ടി.സി.എസിന്റെ വഴിയേ ഇന്‍ഫിയും, ഐ.ടി ഓഹരികളില്‍ തകര്‍ച്ച; നിഫ്റ്റി 19,800ന് താഴെ
ഈ 'പൊറിഞ്ചു വെളിയത്ത് ഓഹരി' ഇന്നും അപ്പര്‍ സര്‍ക്യൂട്ടില്‍, സിംഗര്‍ ഇന്ത്യയും മുന്നേറി; കുതിച്ച് എന്‍.എം.ഡി.സിയും ഗെയിലും
ഐ.ടി കമ്പനികള്‍ വിരിച്ചിട്ട നിരാശയുടെ പരവാതാനിയില്‍ തെന്നി നഷ്ടത്തിലേക്ക് വീണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍. ഇസ്രായേല്‍-ഹമാസ് യുദ്ധ പശ്ചാത്തലത്തിലും പതറാതെ കഴിഞ്ഞ ദിവസങ്ങളില്‍ നേട്ടത്തിലേറിയ സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് പക്ഷേ ഐ.ടിയുടെ സമ്മര്‍ദ്ദത്താല്‍ കിതയ്ക്കുകയായിരുന്നു.
ഇന്ന് സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ ടി.സി.എസ്., ഇന്‍ഫോസിസ്, എച്ച്.സി.എല്‍ ടെക് ഓഹരികളിലുണ്ടായ കനത്ത വില്‍പന സമ്മര്‍ദ്ദം പിന്നീട് തിരിച്ചടിയായി.
സെന്‍സെക്‌സ് ഇന്ന് 64.66 പോയിന്റ് (0.10%) താഴ്ന്ന് 66,408.39ലും നിഫ്റ്റി 17.35 പോയിന്റ് (0.09%) നഷ്ടത്തോടെ 19,794ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇന്നൊരുവേള നിഫ്റ്റി 19,843 വരെ ഉയരുകയും 19,772 വരെ താഴുകയും ചെയ്തിരുന്നു. സെന്‍സെക്‌സും ഇന്ന് 66,577 വരെ ഉയരുകയും 66,339 വരെ താഴുകയും ചെയ്തിരുന്നു.
വിപണിയുടെ ട്രെന്‍ഡും രൂപയും
ബി.എസ്.ഇയില്‍ ഇന്ന് 2,117 ഓഹരികള്‍ നേട്ടത്തിലും 1,555 ഓഹരികള്‍ നഷ്ടത്തിലും ആയിരുന്നു. 120 ഓഹരികളുടെ വില മാറിയില്ല. 284 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലെത്തിയെങ്കിലും സൂചികയുടെ മൊത്തത്തിലുള്ള വീഴ്ചയ്ക്ക് തടയിടാനായില്ല. 20 ഓഹരികള്‍ ഇന്ന് 52-ആഴ്ചത്തെ താഴ്ചയിലായിരുന്നു. ലോവര്‍-സര്‍കീട്ടില്‍ 4 കമ്പനികളെ കണ്ടു; അപ്പര്‍-സര്‍കീട്ടില്‍ ആരുമുണ്ടായില്ല.
കഴിഞ്ഞ ദിവസങ്ങളിലെ നേട്ടങ്ങള്‍ക്ക് വിരാമമിട്ട് രൂപ ഇന്ന് ഡോളറിനെതിരെ തളര്‍ന്നു. എണ്ണവിതരണ കമ്പനികള്‍ ഉള്‍പ്പെടെയുള്ള ഇറക്കുമതിക്കാര്‍ വന്‍തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതാണ് രൂപയെ വലച്ചത്. ഇന്നലെ ഡോളറിനെതിരെ 83.18 ആയിരുന്ന രൂപയുടെ മൂല്യം ഇന്ന് വ്യാപാരാന്ത്യത്തിലുള്ളത് 83.24ലാണ്.
