ഉറ്റുനോട്ടം ജി.ഡി.പിയില്‍, ഓഹരികളില്‍ നഷ്ടം; തിളങ്ങി കല്യാണ്‍ ജുവലേഴ്‌സ്
44,000ന് താഴെയെത്തി ബാങ്ക് നിഫ്റ്റി, ഇടിഞ്ഞ് അദാനി ഓഹരികള്‍
ഇന്ത്യയുടെ നടപ്പുവര്‍ഷത്തെ (2023-24) ഒന്നാംപാദമായ ഏപ്രില്‍-ജൂണിലെ ജി.ഡി.പി കണക്കുകളിലേക്ക് നിക്ഷേപകര്‍ ശ്രദ്ധതിരിച്ചതോടെ, ഓഹരി സൂചികകള്‍ ഇന്ന് നേരിട്ടത് നഷ്ടം. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ജി.ഡി.പി വളര്‍ച്ചാനിരക്ക് ഇന്ത്യ രേഖപ്പെടുത്തുമെന്നാണ് പൊതു വിലയിരുത്തലെങ്കിലും നിക്ഷേപകര്‍ കരുതലോടെ നീങ്ങിയതാണ് ഇന്ന് ഓഹരി വിപണിക്ക് തിരിച്ചടിയായത്. ഇന്ത്യ 7.7 മുതല്‍ 8.3 ശതമാനം വരെ വളര്‍ന്നേക്കുമെന്ന പ്രവചനങ്ങളാണ് നിരീക്ഷകര്‍ നടത്തുന്നത്.
അവധി വ്യാപാര (ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ്/F&O) കാലാവധി തീരുന്നതിനെ തുടര്‍ന്ന് സ്വാഭാവികമായുള്ള വിറ്റൊഴിയലും ഓഹരി സൂചികകളെ നഷ്ടത്തിലാഴ്ത്തി. കഴിഞ്ഞ മാര്‍ച്ചിന് ശേഷം ആദ്യമായാണ് എഫ് ആന്‍ഡ് ഒ സീരീസില്‍ ഓഹരി സൂചികകള്‍ നഷ്ടം രേഖപ്പെടുത്തുന്നത്.
തുടര്‍ച്ചയായ മൂന്ന് ദിവസം നേട്ടത്തിനാണ് സൂചികകള്‍ ഇന്ന് വിരാമമിട്ടത്. ഇന്നും നേട്ടത്തോടെയാണ് സെന്‍സെക്‌സും നിഫ്റ്റിയും വ്യാപാരം തുടങ്ങിയതെങ്കിലും ഉച്ചയ്ക്ക് ശേഷമുണ്ടായ വില്‍പന സമ്മര്‍ദ്ദം നഷ്ടത്തിലേക്ക് വഴിതുറക്കുകയായിരുന്നു. സെന്‍സെക്‌സ് 255.84 പോയിന്റ് (0.39%) താഴ്ന്ന് 64,831.41ലും നിഫ്റ്റി 93.65 പോയിന്റ് (0.48%) ഇടിഞ്ഞ് 19,253.80ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.
നിരാശപ്പെടുത്തിയവര്‍
ഐ.ടി., റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഒഴികെയുള്ള ഓഹരി വിഭാഗങ്ങളെല്ലാം ഇന്ന് വില്‍പന സമ്മര്‍ദ്ദത്തില്‍ മുങ്ങി. ബാങ്ക് നിഫ്റ്റി 0.55 ശതമാനം ഇടിഞ്ഞ് 43,989ലെത്തി.
നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചിക 1.33 ശതമാനം നഷ്ടത്തിലാണ്. കേന്ദ്രം പ്രഖ്യാപിച്ച എല്‍.പി.ജി സബ്‌സിഡി ബാദ്ധ്യത സ്വയംവഹിക്കേണ്ടി വരുമെന്നതിനെ തുടര്‍ന്ന് പൊതുമേഖലാ എണ്ണവിതരണ കമ്പനികളുടെ ഓഹരികള്‍ ഇന്നും സമ്മര്‍ദ്ദത്തിലായി. ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക 1.04 ശതമാനം ഇടിഞ്ഞു.
നിഫ്റ്റി ധനകാര്യ സേവനം, എഫ്.എം.സി.ജി., സ്വകാര്യബാങ്ക് ഓഹരികളും 0.40-0.80 ശതമാനം ഇടിവ് നേരിട്ടു. നിഫ്റ്റി 200ല്‍ ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടത് പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, അദാനി ഗ്രീന്‍ എനര്‍ജി, ഹിന്ദുസ്ഥാന്‍ പെട്രോളിയം, അംബുജ സിമന്റ്‌സ്, അദാനി എനര്‍ജി സൊല്യൂഷന്‍സ് എന്നിവയാണ്.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, എസ്.ബി.ഐ., ബജാജ് ഫിനാന്‍സ് എന്നിവയാണ് ഇന്ന് സെന്‍സെക്‌സിനെ നഷ്ടത്തിലേക്ക് വീഴ്ത്തിയ മുന്‍നിര ഓഹരികള്‍.
