സാമ്പത്തിക കണക്കുകള്‍ വിപണിയെ നയിക്കും; ലാഭമെടുക്കലുകാര്‍ വില്‍പന തുടരുന്നു; ക്രൂഡ് ഓയില്‍ താഴ്ചയില്‍
ക്രിപ്‌റ്റോ കറന്‍സികള്‍ താഴ്ന്ന നിലയില്‍ തുടരുന്നു
ഇന്ത്യയിലും അമേരിക്കയിലും പ്രധാന സാമ്പത്തിക കണക്കുകള്‍ പുറത്തു വരുന്ന ആഴ്ചയാണ് ഇന്നു തുടങ്ങുന്നത്. വളര്‍ച്ച സംബന്ധിച്ച അനിശ്ചിതത്വങ്ങളും വിലക്കയറ്റ പ്രവണതകളും ഈ ദിവസങ്ങളില്‍ വിപണിയെ സ്വാധീനിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയില്‍ കണ്ട ഉയര്‍ച്ചയിലെ വില്‍പനയുടെ സമ്മര്‍ദം ഈ ദിവസങ്ങളിലും തുടരും. ക്രൂഡ് ഓയില്‍ വില താഴുന്നതു വിപണിക്ക് സഹായകമാണ്.
ഇന്ത്യയുടെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ ജി.ഡി.പി വളര്‍ച്ചയുടെ കണക്ക് വ്യാഴാഴ്ച പുറത്തുവരും. രണ്ടാം പാദത്തില്‍ 7.6 ശതമാനം വളര്‍ന്ന ജി.ഡി.പി ഇത്തവണ ഏഴു ശതമാനത്തില്‍ താഴെയേ വളരൂ എന്നാണ് റേറ്റിംഗ് ഏജന്‍സികളുടെ വിലയിരുത്തല്‍. ഫെബ്രുവരിയിലെ ഫാക്ടറി പ്രവര്‍ത്തനത്തിന്റെ സൂചിക, വാഹന വില്‍പന കണക്ക്, കമ്മിയുടെ കണക്ക് എന്നിവയും ഈയാഴ്ച അവസാനത്തോടെ അറിവാകും.
യു.എസിന്റെ നാലാം പാദ വളര്‍ച്ചയുടെ പുതിയ എസ്റ്റിമേറ്റ് ബുധനാഴ്ച പുറത്തു വിടും. അന്നു തന്നെ ജനുവരിയിലെ പേഴ്‌സണല്‍ കണ്‍സംഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ (പി.സി.ഇ) എന്ന ചില്ലറ വില സൂചിക പുറത്തുവരും. യു.എസ് ഫെഡ് നയരൂപീകരണത്തിന് ആധാരമാക്കുന്നത് ഈ സൂചികയാണ്. സൂചികയില്‍ കയറ്റം ഉണ്ടാകുമെന്നാണു നിഗമനം.
വെള്ളിയാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 22,290ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,222ലാണ്. ഇന്ത്യന്‍ വിപണി ചെറിയ താഴ്ചയില്‍ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ച നല്ല നേട്ടം ഉണ്ടാക്കി. സ്റ്റാന്‍ഡാര്‍ഡ് ചാര്‍ട്ടേഡ് നികുതിക്കുമുന്‍പുളള ലാഭം 18 ശതമാനം വര്‍ധിപ്പിച്ചതോടെ ഓഹരി 10 ശതമാനം ഉയര്‍ന്നു.
യു.എസ് വിപണി വെള്ളിയാഴ്ച ചെറിയ കയറ്റിറക്കങ്ങളി അവസാനിച്ചു. തലേന്നത്തെ വലിയ കുതിപ്പിനു ശേഷം നിക്ഷേപകര്‍ ലാഭമെടുക്കലിലേക്കു തിരിഞ്ഞു. എസ് ആന്‍ഡ് പിയും നാസ്ഡാക്കും പുതിയ ഉയരങ്ങളില്‍ എത്തിയിട്ട് താഴ്ന്നു.
ഡൗ ജോണ്‍സ് സൂചിക 62.42 പോയിന്റ് (0.16%) കയറി 39,131.50ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 1.77 പോയിന്റ് (0.03%) നേട്ടത്തില്‍ 5088.80ല്‍ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 44.80 പോയിന്റ് (0.28%) താഴ്ന്ന് 15,996.80ല്‍ എത്തി.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു നേരിയ താഴ്ചയിലാണ്. ഡൗ 0.04 ശതമാനം താണപ്പോള്‍ എസ് ആന്‍ഡ് പി 0.03 ശതമാനം താഴ്ന്നു. നാസ്ഡാക് 0.07 ശതമാനം താഴ്ചയിലാണ്. യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.26 ശതമാനമായി കുറഞ്ഞു. ഏഷ്യന്‍ വിപണികള്‍ ഇന്ന് മിതമായ കയറ്റത്തിലാണ്.
