ഐ.ടിയുടെ തേരോട്ടത്തില്‍ പുതിയ ഉയരം തൊട്ട് സൂചികകള്‍, കുതിച്ചു കയറി ധനലക്ഷ്മി ബാങ്ക്, താരമായി ഇന്‍ഫോസിസ്

സെന്‍സെക്‌സ് ആദ്യമായി 72,550ന് മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു, നിക്ഷേപകരുടെ നേട്ടം ₹3 ലക്ഷം കോടി

Update: 2024-01-12 12:42 GMT

ഐ.ടി ഓഹരികളുടെ ശക്തമായ മുന്നേറ്റത്തെ തുടര്‍ന്ന് ഇന്ന് ഓഹരി സൂചികകള്‍ റെക്കോഡ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് വ്യാപാരം അവസാനിക്കുന്നതിന് തൊട്ട് മുന്‍പ് 72,721 പോയിന്റെന്ന റെക്കോഡ് നിലവാരത്തില്‍ മുത്തമിട്ടു. വ്യാപാരാന്ത്യം 847 പോയിന്റുയര്‍ന്ന് 72,568ലാണ് സെന്‍സെക്‌സുള്ളത്. ആദ്യമായാണ് സെന്‍സെക്‌സ് 72,550ന് മുകളില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്.

വ്യാപാരത്തിനിടെ ഒരുവേള 21,928 പോയിന്റ് വരെ ഉയര്‍ന്ന നിഫ്റ്റിയും ഇന്ന് റെക്കോഡ് മറികടന്നു. 247 പോയിന്റുയര്‍ന്ന് 21,895ലാണ് വ്യപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയുടേയും ഏറ്റവും ഉയര്‍ന്ന ക്ലോസിംഗാണിത്.
ആഗോള വിപണിയിലെ അസ്ഥിരത ഇന്ത്യന്‍ വിപണിയെ ബാധിച്ചില്ല. യു.എസിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന നിലവാരത്തിലെത്തിയതു മൂലം ഇന്നലെ യു.എസ് ഓഹരി വിപണി വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടിരുന്നു. യു.എസിലെ ജോബ് ഡേറ്റ കണക്കുകള്‍ പോസിറ്റീവായത് നിരക്ക് കുറയ്ക്കലിലേയ്ക്ക് നയിക്കുമെന്ന ആശങ്കയും ഇന്ത്യന്‍ വിപണിയില്‍ കണ്ടില്ല.
നക്ഷത്രശോഭയായി ഇന്‍ഫി
രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനികളായ ടി.സി.എസിന്റെയും ഇന്‍ഫോസിസിന്റെയും  ത്രൈമാസ പ്രവര്‍ത്തനഫലത്തെ തുടര്‍ന്നാണ് ഐ.ടി ഓഹരികള്‍ ശക്തമായ മുന്നേറ്റം കാഴ്ചവച്ചത്. നിഫ്റ്റി ഐ.ടി സൂചിക ഇന്ന് 5.27 ശതമാനം ഉയര്‍ന്നു. 
ഐ.ടി മേഖലയിലെ മോശം കാലം കഴിഞ്ഞെന്ന നിഗമനത്തിലാണ് നിക്ഷേപകര്‍.
ഇന്‍ഫോസിസ് ആണ് മുന്നേറ്റത്തെ നയിച്ചത്. എട്ട് ശതമാനത്തോളമാണ് ഓഹരിയിലുണ്ടായ ഉയര്‍ച്ച.

