ഓഹരികളില്‍ വീഴ്ച തുടരുന്നു; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് മുന്നോട്ട്, ഐനോക്‌സിന് 44% ലിസ്റ്റിംഗ് നേട്ടം

മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ നേട്ടത്തില്‍

Update: 2023-12-21 05:32 GMT

ബുധനാഴ്ചത്തെ ചോരപ്പുഴയില്‍ നിന്ന് കരകയറാതെയാണ് ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകളില്‍ വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ഇന്നലെ കൂപ്പുകുത്തിയ നിരവധി ഓഹരികളില്‍ ഇന്ന് മികച്ച വാങ്ങല്‍ താത്പര്യവും ദൃശ്യമാണ്.

പ്രീ ഓപ്പണിംഗില്‍ വലിയ താഴ്ചയിലായിരുന്ന മുഖ്യ സൂചികകള്‍ പിന്നീട് നഷ്ടം കുറച്ചു. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നിഫ്റ്റിയും സെന്‍സെക്‌സും 0.2 ശതമാനം മാത്രം നഷ്ടത്തിലാണ്. 21,000ന് താഴെ പോയ നിഫ്റ്റി പിന്നീട് അല്പം തിരിച്ചുകയറി. ബാങ്ക് നിഫ്റ്റി രാവിലെ ഒരു ശതമാനത്തിലധികം താഴ്ന്നിട്ട് പിന്നീട് നഷ്ടം കുറച്ചു.
തിരിച്ചുകയറ്റം
മീഡിയ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി. മെറ്റല്‍, ഐ.ടി, പി.എസ്.യു ബാങ്ക് ഓഹരികള്‍ ഉയര്‍ന്നു. വ്യാപാരം ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ മറ്റ് മേഖലകള്‍ നഷ്ടത്തിലാണ്. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ ഇന്ന് നേട്ടത്തിലേറിയിട്ടുണ്ട്.
ലയന തീയതി നീട്ടാന്‍ ചര്‍ച്ചയാകാമെന്ന സോണി കോര്‍പറേഷന്റെ നിലപാടിനെ തുടര്‍ന്ന് സീ ഓഹരികള്‍ ഉയര്‍ന്നു. സീ എന്റര്‍ടെയ്ന്‍മെന്റ് അഞ്ച് ശതമാനവും സീ മീഡിയ രണ്ട് ശതമാനവും കയറി.
നേട്ടത്തിന്റെ ഓളങ്ങളില്‍ കപ്പല്‍ശാലാ ഓഹരികള്‍
പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍മാണ കരാറുകള്‍ ലഭിച്ച കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരിയും മസഗോണ്‍ ഡോക്ക് ഓഹരിയും ഇന്ന് നല്ല നേട്ടത്തിലേറി.

ആമി ഓര്‍ഗാനിക്‌സിന്റെ പഴയ പ്രൊമോട്ടര്‍മാര്‍ 12 ശതമാനം ഓഹരി ബള്‍ക്കായി വിറ്റതിനെ തുടര്‍ന്ന് ഓഹരി മൂന്ന് ശതമാനം വരെ താഴ്ന്നു. കഴിഞ്ഞദിവസം ഐ.പി.ഒ നടത്തിയ ഐനോക്‌സ് ഇന്‍ഡസ്ട്രീസ് 44 ശതമാനം നേട്ടത്തില്‍ ലിസ്റ്റ് ചെയ്തു.

രൂപയും സ്വര്‍ണവും
രൂപ ഇന്നും ദുര്‍ബലമായി. ഡോളറിനെതിരെ മാറ്റമില്ലാതെ തുടങ്ങിയെങ്കിലും പിന്നീട് 83.24ലേക്ക് താഴ്ന്നു. സ്വര്‍ണം ആഗോള വിപണിയില്‍ 2,037 ഡോളറിലായി. കേരളത്തില്‍ പവന്‍ വില മാറ്റമില്ലാതെ 46,200 രൂപയില്‍ തുടരുന്നു. ക്രൂഡ് ഓയില്‍ വില ചാഞ്ചാട്ടത്തിലാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് വില 79.32 ഡോളറിലേക്ക് താഴ്ന്നു.
Tags:    

Similar News