ഫെബ്രുവരിയില്‍ എസ്‌ഐപി നിക്ഷേപകരുടെ എണ്ണത്തില്‍ കുറവ്
ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപത്തില്‍ വര്‍ധന പ്രകടമാണെങ്കിലും പുതിയ എസ്‌ഐപി രജിസ്‌ട്രേഷനുകളുടെ എണ്ണം കുറയുന്നു
ഫെബ്രുവരിയില്‍ ഓഹരി ഫണ്ടുകളിലെ നിക്ഷേപം വര്‍ധിച്ചുവെങ്കിലും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിലെ (എസ്‌ഐപി) നിക്ഷേപത്തില്‍ കുറവ്. പുതിയ ഡീമാറ്റ് എക്കൗണ്ടുകളുടെ എണ്ണത്തിലും കുറവുണ്ട്. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ടസ് ഇന്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 2.34 ദശലക്ഷം പുതിയ എസ്‌ഐപി എക്കൗണ്ടുകളാണ് ഫെബ്രുവരിയില്‍ തുറന്നത്. അതേസമയം ജനുവരിയില്‍ 2.65 ദശലക്ഷം എക്കൗണ്ടുകള്‍ തുറന്നിരുന്നു.
എസ്‌ഐപി വഴിയുള്ള നിക്ഷേപം ഫെബ്രുവരിയില്‍ 11438 കോടി രൂപയാണ്. ജനുവരിയില്‍ 11517 കോടി രൂപയായിരുന്നു.
ഇന്ത്യന്‍ വിപണിയില്‍ വന്‍തോതിലുള്ള ചാഞ്ചാട്ടത്തിന് വിധേയമായിക്കൊണ്ടിരിക്കുമ്പോള്‍ നിക്ഷേപകരില്‍ പലരും മടിച്ചു നില്‍ക്കുന്നതാണ് കുറവിന് കാരണമെന്നാണ് വിലയിരുത്തല്‍. റഷ്യ-യുക്രൈന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശ നിക്ഷേപകരും വ്യാപകമായി ഇന്ത്യന്‍ വിപണിയിലെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു. സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമ്പോള്‍ വീണ്ടും നിക്ഷേപം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 24.54 ദശലക്ഷം പുതിയ എസ്‌ഐപി എക്കൗണ്ടുകളാണ് തുറന്നത്. കാലാവധി പൂര്‍ത്തിയാക്കിയതോ നിക്ഷേപം പാതിയില്‍ നിര്‍ത്തിയതോ ആയ എക്കൗണ്ടുകളുടെ എണ്ണം 10.06 ദശലക്ഷമാണ്. എസ്‌ഐപി വഴി കൈകാര്യം ചെയ്യുന്ന ആകെ ആസ്തി ഫെബ്രുവരിയില്‍ 2.49 ലക്ഷം കോടി രൂപയാണ്. അതേസമയം ജനുവരിയില്‍ 5.76 ലക്ഷം കോടി രൂപയായിരുന്നു.