ലാഭത്തില്‍ ഇടിവ് നേരിട്ടെങ്കിലും നിരീക്ഷകര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച വരുമാനം കൈവരിച്ചത് കമ്പനി പ്രതികൂലഘട്ടം പിന്നിട്ടുവെന്ന സൂചനയായാണ് നിക്ഷേപകര്‍ കണക്കാക്കുന്നത്. പ്രമുഖ ആഗോള റേറ്റിംഗ് സ്ഥാപനങ്ങളായ ജെഫ്രീസ്, എച്ച്.എസ്.ബി.സി എന്നിവ ഓഹരിക്ക് വാങ്ങല്‍ നിര്‍ദേശം നല്‍കിയതും തുണയായി.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

ടി.സി.എസിന്റെ സെപ്റ്റംബര്‍-ഡിസംബര്‍ പാദത്തിലെ ലാഭം മുന്‍വര്‍ഷത്തെ സമാനകാലയളവിനേക്കാള്‍ രണ്ട് ശതമാനം വളര്‍ച്ച നേടി. കമ്പനിയുടെ വരുമാനം നാല് ശതമാനം വളര്‍ന്ന് 60,583 കോടി രൂപയിലായി. എന്നാല്‍ ഓര്‍ഡറുകളില്‍ കുറവുണ്ടായിട്ടുണ്ട്. അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന വരുമാനമാണ് ടി.സി.എസ് നേടിയത്. എന്നാല്‍ ലാഭം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നില്ല. ടി.സി.എസ് ഓഹരി ഇന്ന് 4 ശതമാനത്തോളം ഉയര്‍ന്നു. ആഗോള ബ്രോക്കറേജ് ആയ മോര്‍ഗന്‍ സ്റ്റാന്‍ലി ടി.സി.എസിനെ അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. ഓവര്‍വെയിറ്റ് എന്ന റേറ്റിംഗാണ് നല്‍കിയിരിക്കുന്നത്.
വിപ്രോയുടെ മൂന്നാം പാദ ലാഭം ഇന്ന് പ്രഖ്യാപിച്ചു. ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 3,052.9 കോടി രൂപയില്‍ നിന്ന് 2,694.2 കോടി രൂപയായി കുറഞ്ഞു. 11 ശതമാനമാണ് കുറവ്. അതേ സമയം തൊട്ട് മുന്‍പാദവുമായി നോക്കുമ്പോള്‍ ലാഭം ഉയര്‍ന്നിട്ടുണ്ട്. വന്‍കിട ഡീലുകളില്‍ 20 ശതമാനം വളര്‍ച്ചയുണ്ടായി. പ്രവര്‍ത്തന വരുമാനം ഇക്കാലയളവില്‍ 22,205.01 ശതമാനമായി കുറഞ്ഞു.
ത്രൈമാസ പ്രവര്‍ത്തന ഫലപ്രതീക്ഷയില്‍ ഇന്ന് വിപ്രോ ഓഹരികള്‍ നാല് ശതമാനത്തോളം ഉയര്‍ന്നിരുന്നു. ഓഹരി വിപണിയില്‍ വ്യാപാരം അവസാനിച്ച ശേഷമാണ് വിപ്രോ പാദഫലപ്രഖ്യാപനമുണ്ടായത്. 
ബി.എസ്.ഇയില്‍ 466.10 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഓഹരിയൊന്നിന് ഒരു രൂപ വീതം ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട് കമ്പനി. ഫെബ്രുവരി 10നാണ് ഡിവിഡന്റ് നല്‍കുക.
