പോപ്പുലര്‍ വെഹിക്കിള്‍സ് ഐ.പി.ഒ മാര്‍ച്ച് 12 മുതല്‍; എത്ര ഓഹരികൾ വാങ്ങാം? എന്താണ് വില?
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വാഹന ഡീലര്‍മാരാണ് കൊച്ചി ആസ്ഥാനമായ പോപ്പുലര്‍ വെഹിക്കിള്‍സ്
കാത്തിരിപ്പിന് വിരാമം. കൊച്ചി ആസ്ഥാനമായ, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വാഹന ഡീലര്‍മാരിലൊന്നായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസിന്റെ പ്രാരംഭ ഓഹരി വില്‍പന (IPO) മാര്‍ച്ച് 12 മുതല്‍ 14 വരെ നടക്കും. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള വില്‍പന മാര്‍ച്ച് 11ന് തുടങ്ങും. മാര്‍ച്ച് 15ന് ഓഹരികള്‍ അലോട്ട് ചെയ്യും. 19നാണ് ലിസ്റ്റിംഗ്.
മൊത്തം 600 കോടി രൂപയുടെ സമാഹരണം ഉന്നമിടുന്ന ഐ.പി.ഒയില്‍ 250 കോടിയുടേത് പുതിയ ഓഹരികളായിരിക്കും (Fresh Issue). നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള ഓഹരികളില്‍ നിശ്ചിതപങ്ക് വിറ്റഴിക്കുന്ന ഓഫര്‍-ഫോര്‍-സെയില്‍ (OFS) വഴി 11.92 ദശലക്ഷം ഓഹരികളും വിറ്റഴിക്കും. 280-295 രൂപയാണ് പ്രൈസ് ബാൻഡ്.
കുറഞ്ഞത് 50 ഓഹരികള്‍ക്കും തുടർന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. അര്‍ഹരായ ജീവനക്കാര്‍ക്കായി നീക്കിവച്ചിരിക്കുന്ന ഓഹരികള്‍ക്ക് ഒന്നിന് 28 രൂപ വീതം ഡിസ്കൗണ്ട് ലഭിക്കും. ഓഹരികള്‍ എന്‍.എസ്.ഇയിലും ബി.എസ്.ഇ.യിലും ലിസ്റ്റ് ചെയ്യും.
പോപ്പുലറിന്റെ ലക്ഷ്യങ്ങള്‍
2023 ഡിസംബറിലെ കണക്കുപ്രകാരം 637.06 കോടി രൂപയുടെ കടബാധ്യത പോപ്പുലര്‍ വെഹിക്കിള്‍സിനുണ്ട്. ഐ.പി.ഒയിലൂടെ സമാഹരിക്കുന്ന തുകയില്‍ 192 കോടി രൂപ കടബാധ്യത കുറയ്ക്കാന്‍ പ്രയോജനപ്പെടുത്തും. അതുവഴി ബാലന്‍സ് ഷീറ്റ് മികവുറ്റതാക്കും. ബാക്കിത്തുക വികസനപദ്ധതികള്‍ക്കായി വിനിയോഗിക്കും.
ഓഹരി പങ്കാളിത്തം ഇങ്ങനെ
എറണാകുളം മാമംഗലത്ത് കുറ്റൂക്കാരന്‍ സെന്റര്‍ ആണ് പോപ്പുലര്‍ വെഹിക്കിള്‍സിന്റെ ആസ്ഥാനം. ജോണ്‍ കെ. പോള്‍, സഹോദരന്‍ ഫ്രാന്‍സിസ് കെ. പോള്‍, അനന്തരവന്‍ നവീന്‍ ഫിലിപ്പ് എന്നിവരാണ് പ്രമോട്ടര്‍മാര്‍ (ഡയറക്ടര്‍മാര്‍). ഇവര്‍ക്ക് സംയുക്തമായി 69.45 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഐ.പി.ഒയ്ക്ക് ശേഷം ഇത് 60 ശതമാനത്തിന് താഴെയായി കുറഞ്ഞേക്കും (23.15 ശതമാനം വീതം).
