സന്‍സേര എഞ്ചിനീയറിംഗ് ഐപിഒ നാളെ മുതല്‍, നിക്ഷേപിക്കും മുമ്പ് അറിയണം ഇക്കാര്യങ്ങള്‍

രണ്ട് രൂപ വീതം മുഖവിലയുള്ള ഓഹരിക്ക് 734-744 രൂപ ബാന്‍ഡിലാണ് വില നിശ്ചയിച്ചിട്ടുള്ളത്

Update: 2021-09-13 11:22 GMT

ഓട്ടോ കോമ്പണന്റ് നിര്‍മാതാക്കളായ സന്‍സേര എഞ്ചിനീയറിംഗ് ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് നാളെ തുടക്കമാകും. സെപ്റ്റംബര്‍ 16 വരെയാണ് സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമാവുക. എന്നാല്‍ ഐപിഒയിലൂടെ പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയ്‌ലാണ് കമ്പനി നടത്തുന്നത്.

റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച്, ഓഹരി ഉടമകളുടെ 17,244,328 ഇക്വിറ്റി ഷെയറുകളുടെ ഒരു ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒ. ഇതുവഴി ഉയര്‍ന്ന വിലയില്‍ 1,283 കോടി രൂപ വരെ സമാഹരിക്കാനാകും. ഐപിഒ പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയിലായതിനാല്‍ ഇതുവഴി കമ്പനിക്ക് നേരിട്ട് ഒരു വരുമാനവും ലഭിക്കില്ല. എല്ലാ വരുമാനവും വില്‍ക്കുന്ന ഓഹരി ഉടമകള്‍ക്ക് ലഭിക്കും.

1,283 കോടി രൂപയുടെ ഓഹരി വില്‍പ്പനയാണ് ബംഗളൂരു ആസ്ഥാനമായുള്ള ഓട്ടോ കമ്പോണന്റ് കമ്പനി ഐപിഒയിലൂടെ ലക്ഷ്യമിടുന്നത്. രണ്ട് രൂപ വീതം മുഖവിലയുള്ള ഓഹരിക്ക് 734-744 രൂപ ബാന്‍ഡിലാണ് വില നിശ്ചയിച്ചിട്ടുള്ളത്. സന്‍സേര എഞ്ചിനീയറിംഗിന്റെ ഐപിഒ സബ്സ്‌ക്രൈബ് ചെയ്യാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് 14,880 രൂപയ്ക്ക് 20 ഇക്വിറ്റി ഷെയറുകളിലും അതിന്റെ ഗുണിതങ്ങളിലും അപേക്ഷിക്കാവുന്നതാണ്. ഓഹരികള്‍ ബിഎസ്ഇയിലും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും (എന്‍എസ്ഇ) ലിസ്റ്റ് ചെയ്യും. ഇഷ്യു ചെയ്യുന്നതിന്റെ പകുതി യോഗ്യതയുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സിനും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 35 ശതമാനവും ബാക്കി 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കുമാണ് സംവരണം ചെയ്തിരിക്കുന്നത്. ഓഹരി അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 21 ന് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര്‍എച്ച്പിയില്‍ നല്‍കിയിരിക്കുന്ന ടൈംലൈന്‍ അനുസരിച്ച് ഓഹരികള്‍ 24 ന് ലിസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

നേരത്തെ, 2018 ല്‍ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കായി സന്‍സേര എഞ്ചിനീയറിംഗ് ലിമിറ്റഡ് പേപ്പറുകള്‍ സെബിയില്‍ ഫയല്‍ ചെയ്തിരുന്നെങ്കിലും ഐപിഒ തുറയ്ക്കാന്‍ സാധിച്ചിരുന്നില്ല.


Tags:    

Similar News