പണനയം കാത്ത് വിപണി; ആഗോള സൂചനകൾ അനുകൂലം; വിദേശികൾ പിന്മാറ്റം തുടരുന്നു
ഇന്ന് ഓഹരി വിപണി ഉയർന്നു തുടങ്ങുമോ? ചെറുകിട നിക്ഷേപകർ വിദേശികളുടെ പിന്മാറ്റത്തിന്റെ ആഘാതം എത്ര കുറയ്ക്കും? റിസർവ് ബാങ്ക് നാളെ എന്തു പറയും?;
വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. എങ്കിലും ഉയർന്നു നീങ്ങാമെന്ന പ്രതീക്ഷയിലാണ് ഇന്നു വ്യാപാരം തുടങ്ങുക. ക്രൂഡ് വില താഴ്ന്നതും യുക്രെയ്നിലെ സംഘർഷ നിലയിൽ ചെറിയ അയവു വന്നതും അനുകൂല ഘടകങ്ങളാണ്. റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി എടുത്ത തീരുമാനങ്ങൾ നാളെ രാവിലെ പ്രഖ്യാപിക്കും. അതു പലിശവർധനവിൻ്റെ തോതും തുടക്കവും സംബന്ധിച്ചു വ്യക്തത വരുത്തുമെന്നാണു പ്രതീക്ഷ.വിദേശസൂചനകളും എസ്ജിഎക്സ് നിഫ്റ്റിയിലെ നേട്ടവും ഇന്ന് ഇന്ത്യൻ വിപണി ഉയർന്ന നിലയിൽ വ്യാപാരം തുടങ്ങുമെന്നു കാണിക്കുന്നു.
ഇന്നലെ ഇന്ത്യൻ വിപണി ഉണർവോടെ തുടങ്ങിയെങ്കിലും പലവട്ടം താഴോട്ടു പോയി. ഉച്ചയ്ക്കു ശേഷമാണ് വിപണി നേട്ടത്തിൽ ഉറച്ചത്. എന്നാൽ വിപണിഗതി മാറി എന്നു പറയാവുന്ന അവസ്ഥയായിട്ടില്ല. നാളത്തെ പണനയം വന്നിട്ടേ ഹ്രസ്വകാല ഗതി വ്യക്തമാകൂ.
ഇന്നലെ മിക്ക യൂറോപ്യൻ വിപണികളും ഉയർന്നു ക്ലോസ് ചെയ്തു. യുഎസ് വിപണിയും നല്ല നേട്ടം കുറിച്ചു. മുഖ്യസൂചികകൾ ശരാശരി ഒരു ശതമാനത്തിലധികം ഉയർന്നു. ആപ്പിൾ തുടങ്ങിയ ടെക് ഓഹരികൾ ഉയർന്നെങ്കിലും ഫേസ് ബുക്ക് ഉടമകളായ മെറ്റാ പ്ലാറ്റ്ഫോംസ് വീണ്ടും താണു. നാലു ദിവസം കൊണ്ട് മെറ്റാ ഓഹരി 33 ശതമാനം ഇടിഞ്ഞു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ഉയരത്തിലാണ്. ഏഷ്യൻ വിപണികളും നല്ല നേട്ടത്തിലാണ്. സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി 17,300-നു മുകളിലായി.
ഇന്നലെ സെൻസെക്സ് 187.39 പോയിൻ്റ് (0.33%) കയറി 57,808.5 ലും നിഫ്റ്റി 53.2 പോയിൻ്റ് (0.31%) നേട്ടത്തിൽ 17, 266.8 ലും ക്ലോസ് ചെയ്തു. സ്മോൾ ക്യാപ് സൂചിക 1.4 ശതമാനവും മിഡ് ക്യാപ് സൂചിക 0.45 ശതമാനവും താണു. ബാങ്ക്, ധനകാര്യ, ഐടി സൂചികകൾ ഇന്നലെയും താണു. മെറ്റൽ സൂചിക ഉയർന്നു.
വിദേശ നിക്ഷേപകർ ഇന്നലെ 1967.89 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഇതോടെ ഈ മാസത്തെ അവരുടെ വിൽപന 7195.91 കോടി രൂപയായി. സ്വദേശി ഫണ്ടുകൾ 1115 കോടിയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റിക്ക് 17,105ലും 16,945 ലും താങ്ങ് ഉള്ളതായി സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉയർച്ചയിൽ 17,365 ഉം 17,470- ഉം തടസങ്ങളാണ്.
