ആസ്റ്ററിന്റെ 9 ശതമാനം ഓഹരികള്‍ വിറ്റഴിച്ച് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം; വാങ്ങിയവരില്‍ സിംഗപ്പൂര്‍ സര്‍ക്കാരും
ബള്‍ക്ക് ഡീല്‍ വഴി 1,530 കോടി രൂപയുടെ ഓഹരികളാണ് കൈമാറ്റം ചെയ്തത്;
ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള പ്രമുഖ ഹെല്‍ത്ത്കെയര്‍ ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ഓഹരികള്‍ ഇന്ന് ആറ് ശതമാനത്തിലധികം കുതിച്ചുയര്‍ന്നു.
പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഒളിമ്പസ് ക്യാപിറ്റല്‍ ഏഷ്യ ആസ്റ്ററിന്റെ 9.01 ശതമാനം ഓഹരികള്‍ ബള്‍ക്ക് ഡീല്‍ വഴി കൈമാറ്റം നടത്തിയതിന് ശേഷമാണ് ഓഹരി വില ഉയർന്നത് . ഓഹരി ഒന്നിന് 340 രൂപ നിരക്കില്‍ 4.5 കോടി ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. 1,530 കോടി രൂപയായിരുന്നു കൈമാറ്റത്തിന്റെ മൊത്തം മൂല്യം.
ഗവണ്മെന്റ് ഓഫ് സിംഗപ്പൂര്‍ 89 കോടി രൂപ മൂല്യം വരുന്ന ഓഹരികളും ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ മ്യൂച്വല്‍ ഫണ്ട് 107 കോടി രൂപയുടെ ഓഹരികളും മോര്‍ഗന്‍ സ്റ്റാന്‍ലി 227 കോടി രൂപയുടെ ഓഹരികളും ഇന്നത്തെ ഡീല്‍ വഴി സ്വന്തമാക്കി. ഓഹരി വന്യ മറ്റു നിക്ഷേപകരെ കുറിച്ച് ഇനിയും വിവരങ്ങൾ ലഭ്യമായിട്ടില്ല. മാര്‍ച്ച് പാദത്തിലെ കണക്ക് പ്രകാരം ഒളിമ്പസിന് ആസ്റ്ററില്‍ 10.1 ശതമാനം ഓഹരികളാണുള്ളത്.
Also Read: കേരളത്തില്‍ വന്‍ നിക്ഷേപത്തിന് ആസ്റ്റര്‍; പുതിയ ആശുപത്രികളുടെ നിര്‍മാണവും വിപുലീകരണവും ദ്രുതഗതിയിൽ
ഓഹരിയും നേട്ടവും
ഇന്ന് 6.72 ശതമാനം ഉയര്‍ന്ന് 380.20 രൂപയിലാണ് ആസ്റ്റര്‍ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. മൂന്ന് വര്‍ഷക്കാലയളവില്‍ 131 ശതമാനത്തിലധികം നേട്ടം നല്‍കിയിട്ടുള്ള ഓഹരിയാണ് ആസ്റ്റര്‍. അടുത്തിടെ ഗള്‍ഫ് ബിസിനസിനെ വേര്‍പെടുത്തിയ ആസ്റ്റര്‍ അതു വഴി ലഭിച്ച തുക ഉപയോഗിച്ച് ഓഹരിയൊന്നിന് 118 രൂപ വീതം ലാഭവിഹിതവും നല്‍കിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആസ്റ്ററിന്റെ മൊത്ത വരുമാനം 3,723.75 കോടി രൂപയാണ്. ഇക്കാലയളവില്‍ ലാഭം 211.56 കോടി രൂപയുമാണ്.