ടെക് മഹീന്ദ്ര, എല്‍.ടി.ഐ മൈന്‍ഡ് ട്രീ എന്നിവയും നാല് ശതമാനത്തോളം മുന്നേറി. മിഡ് ക്യാപ് ഐ.ടി ഓഹരികളായ എംഫസിസ്, കോഫോര്‍ജ് എന്നിവയില്‍ അഞ്ച് ശതമാനത്തോളം ഉയര്‍ച്ച കണ്ടു.
വിപണിയിലെ ട്രെന്‍ഡ്
ബി.എസ്.ഇയിലെ കമ്പനികളുടെ മൊത്തം മൂല്യം ഇന്ന് മൂന്ന് ലക്ഷം കോടി രൂപ ഉയര്‍ന്ന് 373.4 ലക്ഷം കോടി രൂപയായി. ഡോളര്‍ കണക്കില്‍ നോക്കിയാല്‍ ഹോങ്കോങ് സൂചികയെ മറികടന്ന് ലോകത്തെ നാലാമത്ത ഓഹരി വിപണിയായി ഇന്ത്യ അധികം താമസിയാതെ മാറിയേക്കും. ആഭ്യന്തര നിക്ഷേപകര്‍ ഇന്ന് 1600 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.
ബി.എസ്.ഇയില്‍ ഇന്ന് 3,942 ഓഹരികള്‍ വ്യാപാരം ചെയ്തതില്‍ 2,112 ഓഹരികളും നേട്ടത്തിലായിരുന്നു. 1,742 ഓഹരികള്‍ നഷ്ടത്തിലേക്ക് ചാഞ്ഞു. 88 ഓഹരികളുടെ വില മാറിയില്ല. ബി.എസ്.ഇ മിഡ് ക്യാപ് സൂചികയും ഇന്ന് 37,941 പോയിന്റില്‍ തൊട്ട് റെക്കോഡിട്ടു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.സി.എല്‍ ടെക്, ഭാരതി എയര്‍ടെല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോര്‍പ്, പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, ഒ.എന്‍.ജി.സി എന്നിവ ഉള്‍പ്പെടെ 539 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയരം തൊട്ടു. 9 ഓഹരികള്‍ വില താഴ്ചയും കണ്ടു. 427 ഓഹരികള്‍ ഇന്ന് അപ്പര്‍ സര്‍കീട്ടിലും 240 ഓഹരികള്‍ ലോവര്‍ സര്‍കീട്ടിലുമുണ്ടായിരുന്നു.
ഉയര്‍ച്ചയിലിവരും
നിഫ്റ്റി പി.എസ്.യു ബാങ്ക്, നിഫ്റ്റി റിയല്‍റ്റി എന്നിവയും ഇന്ന് 2-3 ശതമാനം ഉയര്‍ന്നു. ഓട്ടോ, ഫാര്‍മ, മീഡിയ, ഹെല്‍ത്ത് കെയര്‍ എന്നിവ ഒഴികെയുള്ള നിഫ്റ്റി സൂചികകളെല്ലാം നേട്ടത്തിലായിരുന്നു. റിയല്‍റ്റിയില്‍ മാക്രോടെക് ഡെവലപ്പേഴ്‌സ് 5 ശതമാനത്തോളം ഉയര്‍ന്നു, ശോഭ, ബ്രിഗേഡ് എന്റര്‍പ്രൈസ്, ഫീനിക്‌സ് എന്നിവ രണ്ട് ശതമാനത്തോളവും.
പി.എസ്.യു ബാങ്ക് ഓഹരികളില്‍ അഞ്ച് ശതമാനത്തിലധികം നേട്ടവുമായി ബാങ്ക് ഓഫ് ഇന്ത്യയാണ് മുന്നില്‍. യൂണിയന്‍ ബാങ്ക്, മഹാരാഷ്ട്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയും 4-5 ശതമാനം നേട്ടമുണ്ടാക്കി.

