വീണ്ടും 80,000 തിരിച്ചുപിടിച്ച് സെന്‍സെക്‌സ്, സൂപ്പര്‍ ചാര്‍ജായി ഓല, കിറ്റെക്‌സിന് വന്‍ മുന്നേറ്റം

നിക്ഷേപകരുടെ സമ്പത്ത് 7 ലക്ഷം കോടി വര്‍ധിച്ചു; കെ.എസ്.ഇ ഓഹരിയിലും കുതിപ്പ്

Update:2024-08-16 18:01 IST

ഹിന്‍ഡന്‍ബര്‍ഗ് ആരോപണവും അമേരിക്കന്‍ മാന്ദ്യസൂചനകളും യുദ്ധഭീതിയുമെല്ലാം താഴേക്കടിച്ച ഇന്ത്യന്‍ ഓഹരി സൂചികകള്‍ വീണ്ടും കരുത്താര്‍ജിക്കുന്നു. ഇന്ന് രണ്ട് ശതമാനത്തോളം ഉയര്‍ന്ന നിഫ്റ്റി 24,500 എന്ന നേട്ടവും സെന്‍സെക്‌സ് 80,500 എന്ന കടമ്പയും വീണ്ടും മറികടന്നു. സെന്‍സെക്‌സ് 1,330.96 പോയിന്റ് (1.68%) ഉയര്‍ന്ന് 80,436.84ലും നിഫ്റ്റി397.40 പോയിന്റ് (1.65%) ഉയര്‍ന്ന് 24,541.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഗസ്റ്റ് രണ്ടിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ക്ലോസിംഗ് ആണിത്.

ഇപ്പോഴത്തെ ഈ ആശ്വാസ റാലി തുടരുമെന്നാണ് നിരീക്ഷകരുടെ പ്രതീക്ഷ. പണപ്പെരുപ്പകണക്കുകള്‍ നിയന്ത്രണ പരിധിക്കുള്ളിലായത് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന സൂചന നല്‍കുന്നുണ്ട്. ഇത് ആഗോള ഓഹരി വിപണികള്‍ക്കൊപ്പം ഇന്ത്യന്‍ വിപണിയിലും ചലനമുണ്ടാക്കും. ഇതു കൂടാതെ കമ്പനികളുടെ ഒന്നാം പാദപ്രവര്‍ത്തനഫലകണക്കുകള്‍ എല്ലാം പുറത്തുവന്നു കഴിഞ്ഞതും വിപണിയെ സമാഹരണ മോഡിലേക്ക് എത്തിക്കുന്നുണ്ട്.

സെന്‍സെക്‌സിലെ 30 ഓഹരികളില്‍ സണ്‍ഫാര്‍മ ഒഴികെയുള്ളവ എല്ലാം ഇന്ന് നേട്ടത്തിലായി. ടെക് മഹീന്ദ്ര, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് എന്നിവ മൂന്ന് ശതമാനത്തിനുമേല്‍ ഉയര്‍ന്നു.
വിവിധ സൂചികകളുടെ പ്രകടനം 
വിശാലവിപണി എടുത്താൽ  ഇന്ന് നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളും രണ്ട് ശതമാനം വീതം നേട്ടത്തിലാണ്. വിവിധ സെക്ടറൽ  സൂചികകളിലും ഇന്ന് പച്ച ബൾബ് കത്തി. 2.49 ശതമാനം നേട്ടവുമായി ഐ.ടിയാണ് സൂചികകള്‍ക്ക് നേട്ടത്തിലേക്കുള്ള വഴികാണിച്ച് മുന്നേ നടന്നത്. 2.49 ശതമാനം നേട്ടവുമായി റിയല്‍റ്റിയും 2 ശതമാനം നേട്ടവുമായി ഓട്ടോ, മീഡിയ എന്നിവയും തൊട്ടു പിന്നാലെയുണ്ട്. ഹെൽത്ത്കെയറും  ഫാര്‍മയും ഒഴികെയുള്ള എല്ലാ സൂചികകളും ഒരു ശതമാനത്തിനു മുകളില്‍ ഉയര്‍ന്നു.

