ആവേശം കുറഞ്ഞ തുടക്കത്തിന് വിപണി; വിദേശികളുടെ വില്‍പന തുടരുന്നു; ചൈനീസ് ഉത്തേജകം ക്രൂഡ് വിലയെ ഉയര്‍ത്തി
ഇന്നു യു.എസ് ജി.ഡി.പി വളര്‍ച്ചയുടെ നാലാം പാദ കണക്ക് വരും
ഈ ആഴ്ചയിലെ അവസാനത്തെ വ്യാപാരദിനത്തിലേക്ക് ഇന്ത്യന്‍ വിപണി പ്രവേശിക്കുകയാണ്. ഒട്ടും ആവേശം ഇല്ലാത്ത ഒരു തുടക്കമാണ് ഇന്നു പ്രതീക്ഷിക്കുന്നത്. യു.എസ് വിപണി ഇന്നലെയും അനിശ്ചിതത്വം പ്രകടമാക്കി. ഇലക്ട്രിക് വാഹനനിര്‍മാതാക്കളായ ടെസ്ല 2024-ലും വില്‍പന കുറയുമെന്നു മുന്നറിയിപ്പ് നല്‍കിയതു വിപണിക്കു ചിന്താക്കുഴപ്പം വര്‍ധിപ്പിക്കും.
കമ്പനികള്‍ മികച്ച മൂന്നാം പാദ റിസള്‍ട്ട് പുറത്തുവിടുമ്പോഴും ഇന്ത്യന്‍ വിപണി ഉത്സാഹത്തിലായിട്ടില്ല. ജനുവരിയിലെ ഫ്ലാഷ് പി.എം.ഐ രാജ്യത്തു മികച്ച വ്യാവസായിക വളര്‍ച്ച സൂചിപ്പിച്ചു. എന്നാല്‍ ബാങ്കുകള്‍ക്കു പണലഭ്യത പ്രശ്‌നമായി തുടരുന്നു.
വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ വാങ്ങുന്ന ഓഹരികള്‍ ആര്‍ക്കു വേണ്ടിയാണെന്നു വെളിപ്പെടുത്തണം എന്ന വ്യവസ്ഥ നടപ്പാക്കുന്നതിന്റെ ആശങ്കയിലുളള വില്‍പന തുടരുകയാണ്. എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരിയുടെ വലിയ ഇടിവിനു കാരണം ഈ വില്‍പനയാണെന്നു പറയപ്പെടുന്നു. വിദേശികളുടെ വില്‍പന തുടരുമെന്നാണു നിഗമനം. അതു വിപണിയെ ദോഷകരമായി ബാധിക്കും.
ബുധനാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 21,481.5-ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 21,430 ലേക്കു താണിട്ട് 21,455 ലേക്കു കയറി. ഇന്ത്യന്‍ വിപണി ഇന്നു ദുര്‍ബല നിലയില്‍ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
യൂറോപ്യന്‍ വിപണികള്‍ ബുധനാഴ്ച നല്ല നേട്ടത്തില്‍ അവസാനിച്ചു. ഫാക്ടറി പ്രവര്‍ത്തനവും സേവനവും സംബന്ധിച്ച പി.എം.ഐ സൂചിക വളര്‍ച്ചയെ കാണിച്ചതു വിപണികളെ സഹായിച്ചു. നേരത്തേ കരുതിയതിലും മികച്ച ഒന്നാം പാദ റിസള്‍ട്ട് സീമെന്‍സ് എനര്‍ജിയെ 9.2 ശതമാനം ഉയര്‍ത്തി. നിര്‍മിതബുദ്ധി വ്യാപിപ്പിക്കുകയും 8000 ജീവനക്കാരെ പുനര്‍വിന്യസിക്കുകയും ചെയ്യുമെന്ന പ്രഖ്യാപനം സാപ് ഓഹരിയെ ഏഴു ശതമാനം കയറ്റി. ടെക് ഓഹരികളും ഇന്നലെ ഉയര്‍ച്ചയിലായിരുന്നു. യൂറോപ്യന്‍ കേന്ദ്രബാങ്കിന്റെ പണനയ അവലോകന തീരുമാനം ഇന്നറിയാം.
യു.എസ് വിപണി ഇന്നലെയും ഭിന്ന ദിശകളിലായി. ഡൗ ജോണ്‍സ് താഴ്ന്നു. മറ്റു രണ്ടു സൂചികകള്‍ അല്‍പം ഉയര്‍ന്നു. നെറ്റ് ഫ്‌ലിക്‌സ് പ്രതീക്ഷയിലധികം വരിക്കാരെ നേടിയത് ടെക് ഓഹരികളെ സഹായിച്ചു.
