്‍ കാണുന്നു. നിഫ്റ്റിക്ക് ഇന്ന് 22,045ലും 21,945ലും പിന്തുണ ഉണ്ട്. 22,135ലും 22,275ലും തടസങ്ങള്‍ ഉണ്ടാകാം.
ക്രൂഡ് ഓയില്‍, സ്വര്‍ണം, ഡോളര്‍, ക്രിപ്‌റ്റോ
തിങ്കളാഴ്ച ക്രൂഡ് ഓയില്‍ വില നേരിയ തോതില്‍ കയറി. ബ്രെന്റ് ഇനം ക്രൂഡ് 83.42 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 83.46 ഡോളറിലേക്കു കയറി. ഡബ്‌ള്യു.ടി.ഐ ഇനം 79.45ഉം യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 82.98ഉം ഡോളറിലായി.
സ്വര്‍ണം തിങ്കളാഴ്ച കയറിയിറങ്ങി. 2016.10 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2018.10 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 200 രൂപ കൂടി 45,960 രൂപയായി.
ഡോളര്‍ സൂചിക തിങ്കളാഴ്ച നാമമാത്രമായി കൂടി 104.26ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.32ലാണ്. ഡോളര്‍ ഇന്നലെയും 83.02 രൂപയില്‍ ക്ലോസ് ചെയ്തു. ക്രിപ്‌റ്റോ കറന്‍സികള്‍ ഉയര്‍ന്നു നില്‍ക്കുന്നു. ഇന്നു രാവിലെ ബിറ്റ്‌കോയിന്‍ 51,750 ഡോളറിലാണ്.
കമ്പനികള്‍, ഓഹരികള്‍
എം.ആര്‍.പി.എല്‍ ഓഹരി ഇന്നലെ 20 ശതമാനത്തോളം ഉയര്‍ന്ന് 287.80 രൂപയില്‍ എത്തി. ഫെബ്രുവരിയില്‍ 60 ശതമാനം നേട്ടമുണ്ടാക്കിയ ഓഹരിയെ അടുത്ത കാലം വരെ ബ്രോക്കറേജുകള്‍ അവഗണിച്ചിരുന്നതാണ്.
റെയില്‍വേ ഓഹരി ആര്‍.വി.എന്‍.എല്‍ ഇന്നലെ 12 ശതമാനം വരെ ഉയര്‍ന്നു. കമ്പനിക്ക് 65,000 കോടി രൂപയുടെ കരാറുകള്‍ ലഭിച്ചിട്ടുണ്ട്. കോള്‍ ഇന്ത്യ ഓഹരി ഇന്നലെ 4.24 ശതമാനം താഴ്ന്നു. ലേലത്തില്‍ കല്‍ക്കരിവില കുറയുന്നതാണു കാരണം.
എഫ്.എ.സി.ടി ഓഹരി 6.6 ശതമാനം കയറി 832 രൂപയിലെത്തി. എഫ്.ടി.എസ്.ഇ സൂചികയില്‍ ഈ ഓഹരിയെ പെടുത്തിയതോടെ ഓഹരിയിലേക്ക് വിദേശ ഫണ്ടുകള്‍ നിക്ഷേപവുമായി വരും എന്നാണു പ്രതീക്ഷ. ഒരു വര്‍ഷം കൊണ്ട് ഓഹരി 245 ശതമാനം ഉയര്‍ന്നിട്ടുണ്ട്.
നൊവാര്‍ട്ടിസ് ഇന്ത്യ ഓഹരി 15.4 ശതമാനം വരെ ഉയര്‍ന്നു. സ്വിസ് മാതൃകമ്പനി തങ്ങളുടെ ഓഹരി വില്‍ക്കും എന്ന റിപ്പോര്‍ട്ടാണു കാരണം. ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ഓഹരി വാങ്ങും എന്നാണു സൂചന. റെഡ്ഡീസ് ഓഹരി ഒന്നര ശതമാനം ഉയര്‍ന്നു.
സൗദി അരാംകോ സഫാനിയ എണ്ണപ്പാട വികസനത്തിനു വിളിച്ച ടെന്‍ഡറില്‍ തുടര്‍നടപടി മരവിപ്പിച്ചു. 1,000 കോടി ഡോളറിന്റെ ഈ പദ്ധതിയുടെ കരാര്‍ കിട്ടാന്‍ എല്‍ ആന്‍ഡ് ടി ശ്രമിച്ചിരുന്നു. ക്രൂഡ് ഓയില്‍ ഉല്‍പാദനം കൂട്ടണ്ട എന്ന സൗദി സര്‍ക്കാര്‍ നയമാണു വിനയായത്. എല്‍ ആന്‍ഡ് ടി ഓഹരി ഒന്നര ശതമാനം താണു.
ധനലക്ഷ്മി ബാങ്ക് ഓഹരി തുടര്‍ച്ചയായ നാലാം ദിവസവും അഞ്ചു ശതമാനം കയറി. ഫെഡറല്‍ ബാങ്ക് ഓഹരി രാവിലെ 166.35 രൂപ എന്ന റെക്കോര്‍ഡില്‍ എത്തിയ ശേഷം താഴ്ന്നു ക്ലോസ് ചെയ്തു. ബാങ്കിന്റെ സി.ഇ.ഒ സ്ഥാനത്തേക്കു നിര്‍ദേശിക്കപ്പെട്ട മൂന്നു പേരില്‍ ഒരാളായ കെ.വി.എസ് മണിയന് കൊട്ടക് മഹീന്ദ്ര ബാങ്കില്‍ ഉയര്‍ന്ന പദവി നല്‍കിയതും വില താഴാന്‍ കാരണമാകാം.
വേള്‍പൂള്‍ ഇന്ത്യയിലെ മാതൃകമ്പനിയുടെ 75 ശതമാനം ഓഹരിയില്‍ 24 ശതമാനം വില്‍ക്കാന്‍ ധാരണയായി. ഓഹരി ഒന്നിന് 1,230 രൂപ വച്ചാണു വില്‍പന.
വിപണിസൂചനകള്‍
(2024 ഫെബ്രുവരി 19, തിങ്കള്‍)
സെന്‍സെക്‌സ്30 72,708.16 +0.39%
നിഫ്റ്റി50 22,122.25 +0.37%
ബാങ്ക് നിഫ്റ്റി 46,535.50 +0.32%
മിഡ് ക്യാപ് 100 49,310.95 +0.36%
സ്‌മോള്‍ ക്യാപ് 100 16,258.30 +0.40%
ഡൗ ജോണ്‍സ് 30 38,628.00 0.00%
എസ് ആന്‍ഡ് പി 500 5005.57 0.00%
നാസ്ഡാക് 15,775.70 0.00%
ഡോളര്‍ ($) 83.02 0.00
ഡോളര്‍ സൂചിക 104.26 +0.02
സ്വര്‍ണം (ഔണ്‍സ്) $ 2016.10 +$01.80
സ്വര്‍ണം (പവന്‍) 45,960 + 200.00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $83.42 +$0.25