ചാഞ്ചാട്ടത്തോടെ തുടക്കം; വിദേശ സൂചനകൾ നെഗറ്റീവ്; വിദേശികൾ വിൽപന കുറയ്ക്കുന്നില്ല; ലോഹങ്ങൾ ഇടിവിൽ; സ്വർണം ഇറങ്ങിക്കയറി
ഓഹരി സൂചികകൾ ഇടിവ് തുടരുമോ? ; ഇരട്ടക്കമ്മി മറികടക്കാൻ നികുതിവർധന; വാഹനവിൽപന കുതിക്കുന്നു
അമേരിക്കൻ ഫ്യൂച്ചേഴ്സ് താഴ്ചയിൽ. ബാങ്ക് ഓഫ് ജപ്പാൻ നിരക്കുകൾ ഉയർത്തിയില്ല. കൊറിയയിലും ഹോങ്കോംഗിലും ഷാങ്ഹായിയിലും ഓഹരികൾ ഇടിഞ്ഞു. ജാപ്പനീസ് സൂചികകൾ തുടക്കത്തിൽ ഉയർന്ന ശേഷം താഴോട്ടു നീങ്ങി.
വെള്ളിയാഴ്ച വൈകുന്നേരം ദൃശ്യമായ ഉത്സാഹം നഷ്ടപ്പെടുത്തിക്കൊണ്ടാണ് ഇന്നു വിപണി വ്യാപാരത്തിനൊരുങ്ങുന്നത്. പെട്രോളിയം ഉൽപന്ന കയറ്റുമതിയും സ്വർണ ഇറക്കുമതിയും നിരുത്സാഹപ്പെടുത്താൻ പ്രഖ്യാപിച്ച നടപടികളെപ്പറ്റി ഉണ്ടായ പ്രതീക്ഷകളും നഷ്ടമായ മട്ടാണു കാണുന്നത്.
ഏഷ്യൻ വിപണികൾ ഇന്നു താഴ്ന്നാണു വ്യാപാരം. യുഎസ് വിപണിക്ക് അവധിയാണെങ്കിലും ഫ്യൂച്ചേഴ്സ് താഴോട്ടു നീങ്ങി. വെള്ളിയാഴ്ച ഒരു ശതമാനത്തിലേറെ ഉയർന്ന യുഎസ് വിപണി ടെസ് ല അടക്കമുള്ള വമ്പന്മാരുടെ ജൂണിലെ വിൽപന കുറവായതിനെ തുടർന്നാണ് ഫ്യൂച്ചേഴ്സിൽ താഴോട്ടു പോയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച 15,855 ലേക്ക് ഉയർന്നതാണ്. എന്നാൽ ഇന്നു രാവിലെ അവിടെ നിന്നു കുത്തനേ താണ് 15,690 ലെത്തി. പിന്നീട് അൽപം കയറി 15,730 ലായി. ഇന്ത്യൻ വിപണി ചാഞ്ചാട്ടത്തോടെ തുടങ്ങുമെന്നാണ് ഇതിലെ സൂചന.
വെള്ളിയാഴ്ച സെൻസെക്സ് 111.01 പോയിൻ്റ് ( 0.21%) താണ് 52,907.93 ലും നിഫ്റ്റി 28.2 പോയിൻ്റ് (0.18%) താണ് 15,752.05ലും ക്ലോസ് ചെയ്തു. അതേസമയം മിഡ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടമുണ്ടാക്കി.
നിഫ്റ്റിക്ക് 15,700 ലും 15,500 ലുമാണു സാങ്കേതിക വിശകലന വിദഗ്ധർ സപ്പോർട്ട് കാണുന്നത്. 15,900-ലും 16,175 ലും തടസവും പ്രതീക്ഷിക്കുന്നു.
വിദേശ നിക്ഷേപകരുടെ വിൽപന കുറയുന്നില്ല. വെള്ളിയാഴ്ച അവർ ക്യാഷ് വിപണിയിൽ 2324.74 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1310.71 കോടിയുടെ നിക്ഷേപം നടത്തി. വിദേശ നിക്ഷേപകർ ജൂണിൽ ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിച്ചത് 58,112 കോടി രൂപയാണ്. 2020 ജൂണിലെ 65,817 കോടി രൂപ കഴിഞ്ഞാൽ ഒരു മാസത്തെ ഏറ്റവും വലിയ പിൻവലിക്കൽ. 2021 ഒക്ടോബർ മുതൽ ഇതുവരെ വിദേശികൾ 3.85 ലക്ഷം കോടി രൂപയാണ് ഇവിടെ നിന്ന് പിൻവലിച്ചത്.
