ഓഹരി വിപണിയില്‍ കരടികള്‍ പിടിമുറുക്കി ഇന്ന് ഒലിച്ചുപോയത് എട്ട് ലക്ഷം കോടി രൂപ

Update: 2020-03-19 12:54 GMT

ഇന്ത്യന്‍ ഓഹരി വിപണി തട്ടും തടവുമില്ലാതെ താഴേക്ക്. നിഫ്റ്റി 205 പോയ്ന്റ് താഴ്ന്ന് 8263ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 581 പോയ്ന്റിടിഞ്ഞ് 28288ലാണ് ക്ലോസ് ചെയ്തത്. ഇന്ന് വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ നിഫ്റ്റി 7,900 ലും സെന്‍സെക്‌സ് 27,000ത്തിലുമെത്തിയിരുന്നു. ജനുവരിയില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ്ഉയരത്തില്‍ നിന്ന് 36 ശതമാനം ഇടിവായിരുന്നു ഇത്.

നിക്ഷേപകരുടെ പ്രിയപ്പെട്ട ചില ലാര്‍ജ് കാപ് സ്റ്റോക്കുകള്‍ വരെ ഇന്ന് പലവര്‍ഷങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ട്രേഡിംഗ് നടന്നത്. ബിഎസ്ഇ ഡാറ്റ പ്രകാരം ഇന്ന് ഏതാണ്ട് ആയിരത്തിലേറെ സ്‌റ്റോക്കുകള്‍ 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്ക് ഇന്ന് രേഖപ്പെടുത്തി. അതില്‍ തന്നെ 250 എണ്ണത്തിന്റേത് റെക്കോര്‍ഡ് താഴ്ന്ന നിരക്കാണ്.

വിപ്രോ, ബന്ധന്‍ ബാങ്ക്, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഭാരതി ഇന്‍ഫ്രാടെല്‍, ജിഐസി റീ, ആദിത്യ ബിര്‍ള കാപ്പിറ്റല്‍, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, ആര്‍ബിഎല്‍ ബാങ്ക് തുടങ്ങിയവയെല്ലാം റെക്കോര്‍ഡ് താഴ്ന്ന നിലവാരത്തിലെത്തി. ഒരുവര്‍ഷത്തിനിടെ ലിസ്റ്റ് ചെയ്ത സിഎസ്ബി ബാങ്ക് ഉള്‍പ്പടെയുള്ള ഓഹരികള്‍ റെക്കോര്‍ഡ് താഴ്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


വ്യാപാരത്തില്‍ ഒരുഘട്ടത്തില്‍ സെന്‍സെക്‌സ് 7.5 ശതമാനം ഇടിഞ്ഞതോടെ നിക്ഷേപകരുടെ എട്ട് ലക്ഷം കോടി രൂപയാണ് ഒലിച്ചുപോയത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ കരടികള്‍ പിടിമുറുക്കിയ ശേഷം ഇതുവരെ നിക്ഷേപകരുടെ ഓഹരി മൂല്യത്തിന്റെ 50 ലക്ഷം കോടി രൂപയാണ് നഷ്ടമായിരിക്കുന്നത്. ''എനിക്ക് തോന്നുന്നത് നമ്മള്‍ ഏറ്റവും രൂക്ഷമായ ആഗോള സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നത്. 2008-09 നേക്കാള്‍ മോശമായ
ഒന്നിലൂടെ.,'' ജിയോസ്ഫിയര്‍ കാപ്പിറ്റല്‍ മാനേജ്‌മെന്റിന്റെ മാനേജിംഗ് പാര്‍ട്ണര്‍ അരവിന്ദ് സാന്‍ഞ്ചര്‍ സിഎന്‍ബിസി - ടിവി18നില്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News