സാഹ് പോളിമേഴ്‌സ് ഓഹരി വിപണിയിലേക്ക്, രേഖകള്‍ ഫയല്‍ ചെയ്തു

10 രൂപ മുഖവിലയുള്ള 1.02 കോടി പുതിയ ഓഹരികളാണ് ഐപിഒയിലൂടെ വില്‍ക്കുന്നത്

Update: 2022-04-23 07:15 GMT

രാജസ്ഥാനിസെ ഉദയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാഹ് പോളിമേഴ്‌സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. ഇതിനുമുന്നോടിയായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യില്‍ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (DRHP) ഫയല്‍ ചെയ്തു. 10 രൂപ മുഖവിലയുള്ള 1.02 കോടി പുതിയ ഓഹരികളാണ് ഐപിഒയിലൂടെ കൈമാറുന്നത്. പ്രൊമോട്ടര്‍മാരും നിലവിലുള്ള ഷെയര്‍ഹോള്‍ഡര്‍മാരും ഐപിഒ വഴി തങ്ങളുടെ ഓഹരികള്‍ ഓഫ്ലോഡ് ചെയ്യില്ല.

പോളിപ്രൊഫൈലിന്‍ (പിപി), ഹൈ ഡെന്‍സിറ്റി പോളിയെത്തിലീന്‍ (എച്ച്ഡിപിഇ), ഫ്‌ലെക്‌സിബിള്‍ ഇന്റര്‍മീഡിയറ്റ് ബള്‍ക്ക് കണ്ടെയ്‌നറുകള്‍ (എഫ്‌ഐബിസി) ബാഗുകള്‍, എച്ച്ഡിപിഇ/പിപി തുണിത്തരങ്ങള്‍, പോളിമര്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിലും വില്‍പ്പനയിലുമാണ് സാഹ് പോളിമേഴ്‌സ് പ്രവര്‍ത്തിക്കുന്നത്.
ഐപിഒയിലൂടെ സമാഹരിക്കുന്ന തുക ഒരു പുതിയ എഫ്‌ഐബിസി പ്ലാന്റിന്റെ നിര്‍മാണത്തിനും ഉല്‍പ്പാദന ശേഷി വിപുലീകരിക്കുന്നതിനും പുതിയ പ്രോജക്ടുകള്‍ക്കുള്ള പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും വായ്പകളുടെ തിരിച്ചടവിനുമായാണ് വിനിയോഗിക്കുക. ഐപിഒയില്‍ 75 ശതമാനം ഓഹരികളും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ വാങ്ങലുകാര്‍ക്കാണ് നീക്കിവച്ചിട്ടുള്ളത്. 15 ശതമാനം നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ വാങ്ങലുകാര്‍ക്കും 10 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കുമായിരിക്കും.
കമ്പനി ആഭ്യന്തര വില്‍പ്പനയിലും കയറ്റുമതിയിലും സജീവമാണ്. പ്രാദേശിക വിപണിയില്‍ ആറ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും സാന്നിധ്യമുണ്ട്. അന്താരാഷ്ട്രതലത്തില്‍, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഓസ്ട്രേലിയ, കരീബിയന്‍ എന്നിവയുള്‍പ്പെടെ ആറ് പ്രദേശങ്ങളില്‍ സാഹ് പോളിമേഴ്‌സ് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.
2021 ഡിസംബറില്‍ അവസാനിച്ച ഒമ്പത് മാസങ്ങളില്‍, കമ്പനി 64.78 കോടി രൂപയുടെ ഏകീകൃത വരുമാനമാണ് റിപ്പോര്‍ട്ട് ചെയ്തത്.



Tags:    

Similar News