യുദ്ധ-മാന്ദ്യ ഭീതിയില്‍ മുങ്ങി സൂചികകള്‍, നിക്ഷേപകരുടെ നഷ്ടം ₹4.5 ലക്ഷം കോടി; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും ഫാക്ടും അടക്കം കടപുഴകി, കരുത്തോടെ ധനലക്ഷ്മി ബാങ്ക്
മിഡ്-സ്‌മോള്‍ ക്യാപ്പുകള്‍ക്കും തകര്‍ച്ച, കയറ്റം തുടര്‍ന്ന് സൊമാറ്റോ
ആഗോള വിപണികള്‍ ഒഴുക്കിവിട്ട ചോരപ്പുഴ ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകളെയും മുക്കി. വ്യാപകമായ ലാഭമെടുപ്പില്‍പെട്ട് സെന്‍സെക്‌സും നിഫ്റ്റിയും ഇന്നും ഒരു ശതമാനത്തിലധികം താഴ്ന്നു. ഇന്നലെ 82,000തൊട്ട സെന്‍സെക്‌സും 25,000 ഭേദിച്ച നിഫ്റ്റിയും ഇന്ന് വ്യാപര തുടക്കത്തില്‍ തന്നെ നഷ്ടത്തിലേക്ക് മൂക്കുകുത്തി. തുടര്‍ച്ചയായ അഞ്ച് ദിവസത്തെ നേട്ടത്തിനാണ് ഇതോടെ വിപണി അവധി പറഞ്ഞത്.
സെന്‍സെക്‌സ് 886 പോയിന്റ് താഴ്ന്ന് 80,982ലും നിഫ്റ്റി 293 പോയിന്റിടിഞ്ഞ് 24,718ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
വീഴ്ചയ്ക്ക് പിന്നില്‍
പ്രധാനമായും അഞ്ച് കാര്യങ്ങളാണ് ഇന്ന് വിപണിയെ സ്വാധീനിച്ചത്. അമേരിക്കയിലെ ഫാക്ടറി കണക്കുകള്‍ പ്രതീക്ഷയേക്കാള്‍ മോശമായിരിക്കുമെന്നും മാന്ദ്യത്തിലേക്കുള്ള സൂചനയാണിതെന്നുമുള്ള ആശങ്കകളാണ് ഇതില്‍ പ്രധാനം. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലായാല്‍ മറ്റ് വിപണികളെയും അത് ബാധിക്കും. ഇന്ന് രാത്രിയാണ് തൊഴില്‍ കണക്കുകളും വേതനകണക്കുകളും പുറത്തുവരിക.
റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം മാനുഫാക്ചറിംഗ് പി.എം.ഐ കഴിഞ്ഞ നവംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയായ 48.5ലെത്തിയിരിക്കുകയാണ് ജൂണില്‍. 50ല്‍ താഴെയുള്ള പി.എം.ഐ സൂചിപ്പിക്കുന്നത് മാനുഫാക്ചറിംഗ് മേഖല ചുരുങ്ങുന്നുവെന്നാണ്. സാമ്പത്തികമേഖലയുടെ 10.3 ശതമാനവും സംഭാവന ചെയ്യുന്നത് മാനുഫാക്ചറിംഗ് സെക്ടറാണ്. ഇത് മാന്ദ്യ സൂചനയാണെന്ന് കരുതപ്പെടുന്നു.
രണ്ടാമത്തേത് മാര്‍ക്കറ്റ് ഓവര്‍ വാല്വേഷനിലാണെന്നുള്ളതാണ്. ഇത്രയും ഉയര്‍ന്ന് നില്‍ക്കുന്ന വിപണിയില്‍ ഈ ഘട്ടത്തിലൊരു തിരുത്തല്‍ ഉണ്ടാകേണ്ടതാണെന്ന് നിരീക്ഷകരും പറയുന്നു.
