ഓയോയുടെ ഐപിഒ രേഖകള്‍ അപൂര്‍ണ്ണം; വീണ്ടും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് സെബി
2023 ഏപ്രില്‍-ജൂലൈയ്ക്കിടയില്‍ ഐപിഒ ആരംഭിക്കാനായിരുന്നു കമ്പനി പദ്ധതിയിട്ടിരുന്നത്
ഹോസ്പിറ്റാലിറ്റി ശൃംഖലയായ ഒയോ (OYO) ഹോട്ടലുകളുടെ മാതൃസ്ഥാപനമായ ഒറാവല്‍ സ്റ്റേയുടെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കായുള്ള (IPO) ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്റ്റസ് (DHRP) വീണ്ടും ഫയല്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI). ഇതിന്റെ ഭാഗമായി 2022 ഡിസംബര്‍ 30-ന് ഓഫര്‍ ഡോക്യുമെന്റ് സെബി തിരികെ നല്‍കി. ഡിആര്‍എച്ച്പിയില്‍ മാറ്റങ്ങള്‍ വരുത്തി വീണ്ടും ഫയല്‍ ചെയ്താല്‍ ഐപിഒയ്ക്ക് കാലതാമസം ഉണ്ടായേക്കാമെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
2023 ഏപ്രില്‍-ജൂലൈയ്ക്കിടയില്‍ ഐപിഒ ആരംഭിക്കാനായിരുന്നു കമ്പനി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഐപിഒ രേഖകള്‍ സെബി തിരിച്ചയച്ചതേിനാല്‍ ഈ വര്‍ഷം ദീപാവലിയോടെയാകും ഐപിഒ വിപണിയിലെത്തുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2021 സെപ്റ്റംബറിലെ പ്രാരംഭ ഫയലിംഗ് പ്രകാരം 7,000 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ പുതിയ ഇഷ്യൂവും 1,430 കോടി രൂപ വരെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്ന 8,430 കോടി രൂപ സമാഹരിക്കാനാണ് ഓയോ ഹോട്ടല്‍സ് പദ്ധതിയിടുന്നത്.
പുതുക്കിയ പ്രധാന പ്രകടന സൂചകങ്ങള്‍, അപകടസാധ്യത ഘടകങ്ങള്‍, ഓഫര്‍ വിലനിര്‍ണ്ണയത്തിനുള്ള പാരാമീറ്ററുകള്‍ തുടങ്ങഇ നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഐപിഒ രേഖകള്‍ വീണ്ടും സമര്‍പ്പിക്കാനാണ് സെബി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കുന്ന മര്‍ച്ചന്റ് ബാങ്കര്‍മാര്‍ക്ക് ഫയലിംഗുകള്‍ മടക്കി അയയ്ക്കുമെന്ന് ഡിസംബറില്‍ നടന്ന ബോര്‍ഡ് മീറ്റിംഗില്‍ സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ച് പറഞ്ഞിരുന്നു.