നിരാശപ്പെടുത്തി ഇന്‍ഫോസിസും
ഐ.ടി രംഗത്തെ കമ്പനികള്‍ക്ക് ഈ വര്‍ഷം മോശമായിരിക്കുമെന്നും വരുമാനം ഇടിയുമെന്നുമുള്ള വിലയിരുത്തലുകള്‍ ഏറെക്കുറെ ശരിവച്ചാണ് ഇന്നലെ രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസിന്റെ സെപ്റ്റംബര്‍പാദ പ്രവര്‍ത്തനഫലം പുറത്തുവന്നത്.
ഡോളര്‍ നിരക്കില്‍ ടി.സി.എസിന്റെ വരുമാനം കഴിഞ്ഞപാദത്തില്‍ പാദാധിഷ്ഠിത ഇടിവ് രേഖപ്പെടുത്തി. 13 ത്രൈമാസങ്ങള്‍ക്ക് ശേഷമാണ് കമ്പനിയുടെ വരുമാനം ഇടിയുന്നത്. ഇതോടെ ഇന്ന് ടി.സി.എസ് ഓഹരിവില 1.88 ശതമാനം ഇടിഞ്ഞു.
ഇന്ന് വ്യാപാര സെഷന് ശേഷം പ്രവര്‍ത്തനഫലം പുറത്തുവിട്ട ഇന്‍ഫോസിസ് ഓഹരി വിലയും 1.95 ശതമാനം നഷ്ടത്തിലാണുള്ളത്. 2023-24 വര്‍ഷത്തെ വരുമാന പ്രതീക്ഷ ഇന്‍ഫോസിസും വെട്ടിച്ചുരുക്കിയിട്ടുണ്ട്.
സെന്‍സെക്‌സില്‍ എച്ച്.സി.എല്‍ ടെക്, ടെക് മഹീന്ദ്ര, വിപ്രോ എന്നീ ഐ.ടി ഓഹരികളും ഇടിഞ്ഞു. ബജാജ് ഫിനാന്‍സ്, കോട്ടക് ബാങ്ക്, നെസ്‌ലെ, എസ്.ബി.ഐ എന്നിവയും ഇന്ന് സെന്‍സെക്‌സിനെ നഷ്ടത്തിലേക്ക് വീഴ്ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.
നിഫ്റ്റിയില്‍ ഐ.ടി ഓഹരി സൂചിക ഇന്ന് 1.67 ശതമാനം ഇടിഞ്ഞു. നിഫ്റ്റി പി.എസ്.യു ബാങ്ക് 0.09 ശതമാനവും റിയല്‍റ്റി 0.18 ശതമാനവും നഷ്ടത്തിലാണ്. ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ഡെല്‍ഹിവെറി, ഗുജറാത്ത് ഫ്‌ളൂറോകെമിക്കല്‍സ്, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവയാണ് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നഷ്ടം നേരിട്ടവ.
'പൊറിഞ്ചു ഓഹരി' കുതിപ്പ്
തയ്യല്‍ മെഷീന്‍ നിര്‍മ്മാതാക്കളായ സിംഗര്‍ ഇന്ത്യയുടെ (Singer India) ഓഹരി വില ഇന്ന് 10 ശതമാനം കുതിച്ചു. പ്രമുഖ പോര്‍ട്ട്‌ഫോളിയോ മാനേജരും പ്രമുഖ ഓഹരി നിക്ഷേപകനുമായ പൊറിഞ്ചു വെളിയത്ത് ഈ കമ്പനിയുടെ 6.25 ലക്ഷം ഓഹരികള്‍ വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഓഹരിവില മുന്നേറിയത്. ഏകദേശം 1.02 ശതമാനം ഓഹരികളാണ് അദ്ദേഹം വാങ്ങിയത്. ഇതേ കമ്പനിയില്‍ രേഖ ജുന്‍ജുന്‍വാലയ്ക്ക് 6.95 ശതമാനം ഓഹരികളുണ്ട്.
കഴിഞ്ഞമാസം 26 മുതല്‍ തുടര്‍ച്ചയായി അപ്പര്‍-സര്‍കീട്ടിലാണ് കേരള അയുര്‍വേദ. അന്നുമുതല്‍ ഇതിനകം ഓഹരിവില 60 ശതമാനത്തിലധികമാണ് കുതിച്ചത്.
