നേട്ടത്തില്‍ തിരിച്ചു വന്നു വിപണി; വിപണിമൂല്യം നാഴികക്കല്ലിനരികെ; ജി.ഡി.പി കണക്കിലേക്കു ശ്രദ്ധ; വോഡഫോണ്‍ ഐഡിയ ധനസമാഹരണത്തിന്
ക്രൂഡ് ഓയില്‍ കയറിയിട്ട് ഇറങ്ങുന്നു
വിപണി ഇന്നലെ മുന്നേറ്റ പാതയില്‍ തിരിച്ചെത്തി. പാശ്ചാത്യ വിപണികള്‍ കാര്യമായ മുന്നേറ്റം നടത്തിയില്ലെങ്കിലും നെഗറ്റീവ് സൂചനകള്‍ ഇല്ല. യു.എസ്, യൂറോപ്യന്‍ വിലക്കയറ്റ കണക്കുകള്‍ നാളെയും മറ്റന്നാളും വരും. അവ ആഗോള വിപണികളുടെ ഗതി നിര്‍ണയിക്കും.
ഇന്ത്യയില്‍ മൂന്നാം പാദ ജി.ഡി.പി കണക്ക് നാളെ വൈകുന്നേരം അറിയാം. രണ്ടാം പാദത്തിലെ 7.6 ശതമാനത്തില്‍ നിന്നു കുറവാകും മൂന്നാം പാദ വളര്‍ച്ച എന്നാണു നിഗമനം. 6.6 മുതല്‍ ഏഴുവരെ ശതമാനം വളര്‍ച്ചയാണ് റേറ്റിംഗ് ഏജന്‍സികള്‍ കണക്കാക്കുന്നത്.
ഫെബ്രുവരിയിലെ വാഹന വില്‍പന കണക്കുകള്‍ വെള്ളിയാഴ്ചയോടെ അറിവാകും. എസ്.യു.വി വില്‍പനയില്‍ വലിയ കുതിപ്പ് പ്രതീക്ഷിക്കുന്നുണ്ട്.
ഇന്നു വിപണി ഉയരുകയാണെങ്കില്‍ ചരിത്ര നേട്ടം കുറിക്കാന്‍ കഴിയും. ഇന്നലെ മാര്‍ക്കറ്റ് ക്ലോസ് ചെയ്യുമ്പോള്‍ 399 ലക്ഷം കോടി രൂപയായിരുന്നു ബി.എസ്.ഇയുടെ മൊത്തം വിപണിമൂല്യം. ചെറിയ കുതിപ്പോടെ വിപണിമൂല്യത്തിനു 400 ലക്ഷം കോടി രൂപയില്‍ എത്താം.
ക്രൂഡ് ഓയില്‍ വില വീണ്ടും 83 ഡോളര്‍ കടന്നെങ്കിലും ഇന്നു തിരിച്ചിറങ്ങുകയാണ്.
തിങ്കളാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 22,230ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,235ലാണ്. ഇന്ത്യന്‍ വിപണി ചെറിയ കയറ്റത്തോടെ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ ചൊവ്വാഴ്ച ചെറിയ നേട്ടത്തില്‍ അവസാനിച്ചു. യു.എസ് വിപണി ചൊവ്വാഴ്ച ചെറിയ കയറ്റിറക്കങ്ങള്‍ക്കു ശേഷം ഭിന്ന ദിശകളില്‍ ക്ലോസ് ചെയ്തു. യു.എസിലെ ജിഡിപി, വിലക്കയറ്റ, തൊഴില്‍ കണക്കുകളിലേക്കാണു വിപണിയുടെ ശ്രദ്ധ.
പ്രതീക്ഷയിലും മികച്ച റിസല്‍ട്ടുമായി ഓണ്‍ലൈന്‍ റീട്ടെയിലര്‍ ഇ ബേയും സോളര്‍ പാനല്‍ നിര്‍മാതാവ് ഫസ്റ്റ് സോളറും അഞ്ചു ശതമാനത്തോളം ഉയര്‍ന്നു.
