വില്‍പ്പന സമ്മര്‍ദ്ദത്തില്‍ റെക്കോഡ് കാറ്റില്‍ പറത്തി സൂചികകള്‍, കൊട്ടക്കിനും അദാനിക്കും ക്ഷീണമായി വീണ്ടും ഹിന്‍ഡന്‍ബെര്‍ഗ്
കേരള ആയുര്‍വേദയ്ക്ക് കുതിപ്പ്, നേട്ടം നിലനിറുത്താനാകാതെ സി.എസ്.ബി ബാങ്ക്
ഉയരുമ്പോള്‍ വില്‍ക്കുക, കുറയുമ്പോള്‍ വാങ്ങുക എന്ന സിദ്ധാന്തത്തിലായിരുന്നു ഓഹരി വിപണിയുടെ ഇന്നത്തെ നീക്കം. ഇരു സൂചികകളും പുതിയ റെക്കോഡ് താണ്ടും വരെ ഈ ഒരു രീതി പിന്തുടര്‍ന്നു. പക്ഷെ വ്യാപാരാന്ത്യം വരെ ആ നേട്ടം നിലനിറുത്താനായില്ല. നേരിയ നഷ്ടത്തോടെയാണ് ഇരു സൂചികകളും ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 24,236.35 വരെ ഉയര്‍ന്ന ശേഷം 18 പോയിന്റ് നഷ്ടത്തോടെ 24,123.85ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 79,855.87 പോയിന്റ് വരെ ഉയര്‍ന്ന ശേഷം 35 പോയിന്റ് നഷ്ടത്തോടെ 79,441.45ലുമെത്തി.
ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ് 3,150 കോടി രൂപ മുതല്‍ മുടക്ക് വരുന്ന 2,000 ഭവനങ്ങളുടെ പദ്ധതി പ്രഖ്യാപിച്ചതാണ് ഇന്ന് ഓഹരിയെ നാല് ശതമാനം ഉയര്‍ത്തിയത്.
നൂറു കോടി രൂപയുടെ ബ്രോക്ക് ഡീല്‍ നടന്നതിനെ തുടര്‍ന്ന് ഐ.ആര്‍.ഇ.ഡി.എ ഓഹരി വ്യാപാരത്തിന്റെ അവസാന നിമിഷങ്ങളില്‍ 6 ശതമാനത്തിലധികം ഉയര്‍ന്നു. ഫോളോ ഓണ്‍ ഓഫര്‍ വഴി 4,000-5,000 കോടി സമാഹരിക്കാന്‍ ഐ.ആര്‍.ഇ.ഡി.എ അനുമതി തേടുന്നുണ്ട്.
യു.എ.ഇയില്‍ നിന്ന് 375 കോടി രൂപയുട ഓര്‍ഡര്‍ ലഭിച്ചതിനെ തുടര്‍ന്ന് ഗാന്ധാര്‍ ഓയില്‍ ഇന്ന് നാല് ശതമാനം ഉയര്‍ന്നിരുന്നു.
വാഹന വില്‍പ്പനയില്‍ ജൂണ്‍ മാസത്തില്‍ ഇടിവ് രേഖപ്പെടുത്തിയത് ഓട്ടോ ഓഹരികളെ ബാധിച്ചു. മാരുതി സുസുക്കി ഓഹരി ഇന്ന് 0.55 ശതമാനം ഇടിവിലായി.
കേരള ആയുര്‍വേദ ഓഹരികളാണ് ഇന്ന് 10 ശതമാനം നേട്ടവുമായി കേരള കമ്പനി ഓഹരികളില്‍ മുന്നില്‍. ഹാരിസണ്‍സ് മലയാളം ഓഹരികള്‍ ഇന്ന് 5.73 ശതമാനം ഉയര്‍ന്നു.
കേരള കമ്പനി ഓഹരികളിലെ പുതുമുഖമായ ആഡ്‌ടെക് ഇന്നും അഞ്ച് ശതമാനം അപ്പര്‍സര്‍ക്യൂട്ടിലെത്തി. ഓഹരി വില 100 രൂപ കടന്നു. റബ്ഫില ഇന്റര്‍നാഷണല്‍, പോപ്പീസ് കെയര്‍, വി-ഗാര്‍ഡ് എന്നിവയും ഇന്ന് നേട്ടത്തില്‍ മുന്നില്‍ നിന്നു. ജിയോജിത് ഓഹരികളിന്ന് ഏഴ് ശതമാനത്തോളം ഇടിഞ്ഞു.
ഒന്നാം പാദപ്രവര്‍ത്തനകണക്കുകള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് സി.എസ്.ബി ബാങ്ക് ഓഹരി ഇന്ന് രാവിലത്തെ വ്യാപാരത്തിനിടെ അഞ്ച് ശതമാനം ഉയര്‍ന്നിരുന്നു. നിലവില്‍ 1.67 ശതമാനം ഉയര്‍ന്ന് 381.5 രൂപയിലാണ് ഓഹരി.
ഒന്നാം പാദത്തില്‍ നിക്ഷേപ വളര്‍ച്ച കുറഞ്ഞ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ ഒരു ശതമാനത്തിലധികം താഴ്ന്നു. വെര്‍ട്ടെക്‌സ്, സ്‌കൂബി ഡേ തുടങ്ങിയ ഓഹരികളും നഷ്ടത്തില്‍ മുന്നിലെത്തി.