ബുള്ളുകൾ വീണ്ടും ഡ്രൈവിംഗ് സീറ്റിൽ; നിക്ഷേപകർ ആവേശത്തിൽ; ബജറ്റും ഫെഡും വിപണിയെ നിയന്ത്രിക്കും; റിലയൻസിൻ്റെ കുതിപ്പിനു പിന്നിൽ ഇക്കാര്യം
അദാനി എന്റര്‍പ്രൈസസ് ഓഹരി 50 ശതമാനം കയറാന്‍ സാധ്യത ഉണ്ടെന്ന് റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പ് ഓഹരികളെയെല്ലാം ഉയര്‍ത്തി
വിപണി ഒറ്റ ദിവസം കൊണ്ട് കരടി വലയത്തില്‍ നിന്നു കയറി. ബുള്ളുകള്‍ വിപണിയുടെ നിയന്ത്രണം പിടിച്ചു. ബജറ്റ് വരെ വിപണി കയറ്റം തുടരുമെന്ന വിലയിരുത്തലിലാണ് മിക്കവാറും ബ്രോക്കറേജുകള്‍.
തിങ്കളാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 21,959.50-ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 21,976 വരെ കയറി. ഇന്ത്യന്‍ വിപണി ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച ചെറിയ നേട്ടത്തില്‍ അവസാനിച്ചു.
യു.എസ് വിപണി തിങ്കളാഴ്ച നല്ല കയറ്റത്തിലായി. ഡൗ ജോണ്‍സ് 224.02 പോയിന്റ് (0.59%) കയറി 38,333.45ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 36.90 പോയിന്റ് (0.76%) ഉയര്‍ന്ന് 4927.93 ല്‍ അവസാനിച്ചു. നാസ്ഡാക് 172.68പോയിന്റ് (1.12%) കയറി 15,628.04 ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി റെക്കോര്‍ഡ് നിലയിലാണു ക്ലോസ് ചെയ്തത്.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.10 ശതമാനം താഴ്ന്നു. എസ് ആന്‍ഡ് പി 0.02 ഉം നാസ്ഡാക് 0.04 ഉം ശതമാനം താണു നീങ്ങുന്നു.
പ്രതീക്ഷയിലും മികച്ച റിസള്‍ട്ട് പ്രസിദ്ധീകരിച്ച ഇലക്ട്രോണിക്‌സ് നിര്‍മാണ കമ്പനി സാന്‍മിന 18-ഉം സൈബര്‍ സെക്യൂരിറ്റി കമ്പനി എഫ്5 ഒന്‍പതും ശതമാനം കുതിച്ചു.
യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.07 ശതമാനമായി താഴ്ന്നു. ബുധനാഴ്ച യുഎസ് ഫെഡ് പലിശഗതിയെപ്പറ്റി എന്തു പറയുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കടപ്പത്ര വിലകളുടെ മാറ്റം.
ഏഷ്യന്‍ വിപണികള്‍ ഇന്നു നേട്ടത്തിലാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിലും ദക്ഷിണ കൊറിയയിലും സൂചികകള്‍ അരശതമാനം ഉയര്‍ന്നു. എന്നാല്‍ ഹോങ് കോങ്, ഷാങ്ഹായ് വിപണികള്‍ താഴ്ന്നു. ചൈനയിലെ പാപ്പരായ റിയല്‍ എസ്റ്റേറ്റ് വമ്പന്‍ എവര്‍ഗ്രാന്‍ഡെയെ ആസ്തികള്‍ വിറ്റ് അടച്ചു പൂട്ടാന്‍ കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണിത്.
ഇന്ത്യന്‍ വിപണി
തിങ്കളാഴ്ച ഇന്ത്യന്‍ വിപണി മികച്ച പ്രീബജറ്റ് പ്രകടനം നടത്തി. വിപണി രണ്ടു ശതമാനത്തോളം കുതിച്ചു കയറി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ തിളങ്ങുന്ന പ്രകടനമാണ് വിപണിയുടെ ഉയര്‍ച്ചയില്‍ 45 ശതമാനവും സംഭാവന ചെയ്തത്. റിലയന്‍സിന്റെ ഓഹരി 7.2 ശതമാനം കുതിച്ച് 2900 രൂപയിലും വിപണിമൂല്യം 19.6 ലക്ഷം കോടി രൂപ എന്ന റെക്കോര്‍ഡിലും എത്തി. ഇന്ത്യന്‍ വിപണിയുടെ മൊത്തം മൂല്യം ആറു ലക്ഷം കോടി രൂപ വര്‍ധിച്ച് 377.12 ലക്ഷം കോടി രൂപയായി. എച്ച്ഡിഎഫ്‌സി ബാങ്ക് 1.4 ശതമാനം ഉയര്‍ന്നു.
സെന്‍സെക്‌സ് 1240.90 പോയിന്റ് (1.76%) ഉയര്‍ന്ന് 71,941.57 ലും നിഫ്റ്റി 385 പോയിന്റ് (1.80%) കുതിച്ച് 21,737.60 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 576.20 പോയിന്റ് (1.28%) കയറി 45,442.35ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 1.63 ശതമാനം കയറി 47,979.05 ലും സ്‌മോള്‍ ക്യാപ് സൂചിക 1.49 ശതമാനം ഉയര്‍ന്ന് 15,638.05 ലും വ്യാപാരം അവസാനിപ്പിച്ചു.
