ഒഎന്‍ജിസിക്ക് 18,348 കോടിയുടെ ലാഭം; റിലയന്‍സിനെ മറികടന്ന് പുത്തന്‍ റെക്കോഡ്
ഒരു ഇന്ത്യന്‍ കമ്പനി സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന ത്രൈമാസ അറ്റാദായമാണ് ഒഎന്‍ജിസി നേടിയത്
പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിക്ക് ത്രൈമാസ ലാഭത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഒരു ഇന്ത്യന്‍ കമ്പനി ഏതെങ്കിലും ഒരു പാദത്തില്‍ സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന അറ്റാദായമാണ് ഒഎന്‍ജിസി നേടിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിൻ്റെ രണ്ടാം പാദത്തില്‍ (ജൂലൈ- സെപ്റ്റംബര്‍) 18,348 കോടി രൂപയാണ് ഒഎന്‍ജിസിയുടെ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ പദാത്തെ അപേക്ഷിച്ച് 565.3 ശതമാനത്തിൻ്റെ വര്‍ധനവാണ് അറ്റാദായത്തില്‍ ഉണ്ടായത്.
ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ 24,353 കോടിയുടെ മൊത്ത വരുമാനമാണ് ഒഎന്‍ജിസി നേടിയത്. മുന്‍വര്‍ഷം ഇത് 16,916 കോടിയായിരുന്നു. ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് നേടിയ 15,479 കോടിയുടെ റെക്കോര്‍ഡ് ലാഭമാണ് ഒഎന്‍ജിസി മറികടന്നത്.
ഓഹരി ഒന്നിന് 5.5 രൂപവെച്ച് ഇടക്കാല ഡിവിഡന്റും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 23ന് ആണ് ഡിവിഡന്റ് വിതരണം ചെയ്യുന്നത്. അതേ സമയം ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ കമ്പനിയുടെ ക്രൂഡ് ഓയില്‍ ഉത്പാദനം 3.8 ശതമാനം കുറഞ്ഞ് 5.47 MMT ആയിരുന്നു. ഗ്യാസ് ഉത്പാദനവും 7 ശതമാനം കുറഞ്ഞ് 5.467 BCMല്‍ എത്തി. കോവിഡും ടൗട്ടെ ചുഴലിക്കാറ്റും ഉത്പാദനം കുറയാന്‍ കാരണമായി.