ഡൗ ജോണ്‍സ് ഇന്നലെ 99.06 പോയിന്റ് (0.26%) താഴ്ന്ന് 37,806. 39ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 3.95 പോയിന്റ് (0.08%) ഉയര്‍ന്ന് 4868.55 ല്‍ അവസാനിച്ചു. നാസ്ഡാക് 55.97 പോയിന്റ് (0.36%) ഉയര്‍ന്ന് 15,481.92ല്‍ ക്ലോസ് ചെയ്തു. യു.എസ് ഫ്യൂച്ചേഴ്‌സില്‍ ഡൗ ചെറിയ (0.09%) നേട്ടത്തിലാണ്. എസ് ആന്‍ഡ് പി 0.09 ഉം നാസ്ഡാക് 0.16ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.
നാലാം പാദത്തില്‍ വില്‍പനയും ലാഭവും ഗണ്യമായി കുറഞ്ഞ റിസല്‍ട്ട് പുറത്തുവിട്ട ടെസ്ലയുടെ ഓഹരി ഫ്യൂച്ചേഴ്‌സില്‍ ആറു ശതമാനം ഇടിഞ്ഞു. പ്രതീക്ഷയിലും മികച്ച നാലാം പാദ റിസല്‍ട്ടില്‍ ഐബിഎം ഓഹരി എട്ടു ശതമാനം ഉയര്‍ന്നു.
ഇന്നു നാലാം പാദത്തിലെ യു.എസ് ജി.ഡി.പി വളര്‍ച്ചയുടെ ആദ്യ കണക്ക് വരും. രണ്ടു ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷ. മൂന്നാം പാദത്തില്‍ 4.9 ശതമാനം വളര്‍ന്നതാണ്.
ഏഷ്യന്‍ വിപണികള്‍ ഇന്നു താഴ്ചയിലാണ് വ്യാപാരം തുടങ്ങിയത്. ദക്ഷിണ കൊറിയയുടെ നാലാംപാദ ജിഡിപി വളര്‍ച്ച പ്രതീക്ഷയെ മറികടന്നെങ്കിലും ഓഹരി വിപണി താഴോട്ടു നീങ്ങി.
ചൈന ബാങ്കുകളുടെ കരുതല്‍ പണ അനുപാതം (ആര്‍.ആര്‍.ആര്‍) അര ശതമാനം കുറയ്ക്കുമെന്നു പ്രഖ്യാപിച്ചു. വായ്പാലഭ്യത ഒരു ലക്ഷം കോടി യുവാന്‍ (11.81 ലക്ഷം കോടി രൂപ) കണ്ടു വര്‍ധിപ്പിക്കുന്നതാണ് ഈ നടപടി. ഇതു വിപണികളില്‍ ചെറിയ ആവേശം പകര്‍ന്നു. ഹോങ് കോങ്ങില്‍ ഓഹരി സൂചിക ഇന്നലെ മൂന്നു ശതമാനത്തിലധികം കയറി. ഇന്നും ചൈനീസ് വിപണി കയറ്റത്തിലാണ്.
ഇന്ത്യൻ വിപണി
ഇന്നലെ താഴ്ന്നു വ്യാപാരം തുടങ്ങിയിട്ട് ഇന്ത്യന്‍ വിപണി നല്ല നേട്ടത്തില്‍ അവസാനിച്ചു. തുടക്കത്തില്‍ അര ശതമാനത്തോളം താഴ്ന്നിട്ടാണ് വിപണി തിരിച്ചു കയറിയത്. സെന്‍സെക്‌സ് താഴ്ചയില്‍ നിന്ന് 1150 പോയിന്റും നിഫ്റ്റി 345 പോയിന്റും കയറി.
സെന്‍സെക്‌സ് 689.76 പോയിന്റ് (0.98%) ഉയര്‍ന്ന് 71,060.31 ലും നിഫ്റ്റി 215.15 പോയിന്റ് (1.01%) കയറി 21,453.95 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം 67.35 പോയിന്റ് (0.15%) ഉയര്‍ന്ന് 45,082.40 ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 1.83 ശതമാനം കയറി 47,423.40 ലും സ്‌മോള്‍ ക്യാപ് സൂചിക 1.72 ശതമാനം ഉയര്‍ന്ന് 15,33/.05 ലും വ്യാപാരം അവസാനിപ്പിച്ചു.
വിദേശനിക്ഷേപകര്‍ ഇന്നലെയും വലിയ വില്‍പനക്കാരായി. ക്യാഷ് വിപണിയില്‍ അവര്‍ 6934.93 കോടിയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 6012.67 കോടിയുടെ ഓഹരികള്‍ വാങ്ങി.
