തകർച്ച തുടർന്ന് വിപണി; കിറ്റെക്സ് ഇന്നും അപ്പർ സർക്യൂട്ടിൽ, ജിയോജിത്തിനും വൻ മുന്നേറ്റം
വിശാല വിപണിയില്‍ വിവിധ സൂചികകളുടെ പ്രകടനം സമ്മിശ്രമായിരുന്നു
വിപണി ശക്തമായ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ ഉയർന്ന നേട്ടം അധിക നേരം നിലനിര്‍ത്താന്‍ സാധിക്കാതെ നഷ്ടത്തിലേക്ക് വീഴുന്ന കാഴ്ചയാണ് കണ്ടത്. സെൻസെക്‌സ് 0.04 ശതമാനം ഇടിഞ്ഞ് (33.49 പോയിന്റ്) 84,266.29 ലും നിഫ്റ്റി 0.05 ശതമാനം ഇടിഞ്ഞ് (13.95 പോയിന്റ്) 25,796.90 ലുമാണ് ക്ലോസ് ചെയ്തത്.
പടിഞ്ഞാറന്‍ ഏഷ്യയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നതും ഫെഡറൽ റിസർവ് ചെയർമാന്‍ ജെറോം പവലിന്റെ അഭിപ്രായങ്ങളും മൂലം നിക്ഷേപകര്‍ ജാഗ്രത പ്രകടിപ്പിച്ചതാണ് നഷ്ടത്തിലേക്ക് വീഴാന്‍ കാരണം.
ടെക് മഹീന്ദ്ര (2.90%), എം ആൻഡ് എം (2.90%), ബ്രിട്ടാനിയ (1.80%), ഇൻഫോസിസ് (1.62%), അദാനി എന്റർപ്രൈസസ് (1.50%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഇന്‍ഡസ്ഇന്‍ഡ് (-2.66%), ഒ.എന്‍.ജി.സി (-1.75%), ഏഷ്യൻ പെയിന്റ്സ് (-1.63%), ബജാജ് ഓട്ടോ (-1.38%), ടാറ്റ സ്റ്റീൽ (-1.10%) തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
ബി.എസ്.ഇയിൽ വ്യാപാരം നടത്തിയ 4,026 ഓഹരികളില്‍ 2,285 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1,649 ഓഹരികൾ നഷ്ടത്തിലായിരുന്നു. 92 ഓഹരികള്‍ മാറ്റമില്ലാതെ തുടർന്നു.
52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയ ഓഹരികളുടെ എണ്ണം 234 ഉം 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയവ 36 ഉം ആയിരുന്നു. അപ്പർ സർക്യൂട്ടിൽ 387 ഓഹരികളും ലോവർ സർക്യൂട്ടിൽ 212 ഓഹരികളും വ്യാപാരം നടത്തി.
വിവിധ സൂചികകളുടെ പ്രകടനം
വിശാല വിപണിയില്‍ ഇന്ന് വിവിധ സൂചികകളുടെ പ്രകടനം സമ്മിശ്രമായിരുന്നു. നിഫ്റ്റി മിഡ് ക്യാപ് 0.34 ശതമാനത്തിന്റെയും നിഫ്റ്റി സ്മാള്‍ ക്യാപ് 0.79 ശതമാനത്തിന്റെയും നേട്ടമാണ് ചൊവാഴ്ച രേഖപ്പെടുത്തിയത്. നിഫ്റ്റി മീഡിയ 1.60 ശതമാനത്തിന്റെ ഉയര്‍ച്ചയുമായി നേട്ട പട്ടികയില്‍ മുന്നിട്ടു നിന്നു.
നിഫ്റ്റി ഐ.ടി 1.17 ശതമാനത്തിന്റെയും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 0.36 ശതമാനത്തിന്റെയും നേട്ടം രേഖപ്പെടുത്തി. നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസിനാണ് ഏറ്റവും കൂടുതല്‍ ഇടിവ് നേരിട്ടത്. ഓയില്‍ ആന്‍ഡ് ഗ്യാസ് 0.67 ശതാമനത്തിന്റെ നഷ്ടം രേഖപ്പെടുത്തി.
