ബജറ്റിൽ കണ്ണുനട്ട് വിപണി; വോട്ട് നേടുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും; ബജറ്റ് സൂചികകളെ ഉയർത്തുമെന്ന് പ്രതീക്ഷ; ക്രൂഡ് ഓയിൽ 84 ഡോളറിനു മുകളിൽ
പ്രമുഖ കമ്പനികളുടെ ഫല പ്രഖ്യാപനം ഈയാഴ്ച
ഒന്നാം തീയതി ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിലേക്കാണ് ഈയാഴ്ച വിപണി കാതോര്‍ക്കുക. ഇടക്കാല ബജറ്റാണെങ്കിലും വോട്ട് കിട്ടാന്‍ സഹായിക്കുന്ന പ്രഖ്യാപനങ്ങള്‍ എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. പ്രത്യക്ഷനികുതികളില്‍ ആശ്വാസം, കര്‍ഷകര്‍ക്കുള്ള പി.എം സമ്മാന്‍ പദ്ധതിയില്‍ കൂടുതല്‍ തുക, സ്ത്രീകള്‍ക്ക് വര്‍ധിച്ച ആനുകൂല്യങ്ങള്‍ തുടങ്ങിയ പല കാര്യങ്ങളും ഉണ്ടാകുമെന്നാണു കിംവദന്തികള്‍. ബജറ്റ് കമ്മി നിയന്ത്രണം എങ്ങനെ മുന്നോട്ടു കൊണ്ടു പോകും എന്നതും വിപണി ശ്രദ്ധിക്കും. പ്രമുഖ കമ്പനികളുടെ ഫല പ്രഖ്യാപനവും ഈയാഴ്ച ഉണ്ടാകും.
ബജറ്റ് വിപണിയെ തിരിച്ചു കയറ്റും എന്ന പ്രതീക്ഷയിലാണ് കഴിഞ്ഞയാഴ്ച വലിയ തിരിച്ചടി നേരിട്ട നിക്ഷേപകര്‍. ആ പ്രതീക്ഷ ആഴ്ചയുടെ ആരംഭത്തില്‍ തന്നെ ഉണര്‍വിനു വഴിതെളിക്കുമെന്നു പലരും കരുതുന്നു. 21,500 ന്റെ തടസം മറി കടന്നു നിഫ്റ്റി മുന്നേറും എന്ന മോഹം പലര്‍ക്കുമുണ്ട്. യുഎസ് ജിഡിപി വളര്‍ച്ച പ്രതീക്ഷയേക്കാള്‍ മെച്ചമായതും വിക്കേയറ്റം കുറഞ്ഞതും പലിശക്കാര്യത്തില്‍ ആശ്വാസ പ്രതീക്ഷ പകരുന്നു.
ചെങ്കടല്‍ പ്രശ്‌നങ്ങളെ തുടര്‍ന്നു ക്രൂഡ് ഓയില്‍ 84 ഡോളറിനു മുകളിലായി. ഇനിയും വില ഉയരുമെന്ന ആശങ്ക പ്രബലമാണ്.
വ്യാഴാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 21,548.50-ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 21,650 ലേക്കു കയറി. ഇന്ത്യന്‍ വിപണി ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ച നല്ല നേട്ടത്തില്‍ അവസാനിച്ചു. സ്റ്റോക്‌സ് 600 ഒരു ശതമാനത്തിലധികം കയറി. യൂറോപ്യന്‍ കേന്ദ്രബാങ്ക് പലിശനിരക്കില്‍ മാറ്റം വരുത്താതിരുന്നതും റീട്ടെയില്‍ വില്‍പന വര്‍ധിച്ചതും വിപണിയെ സഹായിച്ചു. ലക്ഷുറി ഉല്‍പന്ന നിര്‍മാതാക്കളായ എല്‍വിഎംഎച്ച് നല്ല റിസല്‍ട്ട് പുറത്തു വിട്ടതിനെ തുടര്‍ന്ന് ഓഹരി 13 ശതമാനം ഉയര്‍ന്നു.
യു.എസ് വിപണി വെള്ളിയാഴ്ചയും ഭിന്ന ദിശകളിലായി. ഡൗ ജോണ്‍സ് ഉയര്‍ന്നു. മറ്റു രണ്ടു സൂചികകള്‍ താഴ്ന്നു.
