മേയില്‍ റദ്ദാക്കപ്പെട്ട എസ്.ഐ.പി എക്കൗണ്ടുകള്‍ 14 ലക്ഷത്തിലധികം

മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം എസ്.ഐ.പി ആസ്തി 7.5 ലക്ഷം കോടി

Update: 2023-06-23 05:28 GMT

Image : Canva

മ്യൂച്വല്‍ഫണ്ടുകളിലേക്ക് തവണവ്യവസ്ഥയില്‍ നിക്ഷേപം സാദ്ധ്യമാക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്.ഐ.പി/SIP) എക്കൗണ്ടുകളില്‍ കഴിഞ്ഞമാസം (മേയ്) ദൃശ്യമായത് വന്‍ കൊഴിഞ്ഞുപോക്ക്. ഓഹരി വിപണികളുടെ ചാഞ്ചാട്ടമാണ് പ്രധാനമായും ഇതിന് വഴിവച്ചതെന്ന് വിലയിരുത്തപ്പെടുന്നു.

ഓഹരികളിലെ അസ്ഥിരതമൂലം നിരവധി നിക്ഷേപകര്‍ പോസ് (Pause) ഓപ്ഷന്‍ തിരഞ്ഞെടുത്തതും ഇതിന് കാരണമായിട്ടുണ്ടെന്ന് കരുതുന്നു. കൊവിഡ് കാലത്താണ് പോസ് ഓപ്ഷന്‍ അവതരിപ്പിച്ചത്. നിക്ഷേപം തത്കാലത്തേക്ക് മരവിപ്പിക്കുന്ന ഓപ്ഷനാണിത്.
14 ലക്ഷത്തിലധികം
മേയില്‍ 14.19 ലക്ഷം എസ്.ഐ.പി എക്കൗണ്ടുകളാണ് റദ്ദാക്കപ്പെട്ടതെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ (ആംഫി/AMFI) കണക്കുകള്‍ വ്യക്തമാക്കി. ഏപ്രിലില്‍ 13.21 ലക്ഷം എക്കൗണ്ടുകളും റദ്ദാക്കപ്പെട്ടിരുന്നു.
നിക്ഷേപം കൂടുന്നു
അതേസമയം, മ്യൂച്വല്‍ഫണ്ടുകളിലേക്ക് പുതുതായി ചുവടുവയ്ക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ട്. ഏപ്രിലില്‍ പുതുതായി 19.56 ലക്ഷം എക്കൗണ്ടുകളാണ് ചേര്‍ക്കപ്പെട്ടതെങ്കില്‍ മേയില്‍ അത് 24.70 ലക്ഷമാണ്.
ഏപ്രിലിലെ 13,728 കോടി രൂപയായിരുന്നു എസ്.ഐ.പി വഴി മ്യൂച്വല്‍ഫണ്ടുകളിലേക്ക് എത്തിയത്. മേയില്‍ ഇത് 14,749 കോടി രൂപയായി ഉയര്‍ന്നു.
മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആകെ എസ്.ഐ.പി ആസ്തി (SIP AUM) ഏപ്രിലിലെ 7.17 ലക്ഷം കോടി രൂപയില്‍ നിന്ന് 7.52 ലക്ഷം കോടി രൂപയായും ഉയര്‍ന്നു.
മൊത്തം എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 6.42 കോടിയില്‍ നിന്നുയര്‍ന്ന് 6.52 കോടിയിലുമെത്തി.
Tags:    

Similar News