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കകളും വിപണിയെ ബാധിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ ഉയര്‍ന്നു വരുന്ന ഭൗമ-രാഷ്ട്രിയ സമ്മര്‍ദ്ദമായിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ ഓഹരി വിപണിയുടേയും ക്രൂഡ് ഓയില്‍, സ്വര്‍ണം എന്നിവയുടേയും നീക്കത്തെ ബാധിക്കുക എന്നാണ് വിദഗ്ധരുടെ നിഗമനങ്ങള്‍.
ഇന്ത്യന്‍ കമ്പനികളുടെ ഒന്നാം പാദഫലങ്ങള്‍ പൊതുവേ സമ്മിശ്രമായത് വിപണിയുടെ നിലവിലെ വാല്വേഷന്‍ നിലനിറുത്തുന്നതിന് തടസമാകുമെന്നും കണക്കാക്കുന്നു. ഓഹരി വിപണി അമിത വളര്‍ച്ചയിലാണെന്ന അഭിപ്രായമാണ് നിരീക്ഷകര്‍ക്കുള്ളത്. വെറും 24 സെഷനുകള്‍കൊണ്ടാണ് നിഫ്റ്റി 24,000ത്തില്‍ നിന്ന് 25,000ത്തിലേക്ക് എത്തിയത്. ഇവിടെ തിരുത്തലിന് ഒരു കാരണം ആവശ്യമായിരുന്നു. പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ അതിന് ഒരു കാരണമായി വിപണി കണ്ടെത്തിയതെന്ന് നിരീക്ഷകര്‍ പറയുന്നു.
രൂപ ഇന്ന് ഡോളറിനെതിരെ റെക്കോഡ് ഇടിവിലാണ്. 0.03 ശതമാനം ഇടിഞ്ഞ് 83.75ലെത്തി.
വിവിധ സൂചികകളുടെ പ്രകടനം
വിശാല വിപണിയിലിന്ന് ഫാര്‍മ, ഹെല്‍ത്ത് കെയര്‍ സൂചികകള്‍ മാത്രമാണ് പച്ച തൊട്ടത്. റിയല്‍റ്റി ഇന്ന് നാല് ശതമാനത്തോളം വീഴ്ചയുമായി നഷ്ടത്തിന് ചുക്കാന്‍ പിടിച്ചു. നിഫ്റ്റി ഓട്ടോ, മെറ്റല്‍, ഐ.ടി എന്നിവ രണ്ട് ശതമാനത്തിലധികം നഷ്ടവുമായി തൊട്ടു പിന്നാലെ നടന്നു. പി.എസ്.യു ബാങ്ക്. ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ ഒരു ശതമാനത്തിലധികം ഇടിവിലാണ്.
നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും ഇന്ന് വലിയ വീഴ്ചയിലാണ്.
ബി.എസ്.ഇയില്‍ ഇന്ന് 4,033 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതില്‍ 1705 ഓഹരികള്‍ നേട്ടത്തിലായപ്പോള്‍ 2,212 ഓഹരികള്‍ നഷ്ടത്തിന്റെ പിടിയിലകപ്പെട്ടു. 116 ഓഹരികളുടെ വില മാറിയില്ല.
ഇന്ന് 264 ഓഹരികളാണ് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടത്. 27 ഓഹരികള്‍ താഴ്ന്ന വിലയിലാണ്. അഞ്ച് ഓഹരികളാണ് ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലുള്ളത്. ലോവര്‍ സര്‍ക്യൂട്ടില്‍ മൂന്ന് ഓഹരികളും.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം ഇന്ന് 4.56 ലക്ഷം കോടി ഇടിഞ്ഞ് 457.16 ലക്ഷം കോടിയായി.
ഓഹരികളുടെ കുതിപ്പും കിതപ്പും
സെന്‍സെക്‌സിലിന്ന് എച്ച്.ഡി.എഫ്.സി ബാങ്ക്, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ്‌ലെ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവ ഇന്ന് വീഴാതെ പിടിച്ചു നിന്നപ്പോള്‍ മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ വിപണിയുടെ കുത്തൊഴുക്കില്‍പെട്ടു.
