ഓഹരി വിപണിയില്‍ തിളങ്ങി ഓയ്ല്‍ ഇന്ത്യയും ഒഎന്‍ജിസിയും

ഓയ്ല്‍ ഇന്ത്യ 244.5 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്

Update:2022-03-02 18:00 IST

ആഗോളവിപണിയില്‍ ക്രൂഡ് ഓയ്ല്‍ വില 2014 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ന്നതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ മിന്നിത്തിളങ്ങി ഓയ്ല്‍ ഇന്ത്യയും ഒഎന്‍ജിസിയും. സെന്‍സെക്‌സ് സൂചിക 1.38 ശതമാനം ഇടിഞ്ഞപ്പോഴാണ് ഇരുകമ്പനികളും മികച്ച പ്രകടനം കാഴ്ചവെച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ പര്യവേക്ഷണ, ഉല്‍പ്പാദന കമ്പനികളായ ഓയ്ല്‍ ഇന്ത്യയുടെ ഓഹരി വില 9.69 ശതമാനവും ഓയ്ല്‍ നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ (ഒഎന്‍ജിസി) ഓഹരി വില 1.46 ശതമാനവുമാണ് ഉയര്‍ന്നത്. ഒരു ഘട്ടത്തില്‍ 4.6 ശതമാനത്തോളം ഉയര്‍ന്ന ഒഎന്‍ജിസിയുടെ ഓഹരി വില വ്യാപാരാന്ത്യത്തില്‍ 1.46 ശതമാനത്തിലേക്ക് താഴുകയായിരുന്നു. 163 രൂപയിലാണ് ഒഎന്‍ജിസി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 21 രൂപ വര്‍ധിച്ച് ഓയ്ല്‍ ഇന്ത്യയുടെ ഓഹരി വില 244.5 രൂപയിലാണ് ക്ലോസ് ചെയ്തത്.

അതേസമയം, ഇരുകമ്പനികളും ആറ് മാസത്തിനിടെ മികച്ച നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഓയ്ല്‍ ഇന്ത്യയുടെ ഓഹരി വില ആറ് മാസത്തിനിടെ 36 ശതമാനം ഉയര്‍ന്നപ്പോള്‍ ഒഎന്‍ജിസി 33 ശതമാനത്തിന്റെ വളര്‍ച്ചയാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്.

യുക്രെയ്ന്‍ - റഷ്യ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍നിര എണ്ണ കയറ്റുമതിക്കാരായ റഷ്യയില്‍നിന്നുള്ള ലഭ്യത കുറയുമെന്ന ഭയമാണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയ്ല്‍ വില ഉയരാന്‍ കാരണം. ക്രൂഡ് ഓയ്ല്‍ വില ബുധനാഴ്ച ഏകദേശം അഞ്ച് ശതമാനം ഉയര്‍ന്ന് ബാരലിന് 110 ഡോളറിലെത്തി.

Tags:    

Similar News