മുംബൈ ആസ്ഥാനമായുള്ള ലോജിസ്റ്റിക്‌സ് കമ്പനിയും ഓഹരി വിപണിയിലേക്ക്: ലക്ഷ്യമിടുന്നത് 2,500 കോടി
ഓഹരി വിപണിയിലേക്കുള്ള കടന്നുവരവോടൈ കമ്പനിയുടെ മൊത്തം മൂല്യം 8,500-9,000 കോടി രൂപയായി ഉയര്‍ത്തും
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക്‌സ് കമ്പനിയായ ജെഎം ബാക്‌സി പ്രാരംഭ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്നു. ഐപിഒയിലൂടെ 2,000-2,500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്ലോബല്‍ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ ബെയ്ന്‍ ക്യാപിറ്റലിന്റെ പിന്തുണയുള്ള ജെഎം ബാക്‌സിക്ക് ഓഹരി വിപണിയിലേക്കുള്ള കടന്നുവരവോടൈ കമ്പനിയുടെ മൊത്തം മൂല്യം 8,500-9,000 കോടി രൂപയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
പുതിയ ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം ഫണ്ടിംഗ് വിപുലീകരണത്തിനായി ഉപയോഗിക്കുമെന്നും കമ്പനിയുടെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.ആക്‌സിസ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, ക്രെഡിറ്റ് സ്യൂസ് എന്നീ മൂന്ന് ബാങ്കര്‍മാരെ ഐപിഒയ്ക്കായി കമ്പനി തെരഞ്ഞെടുത്തിട്ടുണ്ട്. പ്രാരംഭ ഓഹരി വില്‍പ്പന അടുത്തവര്‍ഷത്തോടെ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
1916 ല്‍ സ്ഥാപിതമായ ജെഎം ബാക്‌സി ഗ്രൂപ്പ്, ഇന്ത്യയിലെ ഷിപ്പിംഗ് ലോജിസ്റ്റിക്‌സ് രംഗത്തെ പ്രമുഖ കമ്പനിയാണ്. പോര്‍ട്ട് അധിഷ്ഠിത ലോജിസ്റ്റിക്‌സില്‍ ശ്രദ്ധകേന്ദ്രീകരിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.