ഈ സ്മാള്‍ ക്യാപ് ഓഹരി വീണ്ടും വാങ്ങിക്കൂട്ടി പൊറിഞ്ചു വെളിയത്ത്

ഒരു വര്‍ഷത്തിനിടെ 395 ശതമാനം വര്‍ധനവാണ് ഈ കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്

Update:2022-04-18 15:37 IST

Image : File

ഓഹരി വിപണി ചാഞ്ചാടുമ്പോഴും സ്മാള്‍ ക്യാപ് കമ്പനിയിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ച് ഇക്വിറ്റി ഇന്റലിജന്‍സിന്റെ സ്ഥാപകനും പ്രശസ്ത പോര്‍ട്ട്‌ഫോളിയോ മാനേജറുമായ പൊറിഞ്ചു വെളിയത്ത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരികള്‍ സ്വന്തമാക്കിയ തനേജ എയ്റോസ്പേസ് & ഏവിയേഷന്‍ ലിമിറ്റഡിലെ ഓഹരി പങ്കാളിത്തമാണ് പൊറിഞ്ചു കൂട്ടിയത്. ഓഹരികളുടെ 1.07 ശതമാനം പങ്കാളിത്തം 1.20 ശതമാനമായാണ് ഉയര്‍ത്തിയത്.

തനേജ എയ്റോസ്പേസ് ആന്‍ഡ് ഏവിയേഷന്‍ ലിമിറ്റഡിന്റെ 2022 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച്, പൊറിഞ്ചു വെളിയത്ത് 3 ലക്ഷം ഓഹരികളാണ് കൈവശപ്പെടുത്തിയിട്ടുള്ളത്. ഇത് കമ്പനിയുടെ പെയ്ഡ് അപ്പ് ക്യാപിറ്റലിന്റെ 1.20 ശതമാനമാണ്. നേരത്തെ, 2021 ഡിസംബറില്‍ കമ്പനിയുടെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണില്‍, പൊറിഞ്ചു വെളിയത്ത് കമ്പനിയില്‍ 2.68 ലക്ഷം ഓഹരികള്‍ അഥവാ 1.07 ശതമാനമായിരുന്നു കൈവശപ്പെടുത്തിയിരുന്നത്. പിന്നീട് 2022 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ കമ്പനിയുടെ 32,000 ഓഹരികള്‍ അഥവാ 0.13 ശതമാനം ഓഹരികള്‍ വാങ്ങി പൊറിഞ്ചു വെളിയത്ത് എയ്റോസ്പേസ് മള്‍ട്ടിബാഗര്‍ സ്റ്റോക്കിലെ തന്റെ ഓഹരി ഉയര്‍ത്തി.
2021ലെ മള്‍ട്ടിബാഗര്‍ സ്റ്റോക്കുകളില്‍ ഒന്നാണ് തനേജ എയ്റോസ്പേസ്. ഒരു വര്‍ഷത്തിനിടെ 395 ശതമാനം നേട്ടമാണ് ഈ കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഒരു വര്‍ഷം മുമ്പ് 29.65 രൂപയായിരുന്നു ഓഹരി വിലയെങ്കില്‍ ഇന്ന് അത് 146.95 രൂപയിലാണ് എത്തി നില്‍ക്കുന്നത്.


Tags:    

Similar News