ഡൗ ജോണ്‍സ് 60.30 പോയിന്റ് (0.16%) കയറി 38,109.43ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 3.19 പോയിന്റ് (0.07%) താഴ്ന്ന് 4890.97 ല്‍ അവസാനിച്ചു. നാസ്ഡാക്
55.13 പോയിന്റ് (0.36%) ഇടിവില്‍ 15,455.36 ല്‍ ക്ലോസ് ചെയ്തു.
യു.എസ് ഫ്യൂച്ചേഴ്‌സ് താഴ്ചയിലാണ് ഡൗ 0.24 ഉം എസ് ആന്‍ഡ് പി 0.22 ഉം നാസ്ഡാക് 0.21ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.
ഈയാഴ്ച യു.എസ് ടെക് ഭീമന്മാരായ മൈക്രോ സോഫ്റ്റ്, ആപ്പിള്‍, മെറ്റ, ആമസോണ്‍, ആല്‍ഫബെറ്റ് എന്നിവയുടെയും ബോയിംഗ്, മെര്‍ക്ക് എന്നിവയുടെയും റിസല്‍ട്ടുകള്‍ വരാനുണ്ട്.
ഒന്നാം തീയതി യു.എസ് ഫെഡ് തീരുമാനം വരും. ഈ വര്‍ഷത്തെ
ആദ്യ എഫ്.ഒ.എം.സി യോഗം നിരക്കുകളില്‍ മാറ്റം വരുത്തുകയില്ലെന്നാണു പൊതു നിഗമനം.
2023 നാലാംപാദത്തിലെ യു.എസ് ജി.ഡി.പി വളര്‍ച്ച പ്രതീക്ഷയേക്കാള്‍ മികച്ചതായി. രണ്ടു ശതമാനം പ്രതീക്ഷിച്ച സ്ഥാനത്ത് 3.3 ശതമാനം വളര്‍ച്ച. 2023 ലെ മൊത്തം വളര്‍ച്ച 2.5 ശതമാനം ഉണ്ട്. അതും പ്രതീക്ഷയേക്കാള്‍ കൂടുതലാണ്. വിലക്കയറ്റത്തിന്റെ ഒരു സൂചികയായ പേഴ്‌സണല്‍ കണ്‍സംഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ (പിസിഇ) രണ്ടു ശതമാനം വളര്‍ച്ചയേ കാണിച്ചുള്ളൂ.
ഏഷ്യന്‍ വിപണികള്‍ ഇന്നു നേട്ടത്തിലാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിലും ദക്ഷിണ കൊറിയയിലും സൂചികകള്‍ അരശതമാനം ഉയര്‍ന്നു.
ഇന്ത്യൻ വിപണി
വ്യാഴാഴ്ച ഇന്ത്യന്‍ വിപണി അര ശതമാനം നഷ്ടത്തില്‍ അവസാനിച്ചു. എങ്കിലും ദിവസത്തിലെ താഴ്ചയില്‍ നിന്നു ഗണ്യമായി കയറിയിരുന്നു.
സെന്‍സെക്‌സ് 359.64 പോയിന്റ് (0.51%) താഴ്ന്ന് 70,700.67 ലും നിഫ്റ്റി 101.35 പോയിന്റ് (0.47%) ഇടിഞ്ഞ് 21,352.60 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 94.65 പോയിന്റ് (0.21%) താഴ്ന്ന് 47,208.65ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 1.83 ശതമാനം കയറി 47,423.40 ലും സ്‌മോള്‍ ക്യാപ് സൂചിക 1.72 ശതമാനം ഉയര്‍ന്ന് 15,33/.05 ലും വ്യാപാരം അവസാനിപ്പിച്ചു.
കഴിഞ്ഞയാഴ്ച വിദേശനിക്ഷേപകര്‍ 140 കോടി ഡോളര്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്നു പിന്‍വലിച്ചു. ജനുവരിയില്‍ ഇതുവരെ 325 കോടി ഡോളറാണ് (24,734 കോടി രൂപ) അവര്‍ ഓഹരികളില്‍ നിന്നു പിന്‍വലിച്ചത്.
വിപണിയില്‍ കരടികള്‍ ആധിപത്യം നേടിയെന്നും താഴ്ച തുടരുമെന്നുമാണു സാംങ്കതിക വിശകലന വിദഗ്ധര്‍ പറയുന്നത്.
