രാവിലെ കിതച്ചു, വൈകിട്ട് കുതിച്ചു; നേട്ടം തിരിച്ചുപിടിച്ച് നിഫ്റ്റിയും സെന്‍സെക്‌സും

മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നല്‍കിയെന്ന വിവാദ പശ്ചാത്തലത്തില്‍ സി.എം.ആര്‍.എല്‍ ഓഹരിയില്‍ ഇടിവ്

Update:2023-08-09 18:32 IST

ഇന്ന് വ്യാപാരത്തിന്റെ മുക്കാല്‍ സമയവും നഷ്ടത്തിലായിരുന്ന ഇന്ത്യന്‍ ഓഹരി സൂചികകള്‍, അവസാന മണിക്കൂറില്‍ കുതിച്ച് കയറിയത് ആശ്വാസ നേട്ടത്തിലേക്ക്. അമേരിക്കയുടെ ജൂലൈയിലെ പണപ്പെരുപ്പക്കണക്ക്, ഇന്ത്യയില്‍ റിസര്‍വ് ബാങ്കിന്റെ പണനയം, അമേരിക്കന്‍ ബാങ്കുകളുടെ റേറ്റിംഗ് വെട്ടിത്താഴ്ത്തിയ മൂഡീസിന്റെ നടപടി എന്നിവയാണ് ഇന്ന് നിക്ഷേപകരെ വിറ്റൊഴിയല്‍ മേളയ്ക്ക് ആദ്യം പ്രേരിപ്പിച്ചത്.

എന്നാല്‍, യൂറോപ്യന്‍ ഓഹരി വിപണികളുടെ നേട്ടവും റിസര്‍വ് ബാങ്കിന്റെ പണനയം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വിലങ്ങാവില്ലെന്ന വിലയിരുത്തലുകളും വൈകിട്ടോടെ നിക്ഷേപകരെ ആവേശത്തിലാക്കി. അതുവരെ വിറ്റൊഴിയാന്‍ തിക്കിത്തിരക്കിയ നിക്ഷേപകര്‍, പിന്നീട് ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ മത്സരിച്ചു. അവസാന സെഷനില്‍ ഏതാണ്ട് 500 പോയിന്റോളം തിരിച്ചുപിടിച്ചാണ് സെന്‍സെക്‌സ് ഇന്ന് നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കിയത്.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

 

വ്യാപാരാന്ത്യം 149.31 പോയിന്റ് (0.23%) നേട്ടവുമായി 65,995.81ലാണ് സെന്‍സെക്‌സ്. ഇന്നൊരുവേള സെന്‍സെക്‌സ് 65,444 വരെ താഴ്ന്നിരുന്നു. വ്യാപാരം പൂര്‍ത്തിയാക്കുന്നതിന് തൊട്ടുമുമ്പ് 66,066 വരെ ഉയര്‍ന്നെങ്കിലും പിന്നീട് നേട്ടം അല്പം കുറയുകയായിരുന്നു. ഒരുവേള 19,467 വരെ താഴുകയും 19,645 വരെ ഉയരുകയും ചെയ്ത നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത് 61.70 പോയിന്റ് (0.32%) ഉയര്‍ന്ന് 19,632.55ല്‍.
സെന്‍സെക്‌സില്‍ 1,969 ഓഹരികള്‍ ഇന്ന് നേട്ടത്തിലും 1,631 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 143 ഓഹരികളുടെ വില മാറിയില്ല. 238 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 27 എണ്ണം താഴ്ചയിലുമായിരുന്നു. ലോവര്‍ സര്‍ക്യൂട്ടില്‍ മൂന്ന് കമ്പനികളുണ്ടായിരുന്നു. അപ്പര്‍ സര്‍ക്യൂട്ടില്‍ ഒറ്റ കമ്പനിയെയും കണ്ടില്ല.
ചൈനയ്ക്ക് പണച്ചുരുക്കം
അമേരിക്കയുടെ ജൂലൈയിലെ പണപ്പെരുപ്പക്കണക്ക് നാളെ അറിയാം. റിസര്‍വ് ബാങ്കും നാളെ രാവിലെ പത്തോടെ പണനയം പ്രഖ്യാപിക്കും. രണ്ടും ഇന്ത്യന്‍ ഓഹരി സൂചികകള്‍ക്ക് നിര്‍ണായകമാണ്.
നിക്ഷേപകര്‍ കാതോര്‍ത്തിരുന്ന മറ്റൊരു കണക്ക് ഇന്ന് പുറത്തുവന്നു. ചൈനയുടെ ജൂലൈയിലെ പണപ്പെരുപ്പം. ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുകയറ്റം മന്ദഗതിയിലാണെന്ന് വ്യക്തമാക്കി കഴിഞ്ഞമാസത്തെ പണപ്പെരുപ്പം പണച്ചുരുക്കമായി (Deflation).
പണപ്പെരുപ്പം പൂജ്യത്തിനും താഴെ എത്തുന്നതാണ് പണച്ചുരുക്കം. മേയില്‍ 0.2 ശതമാനവും ജൂണില്‍ പൂജ്യം ശതമാനവും ആയിരുന്ന പണപ്പെരുപ്പം കഴിഞ്ഞമാസം നെഗറ്റീവ് 0.3 ശതമാനമാണ്. 2021ന് ശേഷം ആദ്യമായാണ് ചൈന വീണ്ടും പണച്ചുരുക്കത്തിലാകുന്നത്.
ഇന്ന് നേട്ടത്തിലേറിയവര്‍
നിഫ്റ്റിയില്‍ മീഡിയ, മെറ്റല്‍ ഓഹരികള്‍ രണ്ട് ശതമാനത്തിലധികവും ഓയില്‍ ആന്‍ഡ് ഗ്യാസ്, വാഹനം ഓഹരികള്‍ ഒരു ശതമാനത്തോളവും മുന്നേറി നേട്ടത്തിന് വഴിയൊരുക്കി. വാഹനം, എഫ്.എം.സി.ജി., ഫാര്‍മ എന്നിവയും പിന്തുണച്ചു.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

