പേയ്ടിഎം ഓഹരി തകര്‍ന്നടിഞ്ഞു, റിസര്‍വ് ബാങ്കിന്റെ വിലക്ക് ഇടപാടുകാരുടെ പണത്തെ ബാധിക്കില്ല
ബ്രോക്കറേജ് ജെഫറീസ് പേയ്ടിഎമ്മിന്റെ ഓഹരികളെ 'തരംതാഴ്ത്തി'
പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെതിരെ കൂടുതല്‍ കടുത്ത നടപടികളുമായി റിസര്‍വ് ബാങ്ക്. ഫെബ്രുവരി 29ന് ശേഷം നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ നിക്ഷേപ, വായ്പാ ഇടപാടുകള്‍ നടത്തുകയോ ചെയ്യരുതെന്നാണ് നിര്‍ദേശം.
പ്രീപെയ്ഡ് സൗകര്യങ്ങള്‍, വാലറ്റുകള്‍, ഫാസ്ടാഗ് തുടങ്ങിയവ ടോപ്-അപ്പ് (നിക്ഷേപം വര്‍ധിപ്പിക്കുക) ചെയ്യരുതെന്നും റിസര്‍വ് ബാങ്ക് ഉത്തരവിട്ടിട്ടുണ്ട്. പ്രവര്‍ത്തന ചട്ടങ്ങളില്‍ തുടര്‍ച്ചയായി വീഴ്ചവരുത്തിയതിനെ തുടര്‍ന്നാണ് പേയ്ടിഎം ബാങ്കിനെതിരെ റിസര്‍വ് ബാങ്ക് കടുത്ത നടപടിയിലേക്ക് കടന്നത്. 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ നിയമം സെക്ഷന്‍ 35 എ പ്രകാരമാണ് നടപടിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. തുടര്‍ച്ചയായ വീഴ്ചകളുടെ പശ്ചാത്തലത്തില്‍ സ്വതന്ത്ര ഓഡിറ്ററെ നിയമിച്ച് റിപ്പോര്‍ട്ട് തേടിയ ശേഷമാണ് റിസര്‍വ് ബാങ്കിന്റെ നടപടി.
നിലവിലെ ഇടപാടുകാരെ ബാധിക്കില്ല
നിലവിലെ ഇടപാടുകാര്‍ക്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ തടസ്സമില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകളിലെ പണം പിന്‍വലിക്കാം, ഫാസ്ടാഗ്, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയിലെ പണം ഉപയോഗിക്കാനും പിന്‍വലിക്കാനും തടസ്സമില്ല. എന്നാല്‍, ഫെബ്രുവരി 29ന് ശേഷം അക്കൗണ്ടുകളിലും ഫാസ്ടാഗിലും നിക്ഷേപം വര്‍ധിപ്പിക്കാനും ടോപ്-അപ്പ് ചെയ്യാനും ഉപയോക്താക്കള്‍ക്ക് കഴിയില്ല.
അതേസമയം, പേയ്ടിഎം ആപ്പ് (UPI) ഉപയോഗിക്കാന്‍ തടസ്സമില്ല. കാരണം, ഇത് വരുന്നത് പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന് കീഴിലാണ്. ഇന്ന് പേയ്ടിഎം ബാങ്കില്‍ നിന്ന് നിക്ഷേപകര്‍ വന്‍തോതില്‍ പണം വിന്‍വലിക്കാൻ സാധ്യതയുണ്ട്.
തുടര്‍ച്ചയായ നടപടി
പ്രവര്‍ത്തന ചട്ടങ്ങളിലെ വീഴ്ചകളെ തുടര്‍ന്ന് നിരന്തരം റിസര്‍വ് ബാങ്കിന്റെ നടപടികള്‍ നേരിടുകയാണ് പേയ്ടിഎം പേമെന്റ്‌സ് ബാങ്ക്. ഉപയോക്താക്കളുടെ വിവരങ്ങള്‍ (KYC) ശേഖരിക്കുന്നതിലെ വീഴ്ചയും ഇതിലുള്‍പ്പെടുന്നു.
പേയ്ടിഎമ്മില്‍ ചൈനീസ് നിക്ഷേപകര്‍ക്ക് ഓഹരി പങ്കാളിത്തമുണ്ടെന്നത് കേന്ദ്രസര്‍ക്കാരിനെയും ആശങ്കപ്പെടുത്തിയിരുന്നു. ചട്ടങ്ങളിലെ വീഴ്ചയെ തുടര്‍ന്ന് പുതിയ ഉപയോക്താക്കളെ ഇനി ചേര്‍ക്കരുതെന്ന് 2022 മാര്‍ച്ചില്‍ പേയ്ടിഎമ്മിനോട് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു. വീഴ്ചകളെ തുടര്‍ന്ന് 2023 ഒക്ടോബറില്‍ 5.4 കോടി രൂപ പിഴയും വിധിച്ചിരുന്നു.
ഓഹരിവില തകര്‍ന്നടിഞ്ഞു
റിസര്‍വ് ബാങ്ക് നടപടികളുടെ പശ്ചാത്തലത്തില്‍ പേയ്ടിഎം ഓഹരിവില ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ കനത്ത വില്‍പന സമ്മര്‍ദ്ദത്തില്‍ മുങ്ങിക്കഴിഞ്ഞു. ജെഫറീസ് അടക്കമുള്ള ബ്രോക്കറേജുകള്‍ പേയ്ടിഎം ഓഹരികളെ ഡൗണ്‍ഗ്രേഡ് ചെയതതും ആഘാതം കൂട്ടി. നിലവില്‍ 20 ശതമാനം ഇടിഞ്ഞ് 609 രൂപയിലാണ് ഓഹരി വിലയുള്ളത്. റിസര്‍വ് ബാങ്കിന്റെ നടപടി വരുമാനത്തില്‍ 300-500 കോടി രൂപയുടെ ഇടിവിന് വഴിവച്ചേക്കുമെന്നാണ് പേയ്ടിഎമ്മിന്റെ വിലയിരുത്തല്‍.