മൂന്നു ദിവസം താഴ്ചയിലായിരുന്നെങ്കിലും ആഴ്ചയുടെ തുടക്കത്തിലെ നേട്ടങ്ങൾ തുടർച്ചയായ രണ്ടാം ആഴ്ചയിലും മുഖ്യ സൂചികകൾക്കു പ്രതിവാര നേട്ടം സമ്മാനിച്ചു. സെൻസെക്സും നിഫ്റ്റിയും 0.3 ശതമാനം വീതം നേട്ടമാണുണ്ടാക്കിയത്. മിഡ് ക്യാപ് ഓഹരികൾ 0.5 ശതമാനവും സ്മോൾ ക്യാപ് ഒരു ശതമാനവും ഉയർന്നു. ബിഎസ്ഇ എനർജി സൂചിക നാലു ശതമാനവും ഓയിൽ - ഗ്യാസ് സൂചിക 3.21ശതമാനവും ഇടിഞ്ഞു.
അതേ സമയം ജൂണിൽ സെൻസെക്‌സ് 4.5 ശതമാനവും നിഫ്റ്റി 4.8 ശതമാനവും നഷ്ടം സഹിച്ചു.
ക്രൂഡ് ഓയിൽ വില വെള്ളിയാഴ്ചയും ഉയർന്നു. . ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 110 ഡോളറിൽ നിന്ന് 111.38 ഡോളറിലെത്തി. എന്നാൽ ഈയാഴ്ച വില താഴോട്ടു നീങ്ങുമെന്നാണു യൂറോപ്യൻ വിപണികൾ നൽകുന്ന സൂചന. ഇന്നു രാവിലെ വില 110.5 ഡോളറിലേക്കു താഴ്‌ന്നു.
വ്യാവസായിക ലോഹങ്ങൾ വാരാന്ത്യത്തിൽ കുത്തനേ ഇടിഞ്ഞു. മാന്ദ്യഭീതി ശക്തിപ്പെട്ടതാണു കാരണം. ചൈനയിൽ ഫാക്ടറി ഉൽപാദനം ഉയർന്നതായ റിപ്പോർട്ടുകളും ലോഹങ്ങൾക്കു സഹായകമായില്ല.
ഏപ്രിൽ - ജൂൺ പാദത്തിൽ ചെമ്പുവില 20 ശതമാനം ഇടിഞ്ഞു. 2011-നു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. വെള്ളിയാഴ്ച വീണ്ടും 5.6 ശതമാനം ഇടിഞ്ഞ് 7959 ഡോളർ ആയി. ഇതോടെ 2021 മേയിലെ 10,700 ഡോളറിൽ നിന്ന് 25.6 ശതമാനം താഴ്ചയിലായി വില. പിന്നീടു വില അൽപം കയറി 7975.1 ഡോളറിൽ ക്ലാേസ് ചെയ്തു.
അലൂമിനിയം വില 2.96 ശതമാനം താഴ്ന്ന് 2397.69 ഡോളറായി. നിക്കൽ 12.54 ശതമാനമാണ് ഇടിഞ്ഞത്. കഴിഞ്ഞ അർധ വർഷം ഊഹക്കച്ചവടക്കാർ 15,000 ഡോളറിൽ നിന്ന് ഒരു ലക്ഷത്തിനു മുകളിലേക്കു വലിച്ചുയർത്തിയ നിക്കൽ വില വാരാന്ത്യത്തിൽ 21,624 ഡോളറായി താണു. സിങ്ക് വില 8.36 ശതമാനം താഴ്ന്ന് 3124.9 ഡോളറായി.
സ്വർണം വെള്ളിയാഴ്ച വലിയ ചാഞ്ചാട്ടത്തിലായിരുന്നു. ഇന്ത്യ ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചതിനെ തുടർന്ന് 1783 ഡോളറായി വില ഇടിഞ്ഞു. എന്നാൽ പിന്നീടു വില തിരികെ 1813-1814 ഡോളറിലെത്തി. ഇന്ത്യയുടെ സ്വർണ ഡിമാൻഡ് കുറയില്ല എന്ന വിലയിരുത്തലിലാണു തിരിച്ചു കയറ്റം. ഇന്നു രാവിലെ വില 1806-1808 ഡോളറിലേക്കു താണു.
കേരളത്തിൽ വെള്ളിയാഴ്ച രാവിലെ 960 രൂപ ഉയർന്ന പവൻ വില പിന്നീട് 200 രൂപ കുറഞ്ഞു. ശനിയാഴ്ച രാവിലെ 38,400 രൂപയിലേക്കു കയറിയ വില പിന്നീട് 38,200 രൂപയിലേക്കു താണു.