അദാനി എന്റര്‍പ്രൈസസ് ഭക്ഷ്യ-എഫ്.എം.സി.ജി ബിസിനസ് വേര്‍പെടുത്തുന്ന വാര്‍ത്തകള്‍ ഇന്ന് അദാനി വില്‍മര്‍ ഓഹരികളെ 10 ശതമാനം ഉയര്‍ത്തി.
ഓഹരി ഏറ്റെടുക്കാന്‍ മൂന്ന് സ്ഥാപനങ്ങള്‍ക്ക് ആര്‍.ബി.ഐ പച്ചക്കൊടിവീശിയത് ഐ.ഡി.ബി.ഐ ഓഹരികളെ ഇന്ന് മൂന്ന് ശതമാനം ഉയര്‍ത്തി.
സൊമാറ്റോയാണ് ഇന്നത്തെ വലിയ വീഴ്ചയിലും നിഫ്റ്റി 200ല്‍ ഉയര്‍ന്ന് നിന്നത്. ഇന്നലെ മികച്ച പാദഫലക്കണക്കുകള്‍ പുറത്തുവിട്ടതിന്റെ ബലത്തലാണ് ഓഹരിയുടെ മുന്നേറ്റം. ഓഹരി വില 12.24 ശതമാനം ഉയര്‍ന്ന് വ്യാപാരാന്ത്യത്തില്‍ 262.74 രൂപയിലെത്തി. ഇന്നലെയും സൊമാറ്റോ ഓഹരികള്‍ മൂന്ന് ശതമാനത്തിലധികം ഉയര്‍ന്നിരുന്നു.
പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് ഇന്ന് ഒരുവേള 9 ശതമാനം വരെ ഉയര്‍ന്നു. ആറ് ആഴ്ചയിലെ ഉയര്‍ന്ന വിലയാണ് ഓഹരി തൊട്ടത്. സൊമാറ്റോയുടെ ഓഹരിയിലുണ്ടായ കുതിപ്പാണ് പേയ്ടിഎമ്മിനും തുണയായത്. മൂവീസ്, ടിക്കറ്റിംഗ് ബിസിനസ് ഏറ്റെടുക്കുന്നതിനായി പേയ്ടിഎമ്മുമായി അടുത്തിടെ സൊമാറ്റോ ചര്‍ച്ച നടത്തിയതായി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിരുന്നു. വ്യാപാരാന്ത്യത്തില്‍ ഓഹരി 6.07 ശതമാനം ഉയര്‍ന്ന് 527 രൂപയിലെത്തി.
സുസ്‌ലോണ്‍ എനര്‍ജിയാണ് ഇന്ന് അഞ്ച് ശതമാനം നേട്ടവുമായി നിഫ്റ്റി 200ല്‍ ഇടംപിടിച്ച മറ്റൊരു ഓഹരി. മികച്ച പാദഫലങ്ങള്‍ ഓഹരിയില്‍ വാങ്ങല്‍ താല്‍പ്പര്യം ഉയര്‍ത്തുകയായിരുന്നു.
നൗക്കരി ഡോട്ട് കോമിന്റെ മാതൃകമ്പനിയായ ഇന്‍ഫോ എഡ്ജ് ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു. കമ്പനിയുടെ മികച്ച വളര്‍ച്ചാ പ്രതീക്ഷകളാണ് ഇന്നത്തെ വന്‍ വീഴ്ചയ്ക്കിടയിലും ഓഹരിയെ മുന്നേറ്റത്തിലാക്കിയത്. 2021 ഒക്ടോബറില്‍ രേഖപ്പെടുത്തിയ റെക്കോഡ് വിലയ്ക്കടുത്താണ് ഓഹരി വില ഇപ്പോള്‍.
പോളിസി ബസാറിന്റെ ഉടമസ്ഥരായ പി.ബി ഫിന്‍ടെക്ക് ഇന്ന് 4.15 ശതമാനം ഉയര്‍ന്നു.