ക്രൂഡ് ഓയിൽ വില ഇന്നലെ കുത്തനെ താണിട്ട് വീണ്ടും കയറി. യുഎസ് -ഇറാൻ ചർച്ച ധാരണയിലേക്ക് എത്തുമെന്ന റിപ്പോർട്ടുകളാണ് വിലയിടിച്ചത്. ആണവ കാര്യത്തിൽ യുഎസ് -ഇറാൻ ധാരണ ഉണ്ടായാൽ ഇറാൻ്റെ എണ്ണ വിൽപനയ്ക്കുള്ള വിലക്കുകൾ മാറും. അതു ലഭ്യത കൂട്ടും. ബ്രെൻ്റ് ഇനം ക്രൂഡ് 90 ഡോളറിലേക്കു താണിട്ട് ഇന്നു രാവിലെ 91 ഡോളറിലേക്കു കയറി.
വ്യാവസായിക ലോഹങ്ങൾ ഉയർന്നു നിൽക്കുന്നു. അലൂമിനിയം 3183 ഡോളറിലെത്തി. ഇരുമ്പയിര് ടണ്ണിനു 150 ഡോളർ കടന്നു.
സ്വർണം ചെറിയ നേട്ടത്തോടെ നിൽക്കുന്നു. 1825-1827 ഡോളറിലാണു രാവിലെ വ്യാപാരം.
വിദേശികളുടെ വിൽപന ചെറിയ കാര്യമല്ല
വിദേശ നിക്ഷേപക സ്ഥാപനങ്ങളേക്കാൾ കൂടുതൽ വ്യാപാരം ഇപ്പോൾ റീട്ടെയിൽ നിക്ഷേപകർ നടത്തുന്നുണ്ട്. എങ്കിലും വിദേശികളുടെ വിൽപന മുഴുവൻ ഉൾക്കൊള്ളാൻ തക്ക വലുപ്പം അവരുടെ മടിശീലകൾക്കില്ല. അത് ഈ ദിവസങ്ങളിൽ വ്യക്തമായി. വിദേശികളുടെ പിന്മാറ്റത്തിന് ആനുപാതികമായി മുഖ്യസൂചികകൾ താഴുന്നതിലെ സൂചന മറ്റൊന്നല്ല.
വിദേശികൾ വിറ്റാലും ഒന്നും സംഭവിക്കാനില്ല എന്ന അവകാശവാദങ്ങൾ മുഴക്കാനും സമയമായിട്ടില്ലെന്ന് വിപണി ഗതി സൂചിപ്പിക്കുന്നു. ഒക്ടോബറിനു ശേഷം വിദേശികൾ ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിച്ചത് 1060 കോടി ഡോളർ. മുഖ്യ സൂചികകളിൽ ഉണ്ടായ ഇടിവ് ഏഴര ശതമാനം. വിശാല വിപണിയിലെ ഇടിവ് പത്തു ശതമാനത്തിലേറെ വരും.
പണനയത്തിൽ പ്രതീക്ഷിക്കുന്നത്
അമേരിക്ക പലിശ കൂട്ടുന്നതും മൂലധനം തിരികെ പോകുന്നതും രൂപയെ ബാധിക്കില്ല എന്ന അവകാശവാദവും ഇതേ പോലെയാണ്. രൂപയെ പിടിച്ചു നിർത്തേണ്ടി വന്നാൽ 63,000-ൽ പരം കോടി ഡോളറിൻ്റെ വിദേശനാണ്യശേഖരം മതിയാകില്ല എന്നതാണു വസ്തുത. ഈ സാഹചര്യങ്ങൾ കണക്കിലെടുത്തുള്ള ഒരു തന്ത്രമാകും നാളെ റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി പ്രഖ്യാപിക്കുക. പലിശ നിർണയത്തിലെ താക്കോൽ നിരക്കായ റീപോ നിരക്കിൽ കമ്മിറ്റി മാറ്റം വരുത്താനിടയില്ല. നാലു ശതമാനമാണു റീപോ നിരക്ക്. ബാങ്കുകൾക്ക് അടിയന്തര ഘട്ടത്തിൽ റിസർവ് ബാങ്ക് നൽകുന്ന ഏകദിന വായ്പയുടെ പലിശയാണിത്. അതേ സമയം റിവേഴ്സ് റീപോ നിരക്കു 3.35 ശതമാനത്തിൽ നിന്ന് 3.5 ശതമാനമോ 3.75 ശതമാനമാേ ആക്കാൻ ഇടയുണ്ട്. ബാങ്കുകൾ മിച്ച പണം റിസർവ് ബാങ്കിൽ നിക്ഷേപിച്ചാൽ നൽകുന്ന പലിശയാണിത്.
This section is powered by Muthoot Finance