വിപണിയില്‍ തിരുത്തല്‍ തുടരുന്നു; ഐ.ടിയില്‍ ക്ഷീണം; പെയിന്റ് വ്യവസായം കലങ്ങി മറിയും; പേയ്ടിഎമ്മില്‍ നിന്നു ശര്‍മ മാറി
ക്രിപ്‌റ്റോ കറന്‍സികള്‍ ഗണ്യമായി ഉയര്‍ന്നു, ഇന്നു രാവിലെ ബിറ്റ്‌കോയിന്‍ 55,675 ഡോളറിലാണ്.
വിപണിയില്‍ തിരുത്തല്‍ തുടര്‍ന്നു. എന്നാല്‍ ബുള്‍ മനോഭാവത്തില്‍ മാറ്റം വന്നിട്ടില്ല. ലാഭമെടുക്കലും ചില വ്യവസായ മേഖലകളിലെ പുതിയ ഭീഷണികളുമാണു വിപണിയിലെ ക്ഷീണത്തിനു കാരണം.
ഐ.ടി മേഖലയിലെ പ്രശ്‌നങ്ങളും ഇന്ത്യന്‍ ബാങ്കിംഗിലെ വെല്ലുവിളികളും ലോകവിപണിയില്‍ മെറ്റല്‍ വില കുറയുന്നതും ഇന്നലെ വിപണിയില്‍ പ്രതിഫലിച്ചു. ഐ.ടിയിലെ ക്ഷീണം തുടരാം എന്നാണു ന്യൂയോര്‍ക്കിലെ എ.ഡി.ആര്‍ വിപണി നല്‍കുന്ന സൂചന.
തിങ്കളാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 22,183ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,127ലാണ്. ഇന്ത്യന്‍ വിപണി ചെറിയ താഴ്ചയില്‍ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച താഴ്ന്ന് അവസാനിച്ചു. ഭാരം കുറയ്ക്കുന്ന ഔഷധത്തിന്റെ പരീക്ഷണവിജയം സീലാന്‍ഡ് ഫാര്‍മയെ 35 ശതമാനം ഉയര്‍ത്തി.
യു.എസ് വിപണി തിങ്കളാഴ്ചയും ചെറിയ കയറ്റിറക്കങ്ങളിലായിരുന്നു. ഈയാഴ്ച വരാനിരിക്കുന്ന യു.എസിലെ വിലക്കയറ്റ കണക്കിലും മറ്റുമാണു വിപണിയുടെ നോട്ടം.
പ്രതീക്ഷയിലും മികച്ച നാലാം പാദ റിസല്‍ട്ടിന്റെ ബലത്തില്‍ വീഡിയോ കമ്യൂണിക്കേഷന്‍ കമ്പനി സൂമിന്റെ ഓഹരി 13 ശതമാനം കയറി.
ഡൗ ജോണ്‍സ് സൂചിക 62.30 പോയിന്റ് (0.16%) താഴ്ന്ന് 39,069.20ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 19.27 പോയിന്റ് (0.38%) താണ് 5069.53ല്‍ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 20.57 പോയിന്റ് (0.13%) താഴ്ന്ന് 15,976.20ല്‍ എത്തി.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു നേരിയ താഴ്ചയിലാണ്. ഡൗവും എസ് ആന്‍ഡ് പിയും 0.06 ശതമാനം വീതം താഴ്ന്നു. നാസ്ഡാക് 0.09 ശതമാനം താഴ്ചയിലാണ്. യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.272 ശതമാനമായി ഉയര്‍ന്നു. ഏഷ്യയില്‍ ജാപ്പനീസ് വിപണി കയറ്റത്തിലും ചൈനീസ് വിപണി ഇടിവിലുമാണ്.