നിഫ്റ്റിക്ക് ഇന്ന് 21,225 ലും 21,010ലും പിന്തുണ ഉണ്ട്. 21,490ലും 21,700ലും തടസങ്ങള്‍ ഉണ്ടാകും.
ഫലങ്ങൾ
ടെക് മഹീന്ദ്രയുടെ ലാഭം തലേ വര്‍ഷം മൂന്നാം പാദത്തെ അപേക്ഷിച്ച് 61 ശതമാനം ഇടിഞ്ഞു. എന്നാല്‍ തലേ പാദത്തെ അപേക്ഷിച്ച് 3.3 ശതമാനം കൂടി. വരുമാന വര്‍ധന രൂപയില്‍ 1.8 ഉം ഡോളറില്‍ 1.1ഉം ശതമാനമാണ്.
ബജാജ് ഓട്ടോ വിറ്റുവരവിലും ലാഭത്തിലും വലിയ കുതിപ്പോടെ മൂന്നാം പാദം പിന്നിട്ടു. ലാഭമാര്‍ജിന്‍ 20.1 ശതമാനമായി. അറ്റാദായം 38 ശതമാനം കൂടി. ടിവിഎസ് മോട്ടോര്‍ വില്‍പന 25 ശതമാനം വര്‍ധിച്ചപ്പോള്‍ അറ്റാദായം 68 ശതമാനം കയറി.
വലിയ നഷ്ടത്തില്‍ നിന്നു ടാറ്റാ സ്റ്റീല്‍ മൂന്നാം പാദത്തില്‍ ലാഭത്തിലേക്കു നീങ്ങി. എന്നാല്‍ വരുമാനം കുറഞ്ഞു. ലാഭമാര്‍ജിന്‍ 421 ബേസിസ് പോയിന്റ് കയറി 11.3 ശതമാനമായി.
പ്രതീക്ഷകള്‍ മറികടന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ.ഒ.സി) മൂന്നാം പാദത്തില്‍ ലാഭം പലമടങ്ങ് വര്‍ധിപ്പിച്ച് 9030 കോടി രൂപയാക്കി.
ക്രൂഡ് ഓയിലും സ്വർണവും
ഡോളര്‍ സൂചിക താഴ്ന്നതിനെ തുടര്‍ന്നു ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. ചൈന ബാങ്കുകളുടെ പണലഭ്യത കൂട്ടിയതും സഹായിച്ചു. ബ്രെന്റ് ഇനം ക്രൂഡ് ബാരലിന് 80.23 ഡോളര്‍ ആയി. ഡബ്‌ള്യു.ടി.ഐ ഇനം 75.35 ല്‍ എത്തി. യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 80.27 ഡോളറിലേക്കു കയറി.
സ്വര്‍ണം ഇന്നലെ താഴ്ന്നു. ഔണ്‍സിന് 2029.90 ഡോളറില്‍ നിന്ന് 2015.60 ലേക്കു താണ് ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2017.20 ലേക്കു വില കയറി.
കേരളത്തില്‍ പവന്‍വില ഇന്നലെയും 46,240 രൂപയില്‍ തുടര്‍ന്നു.
ഡോളര്‍ സൂചിക ഇന്നലെ താഴ്ന്ന് 103.24 ല്‍ ക്ലോസ് ചെയ്‌തെങ്കിലും ഇന്നു രാവിലെ 103.37 ലായി.
ക്രിപ്‌റ്റോ കറന്‍സികള്‍ താഴ്ന്നു. നില്‍ക്കുന്നു. ബിറ്റ് കാേയിന്‍ ഇന്നു രാവിലെ 40,000 ഡോളര്‍ തിരിച്ചു പിടിച്ചു.
വിപണിസൂചനകൾ (2024 ജനുവരി 24, ബുധൻ)
സെൻസെക്സ്30 71,060.31 +0.98%
നിഫ്റ്റി50 21,453.95 +1.01%
ബാങ്ക് നിഫ്റ്റി 45,082.40 +0.15%
മിഡ് ക്യാപ് 100 47,423.40 +1.83%
സ്മോൾ ക്യാപ് 100 15,332.05 +1.72%
ഡൗ ജോൺസ് 30 37,806.40 -0.26%
എസ് ആൻഡ് പി 500 4868.55 +0.08%
നാസ്ഡാക് 15,481.90 +0.36%
ഡോളർ ($) ₹83.12 -₹0.03
ഡോളർ സൂചിക 103.24 -0.38
സ്വർണം (ഔൺസ്) $2015.60 -$14.30
സ്വർണം (പവൻ) ₹46,240 +₹00.00
ക്രൂഡ് (ബ്രെന്റ്) ഓയിൽ $80.23 +$0.45