 

നിഫ്റ്റി മിഡ്ക്യാപ്പ് 0.33 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.59 ശതമാനവും നേട്ടത്തിലാണ്. ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ടാറ്റാ സ്റ്റീല്‍, ടൈറ്റന്‍, ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ഐ.ടി.സി., എന്‍.ടി.പി.സി എന്നിവയാണ് സെന്‍സെക്‌സിനെ നേട്ടത്തിലേറ്റിയത്.
നിഫ്റ്റി 200ല്‍ ജെ.എസ്.ഡബ്ല്യു എനര്‍ജി, ഭാരത് ഫോര്‍ജ്, ആദിത്യ ബിര്‍ള ഫാഷന്‍, ട്രെന്റ്, ഡോ.റെഡ്ഡീസ് എന്നിവ നേട്ടത്തിന് നേതൃത്വം നല്‍കി. ഇന്ന് ബി.എസ്.ഇയുടെ നിക്ഷേപക മൂല്യം വ്യാപാരാന്ത്യമുള്ളത് 306.29 ലക്ഷം കോടി രൂപയിലാണ്. ഇന്നത്തെ നേട്ടം 94,110.54 കോടി രൂപ.
അദാനി വില്‍മര്‍ ഇന്ന് 4 ശതമാനം ഇടിഞ്ഞു. കമ്പനിയിലെ 40 ശതമാനത്തിലധികം ഓഹരികള്‍ വിറ്റൊഴിയാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കമാണ് തിരിച്ചടിയായത്.
നഷ്ടത്തിലായവര്‍
ഇന്ന് കൂടുതൽ നഷ്ടം രേഖപ്പെടുത്തിയവർ

 