ഡോളർ സൂചിക വീണ്ടും 105 നു മുകളിലെത്തി. വ്യാഴാഴ്ച 79.06 രൂപയിൽ ക്ലോസ് ചെയ്ത ഡോളർ വെള്ളിയാഴ്ച 78.94 രൂപയിൽ ക്ലോസ് ചെയ്തു. കറൻ്റ് അക്കൗണ്ട് കമ്മി കുറയ്ക്കാനുള്ള നടപടികളെ തുടർന്നാണ് രൂപ ഇങ്ങനെ കയറിയത്. ഈ നേട്ടം നിലനിൽക്കണമെന്നില്ല.
ഇരട്ടക്കമ്മി മറികടക്കാൻ നികുതിവർധന
ക്രൂഡ് ഓയിൽ ഉൽപാദനത്തിന് അധികഡ്യൂട്ടി ചുമത്തിയും പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ കയറ്റുമതിക്ക് അധിക ചുങ്കം ചുമത്തിയും സ്വർണ ഇറക്കുമതിച്ചുങ്കം അഞ്ചു ശതമാനം വർധിപ്പിച്ചും വെള്ളിയാഴ്ച കേന്ദ്ര സർക്കാർ വിപണികളെ ഞെട്ടിച്ചു. തുടക്കത്തിൽ വിപണി വലിയ തോതിൽ ഇടിഞ്ഞെങ്കിലും പിന്നീടു നഷ്ടം കുറച്ചു. ഓയിൽ ഇന്ത്യ, ഒഎൻജിസി, റിലയൻസ്, ചെന്നെെ പെട്രോ തുടങ്ങിയവയ്ക്കാണു കനത്ത നഷ്ടം നേരിട്ടത്.
ഗവണ്മെൻ്റ് നടപടി കമ്പനികൾക്കുണ്ടായ അപ്രതീക്ഷിത അമിതലാഭത്തിൻ്റെ വീതം പറ്റുക എന്നു മാത്രമല്ല ലക്ഷ്യമിട്ടത്. ബജറ്റ് കമ്മിയോടൊപ്പം കറൻ്റ് അക്കൗണ്ട് കമ്മിയും നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് ഗവണ്മെൻ്റ് നീക്കം. അധിക നികുതികൾ വഴി ഒരു ലക്ഷം കോടിയിൽപരം രൂപ ഇക്കൊല്ലം ഇനിയുള്ള മാസങ്ങളിൽ ഗവണ്മെൻ്റിനു ലഭിക്കും. നേരത്തേ പെട്രോൾ, ഡീസൽ നികുതി കുറച്ചതു മൂലമുള്ള നഷ്ടം ഇതുവഴി നികത്താം. ജിഡിപിയുടെ 6.4 ശതമാനത്തിൽ ധനകമ്മി നിർത്തണമെന്ന ബജറ്റ് ലക്ഷ്യം നേടാൻ ഇതു സഹായിക്കും
പെട്രോളിയം ഉൽപന്നങ്ങളുടെ അധികനികുതി കയറ്റുമതി നിരുത്സാഹപ്പെടുത്തും. ഇപ്പോൾ കമ്പനികൾ ഒരു വീപ്പയിൽ 40 മുതൽ 45 വരെ ഡോളർ ലാഭമാണു ക്രൂഡും ഉൽപന്നങ്ങളും കയറ്റി അയച്ച് ഉണ്ടാക്കുന്നത്. കയറ്റുമതി കുറയുന്നതിനനുസരിച്ച് ഇറക്കുമതി കുറയും. അത് കറൻ്റ് അക്കൗണ്ട് കമ്മി കുറയാൻ സഹായിക്കും. സ്വർണത്തിൻ്റെ തീരുവ വർധിപ്പിച്ചത് ഇറക്കുമതി കുറയ്ക്കും എന്നാണു പ്രതീക്ഷ. പെട്രോളിയം - ഭക്ഷ്യ എണ്ണ വില വർധിച്ചതും സ്വർണ ഇറക്കുമതി കൂടിയതും മൂലം കഴിഞ്ഞ പാദത്തിൽ ജിഡിപി യുടെ 2.9 ശതമാനമായി കറൻ്റ് അക്കൗണ്ട് കമ്മി വർധിച്ചിരുന്നു. മുൻ വർഷം കറൻ്റ് അക്കൗണ്ട് മിച്ചം ഉണ്ടായിരുന്ന സ്ഥാനത്താണിത്.
