അദാനി ഗ്രൂപ്പ് ഓഹരികളില്‍ ചില്ലറ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിച്ചു

മ്യൂച്വല്‍ ഫണ്ടുകളും വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരും ചില അദാനി ഓഹരികളിലെ വിഹിതം കുറച്ചു

Update: 2023-04-12 09:09 GMT

Stock Image

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ അദാനി ഗ്രൂപ്പ് ഓഹരികളിലെ ചില്ലറ(റീറ്റെയ്ല്‍) നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിച്ചു. അദാനി ഗ്രൂപ്പ് ഓഹരി കൃത്രിമത്വവും അക്കൗണ്ട് തട്ടിപ്പും നടത്തുന്നുവെന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കമ്പനി ഓഹരികളില്‍ 11000 കോടി ഡോളറിന്റെ മൂല്യത്തകര്‍ച്ച നേരിട്ട ശേഷമാണ് ഇപ്പോള്‍ നിക്ഷേപകരുടെ പങ്കാളിത്തം ഉയര്‍ന്നിരിക്കുന്നത്. 

10 ഓഹരികളിലും നിക്ഷേപകര്‍ കൂടി

അദാനി ഗ്രൂപ്പില്‍ പെട്ട 10 കമ്പനികളിലും ചില്ലറ നിക്ഷേപകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. മുഖ്യ കമ്പനിയായ അദാനി എന്റര്‍പ്രൈസസില്‍ ചെറുകിട നിക്ഷേപകരുടെ എണ്ണത്തില്‍ 4,93,173 ന്റെ വര്‍ധനയുണ്ടായി. അവരുടെ മൊത്തം ഓഹരി വിഹിതം 1.52 ശതമാനം വര്‍ധിച്ചു. അദാനി പോര്‍ട്‌സില്‍ 3,66,000 പുതിയ ചില്ലറ നിക്ഷേപകര്‍ എത്തി. കമ്പനിയുടെ ഓഹരി പങ്കാളിത്തം 1.29 ശതമാനം വര്‍ധിച്ച് 5.40 ശതമാനമായി. അദാനി ഗ്രീന്‍ എനര്‍ജിയില്‍ 353,127 പുതിയ നിക്ഷേപകര്‍ വന്നു. പങ്കാളിത്തം 1.34 ശതമാനം വര്‍ധിച്ച് 2.78 ശതമാനമായി.

അദാനി പവറില്‍ 3,02,380 പുതിയ നിക്ഷേപകരാണെത്തിയത്. വിഹിതം 1.18 ശതമാനം വര്‍ധിച്ച് 7.90 ശതമാനമായി. സിമന്റ് കമ്പനിയായ എ.സി.സി യില്‍ വിഹിതം 0.8 ശതമാനം വര്‍ധിച്ച് 10 ശതമാനമായി. അടുത്ത കാലത്ത് ഏറ്റെടുത്ത മാധ്യമ കമ്പനിയായ എന്‍.ഡി.ടി.വിയില്‍ ചില്ലറ നിക്ഷേപകരുടെ എണ്ണ 15170 വര്‍ധിച്ചു. മൊത്തം വിഹിതം 3.99 ശതമാനം ഉയര്‍ന്ന് 22.02 ശതമാനമായി.

മ്യൂച്വല്‍ഫണ്ടുകള്‍ നിക്ഷേപം കുറച്ചു

ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് വില തകര്‍ച്ച ഉണ്ടായതാകാം ചില്ലറ നിക്ഷേപകരെ അദാനി ഓഹരികളിലേക്ക് ആകര്‍ഷിച്ചത്. ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് വന്ന ജനുവരി 24 ന് ശേഷം അദാനി ഗ്രൂപ്പിലെ പല ഓഹരികളും 50 മുതല്‍ 75 ശതമാനം വരെ മൂല്യ തകര്‍ച്ച നേരിട്ടു. നിക്ഷേപക സ്ഥാപനമായ ജി.ക്യു.ജി പാര്‍ട്‌നെര്‍സ് നാല് അദാനി ഓഹരികളില്‍ 15,446 കോടി രൂപയുടെ നിക്ഷേപം നടത്തിയതും ചില്ലറ നിക്ഷേപകരെ ഓഹരിയിലേക്ക് അടുപ്പിക്കാനിടയായി. എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകളും വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരും ചില അദാനി ഓഹരികളിലെ വിഹിതം കുറച്ചു.

വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള മികവാണ് നിക്ഷേപകരെ അദാനി ഗ്രൂപ്പ് കമ്പനികളില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്ന് വിപണി നിരീക്ഷര്‍ കരുതുന്നു.

Tags:    

Similar News