കയറ്റം തുടരാൻ വിപണി; വിൽപന സമ്മർദവും തുടരും; ബജറ്റിൽ പ്രതീക്ഷ വച്ച് നിക്ഷേപകർ; പലിശ കുറയ്ക്കൽ സാവധാനം

പാെതുബജറ്റ് വരെ സൂചികകൾ മുന്നേറ്റം തുടരുമെന്ന് സൂചന

Update: 2024-07-03 02:22 GMT
പാശ്ചാത്യ വിപണികൾ ഇന്നലെ നല്ല കയറ്റത്തിലായി. എന്നാൽ വിപണിക്കു ശേഷം വന്ന തൊഴിൽ കണക്ക് പലിശ കുറയ്ക്കൽ വേഗം ഉണ്ടാകില്ല എന്ന ധാരണയാണു ജനിപ്പിച്ചത്. ഇന്നു രാവിലെ ഏഷ്യൻ വിപണികളും കയറ്റത്തിലാണ്.
ഇന്ത്യൻ വിപണി തൽക്കാലം വിദേശ സൂചനകൾ പരിഗണിക്കാതെ കയറ്റവും ലാഭമെടുക്കലുമായി മുന്നോട്ടു പോകും എന്നാണു ബുള്ളുകളുടെ കാഴ്ചപ്പാട്.
ഹിൻഡൻബർഗിൻ്റെ പങ്കാളിക്ക് അദാനി ഓഹരികളിൽ ഷോർട്ടിംഗ് നടത്താൻ കാെട്ടക് ഗ്രൂപ്പിൻ്റെ മ്യൂച്വൽ ഫണ്ട് അവസരമൊരുക്കിയെന്ന വെളിപ്പെടുത്തൽ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരിയെ രണ്ടര ശതമാനം താഴ്ത്തി.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചാെവ്വാഴ്ച രാത്രി 24,352 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 24,327 വരെ താഴ്ന്നു. ഇന്ത്യൻ വിപണി ഇന്ന് നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ ചാെവ്വാഴ്ച താഴ്ന്നു. യൂറോ മേഖലയിലെ ചില്ലറ വിലക്കയറ്റം 2.5 ശതമാനമായി കുറഞ്ഞു. എന്നാൽ ഇന്ധന -ഭക്ഷ്യ വിലകൾ ഒഴിവാക്കിയുളള കാതൽ വിലക്കയറ്റം ഒട്ടും കുറഞ്ഞില്ല. ഇതു പലിശ കുറയ്ക്കൽ വെെകിക്കും എന്ന ധാരണ പരത്തി.
യുഎസ് വിപണി ചാെവ്വാഴ്ച നല്ല നേട്ടത്തിലായി. ടെക് ഓഹരികൾ മികച്ച മുന്നേറ്റം നടത്തി നാസ്ഡാകിനെ പുതിയ ഉയരത്തിൽ എത്തിച്ചു. എസ് ആൻഡ് പി ആദ്യമായി 5500 നു മുകളിൽ ക്ലാേസ് ചെയ്തു.
യുഎസ് ഫെഡ് ചെയർമാൻ ജെറോം പവലും യൂറോപ്യൻ കേന്ദ്രബാങ്ക് പ്രസിഡൻ്റ് ക്രിസ്റ്റീൻ ലഗാർദും ഇന്നലെ പാനൽ ചർച്ചയിൽ പറഞ്ഞത് വിലക്കയറ്റം കുറയ്ക്കുന്നതിൽ ഗണ്യമായ നേട്ടം ഉണ്ടായെന്നാണ്. പക്ഷേ നിരക്ക് കുറയ്ക്കാൻ ആവശ്യമായ കുറവ് വന്നിട്ടില്ല എന്നും പറഞ്ഞു.
എങ്കിലും പവലിൻ്റെ കമൻ്റ് വിപണിയുടെ കയറ്റത്തിനു സഹായിച്ചു. എന്നാൽ മേയ് മാസത്തെ താെഴിൽ കണക്ക് പ്രതീക്ഷകൾ തെറ്റിച്ചു. ഏപ്രിലിൽ 79.2 ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടായ സ്ഥാനത്തു മേയിൽ 81.4 ലക്ഷം അവസരങ്ങൾ ഉണ്ടായി. ഏപ്രിൽ കണക്ക് ആദ്യം പറഞ്ഞ 80.6 ലക്ഷത്തിൽ നിന്നു താഴ്ത്തിയതാണ്. വിപണി പ്രതീക്ഷിച്ച 79.5 ലക്ഷത്തേക്കാൾ കൂടുതൽ താെഴിൽ ഉണ്ടായത് ഫെഡ് തീരുമാനത്തെ വിപരീതമായി സ്വാധീനിക്കും എന്നാണു വിപണി കരുതുന്നത്.
ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ലയുടെ രണ്ടാം പാദ വിൽപന പ്രതീക്ഷയേക്കാൾ കൂടുതലായത് ഓഹരിയെ 10 ശതമാനം ഉയർത്തി.
യുഎസ് വിപണി ബുധനാഴ്ച നേരത്തേ അടയ്ക്കും. വ്യാഴാഴ്ച ജൂലൈ നാല് പ്രമാണിച്ച് അവധിയുമാണ്.
ഡൗ ജോൺസ് സൂചിക ഇന്നലെ 162.33 പോയിൻ്റ് (0.41%) ഉയർന്ന് 39,331.85 ൽ അവസാനിച്ചു. എസ് ആൻഡ് പി 33.92 പോയിൻ്റ് (0.62%) കയറി 5509.01 ലും നാസ്ഡാക് 149.46 പോയിൻ്റ് (0.84%) ഉയർന്ന് 18,028.76 ലും ക്ലോസ് ചെയ്തു.
യുഎസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.436 ശതമാനത്തിലേക്കു താഴ്ന്നു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലായി. ഡൗ 0.09 ഉം നാസ്ഡാക് 0.08 ഉം എസ് ആൻഡ് പി 0.11 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജപ്പാനിൽ നിക്കെെ തുടക്കത്തിൽ മുക്കാൽ ശതമാനം കയറി റെക്കോർഡ് തിരുത്തി.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ചാെവ്വാഴ്ച ഉയരത്തിൽ വ്യാപാരം തുടങ്ങി റെക്കാേർഡ് കുറിച്ചിട്ടു താഴ്ന്നു. നേരിയ താഴ്ചയിലാണു വിപണി സൂചികകൾ ക്ലോസ് ചെയ്തത്. നിഫ്റ്റി രാവിലെ 24,236.35 വരെ കയറി റെക്കാേർഡ് തിരുത്തി. സെൻസെക്സ് 79,855.87 വരെ എത്തിയ ശേഷമാണ് താഴ്ന്നത്.
സെൻസെക്സ് 34.74 പോയിൻ്റ് (0.04%) താഴ്ന്ന് 79,441.45 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 18.10 പോയിൻ്റ് (0.07%) കുറഞ്ഞ് 24,123.85 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 0.77% (406.65 പോയിൻ്റ്) ഇടിഞ്ഞ് 52,168.10 ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.78 ശതമാനം താഴ്ന്ന് 55,854.70 ലും സ്മോൾ ക്യാപ് സൂചിക 0.45% കുറഞ്ഞ് 18,509.05 ലും ക്ലോസ് ചെയ്തു.
ബാങ്ക്, ധനകാര്യ, വാഹന, എഫ്എംസിജി ഓഹരികളാണു ചാെവ്വാഴ്ച വിപണിയെ താഴ്ത്തിയത്. മെറ്റൽ, ഹെൽത്ത് കെയർ, കൺസ്യൂമർ ഡ്യുറബിൾസ്, ഹെൽത്ത് കെയർ ഓഹരികളും നഷ്ടത്തിലായി. ഐടിയും റിയൽറ്റിയും മീഡിയയും ഓയിൽ - ഗ്യാസും ഉയർന്നു. '
വിദേശനിക്ഷേപകർ ചാെവ്വാഴ്ച ക്യാഷ് വിപണിയിൽ 2000.12 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 648.25 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ലാഭമെടുക്കൽ ഉണ്ടാകുമെങ്കിലും നിഫ്റ്റി ഇന്ന് 24,200 നിലനിർത്തിയാൽ മുന്നേറ്റം തുടരും എന്നു വിദഗ്ധർ കരുതുന്നു. അതോടെ 24,500 ആകും ലക്ഷ്യം. പാെതുബജറ്റ് വരെ സൂചികകൾ മുന്നേറ്റം തുടരും എന്നാണു ബുള്ളുകളുടെ പ്രതീക്ഷ.
ഇന്നു സൂചികയ്ക്ക് 24,070 ലും 24,025 ലും പിന്തുണ ഉണ്ട്. 24,205 ലും 24,250 ലും തടസം ഉണ്ടാകാം.