ഏറ്റവും വലിയ ഓഹരി ഉടമകളും പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപ സ്ഥാപനവുമായ ബന്യന്‍ ട്രീക്കും പൊതു ഓഹരി ഉടമകള്‍ക്കുമാണ് ബാക്കി ഓഹരി പങ്കാളിത്തം. ഓഫര്‍-ഫോര്‍-സെയിലില്‍ ബന്യന്‍ ട്രീ 1.19 കോടി ഓഹരികള്‍ വിറ്റഴിക്കുന്നുണ്ട്.
മാരുതിയുടെ വലിയ ഡീലര്‍; മൊത്തം 7 ബ്രാന്‍ഡുകള്‍
മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഡീലര്‍മാരിലൊന്നാണ് പോപ്പുലര്‍ വെഹിക്കിള്‍സ്. മാരുതി സുസുക്കി, ഹോണ്ട കാര്‍സ്, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ടാറ്റാ മോട്ടോഴ്‌സ്, ഡയംലര്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ്, ഇലക്ട്രിക് വാഹന ബ്രാന്‍ഡുകളായ പിയാജിയോ വെഹിക്കിള്‍സ്, ഏഥര്‍ എനര്‍ജി എന്നിങ്ങനെ ഏഴ് പ്രമുഖ ബ്രാന്‍ഡുകളുടെ ഡീലര്‍ഷിപ്പ് ശൃംഖലയാണ് പോപ്പുലറിനുള്ളത്.
കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 61 ഷോറൂമുകളുണ്ട്. 133 സെയില്‍സ് ഔട്ട്‌ലെറ്റ് ആന്‍ഡ് ബുക്കിംഗ് ഓഫീസുകളും 139 സര്‍വീസ് സെന്ററുകളും പ്രവര്‍ത്തിക്കുന്നു. യൂസ്ഡ് (പ്രീ-ഓണ്‍ഡ്) വാഹനങ്ങളുടെ 30 ഔട്ട്‌ലെറ്റുകളുമുണ്ട്.
2022-23ല്‍ മൊത്തം 60,000 വാഹനങ്ങള്‍ പോപ്പുലര്‍ വിറ്റഴിച്ചു. ഇതില്‍ 48,000 പുതിയ വാഹനങ്ങളും 12,000 പ്രീ-ഓണ്‍ഡ് വാഹനങ്ങളുമായിരുന്നു. നടപ്പുവര്‍ഷം ആദ്യപാതിയില്‍ (2023-24 ഏപ്രില്‍-സെപ്റ്റംബര്‍) 28,500 വാഹനങ്ങളാണ് വിറ്റഴിച്ചത്. ഇതില്‍ 23,993 എണ്ണവും പുത്തന്‍ വാഹനങ്ങളാണ്.
ലാഭവും വരുമാനവും
2022-23ല്‍ പോപ്പുലര്‍ 64.07 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 90 ശതമാനത്തോളമായിരുന്നു വളര്‍ച്ച. വരുമാനം 40.65 ശതമാനം ഉയര്‍ന്ന് 4,875 കോടി രൂപയിലെത്തി.
നടപ്പുവര്‍ഷം ഏപ്രില്‍-സെപ്റ്റംബറില്‍ 40 കോടി രൂപ ലാഭവും 2,835 കോടി രൂപ വരുമാനവും നേടാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. പോപ്പുലര്‍ വെഹിക്കിള്‍സിന്റെ വളര്‍ച്ചയുടെ പടവുകളെ കുറിച്ചറിയാന്‍ വായിക്കുക : 7 ബ്രാന്‍ഡുകള്‍, ₹5000 കോടി വിറ്റുവരവ്; ഈ കേരള കമ്പനിയും ഇനി ഓഹരി വിപണിയിലേക്ക് (Click here)