അദാനിക്ക് വീണ്ടും തിരിച്ചടി
ഹിന്‍ഡെന്‍ബെര്‍ഗ് ആരോപണങ്ങളില്‍ നിന്ന് മെല്ലെ കരകയറുകയായിരുന്ന അദാനി ഗ്രൂപ്പ് ഓഹരികള്‍ക്കുമേല്‍ ഇരുട്ടടിയായാണ് ഇന്ന് 'ഒ.സി.സി.ആര്‍.പി' തൊടുത്തുവിട്ട ആരോപണ ശരങ്ങളെത്തിയത്. എ.സി.സി ഒഴികെ അദാനി ഗ്രൂപ്പിന് കീഴിലെ എല്ലാ ഓഹരികളും ഇന്ന് നഷ്ടത്തിലാണ് (Click here to read more)
വിദേശത്ത് കടലാസ് കമ്പനികള്‍ സ്ഥാപിച്ച്, സ്വന്തം ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം നടത്തി ഓഹരി വില കൃത്രിമമായി പെരുപ്പിച്ചുവെന്നാണ് അദാനി ഗ്രൂപ്പിനെതിരെ ഒ.സി.സി.ആര്‍.പി ആരോപിക്കുന്നത്. ഇതേ ആരോപണമാണ് നേരത്തേ ഹിന്‍ഡെന്‍ബെര്‍ഗ് ഉന്നയിച്ചതെന്നും അടിസ്ഥാനരഹിതമെന്ന് കാട്ടി തള്ളിക്കളഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടുണ്ട്.
ജിയോയെ പുറത്താക്കുന്നത് സെപ്റ്റംബര്‍ ഒന്നിന്
റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍പെടുത്തിയ ബാങ്കിതര ധനകാര്യ സ്ഥാപനമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ജിയോഫിന്‍) ഓഹരികളെ സെന്‍സെക്‌സ്, നിഫ്റ്റി തുടങ്ങിയ സൂചികകളില്‍ നിന്ന് നാളെയാണ് (സെപ്റ്റംബര്‍ ഒന്ന്) ഒഴിവാക്കുക.
നേരത്തേ ഓഗസ്റ്റ് 23നാണ് ഒഴിവാക്കേണ്ടിയിരുന്നതെങ്കിലും ജിയോഫിന്‍ ഓഹരി തുടര്‍ച്ചയായി ലോവര്‍-സര്‍കീട്ടിലും പിന്നീട് അപ്പര്‍-സര്‍കീട്ടിലും എത്തിയതോടെ ഇത് നീണ്ടു. കഴിഞ്ഞ രണ്ട് സെഷനിലും സര്‍കീട്ടുകളില്‍ നിന്ന് ജിയോഫിന്‍ ഓഹരി ഒഴിഞ്ഞുനിന്ന പശ്ചാത്തലത്തിലാണ് നാളെ ഒഴിവാക്കുന്നത്. നാളെ വ്യാപാരം ആരംഭിക്കുന്നതിന് മുമ്പ് ഒഴിവാക്കും.
സൂചികകളില്‍ നിന്ന് ഒഴിവാക്കുന്നു എന്നേയുള്ളൂ. ജിയോഫിന്‍ ഓഹരികളില്‍ തുടര്‍ന്നും വാങ്ങലും വില്‍ക്കലും പതിവുപോലെ നടക്കും.
നേട്ടം കുറിച്ചവര്‍
മാരുതി സുസുക്കി, ടൈറ്റന്‍, ടാറ്റാ സ്റ്റീല്‍, അള്‍ട്രടെക് സിമന്റ് എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ കൂടുതല്‍ നേട്ടം കുറിച്ച പ്രമുഖര്‍. ഓഗസ്റ്റിലെ വാഹന വില്‍പന കണക്കുകള്‍ വൈകാതെ പുറത്തുവരാനിരിക്കേ മാരുതിയുടെ ഓഹരികള്‍ ഇന്ന് തൊട്ടത് റെക്കോഡ് ഉയരത്തിലാണ്.
നിഫ്റ്റിയില്‍ റിയല്‍റ്റി സൂചിക 0.65 ശതമാനവും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 0.83 ശതമാനവും ഐ.ടി 0.20 ശതമാനവും നേട്ടത്തിലാണ്. നിഫ്റ്റി മിഡ്ക്യാപ്പ് 0.11 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.81 ശതമാനവും നേട്ടം കുറിച്ചു.
