സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: അറ്റാദായത്തില്‍ 80 ശതമാനം വര്‍ധന

മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം ത്രൈമാസത്തില്‍ എസ് ബി ഐയുടെ അറ്റാദായം 6,450.75 കോടി രൂപ

Update: 2021-05-21 12:28 GMT

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 6,450.75 കോടി രൂപ അറ്റാദായം നേടി. കിട്ടാക്കടങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള നീക്കിയിരിപ്പ് വന്‍തോതില്‍ കുറച്ചത് ബാങ്കിന്റെ അറ്റാദായം കൂടാന്‍ സഹായിച്ചിട്ടുണ്ട്.

മാര്‍ച്ച് 31 ന് അവസാനിച്ച 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് ഒരു ഓഹരിക്ക് നാലു രൂപ ഡിവിഡന്റ് പ്രഖ്യാപിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ നീക്കിയിരുപ്പ് 18.11 ശതമാനമാണ് ബാങ്ക് കുറച്ചത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം നീക്കിയിരുപ്പ് ശതമാനം 87.75 ശതമാനമാണ്. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 83.62 ശതമാനമായിരുന്നു.

ബാങ്കിന്റെ അറ്റ പലിശ വരുമാനത്തിലും വര്‍ധനയുണ്ട്. 27,067 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലെ അറ്റപലിശ വരുമാനം. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ അറ്റ പലിശ വരുമാനം 22,766.9 കോടി രൂപയായിരുന്നു.

വായ്പാ വിതരണത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ അഞ്ചുശതമാനം വര്‍ധനയുണ്ട്. കോര്‍പ്പറേറ്റ് വായ്പകളില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ മൂന്നുശതമാനം ഇടിവുണ്ടായപ്പോള്‍ റീറ്റെയ്ല്‍ വായ്പകളില്‍ 16.5 ശതമാനം വര്‍ധനയാണുണ്ടായത്. ബാങ്കിന്റെ വായ്പാ പോര്‍ട്ട്‌ഫോളിയോയില്‍ 23 ശതമാനം വരുന്ന ഭവന വായ്പ വാര്‍ഷികാടിസ്ഥാനത്തില്‍ 10.51 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

അതേ സമയം നിക്ഷേപം 13.5 ശതമാനം വളര്‍ച്ചയാണ് നേടിയിരിക്കുന്നത്.


Tags:    

Similar News