പണനയ ആഘാതം: ഓഹരിത്തകര്‍ച്ച തുടരുന്നു
ഇന്‍ഫോസിസ് താഴേക്ക്; എച്ച്.സി.എല്‍ ടെക് മുന്നോട്ട്
നേരിയ ഉയര്‍ച്ചയോടെ വ്യാപാരം തുടങ്ങിയ ഇന്ന് മാര്‍ക്കറ്റ് സൂചികകള്‍ ആദ്യ മിനിറ്റുകളില്‍ തന്നെ കുത്തനേ താഴ്ന്നു. പണനയം നല്‍കിയ ആഘാതത്തില്‍ തുടരുകയാണ് വിപണി. പൊതുമേഖലാ ബാങ്കുകള്‍, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ് എന്നിവയൊഴികെ എല്ലാ മേഖലകളും നഷ്ടത്തിലാണ്. ഫാര്‍മ, എഫ്.എം.സി.ജി., ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയവയാണ് കൂടുതല്‍ താഴ്ചയില്‍.
റിലയന്‍സിനും ഇന്‍ഫോസിസിനും ക്ഷീണം
എം.എസ്.സി.ഐ സൂചികയില്‍ വെയിറ്റേജ് കുറഞ്ഞത് റിലയന്‍സ്, ഇന്‍ഫോസിസ്, ടി.സി.എസ്., ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ക്ക് ക്ഷീണമായി. ഫണ്ടുകള്‍ അവയില്‍ നിന്ന് പണം പിന്‍വലിക്കും. സുപ്രീം ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി എ.എം.സി., പി.എഫ്.സി., ആര്‍.ഇ.സി., അശോക് ലെയ്‌ലാന്‍ഡ്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് എന്നിവ സൂചികയില്‍ സ്ഥാനം പിടിച്ചു. അവയിലേക്ക് പുതിയ നിക്ഷേപമെത്തും. എ.സി.സി സൂചികയ്ക്ക് പുറത്തായി. സുപ്രീം ഇന്‍ഡസ്ട്രീസ് ഓഹരി 15 ശതമാനം വരെ ഉയര്‍ന്നു.
എച്ച്.സി.എല്ലിന് നേട്ടം
വെറൈസണ്‍ ബിസിനസില്‍ നിന്ന് 210 കോടി ഡോളറിന്റെ (17,000 കോടി രൂപ) കോണ്‍ട്രാക്ട് ലഭിച്ചതിനെ തുടര്‍ന്ന് എച്ച്.സി.എല്‍ ടെക് നാല് ശതമാനത്തിലധികം കയറി. എല്‍.ഐ.സി ഒന്നാംപാദത്തില്‍ ലാഭം കുത്തനെ വര്‍ധിപ്പിച്ചത് ഓഹരി വില കൂടാന്‍ സഹായിച്ചു.
കൊച്ചി കപ്പല്‍ശാല ഓഹരിയും വില്‍ക്കുന്നു
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലെ മൂന്ന് ശതമാനം ഓഹരി ഓഫര്‍ ഫോര്‍ സെയില്‍ (OFS) വഴി വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കമ്പനിയുടെ 72.86 ശതമാനം ഓഹരി കേന്ദ്രത്തിന്റെ പക്കലാണ്. ഒക്ടോബര്‍ - ഡിസംബര്‍ പാദത്തിലാകും വില്‍പന.
സ്വര്‍ണം ലോക വിപണിയില്‍ 1913 ഡോളറിലാണ്. കേരളത്തില്‍ പവന് 120 രൂപ കുറഞ്ഞ് 43,640 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.