നൈകയുടെ ഐപിഒ 28ന് തുറക്കും: സമാഹരിക്കുന്നത് 5,200 കോടി രൂപ, കൂടുതല്‍ വിവരങ്ങളിതാ

630 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 43.11 ദശലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുന്നത്

Update: 2021-10-22 04:29 GMT

പ്രമുഖ സൗന്ദര്യ വര്‍ധക വസ്തുക്കളുടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ നൈകയുടെ പ്രാരംഭ ഓഹരി വില്‍പ്പന അടുത്ത ആഴ്ചയോടെ നടക്കും. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ ഒന്നുവരെ നടക്കുന്ന ഐപിഒയിലൂടെ 5,200 കോടി രൂപ സമാഹരിക്കാനാണ് നൈക ലക്ഷ്യമിടുന്നത്. അതേസമയം, ഐപിഒയ്ക്ക് മുന്നോടിയായി 2,340 കോടി സമാഹരിക്കുന്നതിനുള്ള ആങ്കര്‍ ഇഷ്യു 27 ന് നടക്കുമെന്നും ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അംഗീകരിച്ച കമ്പനിയുടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) അനുസരിച്ച് 5,200 കോടി രൂപയുടെ ഐപിഒയില്‍ 630 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 43.11 ദശലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് നടക്കുക. നിലവിലെ നക്ഷേപകരായ ടിപിജി, ലൈറ്റ് ഹൗസ് ഇന്ത്യ ഫണ്ട്, ജെഎം ഫിനാന്‍ഷ്യല്‍സ്, യോഗേഷ് ഏജന്‍സീസ്, സുനില്‍ കാന്ത് മുന്‍ജല്‍, ഹരിന്ദര്‍പാല്‍ സിംഗ് ബംഗ, നരോതം ശേഖരിയ, നരോതം ശേഖരിയ, മാലാ ഗാവോങ്കര്‍ എന്നിവരുടെ ഓഹരികളാണ് ഓഫര്‍ ഫോര്‍ സെയ്‌ലിലൂടെ കൈമാറുന്നത്.
മുംബൈ ആസ്ഥാനമായുള്ള കമ്പനി പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കായി കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, ബോഫ സെക്യൂരിറ്റീസ്, ഐസിഐസിഐ സെക്യൂരിറ്റീസ്, സിറ്റി ബാങ്ക്, മോര്‍ഗന്‍ സ്റ്റാന്‍ലി, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവയെയാണ് നിയമിച്ചിട്ടുള്ളത്. ഫല്‍ഗുനി നായര്‍ 2012 ല്‍ ആരംഭിച്ച നൈക ഇന്ത്യയിലെ ഏറ്റവും സവിശേഷമായ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാണ്. നൈകയുടെ 53 ശതമാനം ഓഹരികളും ഫല്‍ഗുനി നായരുടെയും കുടുംബത്തിന്റെയും കൈവശമാണുള്ളത്. ഐപിഒയ്ക്ക് ശേഷവും ഈ പങ്കാളിത്തം തുടരും.


Tags:    

Similar News