നിഫ്റ്റിക്ക് ഇന്ന് 21,275 ലും 21,'140ലും പിന്തുണ ഉണ്ട്. 21,370ലും 21,570ലും തടസങ്ങള്‍ ഉണ്ടാകും.
കമ്പനി റിസൾട്ടുകൾ
ഈയാഴ്ചയും പ്രധാന കമ്പനികളുടെ റിസള്‍ട്ട് വരാനുണ്ട്. ഇന്ന് ബജാജ് ഫിനാന്‍സും ഐ.ടി.സിയും മാരികോയും ഫലങ്ങള്‍ പുറത്തു വിടും. നാളെ എല്‍ ആന്‍ഡ് ടിയും ഡോ.റെഡ്ഡീസും ബജാജ് ഫിന്‍സെര്‍വും റിസള്‍ട്ട് അറിയിക്കും. 31 ന് ശ്രീ സിമന്റ്, അംബുജ സിമന്റ്, ഡാബര്‍ എന്നിവയും ഒന്നിനു ടൈറ്റന്‍, ഇന്ത്യന്‍ ഹോട്ടല്‍സ്, അദാനി എന്റര്‍ പ്രൈസസ്, അദാനി പോര്‍ട്‌സ് എന്നിവയും റിസള്‍ട്ട് പ്രസിദ്ധീകരിക്കും. രണ്ടിന് ടാറ്റാ മോട്ടോഴ്‌സിന്റെ ഫലം അറിയാം. മൂന്നിനാണ് എസ്.ബി.ഐയുടെ ഫലം.
ക്രൂഡ് ഓയിലും സ്വർണവും
ചെങ്കടല്‍ മേഖലയില്‍ ആക്രമണങ്ങള്‍ തുടര്‍ന്നതു മൂലം ക്രൂഡ് ഓയില്‍ വില അഞ്ചു ശതമാനത്തിലധികം കുതിച്ചു. ഇനിയും കയറുമെന്നാണു സൂചന. ബ്രെന്റ് ഇനം ക്രൂഡ് 84.48 ഡോളര്‍ ആയി. ഇന്നു രാവിലെ 84.05 ലേക്കു താണു. ഡബ്‌ള്യുടിഐ ഇനം 78.45 ല്‍ എത്തി. യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 83.38 ഡോളറിലായി.
രാജ്യാന്തര സംഘര്‍ഷങ്ങള്‍ സ്വര്‍ണത്തെ വീണ്ടും കയറ്റി. ഔണ്‍സിന് 2015.60 ഡോളറില്‍ നിന്ന് 2025.50 ലേക്കു കയറി കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2023 ഡോളറിലേക്കു വില താണു.
കേരളത്തില്‍ പവന്‍വില 46,160 രൂപയിലേക്കു കുറഞ്ഞു.
ഡോളര്‍ സൂചിക കഴിഞ്ഞ ദിവസം ഉയര്‍ന്നു 103.43 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.57 വരെ കയറി.
ക്രിപ്‌റ്റോ കറന്‍സികള്‍ അല്‍പം ഉയര്‍ന്നു. ബിറ്റ് കാേയിന്‍ ഇന്നു രാവിലെ 42,200 ഡോളറിനടുത്താണ്.
വിപണിസൂചനകൾ (2024 ജനുവരി 25, വ്യാഴം/26, വെള്ളി)
സെൻസെക്സ്30 70,700.67 -0.51%
നിഫ്റ്റി50 21,352.60 -0.47%
ബാങ്ക് നിഫ്റ്റി 44,987.75 -0.21%
മിഡ് ക്യാപ് 100 47,208.65 -0.45%
സ്മോൾ ക്യാപ് 100 15,409.40 +0.50%
ഡൗ ജോൺസ് 30 38,109.43 +0.16%
എസ് ആൻഡ് പി 500 4890.97 -0.07%
നാസ്ഡാക് 15,455.36 -0.36%
ഡോളർ ($) ₹83.12 -₹0.02
ഡോളർ സൂചിക 103.43 +0.15
സ്വർണം (ഔൺസ്) $2025.50 +$09.90
സ്വർണം (പവൻ) ₹46,160 -₹80.00
ക്രൂഡ് (ബ്രെന്റ്) ഓയിൽ $84.48 +$4.25