മാരുതി സുസുക്കി, ആക്‌സിസ് ബാങ്ക്, ബജാജ് ഫൈനാന്‍സ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ നിരാശപ്പെടുത്തിയ പ്രമുഖര്‍. നിഫ്റ്റിയില്‍ ഏറ്റവുമധികം ഇടിഞ്ഞത് അദാനി വില്‍മറാണ്. ബാറ്റ ഇന്ത്യ, ഇന്ത്യന്‍ റെയില്‍വേ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ (IRFC), സിന്‍ജീന്‍ ഇന്റര്‍നാഷണല്‍, ഡിവീസ് ലാബ് എന്നിവയും നഷ്ടക്കണക്കില്‍ മുന്നിലുള്ളവയാണ്.
നിഫ്റ്റി ബാങ്ക് 0.19 ശതമാനം താഴ്ന്ന് 44,880.70ലാണുള്ളത്. നിഫ്റ്റി റിയല്‍റ്റി സൂചിക 1.24 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ധനകാര്യ സേവനം 0.21 ശതമാനവും പി.എസ്.യു ബാങ്ക് 0.10 ശതമാനവും സ്വകാര്യ ബാങ്ക് 0.16 ശതമാനം നഷ്ടത്തിലേക്ക് വീണു.
വി-ഗാര്‍ഡിന്റെ മുന്നേറ്റം
പാദാടിസ്ഥാനത്തില്‍ വരുമാനവും ലാഭവും മികച്ചതോതില്‍ വളര്‍ന്ന വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഇന്ന് 8.17 ശതമാനം മുന്നേറി. നടപ്പുവര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ സംയോജിത മൊത്ത വരുമാനം (total income) ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തിലെ 1,142.78 രൂപയില്‍ നിന്ന് 1,226.55 കോടി രൂപയായും ലാഭം 52.73 കോടി രൂപയില്‍ നിന്ന് 64.22 കോടി രൂപയായും ഉയര്‍ന്നുവെന്ന് കമ്പനി ഇന്ന് പുറത്തുവിട്ട പ്രവര്‍ത്തനഫല റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞദിവസങ്ങളിലെ മുന്നേറ്റം ഈസ്‌റ്റേണ്‍ ട്രെഡ്‌സ് ഇന്നും തുടര്‍ന്നു; ഓഹരി 7.36 ശതമാനം നേട്ടത്തിലാണ്. നിറ്റ ജെലാറ്റിന്‍ 6.43 ശതമാനം ഉയര്‍ന്നു. പ്രൈമ ആഗ്രോ (4.17%), കല്യാണ്‍ ജുവലേഴ്‌സ് (2.73%) എന്നിവയുമാണ് ഇന്ന് കൂടുതല്‍ നേട്ടം കുറിച്ച മറ്റ് കേരള ഓഹരികള്‍. 52-ആഴ്ചത്തെ ഉയരത്തിലെത്തിയിരുന്നു ഇന്ന് കല്യാൺ (₹189)​.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

 

നടപ്പുവര്‍ഷം ജൂണ്‍പാദത്തില്‍ കല്യാണിന്റെ സംയോജിത വരുമാനം മാര്‍ച്ച് പാദത്തിലെ 3,381.80 കോടി രൂപയില്‍ നിന്ന് 4,375.74 കോടി രൂപയിലേക്കും ലാഭം 69.8 കോടി രൂപയില്‍ നിന്ന് 143.52 കോടി രൂപയായും ഉയര്‍ന്നുവെന്ന് കമ്പനി ഇന്ന് പുറത്തുവിട്ട പ്രവര്‍ത്തനഫലം വ്യക്തമാക്കി.
വരുമാനത്തിലും ലാഭത്തിലും പാദാടിസ്ഥാനത്തില്‍ നിരാശപ്പെടുത്തിയ മുത്തൂറ്റ് കാപ്പിറ്റലിന്റെ ഓഹരികളാണ് ഇന്ന് കേരള ഓഹരികളില്‍ ഏറ്റവുമധികം നഷ്ടം കുറിച്ചത്; 13.09 ശതമാനം.
കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ (CMRL) ഓഹരി 5.52 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ പാദത്തില്‍ ലാഭവും വരുമാനവും കുറഞ്ഞത് തന്നെ കമ്പനിയുടെ ഓഹരികളെ തളര്‍ത്തിയിരുന്നു. അതിന് പിന്നാലെ ഇപ്പോള്‍ ഉയര്‍ന്ന രാഷ്ട്രീയ വിവാദം ഇരുട്ടടിയുമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കും വീണയുടെ കമ്പനിക്കുമായി മാസപ്പടിയായി സി.എം.ആര്‍.എല്‍ ആകെ 1.72 കോടി രൂപ മൂന്നുവര്‍ഷത്തിനിടെ നല്‍കിയെന്ന് ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂഡല്‍ഹി ബെഞ്ചാണ് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ നേട്ടത്തില്‍ മുന്നിലായിരുന്ന ഇന്‍ഡിട്രേഡ് ഇന്ന് വില്‍പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 4.99 ശതമാനം ഇടിഞ്ഞു. സെല്ല സ്‌പേസ് (4.98%), സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ് (4.78%) എന്നിവയാണ് കൂടുതല്‍ ഇടിഞ്ഞ മറ്റ് കേരള ഓഹരികള്‍.
Tags:    

Similar News