ഇന്ത്യന്‍ വിപണി
തിങ്കളാഴ്ച ഇന്ത്യന്‍ വിപണി താഴ്ന്നു തുടങ്ങിയിട്ടു കൂടുതല്‍ നഷ്ടത്തില്‍ അവസാനിച്ചു. വില്‍പന സമ്മര്‍ദമാണു കാരണം. സെന്‍സെക്‌സ് 352.64 പോയിന്റ് (0.48%) താഴ്ന്ന് 72,790.13ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 90.65 പോയിന്റ് (0.41%) കുറഞ്ഞ് 22,122.05ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 235.25 പോയിന്റ് (0. 50%) താഴ്ന്നു 46,576.50ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.36 ശതമാനം താണ് 49,102.30ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.2 ശതമാനം കുറഞ്ഞ് 16,133.15ല്‍ വ്യാപാരം അവസാനിപ്പിച്ചു.
തിങ്കളാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 285.15 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 5.33 കോടി രൂപയുടെ ഓഹരികളും വിറ്റു. നിഫ്റ്റിക്ക് ഇന്ന് 22,090ലും 22,005ലും പിന്തുണ ഉണ്ട്. 22,185ലും 22,260ലും തടസങ്ങള്‍ ഉണ്ടാകാം.
ക്രൂഡ് ഓയില്‍, സ്വര്‍ണം, ഡോളര്‍, ക്രിപ്‌റ്റോ
തിങ്കളാഴ്ച ക്രൂഡ് ഓയില്‍ വില കയറി. ബ്രെന്റ് ഇനം ക്രൂഡ് 82.58 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 82.55 ഡോളറിലേക്കു താണു. ഡബ്‌ള്യു.ടി.ഐ ഇനം 77.60ഉം യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 82.04ഉം ഡോളറിലായി.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം തിങ്കളാഴ്ച താഴ്ന്ന് ഔണ്‍സിന് 2031.50 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 2033.80 ഡോളറിലായി. കേരളത്തില്‍ തിങ്കളാഴ്ച സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 46,080 രൂപയായി.
ഡോളര്‍ സൂചിക തിങ്കളാഴ്ച അല്‍പം താണ് 103.83 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.78 ലാണ്. ഡോളര്‍ ഇന്നലെ 82.89 രൂപയിലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്നലെ ഗണ്യമായി ഉയര്‍ന്നു. ഇന്നു രാവിലെ ബിറ്റ്‌കോയിന്‍ 55,675 ഡോളറിലാണ്.
പേയ്ടിഎം: സ്ഥാപകന്‍ പദവികള്‍ ഒഴിഞ്ഞു
പേയ്ടിഎം പേമെന്റ്‌സ് ബാങ്ക് ചെയര്‍മാന്‍ സ്ഥാനവും ബോര്‍ഡ് അംഗത്വവും സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ രാജിവച്ചു. മാതൃകമ്പനിയായ വണ്‍ 97 കമ്യൂണിക്കേഷന്‍സിന്റെ പ്രതിനിധിയായി ബോര്‍ഡില്‍ ഉണ്ടായിരുന്ന ഭവേഷ് ഗുപ്തയും രാജിവച്ചു. പേമെന്റ് ബാങ്കിന് ബാങ്കര്‍മാരും റിട്ടയേഡ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട പുതിയ ബോര്‍ഡ് രൂപീകരിച്ചു.
പേയ്ടിഎമ്മിന് പണം സ്വീകരിക്കാന്‍ വിലക്ക് ഉള്ളതിനാല്‍ നിലവിലെ ഫണ്ടുകള്‍ തീരും വരെ ഇടപാടുകള്‍ നടക്കുന്നതിനു മേല്‍നോട്ടം വഹിക്കലും കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കലുമാണു ബോര്‍ഡിനു ചെയ്യാനുള്ളത്.