ഇന്ന് കൂടുതൽ നേട്ടമുണ്ടാക്കിയവർ

ഒ.എന്‍.ജി.സി, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, എസ്.ബി.ഐ, എല്‍ ആന്‍ഡ് ടി, ഭാരതി എയര്‍ടെല്‍, ഐ.സി.ഐ.സി.ഐ ബാങ്ക്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഐ.ടി.സി എന്നിവയാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ആയിരം കോടി രൂപയുടെ അനധികൃത കച്ചവടക്കണക്കുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ ഒറ്റ ദിവസം 20 ശതമാനത്തിലേറെ ഇടിഞ്ഞ പോളിക്യാബ് ഓഹരികള്‍ ഇന്ന് മൂന്ന് ശതമാനം നേട്ടത്തിലേറി. ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് രേഖാമൂലം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന പോളിക്യാബിന്റെ വിശദീകരണമാണ് ഓഹരിയെ ഉയര്‍ത്തിയത്.
ഇന്‍ഫോസിസ്, ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍, മാക്രോടെക് ഡവലപ്പേഴ്‌സ്, ഒ.എന്‍.ജി.സി, കോഫോര്‍ജ് എന്നിവയാണ് നിഫ്റ്റി 200ല്‍ നേട്ടത്തില്‍ ആദ്യ അഞ്ചില്‍ ഇടംപിടിച്ചത്.
നഷ്ടം രുചിച്ചവര്‍
കയറ്റുമതിയില്‍ 41 ശതമാനം ഇടിവുണ്ടായ വാര്‍ത്തകളിന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഓഹരിയെ 1.5 ശതമാനം ഇടിവിലാക്കി. ഡിസംബറില്‍ 1,819 യൂണിറ്റ് യൂട്ടിലിറ്റി വാഹനങ്ങളാണ് കയറ്റുമതി ചെയ്തതെന്ന് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മഹീന്ദ്ര വ്യക്തമാക്കി.
ആദിത്യ ബിര്‍ള ഗ്രൂപ്പ് കമ്പനിയായ അള്‍ട്രടെക് സിമന്റ്‌സ് ഡല്‍ഹി ആസ്ഥാനമായ ആംപ്ലസ് ഏജസിന്റെ 26 ശതമാനം ഓഹരികളേറ്റെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഓഹരിയില്‍ ഒരു ശതമാനത്തിലധികം ഇടിവുണ്ടാക്കി.

ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

യെസ് ബാങ്ക്, എഫ്.എസ്.എന്‍ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ്, ബയോകോണ്‍, ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍, സംവര്‍ധന മതേഴ്‌സണ്‍ ഇന്റര്‍നാണല്‍ എന്നീ ഓഹരികളാണ് നിഫ്റ്റി 200ലെ വന്‍വീഴ്ചക്കാര്‍.
ആവേശത്തില്‍ ധനലക്ഷ്മി ബാങ്ക്
കേരള കമ്പനികളില്‍ ഇന്ന് സമ്മിശ്ര പ്രകടനമായിരുന്നെങ്കിലും 19 ശതമാനത്തിലധികം കുതിപ്പുമായി ധനലക്ഷ്മി ബാങ്ക് ഓഹരി വെട്ടിത്തിളങ്ങി. ഓഹരിയുടെ ഉയര്‍ച്ചയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഒഴികെ കേരളം ആസ്ഥാനമായ മറ്റ് ബാങ്ക് ഓഹരികളും ഇന്ന് നേട്ടത്തിലായിരുന്നു.
സഫ സിസ്റ്റംസ് (9%), കേരള ആയുര്‍വേദ (5%), കെ.എസ്.ഇ (5%), കിംഗ്‌സ് ഇന്‍ഫ്രാ (3.77%) വണ്ടര്‍ലാ ഹോളിഡേയ്‌സ് (3.07%) എന്നിവയാണ് നേട്ടത്തില്‍ മുന്നിലെത്തിയ മറ്റ് കേരള ഓഹരികള്‍.

കഴിഞ്ഞ ഒരു മാസത്തിനിടെ 40 ശതമാനത്തോളം ഉയര്‍ച്ച നേടിയ നിറ്റ ജെലാറ്റിനോട് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സ്വാഭാവികമായ വിപണി വളര്‍ച്ച മാത്രമാണിതെന്ന് കമ്പനി അറിയിച്ചു. ഇന്ന് മൂന്ന് ശതമാനത്തോളം ഇടിവിലാണ് ഓഹരി.
സെല്ല സ്‌പേസ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഈസ്റ്റേണ്‍ ട്രെഡ്‌സ് തുടങ്ങിയവ നഷ്ടത്തിലേക്ക് വീണു.
Tags:    

Similar News