ഡൗ ജോണ്‍സ് സൂചിക 96.82 പോയിന്റ് (0.25%) താഴ്ന്ന് 38,972.41ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 8.65 പോയിന്റ് (0.17%) ഉയര്‍ന്ന് 5078.18ല്‍ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 59.05 പോയിന്റ് (0.37%) കയറി 16,035.30ല്‍ എത്തി.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു നേരിയ താഴ്ചയിലാണ്. ഡൗ 0.08ഉം എസ് ആന്‍ഡ് പി 0.03ഉം നാസ്ഡാക് 0.06ഉം ശതമാനം താഴ്ചയിലാണ്. യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.303 ശതമാനമായി ഉയര്‍ന്നു. ഏഷ്യയില്‍ ജാപ്പനീസ് വിപണി ഇന്നു താഴ്ചയിലാണ്. എന്നാല്‍ ചൈനീസ് വിപണി ഉയര്‍ന്നു വ്യാപാരം തുടങ്ങി.
ഇന്ത്യന്‍ വിപണി
ചൊവ്വാഴ്ച ഇന്ത്യന്‍ വിപണി ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം നല്ല നേട്ടത്തില്‍ അവസാനിച്ചു. സെന്‍സെക്‌സ് 305.09 പോയിന്റ് (0.42%) ഉയര്‍ന്ന് 73,095.22ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 76.30 പോയിന്റ് (0.34%) കയറി 22,198.35ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 11.58 പോയിന്റ് (0.02%) കയറി 46,588.05ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.12 ശതമാനം താണ് 49,041.20ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 0.28 ശതമാനം കയറി 16,177.70ല്‍ വ്യാപാരം അവസാനിപ്പിച്ചു. തിങ്കളാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 1509.16 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2861.56 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. 22,300ലെ പ്രതിരോധം മറികടന്നാലേ നിഫ്റ്റിക്ക് പ്രസക്തമായ മുന്നേറ്റം സാധിക്കൂ എന്നാണു ചാര്‍ട്ടുകള്‍ വിശകലനം ചെയ്യുന്നവരുടെ വിലയിരുത്തല്‍.
നിഫ്റ്റിക്ക് ഇന്ന് 22,115ലും 22,035ലും പിന്തുണ ഉണ്ട്. 22,220ലും 22,300ലും തടസങ്ങള്‍ ഉണ്ടാകാം. ചൊവ്വാഴ്ച ക്രൂഡ് ഓയില്‍ വില ഒന്നര ശതമാനം കയറി. ഡിമാന്‍ഡ് വര്‍ധിക്കുന്നതായ സൂചന വിപണിയില്‍ ഉണ്ട്.
ക്രൂഡ്, സ്വര്‍ണം, ഡോളര്‍, ക്രിപ്‌റ്റോ
ബ്രെന്റ് ഇനം ക്രൂഡ് 83.65 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് 83.31ലേക്കു താണു. ഡബ്‌ള്യു.ടി.ഐ ഇനം 78.55 ഉം യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 82.97ഉം ഡോളറിലാണ്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ചൊവ്വാഴ്ച ഔണ്‍സിന് 2030.50 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 2,032.90 ഡോളറിലായി. കേരളത്തില്‍ ചൊവ്വാഴ്ച പവന് വിലമാറ്റമില്ലാതെ 46,080 രൂപയില്‍ തുടര്‍ന്നു.
ഡോളര്‍ സൂചിക ചൊവ്വാഴ്ച മാറ്റമില്ലാതെ 103.83ല്‍ തന്നെ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.81ലാണ്. ഡോളര്‍ ഇന്നലെ 82.90 രൂപയിലേക്കു കയറി ക്ലോസ് ചെയ്തു. ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്നലെയും ഗണ്യമായി ഉയര്‍ന്നു. ഇന്നു രാവിലെ ബിറ്റ്‌കോയിന്‍ 57,000 ഡോളറിലാണ്.
