സംവത് 2079ന് നേട്ടത്തോടെ വിടചൊല്ലി ഓഹരികള്‍, ഇസാഫാണ് താരം; രൂപയ്ക്ക് തകര്‍ച്ച
പലിശ കൂട്ടാന്‍ മടിക്കില്ലെന്ന ജെറോം പവലിന്റെ പ്രഖ്യാപനം തിരിച്ചടിയായി
ഗുജറാത്തി ഹൈന്ദവ വിശ്വാസപ്രകാരമുള്ളതും ഇന്ത്യയുടെ ഓഹരി, ബിസിനസ് ലോകങ്ങള്‍ പ്രാധാന്യത്തോടെ കാണുന്നതുമായ സംവത്-2079 വര്‍ഷത്തെ അവസാന വ്യാപാര ദിനമായ ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത് നേരിയ നേട്ടത്തോടെ. ഞായറാഴ്ച നടക്കുന്ന മുഹൂര്‍ത്ത വ്യാപാരത്തോടെ ഇന്ത്യന്‍ ഓഹരി സൂചികകള്‍ പുതുവര്‍ഷമായ സംവത്-2080ലേക്ക് ചുവടുവയ്ക്കും.
നഷ്ടത്തോടെയാണ് ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ വ്യാപാരം തുടങ്ങിയത്. പിന്നീട് മെല്ലെ നേട്ടത്തിലേറി. വേണ്ടിവന്നാല്‍ അടിസ്ഥാന പലിശനിരക്ക് കൂട്ടാന്‍ മടിയൊന്നും കാട്ടില്ലെന്ന അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ മേധാവി ജെറോം പവലിന്റെ പ്രസ്താവനയാണ് ആഗോളതലത്തില്‍ ഓഹരികളെ വലച്ചത്. ഇന്ത്യന്‍ റുപ്പി ഇന്ന് ഡോളറിനെതിരെ റെക്കോഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും നിരാശയായി.
ഓഹരികളിലെ ചാഞ്ചാട്ടവും രൂപയുടെ വീഴ്ചയും
സെന്‍സെക്‌സ് 72 പോയിന്റ് (0.11%) നേട്ടവുമായി 64,904ലും നിഫ്റ്റി 30 പോയിന്റ് (0.15%) ഉയര്‍ന്ന് 19,425ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഒരുവേള ഇന്ന് സെന്‍സെക്‌സ് 64,580 വരെയും നിഫ്റ്റി 19,329 വരെയും താഴ്ന്നിരുന്നു.
യു.എസ് ഫെഡ് മേധാവിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ ഡോളറും അമേരിക്കന്‍ ട്രഷറി യീല്‍ഡും ഉയര്‍ന്നത് രൂപയെയും തളര്‍ത്തി. ഡോളറിനെതിരെ എക്കാലത്തെയും താഴ്ചയായ 83.42 വരെ ഇടിഞ്ഞ രൂപ, വ്യാപാരാന്ത്യത്തിലുള്ളത് എക്കാലത്തെയും താഴ്ന്ന ക്ലോസിംഗ് നിരക്കായ 83.39ലാണ്. നവംബര്‍ ഒന്നിലെ 83.29 ആയിരുന്നു ഇതിനുമുമ്പത്തെ ഏറ്റവും താഴ്ന്ന മൂല്യം.
സാധാരണ രൂപയുടെ വലിയ തകര്‍ച്ചകള്‍ തടയാന്‍ റിസര്‍വ് ബാങ്ക് കരുതല്‍ ശേഖരത്തില്‍ നിന്ന് ഡോളര്‍ വന്‍തോതില്‍ വിറ്റഴിക്കാറുണ്ട്. ഇന്നുപക്ഷേ, ഇത്തരം ഇടപെടലുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നുണ്ടായില്ലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.
വിപണിയുടെ ട്രെന്‍ഡ്
നിഫ്റ്റി 50ല്‍ 30 ഓഹരികള്‍ ഇന്ന് നേട്ടത്തിലും 20 എണ്ണം നഷ്ടത്തിലുമായിരുന്നു. ബി.എസ്.ഇയില്‍ 1,841 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1,847 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 132 ഓഹരികളുടെ വില മാറിയില്ല. 227 ഓഹരികള്‍ ഇന്ന് 52-ആഴ്ചത്തെ ഉയരത്തിലും 33 എണ്ണം താഴ്ചയിലുമായിരുന്നു.
വിശാല വിപണിയില്‍ നിഫ്റ്റി മീഡിയ (-1.23%), നിഫ്റ്റി ഓട്ടോ (-0.42%), നിഫ്റ്റി ഐ.ടി (0.26%) എന്നിവ വില്‍പന സമ്മര്‍ദ്ദത്തിലകപ്പെട്ടു. അതേസമയം നിഫ്റ്റി മെറ്റല്‍ (0.70%), ഓയില്‍ ആന്‍ഡ് ഗ്യാസ് (0.60%), ധനകാര്യം (0.41%), പി.എസ്.യു ബാങ്ക് (0.27%), സ്വകാര്യബാങ്ക് (0.26%), റിയല്‍റ്റി (0.23%) എന്നിവ നേട്ടത്തിലേറി.