സ്വർണത്തിൻ്റെ ചുങ്കം കൂട്ടിയത് ഔദ്യോഗിക ഇറക്കുമതി കുറയ്ക്കുമെങ്കിലും കള്ളക്കടത്തു വർധിക്കും എന്ന ഭീഷണിയുണ്ട്. മുൻപു ചുങ്കം കുറവായിരുന്നപ്പോൾ കള്ളക്കടത്തു നാമാവശേഷമായതാണ്. പിന്നീടു സ്വർണ ഇറക്കുമതി കൂടുന്നു എന്നു പറഞ്ഞാണു ചുങ്കം കൂട്ടിയത്. ഇതോടെ കള്ളക്കടത്തും നിയന്ത്രണാതീതമായി. ഇപ്പോൾ 15 ശതമാനം ചുങ്കം ആയതോടെ കള്ളക്കടത്ത് വളരെ ആദായകരമായി. മേയ് മാസത്തിൽ സ്വർണ ഇറക്കുമതി ഒൻപതു മടങ്ങ് വർധിച്ച് 603 കോടി ഡോളറായി എന്നതു ചുങ്കം കൂട്ടലിനു ന്യായീകരണമായി ഔദ്യാേഗിക കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ജിഎസ്ടി വരുമാനം കൂടി
ജൂണിലെ ജിഎസ്ടി പിരിവ് 1.45 ലക്ഷം കോടി രൂപ മറികടന്നു. തുടർച്ചയായ നാലാം മാസമാണ് പിരിവ് 1.4 ലക്ഷം കോടിക്കു മുകളിലായത്. ഏപ്രിലിലെ 1.67 ലക്ഷം കോടി മാത്രമാണ് ഇതിനേക്കാൾ കൂടിയ പ്രതിമാസ പിരിവ്.
ജൂണിലെ നികുതി വരുമാനം തലേ ജൂണിലേക്കാൾ 56 ശതമാനം അധികമാണ്. തലേ ജൂണിൽ കോവിഡ് തരംഗത്തെ തുടർന്നു വിൽപനയും നികുതി പിരിവും കുറവായിരുന്നു. തന്മൂലമാണ് വലിയ വർധന ഉണ്ടായി എന്നു കണക്കു കാണിക്കുന്നത്. വിലക്കയറ്റവും നികുതി വർധനയിൽ ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്.
വാഹനവിൽപന കുതിക്കുന്നു
രാജ്യത്തു കാർ വിൽപന വേഗത്തിലായി. എട്ടു പ്രമുഖ കാർ കമ്പനികളുടെ ജൂണിലെ വിൽപന തലേ ജൂണിലേക്കാൾ 24.9 ശതമാനം വർധിച്ചു. 2.34 ലക്ഷത്തിൽ നിന്ന് 2.92 ലക്ഷത്തിലേക്ക്. ചിപ് ലഭ്യത മെച്ചപ്പെട്ടതാണു പ്രധാന കാരണം. വിപണിയിൽ ഒന്നാം സ്ഥാനത്തുള്ള മാരുതിയുടെ വിൽപന നാമമാത്രമായേ വർധിച്ചുള്ളു; 1,28,432 ൽ നിന്ന് 1, 28,999 ലേക്ക്. ഹ്യുണ്ടായി 21 ശതമാനം വർധനയോടെ വിൽപന 49,001 ആക്കി. ടാറ്റാ മോട്ടോഴ്സ് 87 ശതമാനം വർധിപ്പിച്ച് വിൽപന 45,197 ആക്കി. കിയാ മോട്ടോഴ്സ് (24,024) 60 ശതമാനവും മഹീന്ദ്ര (26,880) 59 ശതമാനവും വർധിച്ചു. സ്കോഡ വിൽപന 721 ശതമാനം വർധിച്ച് 6023 ആയി.
ടൂ വീലർ വിൽപനയിൽ നേരിയ വർധനയേ ഉണ്ടായിട്ടുള്ളൂ. ഹീറോ മോട്ടോ കോർപ് 3.35 ശതമാനം വർധനയോടെ 4.85 ലക്ഷം വാഹനങ്ങൾ വിറ്റു. ആഭ്യന്തര വിപണിയിൽ മോട്ടോർ സൈക്കിൾ വിൽപന കൂടിയപ്പോൾ സ്കൂട്ടർ വിൽപന കുറഞ്ഞു. ബജാജ് ഓട്ടോയുടെ മൊത്തം വിൽപന 3.11 ലക്ഷത്തിൽ നിന്ന് 3.16 ലക്ഷത്തിലേക്കു കൂടിയെങ്കിലും ആഭ്യന്തര വിൽപന 20 ശതമാനം കുറഞ്ഞ് 1.25 ലക്ഷം ആയി. ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടേഴ്സ് വിൽപന 67 ശതമാനം കൂടി 3.84 ലക്ഷത്തിൽ എത്തി. ടിവിഎസ് മോട്ടോഴ്സ് വിൽപന 23 ശതമാനം വർധിച്ച് 2.93 ലക്ഷമായി.
This section is powered by Muthoot Finance