വോഡഫോണ്‍ ഐഡിയ 45,000 കോടി രൂപ സമാഹരിക്കും
വോഡഫോണ്‍ ഐഡിയയില്‍ നിന്ന് ശുഭവാര്‍ത്ത. കമ്പനി 45,000 കോടി രൂപയുടെ ധനസമാഹരണം നടത്തും. 20,000 കോടി രൂപയുടെ മൂലധന സമാഹരണ പദ്ധതിക്ക് അംഗീകാരം തേടി ഏപ്രില്‍ രണ്ടിന് ഓഹരി ഉടമകളുടെ യോഗം വിളിക്കും. ശേഷം തുക കടമെടുക്കും. പ്രൊമോട്ടര്‍മാരായ ആദിത്യ ബിര്‍ല ഗ്രൂപ്പും യു.കെയിലെ വോഡഫോണും ഓഹരികള്‍ വാങ്ങും. 2,000 കോടി രൂപയാണ് നിലവിലെ പ്രൊമോട്ടര്‍മാര്‍ മുടക്കുക. വിദേശ ഫണ്ടുകള്‍ അടക്കം പുതിയ ഓഹരി ഉടമകള്‍ ഉണ്ടാകും.
വിദേശകറന്‍സിയില്‍ കണ്‍വേര്‍ട്ടിബിള്‍ ബോണ്ടുകള്‍, ഗ്ലോബല്‍ ഡെപ്പോസിറ്ററി റെസീറ്റ് (ജി.ഡി.ആര്‍), അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ് (എ.ഡി.ആര്‍) എന്നിവ ഉപയോഗിച്ചാകും മൂലധന സമാഹരണം.
ഇപ്പോള്‍ 2.2 ലക്ഷം കോടി രൂപയുടെ കടബാധ്യത ഉള്ള കമ്പനി ജൂണിനകം ഓഹരി വില്‍പന പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ധനസമാഹരണം കമ്പനിയെ 5ജി സേവനം ആരംഭിക്കാന്‍ സഹായിക്കും. 22.3 കോടി വരിക്കാര്‍ കമ്പനിക്കുണ്ട്. ഡിസംബറിലവസാനിച്ച പാദത്തില്‍ 6,986 കോടി രൂപയുടെ നഷ്ടം കമ്പനിക്കുണ്ടായി.
വോഡഫോണ്‍ ഐഡിയ ഓഹരി ഇന്നലെ ആറു ശതമാനം താഴ്ന്ന് 15.85 രൂപയില്‍ ക്ലോസ് ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ 5.70 രൂപ വരെ താഴ്ന്ന ഓഹരി 18.40 രൂപ വരെ കയറിയിരുന്നു. ധനസമാഹരണം കമ്പനിക്കു പോസിറ്റീവ് ആണെന്നു നൊമുറ സെക്യൂരിറ്റീസും മോര്‍ഗന്‍ സ്റ്റാന്‍ലിയും വിലയിരുത്തി.
വിപണിസൂചനകള്‍
(2024 ഫെബ്രുവരി 27, ചൊവ്വ)
സെന്‍സെക്‌സ്30 73,095.22 +0.42%
നിഫ്റ്റി50 22,198.35 +0.34%
ബാങ്ക് നിഫ്റ്റി 46,588.05 +0.02%
മിഡ് ക്യാപ് 100 49,041.20 -0.12%
സ്‌മോള്‍ ക്യാപ് 100 16,177.70 +0.28%
ഡൗ ജോണ്‍സ് 30 38,972.40 -0.25%
എസ് ആന്‍ഡ് പി 500 5078.18 +0.17%
നാസ്ഡാക് 16,035.30 +0.37%
ഡോളര്‍ ($) 82.90 +0.01
ഡോളര്‍ സൂചിക 103.83 0.00
സ്വര്‍ണം (ഔണ്‍സ്) $ 2030.50 -$01.00
സ്വര്‍ണം (പവന്‍) 46,080 00.00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $83.65 +$1.07