അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ഐപിഒകള്‍, വന്‍ പദ്ധതികളുമായി പതഞ്ജലി ഗ്രൂപ്പ്

ഇന്ന് നടക്കാനിരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും

Update: 2022-09-16 04:31 GMT

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഗ്രൂപ്പിന് കീഴിലെ കമ്പനികളുടെ ഓഹരി പ്രവേശനം നടത്താനുള്ള നീക്കവുമായി പതഞ്ജലി ഗ്രൂപ്പ്. യോഗാ ഗുരു ബാബ രാംദേവ് ഡല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തിലേക്ക് ക്ഷണിച്ച ഒരു പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 5 പുതിയ ഐപിഒ പ്ലാനുകളാണ് രാംദേവ് നടത്താനുദ്ദേശിക്കുന്നത്. ഇതിലൂടെ ബിസിനസ് രംഗത്ത് കൂടുതല്‍ മുന്നേറാനാണ് പതഞ്ജലി ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്.

കൂടാതെ, പതഞ്ജലി ഗ്രൂപ്പിന്റെ വിഷന്‍ & മിഷന്‍ 2027 രൂപരേഖയും ഇന്ന് (സെപ്റ്റംബര്‍ 16) നടക്കാനിരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള ഗ്രൂപ്പിന്റെ സംഭാവനകള്‍ക്കായി അടുത്ത 5 വര്‍ഷത്തേക്ക് 5 പ്രധാന മുന്‍ഗണനകളും ലക്ഷ്യങ്ങളും വിവരിക്കുകയും ചെയ്യും.

2022 സാമ്പത്തിക വര്‍ഷത്തില്‍ പതഞ്ജലിയുടെ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ 9,810.74 കോടി രൂപയില്‍ നിന്ന് 10,664.46 കോടി രൂപയായി ഉയര്‍ന്നിരുന്നു. എന്നിരുന്നാലും, അറ്റാദായം 745.03 കോടിയില്‍ നിന്ന് 740.38 കോടി രൂപയായി കുറഞ്ഞു.

കമ്പനിയുടെ എഫ്എംസിജി ബിസിനസ് വരുമാനം 2021ലെ 8,778.03 കോടിയില്‍ നിന്ന് 2022ല്‍ 9,241.27 കോടിയായാണ് വര്‍ധിച്ചത്. ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ ബിസിനസ് 925.09 കോടി രൂപയില്‍ നിന്ന് 1,273.92 കോടി രൂപയായും ഉയര്‍ന്നു.

Tags:    

Similar News