വിവിധ സൂചികകളുടെ പ്രകടനം


ബി.എസ്.ഇയില്‍ ഇന്ന് 4,036 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതില്‍ 2,462 ഓഹരികള്‍ നേട്ടത്തിലായി. 1,467 ഓഹരികള്‍ നഷ്ടത്തിലാണ്. 107 ഓഹരികള്‍ക്ക് വില വ്യതിയാനമില്ല. ടെക് മഹീന്ദ്ര, കോള്‍ഗേറ്റ് പാമോലിവ്, ഐ.സി..സി.ഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഉള്‍പ്പെടെ 202 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടപ്പോള്‍ 46 ഓഹരികള്‍ താഴ്ന്ന വിലയിലായി. ഒമ്പത് ഓഹരികള്‍ ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലും ആറ് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമുണ്ട്.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണിമൂല്യമിന്ന് 444.3 ലക്ഷം കോടിയില്‍ നിന്ന് 451.5 ലക്ഷം കോടിയായി. ഒറ്റ സെഷന്‍ കൊണ്ട് നിക്ഷേപകരുടെ ആസ്തിയിലുണ്ടായത് 7 ലക്ഷം കോടി രൂപയുടെ വര്‍ധന.
ഓഹരികളിൽ കുതിപ്പും കിതപ്പും 

ഓഹരി വിപണിയിലേക്ക് കഴിഞ്ഞയാഴ്ച രംഗപ്രവേശം നടത്തിയ ഓല ഇലക്ട്രിക് മൊബിലിറ്റി ഓഹരികള്‍ ഇന്ന് 20 ശതമാനം അപ്പര്‍സര്‍ക്യൂട്ടടിച്ചു. ഓഹരി വില 133.08 രൂപ വരെ ഉയര്‍ന്നു. സ്വാതന്ത്ര്യ ദിനത്തില്‍ ആദ്യ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ച ഓലയ്ക്ക് പ്രമുഖ ബ്രോക്കറേജായ എച്ച്.എസ്.ബി.സി ബൈ' റേറ്റിംഗ് നല്‍കിയിരുന്നു. 140 രൂപയാണ് ലക്ഷ്യവിലയിട്ടിരിക്കുന്നത്. 

ഇന്‍ഷുറന്‍സ് പോളിസി അഗ്രഗേറ്ററായ പോളിസി ബസാറിന്റെ മാതൃ കമ്പനിയായ പി.ബി ഫിന്‍ടെക്കാണ് ഇന്ന് 7.49 ശതമാനം നേട്ടവുമായി നിഫ്റ്റി 200ലെ പ്രധാന നേട്ടക്കാര്‍. കഴിഞ്ഞ വര്‍ഷത്തെ ജൂണ്‍പാദത്തിലെ 12 കോടി രൂപ നഷ്ടത്തില്‍ നിന്ന് ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ 60 കോടി രൂപ ലാഭം നേടിയതാണ് ഓഹരിക്ക് കരുത്ത് പകര്‍ന്നത്. കഴിഞ്ഞ ദിവസവും ഓഹരി ആറ് ശതമാനത്തിനു മുകളില്‍ ഉയര്‍ന്നിരുന്നു.

നേട്ടം കൊയ്തവര്‍

ബാങ്ക് ഇതര ധനകാര്യ കമ്പനിയായ പിരമല്‍ എന്റര്‍പ്രൈസസ് ഇന്ന് 6.98 ശതമാനം ഉയര്‍ച്ചയുമായി രണ്ടാം സ്ഥാനത്താണ്. ജൂൺ പാദലാഭത്തില്‍ 64 ശതമാനം ഇടിവ് നേരിട്ടത് ഓഹരിയെ കഴിഞ്ഞ ദിവസം 10 ശതമാനത്തിലധികം താഴ്ത്തിയിരുന്നു. എന്നാല്‍ ഇന്ന് ഓഹരികള്‍ മുന്നേറ്റത്തിലാണ്.
എംഫസിസ് ഓഹരികള്‍ ഇന്ന് 6.96 ശതമാനം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ആദിത്യ ബിര്‍ള ക്യാപിറ്റല്‍ (6.08ശതമാനം), എല്‍ ആന്‍ഡ് ടി ടെക്‌നോളജീസ് (5.56 ശതമാനം) എന്നിങ്ങനെ ഉയര്‍ച്ചയിലാണ്.