കുമ്മിന്‍സ് ഇന്ത്യ, എസ്‌കോര്‍ട്‌സ് കുബോട്ട, ഐഷര്‍ മോട്ടോഴ്‌സ്, യു.പി.എല്‍, ടാറ്റ മോട്ടോഴ്‌സ് ഡിവിആര്‍ എന്നിവയാണ് നിഫ്റ്റിയിലെ മുഖ്യ വീഴ്ചക്കാര്‍.
ധനലക്ഷ്മി ബാങ്കിന്റെ പച്ചപ്പിൽ
വിപണിയുടെ മൊത്തത്തിലുള്ള പ്രകടനം ഇന്ന് കേരള ഓഹരികളിലും നിഴലിച്ചു. വമ്പന്‍ വീഴ്ചകളും വലിയ മുന്നേറ്റങ്ങളും കണ്ടില്ല. ഈസ്റ്റേണ്‍ ട്രെഡ്‌സ് ഇന്ന് 6.21 ശതമാനം നേട്ടത്തോടെ മുന്നിലെത്തി. ധനലക്ഷ്മി ബാങ്കാണ് ആശ്വാസത്തിന്റെ ഒരു പച്ചപ്പായി കണ്ടത്. യൂണിറോയല്‍, പ്രൈമ ഇന്‍ഡസ്ട്രീസ്, സ്‌കൂബി ഡേ ഗാര്‍മെന്‌റ്‌സ് എന്നിവ മൂന്ന് ശതമാനത്തിലധികം ഉയര്‍ന്നു.
സെല്ല സ്‌പേസാണ് ഇന്ന് നഷ്ടത്തില്‍ മുന്നില്‍. 4.93 ശതമാനമാണ് ഓഹരിയുടെ ഇടിവ്. സഫ സ്സിറ്റംസും നാല് ശതമാനത്തിലധികം നഷ്ടം രേഖ പ്പടുത്തി. നിറ്റ ജെലാറ്റിന്‍ 3.80 ശതമാനവും പോപ്പുലര്‍ വെഹിക്കിള്‍സ് 3.15 ശതമാനവും റബ്ഫില 2.99 ശതമാനവും നഷ്ടത്തിലാണ്.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഫാക്ട്, കേരള ആയുര്‍വേദ, കിംഗ്‌സ് ഇന്‍ഫ്ര അടക്കമുള്ള മിക്ക ഓഹരികളും നഷ്ടത്തിലാണ്. കല്യാണ്‍ ജുവലേഴ്‌സ് ലാഭത്തിലും വരുമാനത്തിലും വലിയ മുന്നേറ്റം കാഴ്ചവച്ചെങ്കിലും ഇന്നത്തെ വിപണിയുടെ വീഴ്ചയില്‍ ഓഹരിക്ക് മുന്നേറ്റമുണ്ടാക്കാനായില്ല. രാവിലെ ഒരു ശതമാനത്തിലധികം ഉയര്‍ന്ന ഓഹരി പിന്നീട് ഒരു ശതമാനത്തിലധികം നഷ്ടത്തിലേക്ക് വീണു.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഫാക്ട്, കേരള ആയുര്‍വേദ, കിംഗ്‌സ് ഇന്‍ഫ്ര അടക്കമുള്ള മിക്ക ഓഹരികളും നഷ്ടത്തിലാണ്. കല്യാണ്‍ ജുവലേഴ്‌സ് ലാഭത്തിലും വരുമാനത്തിലും വലിയ മുന്നേറ്റം കാഴ്ചവച്ചെങ്കിലും ഇന്നത്തെ വിപണിയുടെ വീഴ്ചയില്‍ ഓഹരിക്ക് മുന്നേറ്റമുണ്ടാക്കാനായില്ല. രാവിലെ ഒരു ശതമാനത്തിലധികം ഉയര്‍ന്ന ഓഹരി പിന്നീട് ഒരു ശതമാനത്തിലധികം നഷ്ടത്തിലേക്ക് വീണു.