നേട്ടത്തിലേറിയവര്‍
ഐ.ടിയും റിയല്‍റ്റിയും പൊതുമേഖലാ ബാങ്കുകളും ഒഴികെയുള്ള ഓഹരി വിഭാഗങ്ങളെല്ലാം ഇന്ന് നേട്ടത്തിലാണ്. അതുപക്ഷേ, ഓഹരി സൂചികകളുടെ നഷ്ടം നികത്താന്‍ പര്യാപ്തമായില്ല.
നിഫ്റ്റിയില്‍ മീഡിയ സൂചിക 3.02 ശതമാനം, ഓട്ടോ 0.78 ശതമാനം, മെറ്റല്‍ 0.75 ശതമാനം, ഓയില്‍ ആന്‍ഡ് ഗ്യാസ് 1.11 ശതമാനം എന്നിങ്ങനെ നേട്ടത്തിലാണ്. ബാങ്ക് നിഫ്റ്റി 0.18 ശതമാനം ഉയര്‍ന്ന് 44,599ലെത്തി. നിഫ്റ്റി മിഡ്ക്യാപ്പ് 0.17 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.65 ശതമാനവും ഉയര്‍ന്നു.
സെന്‍സെക്‌സില്‍ മാരുതി സുസുക്കി, എന്‍.ടി.പി.സി., പവര്‍ഗ്രിഡ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയാണ് നേട്ടത്തിലേറിയ പ്രമുഖര്‍. ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസില്‍ നിന്ന് 'വാങ്ങല്‍' (buy) സ്റ്റാറ്റസ് കിട്ടിയ സൊമാറ്റോ ഓഹരി ഇന്ന് 52-ആഴ്ചത്തെ ഉയരത്തിലെത്തി. 120 രൂപയില്‍ നിന്ന് 160 രൂപയിലേക്കാണ് സൊമാറ്റോയുടെ ടാര്‍ഗറ്റ് വില ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ഉയര്‍ത്തിയത്.
എന്‍.എം.ഡി.സി., ഗെയില്‍ (ഇന്ത്യ), ഇന്ദ്രപ്രസ്ഥ ഗ്യാസ്, ബോഷ്, ടി.വി.എസ് മോട്ടോര്‍ കമ്പനി എന്നിവയാണ് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നേട്ടം കുറിച്ചത്.
ലിഥിയം, നിയോബിയം തുടങ്ങിയവയുടെ റോയല്‍റ്റി മൂന്ന് ശതമാനം കൂട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണ് എന്‍.എം.ഡി.സിക്കും മറ്റ് ഊര്‍ജ ഓഹരികള്‍ക്കും ആവേശമായത്.
ഇന്നും മിന്നി കൊച്ചിന്‍ മിനറല്‍സ്
കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ (സി.എം.ആര്‍.എല്‍) ഓഹരികള്‍ ഇന്നും ഏഴ് ശതമാനത്തിലധികം നേട്ടം കുറിച്ചു. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ 5.04 ശതമാനം ഉയര്‍ന്നു. ആസ്റ്ററിന്റെ ഇന്ത്യയിലെ ബിസിനസുകള്‍ വില്‍ക്കാന്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു (Click here to read more).
കേരള ആയുര്‍വേദ (5%), സഫ സിസ്റ്റംസ് (5.21%) എന്നിവയും ഇന്ന് തിളങ്ങി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ധനലക്ഷ്മി ബാങ്ക്, ഫാക്ട്, ഇന്‍ഡിട്രേഡ്, മുത്തൂറ്റ് കാപ്പിറ്റല്‍, മുത്തൂറ്റ് ഫിനാന്‍സ്, നിറ്റ ജെലാറ്റിന്‍, സ്‌കൂബിഡേ, ടി.സി.എം., വി-ഗാര്‍ഡ്, വണ്ടര്‍ല എന്നിവ ഇന്ന് നഷ്ടത്തിലാണ്.