നിഫ്റ്റി റിയാലിറ്റി 0.20 ശതമാനത്തിന്റെയും നിഫ്റ്റി പ്രൈവറ്റ് ബാങ്ക് 0.12 ശതമാനത്തിന്റെയും നഷ്ടം രേഖപ്പെടുത്തി.
നേട്ടത്തിലായവരും നഷ്ടത്തിലായവരും
പേയ്ടിഎം ഓഹരികള്‍ 5.7 ശതമാനത്തിന്റെ നേട്ടമാണ് ഇന്ന് രേഖപ്പെടുത്തിയത്. ഡോലറ്റ് ക്യാപിറ്റൽ ബൈ (buy) റേറ്റിംഗ് നിലനിർത്തുകയും ലക്ഷ്യ വില 30 ശതമാനം വർധിപ്പിച്ച് 920 രൂപയാക്കുകയും ചെയ്താണ് ഓഹരിക്ക് നേട്ടമുണ്ടാക്കിയത്. പുനഃക്രമീകരിക്കപ്പെട്ട എബിറ്റ്ഡ (EBITDA) 2025 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ബ്രേക്ക്ഈവൻ നേടാനുള്ള പാതയിലാണ് പേയ്ടിഎം എന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഡോലറ്റ് ക്യാപിറ്റൽ വിശ്വസിക്കുന്നത്. ഓഹരി 728 രൂപയിലാണ് ക്ലോസ് ചെയ്തത്.
കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് നാഷണല്‍ അലുമിനിയം കമ്പനിയുടെ റേറ്റിംഗ് ഉയർത്തിയതിനെത്തുടർന്ന് 6.5 ശതമാനം ഉയർന്ന് 218.72 രൂപയിലെത്തി. കെ.ഐ.ഇ കമ്പനിയുടെ ഓഹരിയുടെ ലക്ഷ്യ വില 58 ശതമാനം വർധിപ്പിച്ച് 235 രൂപയായും ഉയർത്തിയിട്ടുണ്ട്. നാഷണല്‍ അലുമിനിയം കമ്പനി 224 രൂപയിലാണ് ക്ലോസ് ചെയ്തത്.
ഒരു പുതിയ ഹെൽത്ത് കെയര്‍ സംരംഭത്തില്‍ 100 മില്യൺ ഡോളറിന്റെ 20-35 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച് മാനേജ്‌മെന്റിന്റെ വിശദീകരണത്തെത്തുടർന്ന് ജെഫറീസ് 'ബൈ' കോൾ പുറപ്പെടുവിച്ചത് മൂലം പി.ബി ഫിന്‍ടെക് ഓഹരി നേട്ടമുണ്ടാക്കി. ഓഹരിക്ക് 1,800 രൂപയാണ് ലക്ഷ്യ വില പ്രഖ്യാപിച്ചിരിക്കുന്നത്. പോളിസിബസാറിന്റെ പേരന്റ് കമ്പനിയായ പി.ബി ഫിന്‍ടെക്ഓഹരി 6.6 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. പി.ബി ഫിന്‍ടെക് 1,727 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ പണയ വായ്പാ കമ്പനികളോട് മൂന്ന് മാസത്തിനുള്ളിൽ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനും വീഴ്ചകൾ തിരിച്ചറിയാനും പരിഹാര നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുത്തൂറ്റ് ഫിനാന്‍സ് ഓഹരി നാല് ശതമാനം ഇടിഞ്ഞു. മൂത്തൂറ്റ് ഫിനാന്‍സ് 1,951.95 ലാണ് ക്ലോസ് ചെയ്തത്.
റിസർവ് ബാങ്ക് നിർദ്ദേശങ്ങളെ തുടര്‍ന്ന് മണപ്പുറം ഫിനാന്‍സ് ഓഹരികൾ 1.8 ശതമാനം ഇടിഞ്ഞു. അതേസമയം മണപ്പുറം ഫിനാൻസ് വിപണിയില്‍ മികച്ച സ്ഥാനത്താണ് ഉളളതെന്നാണ് മോർഗൻ സ്റ്റാൻലി വ്യക്തമാക്കുന്നത്. ഓഹരി 197.58 ലാണ് ക്ലോസ് ചെയ്തത്.