ഗ്ലാന്‍ഡ് ഫാര്‍മയാണ് 9.68 ശതമാവുമായി നിഫ്റ്റി 200ല്‍ ഏറ്റവുമധികം മുന്നേറിയത്. മദേഴ്‌സണ്‍ സുമി, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, ജിയോഫിന്‍, പെഴ്‌സിസ്റ്റന്റ് സിസ്റ്റംസ് എന്നിവയാണ് കൂടുതല്‍ നേട്ടം കുറിച്ച മറ്റ് ഓഹരികള്‍. കഴിഞ്ഞ 4 ദിവസമായി മികച്ച മുന്നേറ്റമാണ് ഗ്ലാന്‍ഡ് ഫാര്‍മ ഓഹരികള്‍ കാഴ്ചവയ്ക്കുന്നത്.
കല്യാണ്‍ ജുവലേഴ്‌സിന്റെ തിളക്കം
കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ തുടര്‍ച്ചയായ നാലാംനാളിലും നേട്ടത്തിലേറി. ഇന്നത്തെ മുന്നേറ്റം 9.11 ശതമാനമാണ്.
ഇക്കഴിഞ്ഞ ജൂണ്‍പാദത്തിലെ മികച്ച പ്രവര്‍ത്തനമാണ് കല്യാണിന് കരുത്താകുന്നത്. മൊത്തം വരുമാനത്തില്‍ കമ്പനി 31 ശതമാനം വളര്‍ച്ച കുറിച്ചിരുന്നു. ഇന്ത്യയിലെയും ഗള്‍ഫിലെയും ഷോറൂമുകളില്‍ മികച്ച വില്‍പന നേട്ടമാണ് കമ്പനി രേഖപ്പെടുത്തുന്നത്. നടപ്പുവര്‍ഷം 50ലേറെ പുതിയ ഷോറൂമുകള്‍ തുറക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനുള്ള ശ്രമങ്ങളുണ്ടെന്നാണ് സൂചനകള്‍.
സ്‌കൂബിഡേ ഇന്നും 9.96 ശതമാനം നേട്ടമുണ്ടാക്കി. വെര്‍ട്ടെക്‌സ് 9.91 ശതമാനം മുന്നേറി. പ്രൈമ ഇന്‍ഡസ്ട്രീസ് (4.96 ശതമാനം), കേരള ആയുര്‍വേദ (4.96 ശതമാനം), കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (4.12 ശതമാനം), മണപ്പുറം ഫിനാന്‍സ് (3.63 ശതമാനം), പ്രൈമ അഗ്രോ (4.81 ശതമാനം) എന്നിവരും മികച്ച നേട്ടമുണ്ടാക്കി.
യൂണിറോയല്‍, ടി.സി.എം., ഇന്‍ഡിട്രേഡ്, കിറ്റെക്‌സ്, മുത്തൂറ്റ് ഫിനാന്‍സ് എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ട കേരള ഓഹരികള്‍. 2-4.6 ശതമാനം നഷ്ടമാണ് ഇവ കുറിച്ചത്.
കേരള ആയുര്‍വേദയുടെ നേട്ടം
മാതൃകമ്പനിയായ കാട്രാ ഹോള്‍ഡിംഗ്‌സ് കേരള ആയുര്‍വേദയിലെ ഓഹരി പങ്കാളിത്തം ഉയര്‍ത്തുന്നുവെന്ന് കമ്പനി ഇന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇത് ഓഹരിക്കുതിപ്പിന് വഴിയൊരുക്കി. നിലവില്‍ കേരള ആയുര്‍വേദയില്‍ 61.52 ശതമാനം ഓഹരി പങ്കാളിത്തമാണ് കാട്രയ്ക്കുള്ളത്. ഇത് 63.44 ശതമാനമായാണ് ഉയര്‍ത്തുന്നത്.
ഇതിന്റെ ഭാഗമായി 5.55 ലക്ഷം ഓഹരികള്‍ കാട്രാ അധികമായി ഏറ്റെടുക്കും. പത്ത് രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 115.21 രൂപ പ്രീമിയവുമായി 125.21 രൂപയ്ക്ക് വീതമാണ് ഇടപാട്. 6.94 കോടി രൂപ മതിക്കുന്ന ഇടപാടാണിത്.
രൂപയ്ക്ക് ഇന്നും തളര്‍ച്ച
ഡോളറിനെതിരെ ഇന്ന് വ്യാപാരാന്ത്യം രൂപയുടെ മൂല്യമുള്ളത് 82.79ലാണ്. ഇന്നലെ മൂല്യം 82.73 ആയിരുന്നു. അമേരിക്കന്‍ ട്രഷറി യീല്‍ഡുകളുടെ വളര്‍ച്ചയും ഡോളറിന്റെ മുന്നേറ്റവുമാണ് തിരിച്ചടിയാകുന്നത്.
റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചതിനാല്‍ ഇന്ന് വലിയ തകര്‍ച്ചയില്‍പ്പെടാതെ രൂപ രക്ഷപ്പെട്ടു. മറ്റ് പ്രധാന ഏഷ്യന്‍ കറന്‍സികളെല്ലാം വലിയ തിരിച്ചടി നേരിട്ടിട്ടുണ്ട്.