ഇന്ത്യന്‍ വിപണി
വെള്ളിയാഴ്ച ഇന്ത്യന്‍ വിപണി നേട്ടത്തില്‍ തുടങ്ങിയിട്ടു നാമമാത്ര നഷ്ടത്തില്‍ അവസാനിച്ചു. ലാഭമെടുക്കലിനായുളള വില്‍പന സമ്മര്‍ദമാണു കാരണം.
സെന്‍സെക്‌സ് 15.44 പോയിന്റ് (0.02%) കുറഞ്ഞ് 73,142.80ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 4.75 പോയിന്റ് (0.02%) താഴ്ന്ന് 22,212.70ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 108.05 പോയിന്റ് (0.23%) കുറഞ്ഞ് 46,811.75ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.31 ശതമാനം കയറി 49,275.55ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.38 ശതമാനം ഉയര്‍ന്ന് 16,175.20ല്‍ വ്യാപാരം അവസാനിപ്പിച്ചു.
വെള്ളിയാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 1276.09 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 176.68 കോടി രൂപയുടെ ഓഹരികളും വാങ്ങി. കഴിഞ്ഞയാഴ്ച വിദേശികള്‍ 40.4 കോടി ഡോളര്‍ (3300 കോടി രൂപ) ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചു.
വിപണി ബുള്ളിഷ് മനോഭാവം തുടരുന്നു. ഒപ്പം ലാഭമെടുക്കലുകാര്‍ വില്‍പന തുടരുകയും ചെയ്യും. നിഫ്റ്റി 22,400 കടന്നാല്‍ 22,600-22,700 വരെയുള്ള പാത സുഗമമാകും എന്നാണു വിലയിരുത്തല്‍. നിഫ്റ്റിക്ക് ഇന്ന് 22,190ലും 21,120ലും പിന്തുണ ഉണ്ട്. 22,225ലും 22,350ലും തടസങ്ങള്‍ ഉണ്ടാകാം.
ക്രൂഡ് ഓയില്‍, സ്വര്‍ണം, ഡോളര്‍, ക്രിപ്‌റ്റോ
വെള്ളിയാഴ്ച ക്രൂഡ് ഓയില്‍ വില താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് 81.62 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 81.27 ഡോളറിലേക്കു താണു. ഡബ്‌ള്യു.ടി.ഐ ഇനം 76.16ഉം യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 81.11ഉം ഡോളറിലായി.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം വെള്ളിയാഴ്ച ഉയര്‍ന്നു. ഔണ്‍സിന് 2036.30 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില താഴ്ന്ന് 2031.90 ഡോളറിലായി. കേരളത്തില്‍ ശനിയാഴ്ച സ്വര്‍ണം പവന് 160 രൂപ വര്‍ധിച്ച് 46,160 രൂപയായി.
ഡോളര്‍ സൂചിക വെള്ളിയാഴ്ച അല്‍പം താണ് 103.94ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.02ലാണ്. ഡോളര്‍ വെള്ളിയാഴ്ച കയറി 82.94 രൂപയില്‍ ക്ലോസ് ചെയ്തു. ക്രിപ്‌റ്റോ കറന്‍സികള്‍ താഴ്ന്ന നിലയില്‍ തുടരുന്നു. ഇന്നു രാവിലെ ബിറ്റ്‌കോയിന്‍ 51,565 ഡോളറിലാണ്.
വിപണിസൂചനകള്‍
(2024 ഫെബ്രുവരി 23, വെള്ളി)
സെന്‍സെക്‌സ്30 73,142.80 -0.02%
നിഫ്റ്റി50 22,212.70 -0.02%
ബാങ്ക് നിഫ്റ്റി 46,811.75 -0.23%
മിഡ് ക്യാപ് 100 49,279.55 +0.31%
സ്‌മോള്‍ ക്യാപ് 100 16,175.20 +0.38%
ഡൗ ജോണ്‍സ് 30 39,131.50 + 0.16%
എസ് ആന്‍ഡ് പി 500 5088.80 +0.03%
നാസ്ഡാക് 15,996.80 -0.28%
ഡോളര്‍ ($) 82.94 +0.10
ഡോളര്‍ സൂചിക 103.94 -0.02
സ്വര്‍ണം (ഔണ്‍സ്) $ 2036.30 +$11.10
സ്വര്‍ണം (പവന്‍) 46,160 +160.00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $81.62 -$2.09