പേയ്ടിഎമ്മില്‍ നോട്ടമിട്ട് അദാനി; അപ്പര്‍-സര്‍ക്യൂട്ടില്‍ തട്ടി ഓഹരി, കേൾക്കുന്നത് വെറും ഊഹാപോഹമോ?
ഡിജിറ്റല്‍ പേയ്‌മെന്റ് സേവനരംഗത്തേക്കും അദാനി കടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്
പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് സേവനദാതാക്കളായ പേയ്ടിഎമ്മിന്റെ (വണ്‍97 കമ്മ്യൂണിക്കേഷന്‍സ്) ഓഹരികള്‍ ഇന്ന് വ്യാപാരത്തിന്റെ ആദ്യ നിമിഷങ്ങളില്‍ തന്നെ 5 ശതമാനം കുതിച്ച് അപ്പര്‍-സര്‍ക്യൂട്ടിലെത്തി. പേയ്ടിഎമ്മില്‍ ഓഹരി പങ്കാളിത്തം നേടാന്‍ കമ്പനിയുടെ സി.ഇ.ഒ വിജയ് ശേഖര്‍ ശര്‍മ്മയുമായി അദാനി ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഓഹരികളില്‍ കുതിപ്പിന് കളമൊരുക്കിയത്.
ബി.എസ്.ഇയില്‍ 5 ശതമാനം ഉയര്‍ന്ന് 359.55 രൂപയും എന്‍.എസ്.ഇയില്‍ 5 ശതമാനം കുതിച്ച് 359.45 രൂപയിലുമാണ് ഇപ്പോള്‍ പേയ്ടിഎം ഓഹരിയുള്ളത്.
2022ല്‍ അദാനി ഗ്രൂപ്പ് 'അദാനി വണ്‍' എന്ന മൊബൈല്‍ ആപ്പ് അവതരിപ്പിച്ചിരുന്നു. നിലവില്‍ ട്രെയിന്‍, വിമാന യാത്രാടിക്കറ്റുകള്‍, ഹോട്ടല്‍ മുറികള്‍ എന്നിവയുടെ ബുക്കിംഗ് സേവനമാണ് ഈ ആപ്പ് നല്‍കുന്നത്.
യു.പി.ഐ സേവനത്തിലേക്കും ആപ്പുവഴി അദാനി ഗ്രൂപ്പ് കടക്കുമെന്ന് ഇന്നലെ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ പേയ്ടിഎമ്മിന്റെ ഓഹരി വാങ്ങാനും അദാനി നീക്കംനടത്തുന്നതായുള്ള വാര്‍ത്തകള്‍.
നിഷേധിച്ച് പേയ്ടിഎം
അതേസമയം, ഓഹരി വാങ്ങാന്‍ അദാനി ശ്രമിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ ഊഹാപോഹങ്ങള്‍ മാത്രമാണെന്നും ഈ വിഷയത്തില്‍ പേയ്ടിഎം ചര്‍ച്ചകളൊന്നും നടത്തുന്നില്ലെന്നും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച കത്തില്‍ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് വ്യക്തമാക്കി.
പേയ്ടിഎം സ്ഥാപകനും സി.ഇ.ഒയുമായ വിജയ് ശേഖര്‍ ശര്‍മ്മയുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ഗുജറാത്തിലെ അഹമ്മദാബാദില്‍ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത് പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സില്‍ ഓഹരി പങ്കാളിത്തം നേടാനുള്ള അദാനിയുടെ നീക്കങ്ങളുടെ ഭാഗമാണെന്നും വിലയിരുത്തപ്പെട്ടു.
പ്രതിസന്ധികളുടെ പേയ്ടിഎം
കെ.വൈ.സി തിരിമറി അടക്കമുള്ള വീഴ്ചകളെ തുടര്‍ന്ന് റിസര്‍വ് ബാങ്കിന്റെ വിലക്ക് നേരിടുകയാണ് പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്ക് (PPBL). ഇക്കഴിഞ്ഞ മാര്‍ച്ചുപാദത്തില്‍ കമ്പനി 550 കോടി രൂപയുടെ നഷ്ടവും നേരിട്ടു. യു.പി.ഐ സേവനങ്ങളിലും കമ്പനിയുടെ അപ്രമാദിത്തം കുറയുകയാണ്.
ഈ പ്രതിസന്ധികള്‍ക്കിടെയാണ് പേയ്ടിഎം ഓഹരികളില്‍ അദാനി കണ്ണുവയ്ക്കുന്നെന്ന വാര്‍ത്തകളെത്തിയത്. വണ്‍97 കമ്മ്യൂണിക്കേഷന്‍സില്‍ വിജയ് ശേഖര്‍ ശര്‍മ്മയ്ക്ക് 19 ശതമാനമാണ് ഓഹരി പങ്കാളിത്തം; ഇതിന് ഏകദേശം 4,500 കോടി രൂപ മൂല്യം വരും. 2007ലാണ് അദ്ദേഹം പേയ്ടിഎം സ്ഥാപിച്ചത്.