കമ്പനികൾ, ഓഹരികൾ
എച്ച്ഡിഎഫ്സി ബാങ്കിലെ വിദേശഓഹരി മാർച്ചിലെ 55.54 ശതമാനത്തിൽ നിന്ന് ജൂണിൽ 54.83 ശതമാനമായി കുറഞ്ഞു. എംഎസ് സിഐ സൂചികയിൽ ബാങ്കിനു കൂടുതൽ വെയിറ്റേജ് കിട്ടാം. അത് ഓഹരിയിലേക്കു 300- 400 കോടി ഡോളർ നിക്ഷേപം വരാൻ കാരണമാകാം.
ബ്രോക്കറേജ് കാര്യങ്ങളിൽ കൂടുതൽ ജാഗ്രത കാണിക്കണമെന്നു മോട്ടിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിനു സെബി ഇന്നലെ മുന്നറിയിപ്പ് നൽകി.
അവന്യു സൂപ്പർ മാർട്ട്സിന് ഒന്നാം പാദ വിറ്റുവരവിൽ 18.4 ശതമാനം വർധന ഉണ്ടായി.
ദിശ കിട്ടാതെ സ്വർണം
ചാെവ്വാഴ്ച സ്വർണം കാര്യമായ മാറ്റമില്ലാതെ ഔൺസിന് 2332 ഡാേളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2330 ഡോളറിലേക്ക് താണു. ഫെഡ് ചെയർമാൻ്റെ കമൻ്റുകളും യുഎസ് തൊഴിൽ കണക്കും സ്വർണം കയറാൻ തക്ക സൂചനകൾ നൽകിയില്ല.
കേരളത്തിൽ സ്വർണവില ഇന്നലെ 80 രൂപ കൂടി പവന് 53,080 രൂപയായി.
വെള്ളിവില ഔൺസിന് 29.56 ഡോളറിലേക്കു കയറി. കേരളത്തിൽ വെള്ളി കിലോഗ്രാമിനു 95,000 രൂപ ആണ്.
ഡോളർ സൂചിക ചാെവ്വാഴ്ച താഴ്ന്ന് 105.72 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക105.73 ലേക്കു കയറി.
രൂപ ചൊവ്വാഴ്ചയും ദുർബലമായി. ഡോളർ ഏഴു പൈസ കൂടി 83.51 രൂപയിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ നാമമാത്രമായി താണു. ബ്രെൻ്റ് ഇനം ചാെവ്വാഴ്ച 86.24 ഡോളറിൽ അവസാനിച്ചു. ഇന്നു രാവിലെ 86.61 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ ഇനം 83.07 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് 86.29 ഡോളറിലുമാണ്.
വ്യാവസായിക ലോഹങ്ങൾ ഇന്നലെയും ഭിന്ന ദിശകളിലായി. ചെമ്പ് 0.67 ശതമാനം കയറി ടണ്ണിന് 9546.10 ഡോളറിൽ എത്തി. അലൂമിനിയം 0.28 ശതമാനം ഉയർന്നു ടണ്ണിന് 2522.80 ഡോളറായി. സിങ്കും നിക്കലും താഴ്ന്നു. ടിന്നും ലെഡും ഉയർന്നു.
ക്രിപ്റ്റാേ കറൻസികൾ താഴ്ന്നു നിൽക്കുന്നു. ബിറ്റ്കോയിൻ 61,900 ഉം ഈഥർ 3420 ഉം ഡോളറിലാണ്.
വിപണിസൂചനകൾ
(2024 ജൂലെെ 02, ചാെവ്വ)
സെൻസെക്സ് 30 79,441.45 -0.04%
നിഫ്റ്റി50 24,123.85 -0.07%
ബാങ്ക് നിഫ്റ്റി 52,168.10 -0.77%
മിഡ് ക്യാപ് 100 55,854.70 -0.78%
സ്മോൾ ക്യാപ് 100 18,509.05 -0.45%
ഡൗ ജോൺസ് 30 39,331.85 +0.41%
എസ് ആൻഡ് പി 500 5509.01 +0.62%
നാസ്ഡാക് 18,028.76 +0.84%
ഡോളർ($) ₹83.51 +₹0.07
ഡോളർ സൂചിക 105.72 -0.18
സ്വർണം (ഔൺസ്) $2332.00 -$00.60
സ്വർണം (പവൻ) ₹53,080 +₹80
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $86.24 -$0.36
Tags:    

Similar News