തിങ്കളാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 110.01 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3221.34 കോടി രൂപ ഓഹരികളില്‍ നിക്ഷേപിച്ചു.
വിപണി ബുള്‍ ആവേശം തിരിച്ചു പിടിച്ചെന്നാണു വിലയിരുത്തല്‍. ഇന്നും ഉയര്‍ച്ച പ്രതീക്ഷിച്ചാണ് നിക്ഷേപകര്‍ വിപണിയില്‍ എത്തുക.
നിഫ്റ്റിക്ക് ഇന്ന് 21,515 ലും 21,300ലും പിന്തുണ ഉണ്ട്. 21,770ലും 21,970ലും തടസങ്ങള്‍ ഉണ്ടാകും.
കമ്പനികള്‍, ഓഹരികള്‍
പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് റിലയന്‍സിനു ക്രൂഡ് ഓയില്‍ സംസ്‌കരണത്തിലെ ലാഭമാര്‍ജിന്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് റഷ്യന്‍ ക്രൂഡ് ഓയില്‍ കിട്ടുന്നതാണു കാരണം. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ റിലയന്‍സ് ഓഹരി വലിയ കുതിപ്പ് നടത്തിയത്. റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ വര്‍ധന ഉണ്ടായത്. ഒ.എന്‍.ജി.സി അടക്കം മറ്റ് ഓയില്‍ - ഗ്യാസ് ഓഹരികളും ഇന്നലെ നല്ല നേട്ടം ഉണ്ടാക്കി. ഓയില്‍ - ഗ്യാസ് നിഫ്റ്റി 5.18 ശതമാനം കുതിച്ചു.
പൊതു മേഖലാ ഓഹരികള്‍ ഇന്നലെയും നല്ല ഉയര്‍ച്ച നേടി.
അദാനി എന്റര്‍പ്രൈസസ് ഓഹരി 50 ശതമാനം കയറാന്‍ സാധ്യത ഉണ്ടെന്ന് ഒരു പാശ്ചാത്യ ബ്രോക്കറേജ് വിശകലന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് അദാനി ഗ്രൂപ്പ് ഓഹരികളെയെല്ലാം ഉയര്‍ത്തി.
എസ്.ബി.ഐ കാര്‍ഡ്‌സിന്റെ ലഭമാര്‍ജിന്‍ കുറഞ്ഞത് ഓഹരിവില എട്ടു ശതമാനത്തോളം ഇടിച്ചു.
1720 കോടി രൂപ ആര്‍ബിട്രേഷന്‍ അവാര്‍ഡായി ലഭിച്ചത് ഐ.ആര്‍.ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരിയെ 18 ശതമാനം ഉയര്‍ത്തി. ശക്തി പമ്പ്‌സ് ലാഭക്ഷമത വര്‍ദ്ധിപ്പിച്ചത് ഓഹരിയെ 20 ശതമാനം കയറ്റി.
ക്രൂഡ് ഓയിലും സ്വര്‍ണവും
പശ്ചിമേഷ്യയില്‍ ആക്രമണങ്ങള്‍ തുടരുകയാണെങ്കിലും ചൈനയിലെ പാര്‍പ്പിടമേഖല കൂടുതല്‍ ദുരിതത്തിലായതോടെ ക്രൂഡ് ഓയില്‍ വില താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് 82.40 ഡോളര്‍ ആയി. ഇന്നു രാവിലെ 82.80 ലേക്കു കയറി. ഡബ്‌ള്യുടിഐ ഇനം 77.24 ല്‍ എത്തി. യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 82.24 ഡോളറിലായി.
സ്വര്‍ണം വീണ്ടും കയറി. ഔണ്‍സിന് 2031ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2032 ഡോളറിലേക്കു വില ഉയര്‍ന്നു.
കേരളത്തില്‍ പവന്‍വില 46,240 രൂപയിലേക്കു കയറി. ഇന്നും വില കൂടിയേക്കാം.
ഡോളര്‍ സൂചിക നേരിയ തോതില്‍ ഉയര്‍ന്നു 103.61 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.44 വരെ താണു.
ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും ഉയര്‍ന്നു. ബിറ്റ് കാേയിന്‍ ഇന്നു രാവിലെ 43,500 ഡോളറിനടുത്താണ്.
വിപണിസൂചനകൾ (2024 ജനുവരി 29, തിങ്കൾ)
സെൻസെക്സ്30 71,941.57 +1.76%
നിഫ്റ്റി50 21,737.60 +1.80%
ബാങ്ക് നിഫ്റ്റി 45,442.35 +1.28%
മിഡ് ക്യാപ് 100 47,979.05 +1.63%
സ്മോൾ ക്യാപ് 100 15,638.55 +1.49%
ഡൗ ജോൺസ് 30 38,333.45 +0.59%
എസ് ആൻഡ് പി 500 4927.93 +0.76%
നാസ്ഡാക് 15,628.04 +1.12%
ഡോളർ ($) ₹83.13 +₹0.01
ഡോളർ സൂചിക 103.61 +0.18
സ്വർണം (ഔൺസ്) $2031.00 +$05.50
സ്വർണം (പവൻ) ₹46,240 +₹80.00
ക്രൂഡ് (ബ്രെന്റ്) ഓയിൽ $82.40 -$2.08