മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലിവര്‍പൂളുമടക്കം 3 ക്ലബ്ബുകളെ ലക്ഷ്യമിട്ട് ഖത്തര്‍

ലോകകപ്പിന് പിന്നാലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകളെ ഏറ്റെടുക്കാന്‍ ശ്രമിക്കുകയാണ് ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ്. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ട് ക്ലബ്ബുകള്‍ അറേബ്യന്‍ രാജ്യങ്ങളുടെ കൈകളിലാണ്

Update:2023-01-11 11:55 IST

courtesy-Manchester United/Twitter

ഇംഗ്ലീഷ് പ്രീമയിര്‍ ലീഗിലെ (EPL) മുന്‍നിര ക്ലബ്ബുകളെ ലക്ഷ്യമിട്ട് ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ് (QSI). മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍ എഫ്‌സി, ടോട്ടന്‍ഹാം എന്നീ ക്ലബ്ബുകളെയാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. ഈ മൂന്ന് ക്ലബ്ബുകളില്‍ ഏതെങ്കിലും ഒന്നിനെ ഖത്തര്‍ ഏറ്റെടുത്തേക്കും. ലോകകപ്പ് നടത്തിപ്പിലെ വിജയമാണ് കൂടുതല്‍ നിക്ഷേപം നടത്താന്‍ ക്യുഎസ്‌ഐയെ പ്രേരിപ്പിക്കുന്ന ഘടകം.

2022ലെ ഫുഡ്‌ബോള്‍ ലോകകപ്പിനായി 10 വര്‍ഷം കൊണ്ട് 220 ബില്യണ്‍ ഡോളറോളം ആണ് ഖത്തര്‍ ചെലവഴിച്ചത്. ലോകകപ്പിലൂടെ 7.5 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് വരുമാനം ഫിഫയും നേടിയിരുന്നു. ക്യുഎസ്‌ഐ ചെയര്‍മാന്‍ നാസര്‍ അല്‍-ഖിലൈഫി അടുത്തിടെ ടോട്ടന്‍ഹാം അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിയിയെന്നാണ് റിപ്പോര്‍ട്ട്.

ഫുട്‌ബോള്‍ ബെഞ്ച്മാര്‍ക്കിന്റെ കണക്കുകള്‍ പ്രകാരം 2.15 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ക്ലബ്ബാണ് ടോട്ടന്‍ഹാം. ഇപിഎല്‍ ക്ലബ്ബായ ചെല്‍സി എഫ്‌സിയെ കഴിഞ്ഞ വര്‍ഷം യുഎസ് ആസ്ഥാനമായ ഒരു കണ്‍സോര്‍ഷ്യം ഏറ്റെടുത്തത് 2.69 ബില്യണ്‍ ഡോളറിനാണ്. ഏകദേശം 3.8 ബില്യണ്‍ ഡോളറോളം ആണ് ലിസ്റ്റഡ് കമ്പനിയായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിപണി മൂല്യം.

ക്യുഎസ്‌ഐയുടെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് പിഎസ്ജി. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ക്ലബ്ബായ എസ്.സി ബ്രാഗയുടെ 21.67 ശതമാനം ഓഹരികളും ക്യുഎസ്‌ഐയ്ക്ക് ഉണ്ട്. ഇതുകൂടാതെ സ്‌പോര്‍ട്‌സ് വാര്‍ത്തകല്‍ കൈകാര്യം ചെയ്യുന്ന ബീഇന്‍ (beIN) മീഡിയയിലും ക്യുഎസ്‌ഐ നിക്ഷേപം നടത്തിയിരുന്നു.

നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ട് ക്ലബ്ബുകള്‍ അറേബ്യന്‍ രാജ്യങ്ങളുടെ കൈകളിലാണ്. അബുദാബി ആസ്ഥാനമായ സിറ്റിഫുട്‌ബോള്‍ ഗ്രൂപ്പാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമകള്‍. ന്യൂകാസില്‍ യുണൈറ്റഡിനെ അടുത്തിടെ സൗദി അറേബ്യ വെല്‍ത്ത് ഫണ്ട് പിന്തുണയുള്ള കണ്‍സോര്‍ഷ്യമാണ് ഏറ്റെടുത്തത്.

Tags:    

Similar News