നഷ്ടം വരിച്ചവര്‍

വരുണ്‍ ബിവറേജസാണ് 2.74 ശതമാനം താഴ്ചയുമായി ഇന്നി നിഫ്റ്റിയില്‍ നഷ്ടത്തിന് ചുക്കാന്‍ പിടിച്ചത്. അദാനി എനര്‍ജി സൊല്യൂഷന്‍സ് (2.53 ശതമാനം), അരബിന്ദോ ഫാര്‍മ (1.51 ശതമാനം), എ.പി.എല്‍ അപ്പോളോ ട്യൂബ്‌സ് (1.43 ശതമാനം), വോള്‍ട്ടാസ് ( 1.20 ശതമാനം) എന്നിവ നഷ്ടം കുറിച്ചു.

 മുഖ്യ ഓഹരി ഉടമകളായ വേദാന്ത ലിമിറ്റഡ് 3.4 ശതമാനം ഓഹരി വില്‍ക്കാന്‍ തീരുമാനിച്ചത് ഹിന്ദുസ്ഥാന്‍ സിങ്കിന്റെ ഓഹരിയില്‍ ഇന്ന് 9.40 ഇടിവുണ്ടാക്കി. ഇതുകൂടാതെ കമ്പനി 8,000 കോടി രൂപയുടെ സ്‌പെഷല്‍ ഡിവിഡന്‍ഡ് പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നതും വിലയിടിവിന് ഇടയാക്കി. വേദാന്തയുടെ കടബാധ്യത തീര്‍ക്കാനാണ് പഴയ പൊതുമേഖലാ സ്ഥാപനത്തിന്റെ ലാഭം മാതൃകമ്പനിയിലേക്ക് ഡിവിഡന്‍ഡ് വഴി മാറ്റുന്നത്.

പറപറന്ന് കിറ്റെക്‌സ്, പിന്നാലെ കെ.എസ്.ഇയും 

ബുധനാഴ്ച പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചതിനു ശേഷം ഉയര്‍ന്ന കിറ്റെക്‌സ് ഓഹരികള്‍ ഇന്നും വന്‍ മുന്നേറ്റം കാഴ്ചവച്ചു
. 12 ശതമാനത്തിലധികമാണ് ഓഹരിയുടെ ഉയര്‍ച്ച. കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 30 ശതമാനമാണ് ഓഹരി ഉയര്‍ന്നത്.

മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ട പ്രമുഖ കാലിത്തീറ്റ കമ്പനിയായ കെ.എസ്.ഇ ലിമിറ്റഡ് ഓഹരിയും ഇന്ന് 8.45 ശതമാനം ഉയര്‍ന്നു. പ്രൈമ ഇന്‍ഡസ്ട്രീസ് (7.92 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (4.36 ശതമാനം), ഹാരിസണ്‍സ് മലയാളം (4 ശതമാനം), പോപ്പുലര്‍ വെഹിക്കിള്‍സ് ( 3.28 ശതമാനം, കിംഗ്സ്  ഇന്‍ഫ്ര വെഞ്ച്വേഴ്‌സ് (3.30 ശതമാനം) എന്നിവയും ഉയര്‍ച്ചയിലാണ്.

കേരള കമ്പനി ഓഹരികളുടെ ഇന്നത്തെ പ്രകടനം

ടി.സി.എമ്മാണ് ഇന്ന് കേരള കമ്പനികളിലെ മുഖ്യ നഷ്ടക്കാര്‍. ഓഹരി വില നാല് ശതമാനം ഇടിഞ്ഞു. ഇന്ന് പാദഫലം പുറത്തുവിട്ട കേരള ആയുര്‍വേദ ഓഹരികള്‍ 3.48 ശതമാനം ഇടിവുമായി നഷ്ടത്തില്‍ തൊട്ടുപിന്നിലുണ്ട്. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ഓഹരി 3.17 ശതമാനം ഇടിഞ്ഞു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌  0.87 ശതമാനത്തിന്റെയും വണ്ടര്‍ലാ 0.71 ശതമാനത്തിന്റെയും നേരിയ ഇടിവിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
Tags:    

Similar News