0.31 ശതമാനം ഉയര്‍ന്ന് 43,820ലാണ് ബാങ്ക് നിഫ്റ്റിയുള്ളത്. നിഫ്റ്റി മിഡ്ക്യാപ്പ് 0.48 ശതമാനവും സ്‌മോള്‍ ക്യാപ്പ് 0.47 ശതമാനവും ഉയര്‍ന്നു.
നേട്ടത്തിലേറിയവര്‍
എന്‍.ടി.പി.സി., ടെക് മഹീന്ദ്ര, അള്‍ട്രടെക് സിമന്റ്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ് എന്നിവയാണ് ഇന്ന് സെന്‍സെക്‌സില്‍ മികച്ച നേട്ടം കുറിച്ച മുന്‍നിര ഓഹരികള്‍.
ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍, വേദാന്ത, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, കെ.പി.ഐ.ടി ടെക്, എന്‍.എം.ഡി.സി എന്നിവയാണ് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നേട്ടം രേഖപ്പെടുത്തിയത്.
സെപ്റ്റംബര്‍പാദ പ്രവര്‍ത്തനഫലം നിരാശപ്പെടുത്തിയ ആര്‍.വി.എന്‍.എല്‍ ഓഹരി മൂന്ന് ശതമാനം താഴ്ന്നു. ലാഭം 132 ശതമാനവും വരുമാനം 44 ശതമാനവും വര്‍ധിച്ച കാര്‍ട്രേഡ് ടെക്കിന്റെ ഓഹരി 20 ശതമാനം മുന്നേറി അപ്പര്‍-സര്‍ക്കീട്ടിലെത്തി.
നിരാശപ്പെടുത്തിയവര്‍
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്.സി.എല്‍ ടെക്, ടൈറ്റന്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയാണ് സെന്‍സെക്‌സില്‍ നഷ്ടത്തിലേക്ക് വീണ പ്രമുഖര്‍.
നിഫ്റ്റി 200ല്‍ യുണൈറ്റഡ് സ്പിരിറ്റ്‌സ്, പിരമല്‍ എന്റര്‍പ്രൈസസ്, രാംകോ സിമന്റ്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ (ഇന്‍ഡിഗോ) എന്നിവയാണ് കൂടുതല്‍ ഇടിവ് നേരിട്ടത്. ബ്രോക്കറേജ് ഏജന്‍സിയായ മോത്തിലാല്‍ ഓസ്വാള്‍ 'ന്യൂട്രല്‍' സ്റ്റാറ്റസാണ് യുണൈറ്റഡ് സ്പിരിറ്റ്‌സിന് നല്‍കിയിട്ടുള്ളത്.
ഒന്നാംദിനം ആഘോഷമാക്കി ഇസാഫ് ബാങ്ക്
ഓഹരി വിപണിയിലെ കന്നി വ്യാപാരത്തില്‍ തന്നെ വന്‍ കുതിച്ചുചാട്ടം നടത്തി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികള്‍. ഐ.പി.ഒ വിലയായ 60 രൂപയില്‍ നിന്ന് കുതിച്ച് 71 രൂപയിലാണ് (ലിസ്റ്റിംഗ് വില) ഇന്ന് ഇസാഫ് ബാങ്ക് ഓഹരി വ്യാപാരം ആരംഭിച്ചത്. ഒരുവേള ഓഹരിവില 20 ശതമാനത്തോളം കുതിച്ചു. പിന്നീട് ചാഞ്ചാട്ടമുണ്ടായെങ്കിലും വ്യാപാരാന്ത്യത്തില്‍ ഓഹരിയുള്ളത് 15.08 ശതമാനം നേട്ടത്തോടെ 69.05 രൂപയിലാണ്.
വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് (5%), ബി.പി.എല്‍ (4.99%), ജിയോജിത് (2.29%), പാറ്റ്‌സ്പിന്‍ (2.15%) എന്നിവയാണ് കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളില്‍ ഇന്ന് കൂടുതല്‍ നേട്ടം കുറിച്ച് മറ്റ് ഓഹരികള്‍.
സെപ്റ്റംബര്‍പാദ പ്രവര്‍ത്തനഫലം ഇന്ന് പുറത്തുവിട്ട ടി.സി.എം ആണ് കൂടുതല്‍ നഷ്ടം കുറിച്ച കേരള ഓഹരി (-4.99%). കഴിഞ്ഞപാദത്തില്‍ കമ്പനിയുടെ നഷ്ടം കൂടിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
പി.ടി.എല്‍ എന്റര്‍പ്രൈസസ്, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, ധനലക്ഷ്മി ബാങ്ക്, മുത്തൂറ്റ് ഫിനാന്‍സ് എന്നിയാണ് കൂടുതല്‍ നഷ്ടം നേരിട്ട മറ്റ് ഓഹരികള്‍.