പേയ്ടിഎമ്മിലെ 51 ശതമാനം ഓഹരി ശര്‍മയ്ക്കും ബാക്കി വണ്‍ 97 കമ്യൂണിക്കേഷന്‍സിനുമാണ്. വണ്‍ 97 എന്ന മാതൃകമ്പനിയാണു ലിസ്റ്റ് ചെയ്തിട്ടുള്ളത്. ആ ഓഹരി ഇന്നലെ അഞ്ചു ശതമാനം ഉയര്‍ന്നു. റിസര്‍വ് ബാങ്ക് വിലക്കിനെ തുടര്‍ന്ന് വണ്‍ 97 കമ്യൂണിക്കേഷന്‍സ് ഓഹരി 60 ശതമാനത്തിലധികം ഇടിഞ്ഞതാണ്. പിന്നീട് താഴ്ചയില്‍ നിന്നു 35 ശതമാനം തിരിച്ചു കയറി.
പെയിന്റ് വ്യവസായം കലങ്ങിമറിയും
ആദിത്യ ബിര്‍ല ഗ്രൂപ്പ് പെയിന്റ് ബിസിനസിലേക്കു കടന്നത് വിപണിയിലെ സമവാക്യങ്ങള്‍ മാറ്റുമെന്ന് ബ്രോക്കറേജുകളും നിക്ഷേപ ബാങ്കുകളും. ഇപ്പോള്‍ വിപണിയില്‍ 55-60 ശതമാനം പങ്കാളിത്തമുള്ള ഏഷ്യന്‍ പെയിന്റ്‌സിനാകും വലിയ തിരിച്ചടി എന്നാണു സി.എല്‍.എസ്.എയുടെ വിലയിരുത്തല്‍. ഏഷ്യന്‍ പെയിന്റ്‌സ് ഓഹരിയുടെ ലക്ഷ്യവില അവര്‍ 3,215 രൂപയില്‍ നിന്നു 2,425 രൂപയായി കുറച്ചു. ഏഷ്യന്‍ ഓഹരി ഇന്നലെ നാലു ശതമാനം ഇടിഞ്ഞു.
ബെര്‍ജര്‍ പെയിന്റ്‌സ് മൂന്നു ശതമാനം താണു. കന്‍സായ് നെരോലാക്, ആക്‌സോ നൊബേല്‍, ഷാലിമാര്‍ തുടങ്ങിയവയും താഴ്ചയിലായി. ആദിത്യ ബിര്‍ല ഗ്രൂപ്പിലെ ഗ്രാസിമിനു പുറമേ ജിന്‍ഡല്‍ ഗ്രൂപ്പിലെ ജെ.എസ്.ഡബ്‌ള്യു ഹോള്‍ഡിംഗ്‌സും ഈയിടെ പെയിന്റ് വ്യവസായത്തിലേക്കു പ്രവേശിച്ചിരുന്നു. വില, കമ്മീഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ വലിയ മത്സരമാണു പെയിന്റ് വ്യവസായത്തെ കാത്തിരിക്കുന്നത്.
വിപണിസൂചനകള്‍
(2024 ഫെബ്രുവരി 26, തിങ്കള്‍)
സെന്‍സെക്‌സ്30 72,790.13 -0.48%
നിഫ്റ്റി50 22,122.05 -0.41%
ബാങ്ക് നിഫ്റ്റി 46,576.50 -0.50%
മിഡ് ക്യാപ് 100 49,102.30 -0.36%
സ്‌മോള്‍ ക്യാപ് 100 16,133.15 -0.26%
ഡൗ ജോണ്‍സ് 30 39,069.20 -0.16%
എസ് ആന്‍ഡ് പി 500 5069.53 -0.38%
നാസ്ഡാക് 15,976.20 -0.13%
ഡോളര്‍ ($) 82.89 -0.05
ഡോളര്‍ സൂചിക 103.83 -0.11
സ്വര്‍ണം (ഔണ്‍സ്) $ 2031.50 -$04.80
സ്വര്‍ണം (പവന്‍) 46,080 -80.00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $82.58 +$0.96