മക്വാറി ഇക്വിറ്റി റിസർച്ച് റിപ്പോർട്ട് അനുസരിച്ച് രണ്ടാം പാദത്തിൽ പെയിന്റുകൾക്ക് ഡിമാൻഡ് കുറയാനുളള സാധ്യതകള്‍ ചൂണ്ടിക്കാണിക്കുന്നതിനാല്‍ ഏഷ്യന്‍ പെയിന്റ്സ് ഓഹരികൾ 1.6 ശതമാനം ഇടിഞ്ഞു. ബർഗർ പെയിന്റ്സ്, നെറോലാക്ക് തുടങ്ങിയ മറ്റ് പെയിന്റ് ഓഹരികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏഷ്യന്‍ പെയിന്റ്സ് 3,275 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബജാജ് ഓട്ടോ ഓഹരികൾ 1.38 ശതമാനം ഇടിഞ്ഞു. ഇരുചക്ര, മുച്ചക്ര വാഹന രംഗത്തെ പ്രമുഖരായ ബജാജ് ഓട്ടോ സെപ്റ്റംബറിലെ വിൽപ്പന റിപ്പോര്‍ട്ട് പ്രഖ്യാപിച്ച ശേഷമാണ് ഇടിവ് നേരിട്ടത്. അതേസമയം അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ യു.ബി.എസ് ബജാജ് ഓട്ടോയ്ക്ക് കഴിഞ്ഞ സെഷനില്‍ സെല്‍ (sell) കോൾ നൽകിയിരുന്നു.
ജിയോജിത്തിന് കുതിപ്പ്
കേരളാ ഓഹരികള്‍ ചൊവാഴ്ച സമ്മിശ്ര പ്രകടനാണ് കാഴ്ചവെച്ചത്. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 8.12 ശതമാനത്തിന്റെ ഉയര്‍ച്ചയുമായി നേട്ട പട്ടികയില്‍ മുന്നിട്ടു നിന്നു. ജിയോജിത്ത് ഓഹരി 166.80 ലാണ് ക്ലോസ് ചെയ്തത്. പോപ്പീസ് കെയര്‍ 4.99 ശതമാനത്തിന്റെ നേട്ടവുമായി 178.90 ലാണ് ക്ലോസ് ചെയ്തത്.
കിറ്റെക്സ് ഗാര്‍മന്റ്സ് 5 ശതമാനത്തിന്റെ നേട്ടവുമായി 541.95 ലാണ് ക്ലോസ് ചെയ്തത്. ഹാരിസണ്‍സ് മലയാളം, ആസ്പിന്‍വാള്‍, എ.വി.ടി, കല്യാണ്‍ ജുവലേഴ്സ്, വണ്ടര്‍ലാ ഹോളിഡേയ്സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി 1.69 ശതമാനം നഷ്ടത്തില്‍ 1711 ലാണ് ക്ലോസ് ചെയ്തത്. ഫാക്ട് ഓഹരി 1.25 ശതമാനത്തിന്റെ നേട്ടമാണ് ചൊവാഴ്ച രേഖപ്പെടുത്തിയത്. ഫാക്ട് 976 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കേരളാ ഓഹരികളില്‍ മുത്തൂറ്റ് ഫിനാന്‍സ് 3.93 ശതമാനത്തിന്റെ നഷ്ടവുമായി 1951.95 ലാണ് ക്ലോസ് ചെയ്തത്. മണപ്പുറം ഫിനാന്‍സ് 1.87 ശതമാനത്തിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. സ്കൂബി ഡേ ഗാര്‍മെന്റ്സ് 3.41 ശതമാനത്തിന്റെ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, എസ്.ടി.ഇ.എല്‍ ഹോള്‍ഡിംഗ്സ്, കെ.എസ്.ഇ, കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.